'ഈ പുഞ്ചിരി പൂക്കൾ തന്നതാണ്'; വീട്ടുമുറ്റത്ത് ഉദ്യാനമൊരുക്കി നജ്മ

കുടുംബം കഴിഞ്ഞാൽ നജ്മക്ക് പിന്നെ എല്ലാം ഈ കാണുന്ന പൂച്ചെടികൾ ആണ്. 30 വർഷത്തിന് മുകളിലായി നജ്മ ചെടികളെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ട്. കുടംബ ജീവിതത്തിന്റെ തുടക്ക കാലത്ത് ഭർത്താവ് രാവിലെ ജോലിക്കും മക്കൾ സ്കൂളിലേക്കും പോകുമ്പോൾ ബോറടി മാറ്റാൻ തോന്നിയ ചില ചിന്തകളാണ് നജ്മയെ പൂ കൃഷിയിലേക്ക് എത്തിച്ചത്. 

ഭർത്താവും സിനിമാ നടനുമായ അബ്ദുൾ മജീദ് കെഎസ്ഇബിയിൽ ജോലി ചെയ്യുമ്പോൾ താമസിച്ച ക്വാർട്ടേഴ്സിലാണ് ഒരു ഹോബിയായി ആദ്യം ചെടികൾ നജ്മ വളർത്തി തുടങ്ങിയത്. ചെടികൾ വളർത്തി തുടങ്ങി 2 വർഷം കഴിഞ്ഞപ്പോഴേക്കും പുതിയ വീട് വച്ച് താമസം മാറി.  പുതിയ വീട്ടിലേക്ക് വരുമ്പോൾ ഒരു ലോഡ് വീട്ടു സാധനവും ഒരു ലോഡ് പൂച്ചെടികളുമാണ് പഴയ താമസ സ്ഥലത്തു നിന്ന് കൊണ്ടുവന്നതെന്ന് പറയുമ്പോൾ തന്നെ നജ്മക്ക് ചെടികളോട് ഉള്ള ഇഷ്ടം മനസിലാകും. വീട്ടിൽ കൗതുകത്തിനും ഹോബിക്കും തുടങ്ങിയ പൂ കൃഷി പിന്നീട് ഒരു ബിസിനസായി മാറുന്നത് 18 വർഷം മുമ്പാണ്.

കുടുംബവും പൂ കൃഷിയും ഒക്കെയായി സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് 16 വർഷം മുമ്പ് ട്യൂമർ വില്ലനായി നജ്മയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ട്യൂമറിനെ തുടർന്ന് ഗർഭാശയത്തിലും ഓവറിയിലും തലയിലും ഒക്കെയായി 3 ശസ്ത്രക്രിയകൾക്ക് വിധേയായി മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു ഇവർക്ക് . ആശുപത്രി വിട്ട് വിശ്രമത്തിന് വീട്ടിലേക്ക് വന്ന നജ്മ നേരെ ഇറങ്ങിയത് തന്റെ പൂന്തോട്ടത്തിലേക്കാണ്. കാരണം ,നജ്മ വിശ്വസിച്ചു.... തനിക്ക് വീടിന്റെ ചുമരുകളെക്കാൾ മനസ്സിന് സന്തോഷവും ശരീരത്തിന് ആരോഗ്യവും നൽകുന്നത് ഈ ചെടികളുടെ ഇടയിലൂടെയുള്ള നടത്തവും അതിന്റെ പരിപാലനവും ഒക്കെയാണെന്ന്.

എല്ലാ ദിവസവും രാവിലെ ആറുമണിക്ക് നജ്മ തന്റെ ചെടികളെ കാണാനും പരിപാലിക്കാനും ഒക്കെയായി പൂന്തോട്ടത്തിൽ എത്തും. ഇടയ്ക്ക് വീട്ടിലെ അത്യാവശ്യം കാര്യങ്ങൾ പോയി ചെയ്തുതീർത്താൽ പിന്നെയും ഈ പൂന്തോട്ടത്തിൽ തന്നെയാണ് നജ്മ കൂടുതൽ സമയവും. പൂന്തോട്ടത്തിന് ഇടയിലെ ചപ്പുചവറുകൾ അടിച്ചുവാരാനും കളപറിക്കാനും മാത്രമേ സഹായത്തിനു ആളുള്ളു. ബാക്കി പ്രധാനപ്പെട്ട എല്ലാ ജോലികളും നജ്മ നേരിട്ടാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പോലെ അത്രയും ശ്രദ്ധ ചെടികളുടെ പരിചരണത്തിലും ആവശ്യമാണെന്നാണ് നജ്മ പറയുന്നത്

