കയ്യടിപ്പിക്കാൻ സ്ത്രീ വിരുദ്ധത വേണോ ?

സംഭവബഹുലമായൊരു വര്‍ഷം കടന്നുപോവുകയാണ്. 2017 അത്രമേല്‍ ചരിത്രപ്രധാനമാകേണ്ട ഒരു വര്‍ഷമാണ്. കാരണം ഈ വര്‍ഷം ഒരു സ്ത്രീപക്ഷകാലത്തെ അടയാളപ്പെടുത്തിയാണ് കടന്നുപോകുന്നത്. ലോകമാകെ പെണ്‍ശബ്ദങ്ങള്‍ മുഴങ്ങിക്കേട്ട വര്‍ഷം. ലോകസിനിമയുടെ തലസ്ഥാനമെന്നവകാശപ്പെടുന്ന ഹോളിവുഡില്‍ സ്ത്രീശബ്ദങ്ങള്‍ ഭൂകമ്പമുണ്ടാക്കിയ വര‍്ഷം. ആണ്‍കോയ്മയുടെ കോട്ടകൊത്തളങ്ങള്‍ ആ മൃദുശബ്ദങ്ങളില്‍ നടുങ്ങിയ വര്‍ഷം. 2017 സ്ത്രീകള്‍ക്ക് പ്രത്യാശയുടെ വര്‍ഷമാണ്. ഒരു സ്ത്രീയുടെ ചോദ്യം മലയാളസിനിമയിലുണ്ടാക്കിയ പ്രകമ്പനങ്ങള്‍ നിലയ്ക്കാതെയാണ് നമ്മള്‍ പുതുവര‍്ഷത്തെ സ്വാഗതം ചെയ്യുന്നത്. ഉറപ്പിച്ചു പറയട്ടെ, ഈ മാറ്റം അത്യുജ്വലമാണ്. ഈ കാലം പ്രത്യാശാനിര്‍ഭരമാണ്. 

പാര്‍വതി ഉന്നയിച്ചത് ഒരു യെസ്/നോ ചോദ്യമാണെങ്കില്‍ എന്താണ് നിങ്ങളുടെ ഉത്തരം? കസബ എന്ന സിനിമയില്‍ സ്ത്രീവിരുദ്ധത ഉണ്ട് എന്നോ ഇല്ല എന്നോ? അതിനുത്തരമുണ്ടാകില്ല. പാര്‍വതിയിലൂടെ ഉന്നയിക്കപ്പെട്ട ചോദ്യമാകട്ടെ വളരെ വിശാലമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നുമായിരുന്നു. മഹാനടന്‍മാരെങ്കിലും സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങള്‍ തിരിച്ചറിയേണ്ടേ? ആ ചോദ്യത്തിനുത്തരം മമ്മൂട്ടി സ്ത്രീവിരുദ്ധനല്ല എന്നാണോ? ആ ചിത്രം , പരാമര്‍ശിക്കപ്പെട്ട കഥാപാത്രം സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. അതിനു മറുപടിയില്ല. പകരം കിട്ടുന്ന നൂറായിരം മറുപടികള്‍ നോക്കൂ. ചോദ്യത്തിനൊഴിച്ച് മറ്റെല്ലാത്തിനും ഈ കോലാഹലത്തില്‍ ഉത്തരമുണ്ട്. വളരെ വ്യക്തവും കൃത്യവുമായാണ് പാര്‍വതി ആ ചോദ്യത്തിനു മറുപടി പറഞ്ഞത്. ആവര്‍ത്തിച്ചാവര്‍ത്തിച്ചാവര്‍ത്തിച്ച് അത് വിശദീകരിക്കാനും പാര്‍വതി തയാറായി 

