കാണാതിരിക്കരുത് മുത്തലാഖിലെ ചോദ്യങ്ങൾ

ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി , മോദി സര്‍ക്കാര്‍ മുത്തലാഖ് നിരോധനബില്‍ പുറത്തിറക്കി. ഏകപക്ഷീയമായ മുത്തലാഖ് എന്ന അനീതി നിയമപരമായി നിരോധിച്ചതിന് മോദിസര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഈ കാലത്തും ഈ ലോകത്തും നിലനില്‍ക്കാന്‍ പാടില്ലാത്ത ഒരു അനീതി അവസാനിപ്പിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ഒറ്റയടിക്കുള്ള മുത്തലാഖ് നിരോധിക്കുന്ന നിയമം ഒറ്റയടിക്കു തന്നെ പാസാക്കിയ സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ചോദ്യം ചെയ്യാതെ പോകാനാകില്ല. ആരുടെ അവകാശസംരക്ഷണമാണ് മോദി സര്‍ക്കാരിന്റെ താല്‍പര്യം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ആവശ്യമുണ്ട്. പ്രത്യേകിച്ചും ചോദ്യം ചെയ്യുകയെന്ന കടമയില്‍ പ്രതിപക്ഷം പോലും ആശയക്കുഴപ്പത്തിലാകുമ്പോള്‍. 

ഏകപക്ഷീയമായി വിവാഹബന്ധം വിച്ഛേദിക്കുക. സ്ത്രീക്ക് പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ പോലും അവസരമില്ലാതെ പുരുഷന്‍ ഒറ്റയടിക്ക് വിവാഹമോചനം നടത്തി ഉപേക്ഷിച്ചു കളയുന്ന പ്രാക‍ൃ‍തരീതി. 

ഒറ്റയടിക്കുള്ള മുത്തലാഖ് മുസ്‍ലിം സ്ത്രീകളുടെ അവകാശനിഷേധമെന്ന കാര്യത്തില്‍ എതിരഭിപ്രായങ്ങളുയര്‍ന്നിരുന്നില്ല. കുറഞ്ഞപക്ഷം പരിഗണിക്കത്തക്ക എതിര്‍പ്പ് എവിടെ നിന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. സമുദായസംഘടനകള്‍ പോലും ഒറ്റയടിക്കു മൂന്നു തലാഖും ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന രീതി അനിസ്‍ലാമികമാണെന്നു തന്നെയാണ് നിലപാടെടുത്തത്. സമുദായം അത് അംഗീകരിക്കുന്നില്ലെന്ന നിലപാടെടുത്തപ്പോഴും ഒറ്റയടിക്കുള്ള മുത്തലാഖ് തടയാനോ, ഇല്ലാതാക്കാനോ സമുദായനേതൃത്വത്തിനോ സംഘടനകള്‍ക്കോ കഴിഞ്ഞില്ലെന്നതും യാഥാര്‍ഥ്യം. ആ സാഹചര്യത്തിലാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതിവിധി നിര്‍ണായകമായത്. വിധിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായൊരു നിയമനിര്‍മാണമാണ് നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്ന മുസ്‍ലിം സ്്ത്രീകള്‍ പ്രതീക്ഷിച്ചത്. തുല്യനീതിയിലേക്കുള്ള ചുവടുവയ്പുണ്ടാകണമെന്ന് മതനിരപേക്ഷ സമൂഹവും പ്രത്യാശിച്ചു. 

അത്തരത്തില്‍ മുസ്‍ലിം വിവാഹമോചനസമ്പ്രദായത്തിലെ അവസാനിപ്പിക്കേണ്ട ഒരു പ്രവണത നിയമവിരുദ്ധമെന്നു സ്ഥാപിക്കുന്ന ഒരു നിയമം. മുസ്‍ലിം സ്ത്രീകള്‍ ഒറ്റയടിക്കുള്ള മുത്തലാഖിന്റെ പേരില്‍ നേരിടേണ്ടി വരുന്ന നീതിനിഷേധം അവസാനിപ്പിക്കുന്ന നിയമം. അത്രയേ ആവശ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന നിയമം ആരുടെ നീതിയാണ് ഉറപ്പിക്കുന്നത്? മറിച്ച് അത് ആര്‍ക്കെല്ലാം നീതി നിഷേധിക്കുന്നതാണ്? ഒറ്റയടിക്കു മുത്തലാഖും ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്നത് ഇല്ലാതാക്കാന്‍ ഒറ്റയടിക്കു തന്നെ ഒരു നിയമം വേണമെന്ന നിര്‍ബന്ധത്തെ നിഷ്ക്കളങ്കമായി കാണാനാകുന്നതാണോ? 

