എന്നും സൗഹൃദത്തിന്‍റെ തമ്പില്‍; ഭാവസാഗരം; മഹാനടനിലേക്കുള്ള കൊടുമുടി കയറ്റം

കൃത്യവും വ്യക്തവുമായ ചോദ്യങ്ങള്‍. ഓരോ വിഷയത്തിലുമുള്ള ആധികാരികമായ അറിവ്... അഭിമുഖം ചെയ്യാന്‍ വന്ന കെ. വേണുഗോപാലിനോട് പ്രമുഖര്‍ക്കെല്ലാം നല്ല മതിപ്പായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ നല്ല ഭാവിയുണ്ടെന്ന് ആശംസിച്ചാണ് ആ ചെറുപ്പക്കാരനെ അവരെല്ലാവരും പറഞ്ഞയച്ചത്. പക്ഷേ, ആ പത്രപ്രവര്‍ത്തകനെകുറിച്ച് പിന്നീടാരും കേട്ടില്ല. പകരം െനടുമുടി വേണു എന്ന കലാകാരനെകുറിച്ച് ലോകമറിഞ്ഞു. പത്രപ്രവര്‍ത്തകനെ നിലയില്‍ വേണുഗോപാല്‍ പ്രകടിപ്പിച്ച കൃത്യതയും ആധികാരികതയും സൂക്ഷ്മതയുമൊക്കെ അഭിനേതാവായപ്പോഴും വേണുവിന് കൈമോശം വന്നില്ല. നെടുമുടി വേണു, ജീവിതത്തിന്റെ തമ്പൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയജീവിതം പുതിയ തലമുറകളോട് നാളെ സംസാരിക്കുന്നതും അതേ ആധികാരികതയോടെയാകും. 

ഉള്‍വലിവായിരുന്നു നാട്ടിന്‍പുറത്തുകാരനായ വേണു നേരിട്ട ആദ്യവെല്ലുവിളി. അത് മറികടന്ന് സ്വന്തം ഇഷ്ടങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അദ്ദേഹത്തിനായത് നാട്ടുകാരുടെയും  കൂട്ടുകാരുടെയും പിന്തുണയായിരുന്നു. മക്കള്‍ നല്ല കലാകാരന്മാരാകാന്‍ ആഗ്രഹിച്ച അധ്യാപകരായ മാതാപിതാക്കളും അതിന് കാരണക്കാരായി. അഞ്ചുമക്കളില്‍ ഇളയവനായ വേണു ചേട്ടന്മാരെ അനുകരിച്ചുകൊണ്ടാണ് ഉള്ളിലെ കലാകാരന്റെ പിറവി അറിയിച്ചത്. സ്കൂള്‍ കാലത്തും പിന്നീട് കോളജ് കാലത്തും വേണു സജീവമായിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ അവതരിപ്പിച്ച് ആത്മവിശ്വാസം നേടിയ ശേഷം മാത്രമായിരുന്നു വേദിയിലേക്കുള്ള പടികയറ്റം. നഗരത്തില്‍നിന്ന് കലാലോകം കാവാലത്തേക്ക് മാറിയതോടെയാണ് വേണുവിന്റെ ജീവിതം പുതിയ വഴിയിലെത്തിയത്. കോളജില്‍ സഹപാഠിയായ ഫാസിലിനൊപ്പം ചേര്‍ന്ന് അവതരിപ്പിച്ച നാടകമാണ് വേണുവിനെ കാവാലത്തിന്റെ മുന്നിലെത്തിച്ചത്. പതിവു നാടകസങ്കല്‍പ്പങ്ങളെ അട്ടമിറിച്ചു മുന്നോട്ടുപോയ്ക്കൊണ്ടിരിന്ന കാവാലം നാരായണപ്പണിക്കര്‍ക്കൊപ്പം വേണവും കൈകോര്‍ത്തു. കാത്തിരുന്നതുപോലെ ദൈവത്താറും അവനവന്‍കടമ്പയുമൊക്കെ വേണുവിലേക്കെത്തി. കൊട്ടും പാട്ടും എഴുത്തുമെല്ലാം വഴങ്ങിയ വേണുവിന് അഭിനയം ആയാസമയിരുന്നില്ല. ശ്വാസത്തില്‍ നാടിനെപ്പേറിയ നടന്‍റെ പേരിനൊപ്പം നെടുമുടി ചേര്‍ക്കപ്പെട്ടു.  

