കുട്ടനാടിന്റെ താളമായിരുന്നു വേണുവിന്റെ ജീവിത താളം; നെടുമുടിയോർമകളിൽ ജന്മനാട്

നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ വേദനയിലാണ് നെടുമുടിയെന്ന ഗ്രാമം. സുഹൃത്തുക്കളും നാട്ടുകാരും ജൻമഗൃഹത്തിൽ ഒത്തുചേർന്ന് ഓർമകൾ പങ്കുവച്ചു.  കുട്ടനാടിന്റെ താളമായിരുന്നു നെടുമുടി വേണുവിന്റെ ജീവിത താളമെന്ന് സുഹൃത്തുക്കൾ പറയും. ഒക്കെയും കണ്ടും കേട്ടും  പഠിച്ചത്. ശശിയെന്നാണ് നാട്ടിലെ സുഹൃത്തുക്കൾ  വിളിച്ചിരുന്നത്.

എഴുതി അവതരിപ്പിച്ച നാടകങ്ങളിലൂടെയാണ് കാവാലം നാരായണപ്പണിക്കരിലേക്ക് എത്തുന്നത് . വേണുഗോപാലിലെ നെടുമുടി വേണു വാക്കിയത് കാവാലമായിരുന്നു. അസാമാന്യമായ താളബോധവും വഴക്കവുമാണ് കാവാലത്തിന് അത്രമേൽ പ്രിയപ്പെട്ടവനാക്കിയതെന്ന് ദൈവത്താറെന്ന നാടകത്തിൽ ഒരുമിച്ച് അഭിനയിച്ച സുഹൃത്ത് പറയുന്നു

നെടുമുടിയിലെ ജീവിതകാലത്താണ് അവനവൻ കടമ്പയും , ദൈവത്താറുമൊക്കെ അരങ്ങിലെത്തിയത്. കാവാലത്തിന്റ നാടക സമിതിയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ  വേണുവും നെടുമുടി വിട്ട് ജീവിതം തിരുവനന്തപുരത്തേക്ക് പറിച്ചു നട്ടു.