ചക്കക്കൊതിയൻമാരായ കുറച്ചു പേർക്കു വേണ്ടി ഒരു വാട്സാപ് ഗ്രൂപ്പ്; ചക്ക കൂട്ടം..!

nattuvartha
SHARE

നല്ല ചക്ക കിട്ടുന്ന ഇടങ്ങൾ പരസ്പരം അറിയിക്കുക, നാട്ടിലും മറ്റും പോയി വരുന്നവർ നഗരവാസികൾക്കായി ഒന്നോ രണ്ടോ ചക്ക കൊണ്ടു വന്നു പങ്കുവയ്ക്കുക,

ചക്കയുള്ള വീടുകളിൽ ചെറിയ സംഗമങ്ങൾ സംഘടിപ്പിക്കുക. പ്ലാവിൽ കയറി ചക്കയിട്ട് എല്ലാവരും കൂടി ഒരുക്കി ഒത്തൊരുമയിൽ കഴിക്കുക. ഇതെല്ലാമായിരുന്നു ചക്കക്കൂട്ടം. ചക്കയും ചക്കയുടെ ഭക്ഷണ ഉൽപന്നങ്ങളും മാത്രമാണ് ഗ്രൂപ്പിന്റെ പ്രധാന ചർച്ചാ വിഷയം. 

ചക്കക്കൂട്ടം വാട്സാപ് ഗ്രൂപ്പിനെക്കുറിച്ച് അറിഞ്ഞു വിദേശങ്ങളിൽ നിന്നുള്ളവരും അംഗങ്ങളാകാൻ എത്തിയതോടെ ഗ്രൂപ്പ് പല ഗ്രൂപ്പുകളായി മാറി.  പ്ലാവിൻ തൈ വിൽപന്നക്കാരും പ്ലാവ് കൃഷിക്കാരും  ചക്ക വിഭവങ്ങൾ പാചകം ചെയ്യുന്നവരും സംസ്ഥാനത്തെ ഒന്നാം നമ്പർ സ്നാക്സ് നിർമാതാക്കളും ബിസിനസുകാരും ഒക്കെ ഈ കൂട്ടായ്മയിൽ ഉണ്ട്. 

ഗ്രൂപ്പിൽ പങ്കാളിത്തവും ചർച്ചകളും ഒക്കെ കൂടിയതോടെ പുതിയ സാധ്യതകളിലേയ്ക്കു ചിന്തകൾ വളർന്നു. കർഷകർ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനും  കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്താനും വാട്സാപ് ഗ്രൂപ്പിൽ നിന്ന് കൂട്ടായ്മയെ ഒരു കമ്പനിയാക്കി വളർത്തിക്കൊണ്ടു വരാൻ തീരുമാനമായി .

സംരംഭമാകുമ്പോൾ  ചക്ക കൂടുതൽ പേരിലേയ്ക്ക് എത്തുന്നതിനും കുറെ പേർക്കു ജോലി ലഭിക്കുന്നതിനും സാധ്യതകൾ വർദ്ധിക്കും. സംസ്ഥാന ഫലമാണെങ്കിലും ആർക്കും വേണ്ടാതെ അഴുകി പോകുന്ന ചക്കയ്ക്ക് ഒരു വിലയുണ്ടെന്ന് കർഷകരെ ബോധ്യപ്പെടുത്തണം.

ഭക്ഷണം എന്ന നിലയിൽ വിഷം കലരാത്ത ഏക ഫലമായ  ചക്കയെ  തീൻമേശയിലെത്തിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ സംസ്കാരം വളർത്തിക്കൊണ്ടു വരുവാൻ സഹായിക്കും. ഷുഗറിനും കാൻസറിനുമെല്ലാം ചക്ക നല്ലതാണെന്നു പറഞ്ഞു കേൾക്കുന്നതല്ലാതെ,ശാസ്ത്രീയ അടിത്തറ യിലൂടെ  ഇത് ഉപയോഗിക്കാൻ ജനങ്ങളെ പഠിപ്പിക്കുകയും വേണം. കൃഷിയിലൂടെ എല്ലാ സമയത്തും ചക്ക ലഭ്യമാക്കുമ്പോൾ ആ  വെല്ലുവിളി ഏറ്റെടുക്കാനും ആരെങ്കിലുമുണ്ടാകണം. ഇതിനെല്ലാം സംരംഭം  സഹായകരമാകുമെന്ന കണക്കു കൂട്ടലിൽ നിന്നാണ് ചക്കകൂട്ടം ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പിറവി.   

കോലഞ്ചേരി കടയിരുപ്പിനടുത്താണ്  ഉൽപാദന യൂണിറ്റ്  ആരംഭിച്ചത്. വിപണിക്ക് അത്ര പരിചിതമില്ലാത്ത വാക്വം ഫ്രൈഡ് ചിപ്സ് ആണ് പ്രധാന ഉൽപ്പന്നം. ചക്ക ഹൽവയും ചക്കജാമും ചക്ക സ്ക്വാഷും, ചക്ക ഉണക്കിപൊടിച്ചതും ചക്ക വരട്ടിയതും എല്ലാം കമ്പനിയുടെ ഉൽപന്നങ്ങളായി വിപണിയിലേയ്ക്കു ചുവടു വച്ചു തുടങ്ങി. 

ഫ്രോസൺ ഇടിച്ചക്ക, അഞ്ചു മിനിറ്റിൽ താഴെ സമയം കൊണ്ട് വെജിറ്റേറിയൻ പ്രിയർക്ക് ഉണ്ടാക്കാവുന്ന  ചില്ലി വേഗൺ മീറ്റ്(ഇടിച്ചക്ക) തുടങ്ങി ഭാവിയിൽ കൂടുതൽ സാധ്യത ഉള്ള ഉൽപന്നങ്ങളും ചക്കക്കൂട്ടം എന്ന പേരിൽ  വിപണിയിലിറക്കിയിട്ടുണ്ട്.

MORE IN NATTUPACHA
SHOW MORE