മുസ‍്‍ലിം വനിത വിവാഹാവകാശസംരക്ഷണബില്‍ 2017 ആണ് മോദി സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയെടുത്തിരിക്കുന്നത്. മുസ്‍ലിം സ്ത്രീകളുടെ ശാക്തീകരണത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള ചരിത്രപരമായ നീക്കമെന്ന് നിയമമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരുമിച്ച് മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നു വര്‍ഷം തടവുശിക്ഷ നല്‍കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നുവെന്നതാണ് ബില്ലിലെ ഏറ്റവും പ്രധാന വസ്തുത. തലാഖിന് വിധേയരാകുന്ന സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണം. ആശ്രയിച്ചു ജീവിക്കുന്ന കുട്ടികള്‍ക്കും ജീവിതച്ചെലവിന് അര്‍ഹതയുണ്ടാകും. ഈ നിയമം ലംഘിച്ചാല്‍ 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റമായിരിക്കും. നിയമം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള നീക്കം മാത്രമെന്ന് ബി.ജെ.പി വിശദീകരിക്കുന്നു. അത് മതവുമായോ ആചാരവുമായോ ബന്ധപ്പെട്ടതല്ല. മുസ്‍ലിം രാജ്യങ്ങള്‍ പോലും മുത്തലാഖിന് നിയന്ത്രണം കൊണ്ടുവരുമ്പോള്‍ മതനിരപേക്ഷരാജ്യമായ ഇന്ത്യ എന്തുകൊണ്ട് അതു ചെയ്തുകൂടായെന്നാണ് രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം. 

എന്നാല്‍ മുത്തലാഖിന് നിയന്ത്രണം കൊണ്ടു വന്ന മുസ്‍ലിം രാജ്യങ്ങളൊന്നും തന്നെ അത് ക്രിമിനല്‍ കുറ്റമായി കാണുകയല്ല ചെയ്തിരിക്കുന്നതെന്ന് മുസ്‍ലിംലീഗ് അടക്കം ബില്ലിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷം തടവ് ശിക്ഷയെന്നു നിയമത്തില്‍ ചേര്‍ത്തിരിക്കുന്ന പാക്കിസ്ഥാന്‍ പോലും ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലിയെന്നതിനല്ല, അതിനെതുടര്‍ന്നു സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന നടപടിക്രമങ്ങള്‍ ലംഘിക്കുന്നതിനാണ് ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഒരു മതന്യൂനപക്ഷവിഭാഗത്തിനു ബാധകമായ ബില്ലാണ് കൊണ്ടുവന്നിരിക്കുന്നത്. ആ നിയമം അവര്‍ക്കാകെ സംരക്ഷണം ഉറപ്പുവരുത്തുന്നതാകണം. സംശയമില്ലാതെ നടപ്പാക്കാനാകുന്നതാകണം. വ്യാഖ്യാനങ്ങള്‍ക്കോ മുതലെടുപ്പുകള്‍ക്കോ അവസരം നല്‍കുന്നതുമാകരുത്. മുസ്‍ലിം സ്ത്രീകളുടെ അവകാശം ഉറപ്പുവരുത്താന്‍ മുസ്‍ലിം സമൂഹത്തെ ആശങ്കയിലേക്ക് തള്ളിയിടുന്ന സാഹചര്യമുണ്ടാക്കുന്നതെന്തിനാണ്·? 

പരസ്പരവൈരുധ്യങ്ങളുടെ കൂടാരമാണ് മുത്തലാഖ് നിരോധനബില്‍. അടിസ്ഥാന ചോദ്യത്തില്‍ തുടങ്ങുന്ന വൈരുദ്ധ്യങ്ങള്‍. സുപ്രീംകോടതി വിധി പ്രകാരം ഒറ്റയടിക്കുള്ള മുത്തലാഖ് ഭരണഘടനാവിരുദ്ധമാണ്. അസാധുവാണ്. അതായത് കോടതിവിധിയോടെ തന്നെ ഒറ്റയടിക്കുള്ള മുത്തലാഖ് ഇല്ലാതായിക്കഴിഞ്ഞു. പിന്നെങ്ങനെയാണ് പുതിയ ബില്‍ ഈ മുത്തലാഖോടെ വിവാഹബന്ധം അസാധുവാകുന്നുവെന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ പ്രഖ്യാപിക്കുന്നത്?· അങ്ങനെ മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ ഒരാളെ ക്രിമിനല്‍ കുറ്റത്തിന് 3 വര്‍ഷം ജയിലിലിടാന്‍ വ്യവസ്ഥ ചെയ്യുന്നത്? ഈ വൈരുധ്യത്തിനു മറുപടി വേണ്ടേ? ജയിലിലടയ്ക്കപ്പെട്ടൊരാളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതെങ്ങനെയാണ്? കുട്ടികളുടെ സംരക്ഷണച്ചുമതല സ്ത്രീക്കായിരിക്കുമെന്ന് ഏകപക്ഷീയമായി വിവക്ഷ ചെയ്യുന്നത്? ഒറ്റയടിക്കുള്ള മുത്തലാഖാണ് നിരോധിച്ചതെങ്കില്‍ മതാചാരപ്രകാരമുളള്ള മറ്റു തലാഖുകള്‍ക്ക് അംഗീകാരമുണ്ടോ? അത് ഏകപക്ഷീയമായാല്‍, സ്ത്രീകളുടെ അവകാശം ലംഘിച്ചാല്‍ എന്താണ് പരിഹാരം? 

