പ്രധാനമന്ത്രിയാണെന്ന് മോദി മറന്നുപോകുന്നുവോ ?

രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന്് ആരാണ് ശ്രീ നരേന്ദ്രമോദിയെ ഒന്നോര്‍മിപ്പിക്കുക? ഗുജറാത്ത് വഴുതിപ്പോയേക്കുമോയെന്ന ഒറ്റപ്പേടിയില്‍ രാജ്യത്തിന്റെ ഭരണാധികാരി ജനാധിപത്യത്തിനേല്‍പിച്ച പരുക്കുകള്‍ ഏതു വിജയത്തിനാണ് ഭേദമാക്കാനാകുക? 

ഇന്ത്യയ്ക്ക് ഇപ്പോഴൊന്നും അവിശ്വസനീയമല്ല. ഒരു പച്ചമനുഷ്യന്‍ മതത്തിന്റെ പേരില്‍, പേരിന്റെ പേരില്‍ പച്ചയ്ക്ക് കത്തുന്നതു കണ്ടുനിന്ന രാജ്യമാണ്. ആ ഹീനകൃത്യം ചെയ്ത കൊലപാതകിക്കായി സഹായധനം അയച്ചുകൊടുക്കാന്‍ മാത്രം മനുഷ്യത്വമില്ലാത്ത മനുഷ്യരുള്ള രാജ്യമാണ്. പശുവിന്റെ പേരില്‍, ജാതിയുടെ പേരില്‍ മനുഷ്യരെ കൂട്ടം കൂടി കൊന്നു കളഞ്ഞവരുടെ രാജ്യമാണ്. പക്ഷേ ഈ പരുക്കുകളിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നതാണ് ഓരോ ഇന്ത്യക്കാരന്‍റെയും ആശ്വാസം, അഭിമാനം. ആ അഭിമാനത്തിനു കൂടിയാണ് പ്രധാനമന്ത്രിക്കസേരയുടെ മഹത്വമെന്തെന്ന് ഇനിയും പഠിക്കാത്ത ഒരു നേതാവ് പോറലേല്‍പിക്കുന്നത്. 

സ്വന്തം രാജ്യത്തെക്കുറിച്ചാണ്, സ്വന്തം സംസ്ഥാനത്തെയും അവിടത്തെ തിരഞ്ഞെടുപ്പിനെയും കുറിച്ചാണീ പറഞ്ഞത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന്. വിളിച്ചു പറഞ്ഞത് പ്രധാനമന്ത്രിയാണ്. അദ്ദേഹം ഭരണം കൈയാളുന്ന രാജ്യമാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങടക്കം പങ്കെടുത്ത അത്താഴവിരുന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള മുന്‍നേതാക്കള്‍ പങ്കെടുത്തുവെന്ന വിവരം മാത്രം മുന്‍നിര്‍ത്തിയുള്ള ആരോപണം. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക്കിസ്ഥാനിലെ ഒരു മുന്‍സൈനികമേധാവിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്ന് ദുസൂചനകളോടെയുള്ള ഊന്നല്‍. 

പാക്കിസ്ഥാന്‍ ഇടപെടലും അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയും. കൊള്ളേണ്ടിടത്തു കൊള്ളുന്നുവെന്നുറപ്പാക്കാന്‍ മാത്രമുള്ള പ്രസ്താവന. അടിസ്ഥാനങ്ങളൊന്നും മുന്നോട്ടു വയ്ക്കാനില്ലാതെ ഇത്രമേല്‍ ഗുരുതരമായ ഒരാരോപണം ഉന്നയിച്ചത് നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരിയാണ്. ഉന്നം ധ്രുവീകരണം മാത്രമെന്നു പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും വ്യക്തമായി അറിയുന്ന വിഷം പുരട്ടിയെടുത്ത വാചകങ്ങള്‍. 

ഓര്‍ക്കുക. ഈ ധ്രുവീകരണം നടത്തുന്നത് പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി. നമ്മുടെ പ്രധാനമന്ത്രി. ഈ രാജ്യത്തെ ഓരോ പൗരനെയും തുല്യനായി കാണാന്‍ ബാധ്യതപ്പെട്ട പ്രധാനമന്ത്രി. ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഭരണഘടന മുന്‍നിര്‍ത്തി ഭരണാധികാരം കൈയാളുന്ന പ്രധാനമന്ത്രി. ഗുജറാത്ത് കോട്ടയിളകുമോ എന്ന നേരിയ ഭയം പോലും പ്രധാനമന്ത്രിപദം മറന്നു പെരുമാറാനുള്ള പ്രേരണയാകുമെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച്, അതിന്റെ ഭാവിയെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെട്ടേ പറ്റൂ. 

ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണം തുറന്നുവിട്ട അനവധി ഭൂതങ്ങള്‍, വിധിയെഴുത്തു കഴിഞ്ഞും ഇന്ത്യയുടെ ആത്മാവിനെ വേട്ടയാടുമെന്നുറപ്പ്. തനത് ഹിന്ദുത്വവുമായി ഞങ്ങളില്ലേയെന്നു അരുണ്‍ ജെയ്റ്റ്ലി തുറന്നടിച്ച ചോദ്യം കോണ്‍ഗ്രസിനെ അകപ്പെടുത്തിയ കുരുക്ക് ഗുജറാത്തിനു പുറത്തെത്തിയാല്‍ മതനിരപേക്ഷ ഇന്ത്യയുടെ തന്നെ ചോദ്യചിഹ്നമാണ്. ഞങ്ങളും ഹിന്ദുവല്ലേയെന്ന് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും ചോദിക്കേണ്ടി വന്ന തിരഞ്ഞെടുപ്പാണിത്. ബിജെപിയുടെ കടുംവെട്ടുകള്‍ക്കിടയില്‍ വേറെ വഴിയില്ലായിരുന്നുവെന്ന് എത്ര ആണയിട്ടാലും മുന്നോട്ടുള്ള വഴിയിലെ ചോദ്യങ്ങള്‍ കോണ്‍ഗ്രസിനെ മൂര്‍ച്ചയോടെ കാത്തിരിക്കുന്നുണ്ട്. പക്ഷേ ഒളിയും മറയുമില്ലാതെ വിഭാഗീയരാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചു പറയുന്നത് പ്രധാനമന്ത്രിയാകുമ്പോള്‍ തലകുനിക്കുന്നത് നമ്മുടെ ജനാധിപത്യമര്യാദകള്‍ കൂടിയാണ്. 

ബിഹാറില്‍ ബി.ജെ.പി. തോറ്റുപോയാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് പണ്ട് അമിത് ഷാ പറഞ്ഞപ്പോഴും ചോദിക്കേണ്ടയുച്ചത്തില്‍ തിരിച്ചു ചോദിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞിട്ടില്ല. രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ബി.െജ.പിയും അതിന്റെ അധ്യക്ഷനും , പ്രധാനമന്ത്രിയും പൂര്‍ണനിശബ്ദത പാലിക്കുന്ന സന്ദര്‍ഭങ്ങള്‍ മറക്കാവുന്നതുമല്ല. പശുവിന്റെ പേരിലുണ്ടായ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, മതവര്‍ഗീയതയ്ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും ഇരകളായ കൊലപാതകപരമ്പരകള്‍, വര്‍ഗീയഭ്രാന്തന്‍മാര്‍ കൊന്നൊടുക്കിയ അഫ്രസുള്‍മാര്‍ക്കു നേരായ നിരന്തരമായ ആക്രമണം. ഇവിടെയൊന്നും അവര്‍ ഇന്ത്യയെ കണ്ടില്ല. ഒരു രാജ്യത്തിന്റെ ആശങ്കയറിഞ്ഞില്ല. പ്രതികരണവും പ്രത്യാക്രമമണവുമുണ്ടായില്ല. ഇന്ത്യയ്ക്കു വേണ്ടി, ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രധാനമന്ത്രി അന്നൊന്നും സംസാരിച്ചു കേട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ ആശങ്കകള്‍ ഇന്ത്യയെക്കുറിച്ചേയല്ലെന്ന് അധികാരത്തെക്കുറിച്ചു മാത്രമാണെന്നു വലിച്ചു തുറന്നിട്ടു ഗുജറാത്തിലെ പാക്കിസ്്ഥാന്‍ ആരോപണം. 

ബഹുമാനപ്പെട്ട പ്രധാനമന്ത്രി‌, ആരുടെ ഇന്ത്യയെന്ന ചോദ്യം ചോദിക്കാതിരിക്കാന്‍ ഭരണഘടനാബാധ്യതയുണ്ട് താങ്കള്‍ക്ക്. ഇത് ഇന്ത്യയാണ്. ഓരോ ഇന്ത്യക്കാരനും തുല്യാവകാശമുള്ള രാജ്യം. പ്രധാനമന്ത്രിയായ താങ്കള്‍ക്കും മുസ്‍ലിം നാമധാരിയായ അഹമ്മദ് പട്ടേലിനും ഒരേ അവകാശങ്ങളുള്ള രാജ്യം. ഒരു വോട്ടിനു വേണ്ടി, ഗുജറാത്തിലെ കിരീടത്തിനു വേണ്ടി ഈ രാജ്യത്തിന്റെ ഹൃദയം മുറിച്ചു കളയരുത്. മൂന്നരവര്‍ഷത്തെ ബി.ജെ.പി.ഭരണമേല്‍പിച്ച വടുക്കളില്‍ വെന്തുപോകാതിരിക്കാന്‍ പാടുപെടുകയാണ് ഇന്ത്യ. പച്ചയായ ധ്രുവീകരണത്തെ ചെറുത്തുതോല്‍പിക്കാനുള്ള ആരോഗ്യം ഇപ്പോഴും ജനതയ്ക്കുണ്ടെന്ന്, കരയിലും വെള്ളത്തിലും പറന്നു നടക്കുന്ന പ്രധാനമന്ത്രിയെ ഈ രാജ്യം പഠിപ്പിക്കേണ്ടതുണ്ട്.