പക്ഷേ ബഹളം വയ്ക്കുന്നവര്‍ക്കാര്‍ക്കെങ്കിലും അതു മനസിലായോ? എന്നെങ്കിലും മനസിലാകുമോ? ഇല്ല. പാര്‍വതിയുടെ കരിയറും വ്യക്തിജീവിതവും സ്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ചോദ്യത്തിലോ, അതിന്റെ ഗൗരവത്തിലോ അല്ല താല്‍പര്യമെന്നു വ്യക്തവുമാണ്. അവരുടെ പ്രശ്നം മറ്റു പലതുമാണ്. മമ്മൂട്ടി എന്ന സൂപ്പര്‍താരം പരാമര്‍ശിക്കപ്പെട്ടതാണ് ഒന്നാമത്തെ പ്രശ്നം. ഒരു സ്ത്രീ ചോദ്യം ചോദിക്കുന്നത് അടുത്ത പ്രശ്നം. സ്ത്രീവിരുദ്ധത ചോദ്യം ചെയ്യുന്നത് അതിനേക്കാള്‍ പ്രശ്നം. സംവാദത്തിന് ആത്മവിശ്വാസമില്ലാത്തവര്‍, ഒരു സ്ത്രീയെ സാധ്യമായ എല്ലാ രീതിയിലും ആക്ഷേപിച്ച് ആശ്വാസം കണ്ടെത്താന്‍ പാടുപെടുന്നു. അവരെയെല്ലാം മറികടന്ന് ആ സ്ത്രീയും അവരുയര്‍ത്തിയ ചോദ്യവും ഒരൊറ്റക്കൊളുത്തായി മലയാളസിനിമയെ ശ്വാസം മുട്ടിക്കുന്നു. അതുകൊണ്ട് നല്ലതാണ്, ഈ കോലാഹലങ്ങളെല്ലാം തീര്‍ച്ചയായും നല്ലതാണ്. 

ഒരു സിനിമ ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് മുഹമ്മദ് ഉനൈസ് ഫേസ്ബുക്കില്‍ കുറിച്ച സ്വന്തം അനുഭവം എരിയുന്നൊരു സാക്ഷ്യമാണ്. ചാന്തുപൊട്ട് എന്ന ചിത്രം ലൈംഗികന്യൂനപക്ഷങ്ങളുടെ ജീവിതം എത്രമാത്രം ദുരിതത്തീയിലാഴ്ത്തി എന്നതിന്റെ നേര്‍സാക്ഷ്യം. അത്തരത്തില്‍ സിനിമ എന്ന മാധ്യമത്തിന്റെ തിരിച്ചറിയാതെ പോകുന്ന സ്വാധീനങ്ങളെക്കുറിച്ചു കൂടിയാണ് പാര്‍വതിയുടെ ചോദ്യം നമ്മളെ ഓര്‍മപ്പെടുത്തേണ്ടത്. ഉനൈസിന്റെ തുറന്നുപറച്ചില്‍ പാര്‍വതി ഉയര്‍ത്തിയ ചോദ്യത്തെ കൂടുതല്‍ വിശാലമാക്കുകയാണ്. നാളിതുവരെയായി സിനിമ സ്ത്രീകളോട്, ലൈംഗികന്യൂനപക്ഷങ്ങളോട്, ദളിതരോട്, കറുത്തവരോട് എന്താണ് ചെയ്തുകൊണ്ടിരുന്നത്? എന്താണ് സ്ത്രീവിരുദ്ധത? അതില്‍ തന്നെ എന്താണ് സിനിമയിലെ സ്ത്രീവിരുദ്ധത? അത് മനസിലാകുന്ന മനുഷ്യരാരും ഈ ചോദ്യത്തോട് കലഹിക്കുന്നവരാകില്ല. 

സ്ത്രീവിരുദ്ധത മാത്രമല്ല, സിനിമയിലെ വംശീയതയും ജാതീയതയും ചര്‍ച്ചയാകണം. ജനനം കൊണ്ട് ഒരു മനുഷ്യന്‍ എത്തുന്ന സ്വാഭാവികമായ അവസ്ഥയെ പരിഹസിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്നത് മനുഷ്യത്വവിരുദ്ധമാണ് എന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏതു മനുഷ്യനെയും സ്വാഭാവികതയോടെ അംഗീകരിക്കുക, സമത്വത്തോടെ സ്വീകരിക്കുക. അതിനു കഴിയാതെ വരുന്ന മനുഷ്യരെയാണ് നമ്മള്‍ വൈകല്യമുള്ളവരായി കാണേണ്ടത്. അത്രമേല്‍ ലളിതമാണത്. ഒരു സ്ത്രീയെ സ്ത്രീയാണ് എന്നതില്‍ ഊന്നി ഇകഴ്ത്താതിരിക്കുക.അത്രയും മതി. അതില്‍ എല്ലാമുണ്ട്. ഒരു ട്രാന്‍സ്ജെന്‍ററിനെ ട്രാന്‍സ്ജെന്‍ഡറാണ് എന്നതുകൊണ്ടു മാത്രം പരിഹസിക്കാതിരിക്കുക. 

