തിലകൻചേട്ടന്റെ ആ വാക്കുകൾ വേദനിപ്പിച്ചു; നെടുമുടി വേണു

നായർലോബിയുടെ വക്താവാണെന്ന് തിലകൻചേട്ടന് വിമർശിച്ചത് വേദനിപ്പിച്ചുവെന്ന് നെടുമുടിവേണു നേരെചൊവ്വേയിൽ പറഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരുമിച്ച് അഭിനയിച്ചവരായിട്ടും തിലകൻ ചേട്ടൻ അങ്ങനെ പറഞ്ഞത് കേട്ടസമയത്ത് വല്ലാത്ത വേദനയും നൊമ്പരവുമായി മനസിൽ അവശേഷിച്ചു. താൻ സംവിധാനം ചെയ്ത പൂരം സിനിമയിൽ പോലും കേന്ദ്രകഥാപാത്രം തിലകൻ ആയിരിന്നു.

മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നത് കേട്ട് പെട്ടന്ന് വികാരഭരിതനാകുന്ന വ്യക്തിയാണ് തിലകൻ. ഇതും ആരെങ്കിലും ഏഷണികൂട്ടികൊടുത്തതിന്റെ ഫലമായിട്ടാവും അദ്ദേഹം പറഞ്ഞതെന്ന് സ്വയം സമാധാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് നെടുമുടി വേണു വ്യക്തമാക്കി. 

സിനിമക്കാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചയാളാണ് താങ്കള്‍. ഇപ്പോള്‍ നിരവധി സിനിമാക്കാര്‍ രാഷ്ട്രീയത്തിലുണ്ട്. കാലം മാറിയതുകൊണ്ട് താങ്കളുടെ അഭിപ്രായം മാറി എന്നുണ്ടോ ?. താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹം തോന്നിയിട്ടില്ലേ ?

മുന്‍പ് ഷൂട്ടിങ് മദ്രാസിലും കാഴ്ച ഇവിടെയുമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. നടീനടന്‍മാര്‍ ജീവിക്കുന്നതും സിനിമ ഷൂട്ട് ചെയ്യുന്നതും എല്ലാം ജനമധ്യത്തിലാണ്. അതുകൊണ്ടുതന്നെ സിനിമാക്കാരെ കൂടുതല്‍ അറിയാനും ഇടപഴകാനുമുള്ള അവസരം ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ സിനിമാക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ വരുന്നതിന് തടസ്സം ഉണ്ടാകേണ്ട കാര്യമില്ല. പഴയകാലത്തുനിന്ന് നിരവധി മാറ്റം ഇന്നുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിരവധിയാളുകള്‍ എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. നല്ല മന്ത്രിയൊ ഒരു ജനപ്രതിനിധിയോ ആകാന്‍ എനിക്ക് പറ്റില്ല എന്ന ബോധ്യമാണ് എന്നെ ഇതില്‍നിന്നെല്ലാം പിന്തിരിപ്പിച്ചത്. മാത്രമല്ല ഏതെങ്കിലും കക്ഷി രാഷ്ട്ട്രീയത്തിന്‍റെ ഭാഗമാകാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. 

ഇന്നസെന്‍റ്, മുകേഷ്, സുരേഷ്ഗോപി ഇവരൊക്കെ നല്ല ജനപ്രതിനിധികളാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ ?

ഇന്നസെന്‍റിന് ഒരു രാഷ്ട്രീയ പാരമ്പര്യം പണ്ടേ ഉണ്ട്. മാത്രമല്ല എന്തെങ്കിലും വിഷയം ഉണ്ടായാല്‍ അതിനോട് ചേര്‍ന്നുനില്‍ക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്. മുകേഷിനും പണ്ടേ രാഷ്ട്രീയമുള്ള ആളാണ്, സുരേഷ് ഗോപി തിരഞ്ഞെടുത്ത് പോയ ആളല്ല, ഗണേഷ്കുമാറിന് പാരമ്പര്യമായി രാഷ്ട്രീയം ഉണ്ട്. അതുകൊണ്ട് ഇവരുടെ കാര്യം നോക്കുകയാണെങ്കില്‍ പറയാന്‍ സാധിക്കും ഇവര്‍ യോഗ്യതയുള്ളവരാണെന്ന്. 

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഭീഷണിയുണ്ടായപ്പോള്‍ കമലഹാസനും പ്രകാശ് രാജും അതിനെ പ്രതിരോധിക്കാന്‍ മുന്‍പോട്ട് വരുന്നു. താങ്കള്‍ എന്തുകൊണ്ടാണ് ഇതില്‍നിന്നെല്ലാം വിട്ടുനില്‍‍ക്കുന്നത്?

ഒഴിഞ്ഞുമാറുന്നു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഈയടുത്ത് ഒരു മീറ്റിങ്ങില്‍ പ്രസംഗിച്ച ഒരു പ്രധാന വിഷയവും ഇതായിരുന്നു. ഒരു നായകസ്ഥാനത്തുവന്നിരുന്ന് ഇത്തരം പ്രവണതകളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ല എന്നേയുള്ളു. എനിക്ക് ഒരു പറയണമെന്ന് തോന്നിയാല്‍ പറഞ്ഞിരിക്കും പറഞ്ഞിട്ടുമുണ്ട്. ചിലര്‍ വളരെപ്പെട്ടന്ന് പ്രതികരിക്കും ചിലര്‍ പ്രതികരിച്ചിട്ട് പശ്ചാത്തപിക്കും. ഞാന്‍ അനുവര്‍ത്തിക്കുന്നത് ഇത്തരത്തില്‍ ഉള്ള ഒരു നിലപാടാണ്. 

കുറെക്കാലം താങ്കള്‍ ഒരുമാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു. ഇന്ന് ഈ മേഖല ഒരുപാട് വിമര്‍ശിക്കപ്പെടുന്നു, വിമര്‍ശനം വേണ്ടതാണ് അവര്‍ അത് അര്‍ഹിക്കുന്നു എന്നാണോ താങ്കള്‍ കരുതുന്നത്. ? 

വിമര്‍ശനം ഏത് മേഖലയിലായാലും വേണം. ഞാന്‍ മാധ്യമമേഖലയില്‍ ജോലിയെടുത്തിരുന്നപ്പോള്‍ വ്യത്യസ്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അറിയേണ്ടതും അറിയപ്പെടേണ്ടാത്തതുമായ കാര്യങ്ങള്‍ ആളുകള്‍ക്ക് മുന്നിലേക്ക് വിളമ്പുന്ന അവസ്ഥയാണ് ഇന്നുള്ളത്.