കോടിയേരി മുസ്ലീം ജനവിഭാഗങ്ങളെ തടവറയിലിടാനുള്ള ആര്‍.എസ്.എസ് അജന്‍ഡയാണ് മുത്തലാഖ് ബില്ലിലൂടെ ബിജെപി പാര്‍ലമെന്റില്‍ നടപ്പിലാക്കുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമെന്നും കോടിയേരി വയനാട്ടില്‍ പറഞ്ഞു.· 

പറയാതെ വയ്യ, ഏകപക്ഷീയമായ വിവാഹമോചനങ്ങളില്‍ നിന്ന് മുസ്‍ലിംസ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുകയെന്നതിനൊപ്പമാണ് മതനിരപേക്ഷ സമൂഹം നിലകൊള്ളുന്നത്. ആ ലക്ഷ്യത്തിന്റെ പേരില്‍ മറ്റു മുതലെടുപ്പുകള്‍ക്ക് ശ്രമം നടത്തുകയല്ല ചെയ്യുന്നതെന്നു തെളിയിക്കാനുള്ള ബാധ്യത മോദി സര്‍ക്കാരിനുണ്ട്. ഹിന്ദുത്വഅജണ്ടയില്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് അതാവശ്യപ്പെടുന്നത് ഒരു ഔദാര്യമായല്ല, മതനിരപേക്ഷ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നമ്മുടെ ഭരണഘടന നല്‍കുന്ന അവകാശമാണത്. 

ബി.ജെ.പിയായതുകൊണ്ടു തന്നെയാണ് കൂടുതല്‍ കരുതലോടെ ഈ നിയമത്തെ സമീപിക്കേണ്ടിവരുന്നത്. അതു തുറന്നുപറയാന്‍ മടിക്കേണ്ടതില്ല. അതേസമയം ബി.ജെ.പി മാത്രമാണ് ഒറ്റയടിക്കുള്ള മുത്തലാഖ് നിരോധിക്കുകയെന്ന ചരിത്രദൗത്യം നിര്‍വഹിച്ചതെന്നത് കുറച്ചു കാണേണ്ടതുമല്ല. അതിന്റെ പിന്നിലുള്ള താല്‍പര്യം എന്തു തന്നെയായാലും. ആ അവസരം ബി.ജെ.പിയിലേക്കെത്തിച്ചതില്‍ ഇന്നു വരെ രാജ്യം ഭരിച്ച പാര്‍ട്ടികള്‍ക്കെല്ലാം പ്രത്യേകിച്ച് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. മതത്തിന്‍റെ പേരില്‍ മുസ്‍ലിം സ്ത്രീകള്‍ നേരിട്ടുകൊണ്ടിരുന്ന അവകാശനിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ അവരാരും ചെറുവിരല്‍ അനക്കിയിട്ടില്ല. ഞങ്ങള്‍ ഈ മുത്തലാഖിനെതിരാണെന്ന് പറ‍ഞ്ഞുകൊണ്ടേയിരുന്ന മുസ്‍ലിംലീഗും അതവസാനിപ്പിക്കാന്‍ അനങ്ങിയിട്ടില്ല. 

സുപ്രീംകോടതി വിധിക്കു ശേഷവും രാജ്യത്ത് നൂറിലേറെ ഒറ്റയടിക്കുള്ള മുത്തലാഖ് നടന്നിട്ടുണ്ടെന്നാണ് നിയമമന്ത്രി ഈ ധൃതികൂട്ടിയുള്ള നിയമത്തിന് ലോക്സഭയില്‍ ന്യായം പറഞ്ഞത്. ആ കണക്കു ശരിയല്ലെന്നു പറയുന്ന പ്രതിപക്ഷം എവിടെയാണ് സര്‍ക്കാരിന്റെ വാദങ്ങളെ ആധികാരികമായി ചോദ്യം ചെയ്യുന്നത്·? ഭേദഗതികളാവശ്യപ്പെട്ടെങ്കിലും അതംഗീകരിക്കപ്പെടാതെ തന്നെ ബില്ലിനൊപ്പം നിന്നു കോണ്‍ഗ്രസ്. 

