ജീവിതവഴിയിൽ വട്ടംകയറി നിൽക്കുന്നവർ

കാണുമ്പോളുള്ള കലര്‍പ്പുതോന്നാത്ത ചിരിക്കപ്പുറം ഒരു സാധാരണക്കാരന്‍റെ പ്രശ്നങ്ങളില്‍ അറിഞ്ഞിടപെടാന്‍ എത്ര നേതാക്കന്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. ചുവന്ന ബീക്കണ്‍ലൈറ്റെല്ലാം അഴിച്ചുമാറ്റി നിങ്ങളെപോലെതന്നെ ഞങ്ങളുമെന്ന വരുത്തിതീര്‍ക്കലിനപ്പുറം ഒരു സാധാരണപൗരന്റെ ജീവിതവഴിയെ എത്രമേല്‍ അറിയുന്നുണ്ട് നിങ്ങള്‍. പലതും അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നില്ല, അറിഞ്ഞിട്ടും ഇടപെടുന്നില്ല എന്നതാണ് സത്യം. അതിനൊപ്പം അറിയാതെ നിങ്ങള്‍ ചെയ്യുന്ന പാതകങ്ങളുടെ പാപം വേറെയുമുണ്ട്. കോട്ടയത്ത് രാഷ്ട്രീയജാഥക്കിടയില്‍പ്പെട്ട് ആശുപത്രിയിലെത്താനാകാതെ മരണത്തിലേക്ക് പോയ കുരുന്ന് നിങ്ങളെ വെയിലത്ത് നിര്‍ത്തുന്നുണ്ട്.

തണലാകാന്‍ ചെന്നില്ലെങ്കിലും ആരുടേയും ജീവിതവഴിയില്‍ കയറിവട്ടം നില്‍ക്കരുത്. അത് നിങ്ങളുടേതുപോലെ പൂക്കളിട്ട് പരവതാനി വിരിച്ചതൊന്നുമല്ല. ഒരു ചെറിയ തടസം പോലും അവരുടെ ജീവിതം തലകീഴാക്കും

നിലോഫര്‍ ഡെമിര്‍ എന്ന ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിലെ കുഞ്ഞ് ഐലന്‍കുര്‍ദിയാണ്. ആഭ്യന്തരകലാപം കാരണം സിറിയയില്‍ നിന്ന് നാടുവിടാനൊരുങ്ങി കടലില്‍ വീണുമരിച്ച ലക്ഷം കുടുംബങ്ങളിലെ ഒരുകുഞ്ഞ്. അവന്റെ പേരിനോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഐലിന്‍ എന്നപെണ്‍കുട്ടിയെക്കുറിച്ച്. അവന്‍ മുഖമമര്‍ത്തി മരിച്ചുകിടക്കുന്ന മെഡിറ്ററേനിയന്‍ തീരത്ത് നിന്ന് ഒരുപാടകലെ എന്നാല്‍ നമ്മളോട് ഒട്ടിനില്‍ക്കുന്ന ചിങ്ങവനത്തെ റിനു എന്ന അമ്മയുടെ മകളെക്കുറിച്ച്. ഐലന്‍ കുര്‍ദിയെ ഉറക്കിയപോല്‍ കലാപക്കാഴ്ചകളൊന്നും ഇവിടെ തരിപോലുമില്ലെങ്കിലും കാലങ്ങളായി കലങ്ങിത്തെളിയാത്ത ജീര്‍ണതകളുടെ ആധിപത്യം നമ്മുടെ ജനാധിപത്യത്തിലുമുണ്ട്. അത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വരെ മരണം വെച്ചുനീട്ടുന്നുമുണ്ട്. അതിന്‍റെ അവസാനത്തെ ഇരയാണ് ഈ പെണ്‍കുട്ടി. തൊണ്ടയില്‍ ഗുളിക കുടുങ്ങിയ ഈ അഞ്ചു വയസുകാരിയെ ചിങ്ങവനത്തുനിന്ന് കോട്ടയത്ത് ആശുപത്രിയില്‍ എത്തിക്കാനെടുത്തത് വേണ്ടതിലും മൂന്നിരട്ടിയിലേറെ സമയമാണ്. ആശുപത്രിയിലെത്താന്‍ വൈകിയതിന്റെ കാരണം കൂടി എണ്ണിപ്പറയാം. ഒപ്പം ആ സമയം റോഡ് കീഴടക്കിയ രാഷ്ട്രീയസംഘടനകളുടെ ജാഥയും ബൈക്ക് റാലിയും. ഒപ്പം കാലാനുസൃതമായി തീര്‍ക്കേണ്ട അറ്റകുറ്റപ്പണിയിലുണ്ടായ പാകപ്പിഴയും അതുമൂലം വന്ന പുതിയ ഗതാഗതപരിഷ്കാരങ്ങളും. എല്ലാമെടുത്ത സമയമാകട്ടെ ആ പെണ്‍കുട്ടിയെ അമ്മയുടെ മടിയില്‍ എന്നന്നേക്കുമായി ഉറക്കി