സൗഹൃദത്തിന്റെ തമ്പിലായിരുന്നു എന്നും നെടുമുടിയുടെ ജീവിതം. പത്രപ്രവര്‍ത്തകനായി ജോലി നേടിക്കൊടുത്ത അതേ അരവിന്ദന്‍, തമ്പ് എന്ന ചിത്രത്തില്‍  നെടുമുടി വേണുവിനെ ക്യാമറയ്ക്ക് മുന്നില്‍നിര്‍ത്തി. മഹാനടനിലേക്കുള്ള കൊടുമുടി കയറ്റം അവിടെ തുടങ്ങുന്നു. പിന്നെ നെടുമുടി വേണുവിന്റെ നിറഞ്ഞാട്ടം. അത് സിനിമയുടെ ചരിത്രം. 

വൈവിധ്യം നിറഞ്ഞ പ്രമേയങ്ങളും കരുത്തുറ്റ അവതരണരീതിയുമായി മലയാള സിനിമ പരീക്ഷണത്തിന്റെ കാലത്താണ് നെടുമുടിയുടെ വരവ്. നടനെ തിരിച്ചറിയാന്‍ മികച്ച സംവിധായകര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞു. അരവിന്ദന് പിന്നാലെ ഭരതനും പത്മരാജനും കെ.ജെ. ജോര്‍ജും മോഹനുമൊക്കെ വേണുവിനെ സ്വന്തം പാളങ്ങിലൂടെ നയിച്ചു. തകരയിലെ ചെല്ലപ്പനാശാരി ഉള്‍പ്പെടെ കഥാപാത്രങ്ങള്‍ വേണുവിനെ പകരം വയ്ക്കാനില്ലാത്ത നടനാക്കി മാറ്റി. ചാമരം, കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, വിട പറയും മുമ്പെ, പഞ്ചവടിപ്പാലം തുടങ്ങി വേണുവിന്റെ ഭ്രമണപഥങ്ങളില്‍ ഉജ്വലസിനിമകള്‍ മാത്രമായി.

മനോധര്‍മവും താളവും എല്ലാം സമന്വയിച്ച നടന്‍. അഭിനയം ജീവശ്വാസമായി കാണുന്ന കലാകാരന്‍. ആ പാടവം സമാന്തരമെന്നോ, വാണിജ്യമെന്നോ വേര്‍തിരിവില്ലാതെ സിനിമയ്ക്കായി സമര്‍പ്പിക്കപ്പെട്ടു. സിനിമയിലേക്ക് കടന്നുവന്ന പുതിയ സംവിധായകപ്രതിഭകള്‍ക്കൊപ്പം വേണു കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. കോളജിലെ പഴയ കൂട്ടുകാരന്‍ ഫാസില്‍ സംവിധായകനായപ്പോള്‍ നെടുമുടി ഒരു സ്ഥിരം ഘടകമായി. സിബി മലയില്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ ഒരോ സിനിമയുടെ യാത്രയിലും വേണുവിനെ കൂടെക്കൂട്ടി. പൂച്ചക്കൊരു മൂക്കുത്തി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ സിനിമകളില്‍  നെടുമുടിയില്ലാത്തൊരാളെ സംവിധായകര്‍ക്ക് സങ്കല്‍പ്പിക്കാനും കഴിയുമായിരുന്നില്ല. തലമുറകള്‍ മാറുമ്പോഴും നെടുമുടി എന്ന തിരഞ്ഞെടുപ്പ് സിനിമയുടെ ശീലമായിക്കൊണ്ടിരുന്നു.  

