ഓഖിയെടുത്ത തീരത്തോട് നാം ചെയ്യുന്നതെന്ത് ?

ഓഖി ആരുടെ ദുരന്തമാണ്? നമ്മുടേതെന്ന് ഒറ്റക്കെട്ടായി പറയാന്‍ കേരളത്തിനു കഴിയുന്നുണ്ടോ? ചുഴലിക്കാറ്റ് ആഞ്ഞുവീശി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ദിവസവും 10ലേറെ ജീവനില്ലാത്ത ശരീരങ്ങള്‍ കടലില്‍ നിന്ന് കണ്ടെടുക്കുമ്പോഴും ദുരന്തം കേരളത്തിന്‍റേതാണോ തീരത്തിന്റേതു മാത്രമായി മാറുകയാണോ? നഷ്ടപരിഹാരത്തിന്റെ വലിപ്പത്തില്‍ ആരോടാണ് നമ്മള്‍ കണക്കു ചോദിക്കുന്നത്? ജാതി നോക്കി, ശബ്ദം നോക്കി, നിറം നോക്കി നമ്മള്‍ തീരത്തിന്റെ അവകാശികളെ അധിക്ഷേപിക്കുന്നവരായി മാറിയിട്ടുണ്ടോ? സ്വയം ചോദിക്കണം പ്രബുദ്ധ കേരളം. ഓഖി വലിച്ചുപുറത്തിടുന്നുണ്ടോ പ്രബുദ്ധകേരളത്തിന്റെ ദൈന്യരാഷ്ട്രീയം? 

തീരത്ത് നല്ല വാര്‍ത്തകള്‍ കാത്ത് കടലില്‍ ഉറ്റുനോക്കിയിരിക്കുന്നവര്‍ക്ക് ഒറ്റച്ചോദ്യമേയുള്ളൂ. ഉറ്റവരെവിടെ? അവര്‍ക്കറിയേണ്ട ആദ്യത്തെ കണക്കിന് നമ്മുടെ കൈയില്‍ മറുപടിയിയായിട്ടില്ല 

ഓഖി വീശി രണ്ടാഴ്ച കടന്നുപോയിട്ടും തിരിച്ചുവരാനെത്ര പേര്‍ എന്നു ചോദിച്ചാല്‍ കേരളത്തിന് കണക്കറിയില്ല. സര്‍ക്കാരിനുമറിയില്ല, മുഖ്യമന്ത്രിക്കുമറിയില്ല. ഫിഷറീസിനുമുറപ്പില്ല. തീരത്തു നിന്നു നേരിട്ടു ശേഖരിച്ചതെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍സഭ മുന്നോട്ടു വയ്ക്കുന്ന കണക്കും സര്‍ക്കാരിന്റെ കണക്കും തമ്മില്‍ വലിയ അന്തരവുമുണ്ട്. ഓഖി നമ്മളെ പഠിപ്പിക്കുന്ന, നമ്മളെ ഞെട്ടിക്കേണ്ട ഒന്നാം പാഠം അതാണ്. നിസഹായതയും അനാഥത്വവുമാണ്. 

തീരം ചോദിക്കുന്ന കണക്കിനു മറുപടിയില്ലാതെ തിരിച്ചു ചോദ്യങ്ങളില്‍ കണക്കു തീര്‍ക്കരുത് കേരളം. പാളിച്ചകള്‍ക്ക് മാപ്പു ചോദിക്കേണ്ട നേരമിതല്ലെന്നു പറയുന്നവര്‍ തന്നെയാണ് തീരത്തോട് മനുഷ്യത്വമില്ലാതെ പെരുമാറുന്നത്. അവര്‍ക്ക് വേദനിക്കുന്നുണ്ടെന്നറിയുക. വര്‍ഗീയമായിപ്പോലും ചേരിതിരിഞ്ഞ് അവരെ ആക്ഷേപിക്കാന്‍ തുനിയുന്നവരോട് പറയാതെ വയ്യ. മാനവികത മറന്നുകൊണ്ടുള്ള ന്യായീകരണങ്ങള്‍ ഒരു രാഷ്ട്രീയത്തിന്‍റെ പേരിലും ന്യായീകരിക്കപ്പെടില്ല. വംശീയാധിക്ഷേപങ്ങള്‍ ഒളിച്ചു വച്ചുകൊണ്ട് ഒരു ദുരന്തത്തിന്റെ ഇരകളോടു സംസാരിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നുവെങ്കില്‍, ഉറപ്പാണ്, ഈ രാഷ്ട്രീയശൈലി ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.