ഒന്നും ഒട്ടുംതന്നെ അതിശയോക്തിയല്ല, മരണവെപ്രാളത്തില്‍ പിടഞ്ഞ ഐലിനെ സ്വന്തം വണ്ടിയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാന്‍ സഹായിച്ച കൊച്ചി പൂക്കാട്ടുപടി സ്വദേശി അബ്ദുൾ സലാം പറയുന്നത് കേള്‍ക്കൂ. അവളെ കൊല്ലിച്ചത് ഈ വ്യവസ്ഥയെന്നതിന് അതുമാത്രം മതി സാക്ഷ്യം

ഐലന്‍‍ ഒരാള്‍ മാത്രമാണ്. എത്രതവണ നമ്മള്‍ ഈ ഊരാ കുരുക്കുകളുടെ ഭാഗമായിക്കാണും. ഒരു മന്ത്രിക്ക് കടന്നുപോകാന്‍, ഒരു രാഷ്ട്രീയസംഘടനക്ക് ജാഥനടത്താന്‍, ഹര്‍ത്താല്‍ പോലുള്ള ദുരാചാരങ്ങളെ പരിപാലിച്ചുപോരാന്‍, റോഡും റയിലും തോന്നുംതാളത്തില്‍ പണിയെടുപ്പിക്കാന്‍ എന്തിന്റെയെല്ലാം പേരില്‍ ഇവര്‍ നമ്മുടെ വഴിമുടക്കിയിട്ടുണ്ട്.

ഐലന്‍ എന്ന അഞ്ചുവയസുകാരി എസ്.ഡി.പി.ഐയുടെ റാലി തീര്‍ത്ത ഗതാഗതക്കുരുക്കില്‍പ്പെട്ട് കോട്ടയത്ത് ശ്വാസം മുട്ടിമരിക്കുന്ന അതേ വൈകുന്നേരും കൊച്ചിയും വലിയഗതാഗതകുരുക്കിലാണ്. ഉപരാഷ്ട്രപതിയായ വെങ്കയ്യനായിഡുവിന് നല്‍കിയ സ്നേഹാദരം കൊച്ചിക്കാരെ മണിക്കൂറുകളോളം റോഡില്‍ കിടത്തി. സ്ത്രീകളും കുട്ടികളും, ചികില്‍സ തേടി നഗരത്തിലെത്തിയ രോഗികളും വൃദ്ധരും സകലരും പെരുവഴിയിലായി. ഒരു ചെറിയ അനക്കം പോലും സാധ്യമല്ലെന്ന് കണ്ട സ്വകാര്യബസുകള്‍ യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിപ്പിച്ചു. എയര്‍പോര്‍ട്ടിലേക്ക് വണ്ടികയറിയവര്‍ കുരുക്കില്‍ കിടന്നു. പലര്‍ക്കും ട്രെയിന്‍ നഷ്ടമായി. തോന്നുപോലെ കെട്ടിയ വടം വലിച്ച്, പൊലീസ് പിന്‍‌വാങ്ങുമ്പോഴേക്കും ജനം വല്ലാതെ വലഞ്ഞു. ആ കുരുക്കിലും ഐലനെപ്പോലെ ആശുപത്രി തേടുന്ന നൂറുപേര്‍ കുടുങ്ങിക്കിടന്നുകാണും. ആയുസിന്റെ ബലം ആശുപത്രികാണിച്ചതാകും