അഭിനയത്തിന്റെ വഴിയില്‍ ഇടയ്ക്ക് നെടുമുടി വേണുവിനെയും സ്ഥിരംവേഷങ്ങളില്‍ തളച്ചിടാന്‍ ശ്രമമുണ്ടായി. സാത്വികവേഷങ്ങളെങ്കില്‍ നെടുമുടി തന്നെ എന്ന നിലയിലായി ആലോചനകള്‍.  ഫോര്‍മുല സിനിമകളുടെ തിരക്കഥകളില്‍ നല്ലവനായ അച്ഛന്‍, നല്ലവനായ അമ്മാവന്‍, തേജസ്സുള്ള രാജാവ് തുടങ്ങിയ കഥാപാത്രങ്ങള്‍ നെടുമുടിക്കായി സംവരണം ചെയ്യപ്പെട്ടു. ഇത് വേണുവിനെയും അസ്വസ്ഥപ്പെടുത്തി. തുടക്കത്തില്‍ ചെയ്ത തുള്ളി ഉറഞ്ഞ, ആടിത്തിമിര്‍ത്ത വേഷങ്ങളില്‍ ലഭിച്ച ആത്മഹര്‍ഷം നഷ്ടപ്പെട്ടുതുടങ്ങിയെന്ന് വേണുവിനെക്കൊണ്ട് തന്നെ സിനിമ പറയിച്ചു. താളബോധത്തോടൊപ്പം എഴുത്തും പാട്ടുമൊക്കെ കൂടെക്കൂട്ടിയ നെടുമുടി വേണുവിന് അത് തിരിച്ചറിയാന്‍ എളുപ്പത്തില്‍ കഴിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കഥാപാത്രങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ജന്മനാട്ടിലിരുന്നു ഒരിക്കല്‍ നെടുമുടി പരിഭവം പറയാതെ പറഞ്ഞു. 

ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയിലെ ഡെന്‍വര്‍ ആശാന്‍ നെടുമുടിക്ക് ലഭിച്ച വ്യത്യസ്തമായ കഥാപാത്രമായിരുന്നു. കൊച്ചി ഭാഷ സംസാരിക്കുന്ന ഗൂണ്ടാവേഷം തന്റെ ഇഷ്ടകഥാപാത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ചു. 

അഭിനയത്തിനപ്പുറം ഉള്ളിലെ കഥകള്‍ക്ക് അഭ്രഭാഷ്യം നല്‍കാനും നെടുമുടി ശ്രമിച്ചു. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, സവിധം, ഒരു കടങ്കഥ പോലെ തുടങ്ങിയ സിനിമകള്‍ നെടുമുടിയുടെ എഴുത്തുജീവിതത്തിന്റെ സാക്ഷ്യങ്ങളായി. തമിഴില്‍ ചെയ്ത വേഷങ്ങള്‍ ഭാഷയുടെ പരിമിതിയില്ലാതെ മികവുറ്റതാക്കാന്‍ വേണുവിന് കഴിഞ്ഞു. ഇന്ത്യന്‍, അന്യന്‍ അടുത്തകാലത്തെ സര്‍വം താളമയം തുടങ്ങിയ ചിത്രങ്ങളില്‍ നെടുമുടിയെ സംവിധായകര്‍ നന്നായി പരിഗണിക്കുകയും ചെയ്തു. മലയാളത്തില്‍ അദ്ദേഹം ചെയ്ത വേഷങ്ങള്‍കണ്ട് അത്ഭുതപ്പെട്ടവരായിരുന്നു ആ സംവിധായകരില്‍ ഏറെയും. മലയാളത്തില്‍ പരമാവധി അഭിനയിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി തമിഴിലേക്ക് വരൂ എന്ന് നെടുമുടിയോട് അഭ്യര്‍ഥിച്ചത് സാക്ഷാല്‍ കമല്‍ഹാസനായിരുന്നു. 

അഭിനയത്തിലെന്ന പോലെ ജീവിതത്തിലും അപശബ്ദങ്ങളുണ്ടാക്കാതെയാണ് നെടുമുടി കടന്നുപോകുന്നത്. നടന്നുവന്ന വഴികളൊന്നും മറക്കാതെ പുതിയ വഴി താണ്ടാന്‍ ശ്രമിച്ചൊരാള്‍. അഭിനയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും നെടുമുടി കാലുറപ്പിച്ചത് വളര്‍ന്ന മണ്ണിലായിരുന്നു. അനുഭവങ്ങള്‍ പാത്രമികവിന് ഉപയോഗപ്പെടുത്തിയ നടന്‍ സ്വയം വിശ്വസിച്ചു– ഞാന്‍ നെടുമുടിയിലെ വെറുമൊരു സാധാരണക്കാരന്‍. ആ വിശ്വാസത്തോട് മാത്രമായിരുന്നു മഹാനടന്റെ ആസ്വാദര്‍ക്കുള്ള ഏക വിയോജിപ്പ്.