ഇറങ്ങിപ്പോയും വോട്ടെുടുപ്പില്‍ നിന്നു വിട്ടുനിന്നും പലരീതിയില്‍ പ്രതിഷേധിക്കുന്നു പ്രതിപക്ഷം. ഇവിടെ ആര്‍ക്കാണ് മുസ്‍ലിം സ്ത്രീകളുടെ അവകാശസംരക്ഷണം എന്ന യഥാര്‍ഥലക്ഷ്യത്തോടു പ്രതിബദ്ധതയെന്ന ചോദ്യത്തിന് ഉത്തരം എളുപ്പമാകില്ല. 

അതുകൊണ്ട് സമഗ്രമായ, വൈരുധ്യങ്ങളില്ലാത്ത മുത്തലാഖ് നിരോധനനിയമം മാത്രമാണ് പരിഹാരം. ഒന്നോര്‍ക്കണം, വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച അഥവാ മാരിറ്റല്‍ റേപ്പ് കുറ്റകരമാക്കരുതെന്ന് നിലപാടെടുത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇന്നും വിവാഹജീവിതത്തിലെ ബലമായ ലൈംഗികപീഡനം ക്രിമിനല്‍ കുറ്റമല്ലാത്ത രാജ്യം. അവിടെയാണ് തിടുക്കത്തില്‍, പ്രകടമായ വൈരുദ്ധ്യങ്ങള്‍ പോലും തിരുത്താതെ ചരിത്രപരമെന്ന പേരില്‍ ഒരു നിയമവുമായി നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പൊതുബോധവും വോട്ട്ബാങ്കും മാത്രം നോക്കിയുള്ള നിയമനിര്‍മാണവും പ്രതിപക്ഷനിലപാടുകളും രാഷ്ട്രീയമായ കുറ്റമാണ്. അതോടൊപ്പം തന്നെ കാലോചിതമായി സ്വയം പരിഷ്കരിക്കാന്‍ തയാറാകാത്ത സമുദായനേതൃത്വങ്ങളും സംഘടനകളും ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. സ്വയം തിരുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന അവകാശലംഘനങ്ങള്‍ കീഴ‍്‍വഴക്കമായി മാറുമെന്ന് പഠിക്കേണ്ടവര്‍ പഠിക്കട്ടെ 

മുത്തലാഖ് വിഷയത്തിലടക്കം സമുദായത്തിന് ലഭിക്കേണ്ട ന്യൂനപക്ഷപരിരക്ഷയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ക്കൊപ്പം പൊതുസമൂഹത്തിനു നില്‍ക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? ന്യൂനപക്ഷഅവകാശങ്ങളെക്കുറിച്ച് വിലപിക്കുന്നവരാരും സമുദായത്തിലെ നല്ല പാതിയായ സ്ത്രീകള്‍ നേരിടുന്ന അവകാശലംഘനങ്ങള്‍ തിരുത്താന്‍ മുന്‍കൈയെടുത്തിട്ടില്ല. കാലോചിതമായ തിരുത്തലിലൂടെ സ്വയം നവീകരിച്ചിട്ടില്ല. ശരിയത്ത് പരിഷ്കരിച്ചിട്ടില്ല. മുസ്‍ലിം വ്യക്തിനിയമങ്ങള്‍ സ്ത്രീയുടെ അവകാശങ്ങള്‍ കണക്കിലെടുക്കാന്‍ തയാറായിട്ടില്ല. മതനിയമങ്ങള്‍ സ്ത്രീവിരുദ്ധതയിലൂടെ മാത്രം വ്യാഖ്യാനിച്ച് നടപ്പാക്കുന്ന സ്ഥാപിതതാല്‍പര്യങ്ങള്‍ തിരുത്താന്‍ അവസാനഅവസരങ്ങളിലൊന്നാണ് മുന്നില്‍ വന്നുനില്‍ക്കുന്നതെന്ന് ഈ നിയമത്തിലൂടെ മുഴങ്ങുന്ന അപായമണി മുസ്‍ലിം സമുദായത്തെ പഠിപ്പിക്കേണ്ടതുണ്ട്. 

നിയമം സമഗ്രമാകണമെന്നാവശ്യപ്പെടുന്നതിനൊപ്പം തന്നെ തുടങ്ങണം, സ്വയം തിരുത്തലും. മുസ്‍ലിംസ്ത്രീകളെ സംഘപരിവാര്‍ അജന്‍ഡകളില്‍ പോലും അഭയം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ തിരുത്തിയേ മതിയാകൂ. ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങള്‍ ഔദാര്യമായി സ്വീകരിക്കേണ്ട സാഹചര്യമുണ്ടാകരുത്. അതു പോലെ തന്നെ പ്രധാനമാണ് സ്ത്രീയുടെ അവകാശങ്ങളും ഒരു സമുദായത്തിന്റെയും ഔദാര്യമാകരുത്