ഒരു ബസിന് പുറകേ ഓടി അത് കിട്ടാതെപോയാല്‍ പകരം ഓട്ടോപിടിക്കാമെന്ന് ആലോചിക്കുന്നവര്‍ പോലും ഈ നാട്ടില്‍ വളരെകുറവാണ്.

അങ്ങനെ രണ്ടറ്റംമുട്ടിക്കാന്‍ ഓടിനടക്കുന്ന ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ അഴിക്കാനാവാത്ത കുരുക്കുകള്‍ നിങ്ങളായി ഒരുക്കിവയ്ക്കരുത്. എല്ലാംശരിയാക്കെന്ന് നുണപറഞ്ഞ് തിരികെ നടന്ന നിങ്ങള്‍ അഴിക്കാന്‍ സഹായിക്കാത്ത ജീവിത കുരുക്കള്‍ അഴിക്കാന്‍ പാടുപെടുന്നവരാണ് ജനം. ജനപ്രവാഹത്തെ പിടിച്ചു നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍, ബന്ധിപ്പിച്ചു നിര്‍ത്തുമ്പോള്‍ ഇനിയെന്നും ഈ കുരുന്നു മുഖം ഓര്‍മ വേണം.

ചുവന്ന ലൈറ്റ് അഴിച്ചുവച്ച് ഇതാ വിവിഐപി സംസ്കാരം ഞങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന രാഷ്ട്രീയമേലാളന്‍മാരുടെ പ്രഖ്യാപനം കേട്ടിട്ട് അധികനാളായിട്ടില്ല. എന്നാല്‍ അതെല്ലാം കണ്ണുകെട്ടുന്ന കാഴ്ചകള്‍ മാത്രമാണ്. വേണ്ടത് ഒരു സാധാരണക്കാരന്റെ ഒരു പകല്‍ എങ്ങനെയായിരിക്കുമെന്ന തിരിച്ചറിവാണ്. നവകേരളം, ജനരക്ഷാ, പടയൊരുക്കമെന്നെല്ലാം പേരിട്ട് പകലിറങ്ങുമ്പോള്‍ അത് ആരെയെല്ലാം പൊള്ളിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടാകണം. എന്തു പേരിട്ടു വിളിച്ചാലും ഈ യാത്രകള്‍ കൊണ്ടുള്ള പ്രയോജനം ഒരുജനത്തിനുമില്ല. പാര്‍ട്ടിച്ചക്രമുരുട്ടാം, പണംപിരിക്കാം, പ്രമാണിമാരെ കാണാം, മാധ്യമശ്രദ്ധ ഉറപ്പാക്കാം, മാധ്യമസമ്മേളനങ്ങള്‍ നടത്താം അങ്ങനെ റോഡിലിറങ്ങുന്ന ഒരുപാര്‍ട്ടിയും സ്വന്തം കൊഴുത്തതല്ലാതെ ജനത്തിന് ഒന്നുംനല്‍കിയിട്ടില്ല. അതില്‍ എന്നും വലയുന്നതാകട്ടെ ജനവും. സമാനമാണ് ഹര്‍ത്താലും തരുന്നത്. സമാനമാണ് നേതാക്കള്‍ അവര്‍ മന്ത്രി മുതല്‍ പ്രധാനമന്ത്രി വരെ ആരുമാകട്ടെ അവരുടെ സന്ദര്‍ശനങ്ങളെല്ലാം തരുന്നത്. സമാനമാണ് ഇവരുടെയെല്ലാം പുറംതിരിഞ്ഞുനില്‍ക്കല്‍ കാരണം അനന്തമായി നീളുന്ന ഗതാഗതസംവിധാനങ്ങളുടെ പുതുക്കിപ്പണിയല്‍ തരുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ വഴിതടഞ്ഞ് വിമാനം വൈകിയതില്‍ ക്ഷുഭിതയായ ഡോ.നിരാലസിങ് ചോദിക്കുന്നതും അതാണ്. ഈ സംസ്കാരത്തിന് ഒരു സാധാരണ ഇന്ത്യക്കാരന്‍ എത്രകാലം വില കൊടുക്കേണ്ടിവരും? ഒരു മന്ത്രി റോഡിലിറങ്ങുന്ന പകല്‍ പൂട്ടിയിടാന്‍ വിധിക്കപ്പെടുന്ന ജനത എന്ത് പിഴച്ചു? ജനത്തിന്റെ വഴിമുടക്കുന്നതില്‍ നിന്ന് എന്ന് പിന്മാറും നിങ്ങള്‍ രാഷ്ട്രീയക്കാര്‍?