കഥ മാത്രമായി കാണൂ സിനിമയെ എന്ന് ന്യായീകരിക്കുന്നവര്‍ പറയണം. സിനിമ കഥയില്‍ നിന്നു പുറത്തിറങ്ങി നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ലേ·? നിങ്ങളുടെ ചിന്തകളുടെ, സ്വപ്നങ്ങളുടെ ദൃശ്യഭാഷയെപ്പോലും സിനിമ സ്വാധീനിച്ചിട്ടില്ലേ? മനുഷ്യരോടുള്ള നിങ്ങളുടെ സമീപനത്തെ മറ്റേതു കലാരൂപത്തെക്കാളും സിനിമ സ്വാധീനിച്ചിട്ടില്ലേ? സ്ത്രീകള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിക്കപ്പെടാവുന്നവരാണെന്ന നിങ്ങളുടെ സങ്കല്‍പത്തെ സിനിമയെപ്പോലെ സ്വാധീനിച്ച മറ്റൊരു മാധ്യമമുണ്ടോ? കറുത്തവര്‍, ഉയരം കുറഞ്ഞവര്‍ , ലൈംഗികന്യൂനപക്ഷങ്ങള്‍, ഇവരെല്ലാം തമാശയ്ക്കു പാത്രമാകേണ്ട, പരിഹസിക്കപ്പെടേണ്ടവരാണെന്ന പൊതുധാരണ ഊട്ടിയുറപ്പിക്കുന്നതില്‍ സിനിമയേക്കാള്‍ പങ്കാളിത്തം അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു മാധ്യമമുണ്ടോ? 

സിനിമ എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നത് എന്നറിയാന്‍ ഒരെളുപ്പവഴിയുണ്ട്. സിനിമ എങ്ങനെയാണ് നിങ്ങളെ സ്വാധീനിച്ചത് എന്ന് ഒന്നോര്‍ത്തുനോക്കുക. അതും തിരിച്ചറിയാന്‍ നിങ്ങളെങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് ഒന്നു വിലയിരുത്തുക. നിങ്ങളുടെ ചിന്തയുടെ ദൃശ്യഭാഷയെ സിനിമ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന തിരിച്ചറിവു മാത്രം മതി. സിനിമ ഈ കാലത്തെ ഒരു സാധാരണ മനുഷ്യനെ അടിസ്ഥാനതലത്തില്‍ എത്ര ആഴത്തില്‍ സ്വാധീനിക്കുന്നുവെന്നത് വ്യക്തമാകും. ദൃശ്യവ്യാകരണത്തിലുമൊതുങ്ങില്ല, സ്വപ്നങ്ങളില്‍, മനോഭാവത്തില്‍, സൂക്ഷ്മരാഷ്ട്രീയത്തിലെല്ലാം സിനിമ നിഴലുകള്‍ സൃഷ്ടിച്ചു വയ്ക്കുന്നുണ്ട്. ബോധപൂര‍്‍വമായ സമീപനത്തിലൂടെ അത് മറികടക്കാനാകുന്നവരുണ്ടാകാം. പക്ഷേ അതിസൂക്ഷ്മമായ, അതിശക്തമായ സ്വാധീനമുണ്ടാക്കുന്ന മാധ്യമമാണ് സിനിമയെന്നറിഞ്ഞു തന്നെ വേണം അതിനെ സ്വീകരിക്കാന്‍. 

മനസിലാകുന്നുണ്ടോ? ഒരു പ്രതീക്ഷയുമില്ലാതെ തന്നെ ചോദിക്കുകയാണ്, മനസിലാകുമോ? എന്താണ് ലിംഗവിവേചനമെന്ന്. എന്താണ് സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയുമെന്ന്? അതു മനസിലാകുന്ന മനുഷ്യര്‍ക്ക് ചോദ്യമുന്നയിച്ചവരോട്, ഇറക്കം കുറഞ്ഞ ഉടുപ്പുകളുടെ പേരിലും സിനിമയിലെ ചുംബനത്തിന്റെ പേരിലും മറുചോദ്യങ്ങളുണ്ടാകില്ല. ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പുകളില്‍ എന്തു സ്ത്രീവിരുദ്ധതയാണ് നിങ്ങള്‍ ആരോപിക്കുന്നത്? മലയാളി സ്ത്രീകള്‍ കിടക്കയില്‍ മിടുക്കരാണ് എന്നതു കേട്ടുനിന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരുടെ ബൗദ്ധികശേഷിയെ ക്കുറിച്ചോര്‍ത്തു സഹതപിക്കാനേ നമുക്കു കഴിയൂ.