അനന്തരവന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പട്നയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം മൂലം ഫ്ലൈറ്റുകളുടെ സമയക്രമം പുനക്രമീകരിച്ചത് നിരാല സിങ് അറിയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ആ ശരീരം എന്നെകാത്ത് അഴുകുന്നതിന് മുന്‍പ് എനിക്ക് അവിടെ എത്തിച്ചേരാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ അവര്‍ കരഞ്ഞഭ്യര്‍ഥിക്കുയും ചെയ്യുന്നു. കൈമലര്‍ത്തുന്ന കണ്ണന്താനത്തോട് ക്ഷുഭിതയാകുന്നുമുണ്ട് നിരാല. ചോദ്യം ന്യായമാണ്. ഇത്തരം വിവിഐപി യാത്രകള്‍ക്ക് വേണ്ടിയെല്ലാം എത്രകാലം നാം ഒഴിഞ്ഞുമാറണം. പിന്നീട് നിരാല തന്നെ പറഞ്ഞതുപോലെ കണ്ണന്താനം മാന്യമായി കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ല. അതല്ലെങ്കില്‍ ഐലനും നിരാലയുമെല്ലാം ഇവിടേയും അവിടേയുമെല്ലാം ആവര്‍ത്തിക്കുമ്പോഴും മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍ പുതിയ യാത്രകള്‍ പ്ലാന്‍ ചെയ്യുകയാകും. ചുവന്നലൈറ്റിന്റെ കിരീടമെല്ലാം അഴിച്ചുവച്ചെന്ന് മേനി പറഞ്ഞ് അവര്‍ വീണ്ടും പൊതുജനത്തിന്റെ നെഞ്ചത്തേക്ക് വണ്ടിയോടിച്ചുതന്നെ വരും. ആംബുലന്‍സില്ലാതെ ഭാര്യയുടെ മകളുടെ ശവംചുമന്ന് അപ്പോഴും സാധാരണക്കാര്‍ നടന്ന് നീങ്ങുന്നുമുണ്ടാകും

ഐലന് മരണത്തിലേക്ക് പോകേണ്ടിവന്നതും നിരാലക്ക് മരണാനന്തരച്ചടങ്ങിന് പോകാനാകാത്തതുമായ സാഹചര്യമെല്ലാം ഈ നേതാക്കളുടെ ഒരു പ്രതിഞ്ജയില്‍ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ യാത്രകൊണ്ട്, എന്റെ പാര്‍ട്ടിയുടെ യാത്രകൊണ്ട് എന്റെ നാട്ടിലെയാരും വഴിമാറി നില്‍ക്കേണ്ടിവരില്ലെന്ന ദൃഢപ്രതിജ്ഞയില്‍. അവരോടും അവര്‍ക്കായി ഗതാഗതം നിയന്ത്രിക്കുന്ന അനുചരരോടും ഒന്നു മാത്രം പറഞ്ഞുനിര്‍ത്താം. ജീവന്‍റെ കുരുക്കുകള്‍ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല. ഓട്ടപ്പാച്ചിലിന് മുന്നില്‍ അതെങ്കിലും ഓര്‍ത്താല്‍ നന്ന്