വീടിരിക്കുന്ന 41 സെന്റ് സ്ഥലത്താണ് നജ്മയുടെ പൂച്ചെടി കൃഷി. ബോഗേൺ വില്ല, കള്ളിചെടികൾ, ബോൺസായികൾ, ബ്രുമീലിയാഡ്സ്, കലാത്തിയ, കലേഡിയം, സക്കുലൻസ്, ഹോയാസ്, ഡിഷീഡിയാ, ലിപ്സ്റ്റിക് പ്ലാൻ്റ്സ്, കിഡ്നി പ്ലാൻ്റ്സ്, എയർ പ്ലാൻ്റ്സ്, ഓർക്കിഡ്സ്', അരളികൾ, പ്ലമേറിയ തുടങ്ങി 85 ഓളം വിഭാഗങ്ങളിലായി ആയിരത്തോളം തരം ചെടികളാണ് നജ്മയുടെ ഗാർഡനിലുള്ളത്. 

വീടിനു ചുറ്റും നടന്നു കണ്ടു ആസ്വദിക്കാവുന്നതുപോലെയാണ് നജ്മ തന്റെ ഉദ്യാനം തയ്യാറാക്കിയിരിക്കുന്നത് . വെയിൽ വേണ്ട ചെടികൾക്ക് വെയിലു കിട്ടുന്ന പോലെയും, തണൽ ആവശ്യമുള്ള ചെടികൾക്ക് ഷെയ്ഡ് നെറ്റുകൾ നൽകിയും, മഴ കൂടുതൽ പ്രശ്നമുള്ള ചെടികൾക്ക് മഴ മറ ഒരുക്കിയും ആണ് ക്രമീകരിച്ചിരിക്കുന്നത്. വെയിലും തണലും മഴയും ഒരുപോലെ വേണ്ട ഇൻഡോർ പ്ലാന്റുകൾ മരച്ചുവട്ടിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ചെടികളും നടാൻ ഉപയോഗിക്കുന്ന പോട്ടി മിശ്രിതം വ്യത്യസ്തമാണ്.

ഓർക്കിഡ് ഒഴികെയുള്ള എല്ലാ ചെടികളും ചട്ടിയിൽ നടുമ്പോൾ തന്നെ അടി വളവും നൽകും. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം, ശീമകൊന്നയില എന്നിവയാണ് അടിവളമായി ആദ്യമേ നൽകുന്നത്. പിന്നീട് ചെടിയുടെ ഒരോ വളർച്ചാ ഘട്ടങ്ങളിലും, നൽകുന്ന വളങ്ങളിലും, ഇടവേളകളിലും വ്യത്യാസമുണ്ട്.

ജലസേചന കാര്യത്തിൽ ഏറെ സൂക്ഷ്മത ആവശ്യമുണ്ട് അലങ്കാര പൂച്ചെടി കൃഷിയിൽ . ജലസേചനത്തിൽ ഉണ്ടാകുന്ന ചെറിയൊരു അശ്രദ്ധ മതി ചെടികൾ നശിച്ചു പോകാൻ. 

മനോഹരമായ സ്ഫടിക ജാറുകളിൽ വളരെ കലാപരമായി ചെടികൾ വച്ച് ടെററിയം (Terrarium) ഒരുക്കുന്നതിലും വിദഗ്ധയാണ് നജ്മ . ഇതിന് പുറമെ പുഷ്പ കൃഷി, ഗാർഡനിങ് , ടെററിയം ഡിസൈനിങ്ങ് എന്നിവയെ കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് വീട്ടിൽ വച്ച് ക്ലാസും നൽകുന്നുണ്ട് നജ്മ . ചെടികളുടെയും പൂച്ചെടി തൈകളുടെയും വിൽപ്പനയിലൂടെയും മോശമല്ലാത്ത വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. വരുമാനത്തേക്കാൾ ഉപരി മനസ്സിന് ലഭിക്കുന്ന സന്തോഷമാണ് നജ്മ ഈ പൂ കൃഷിയിലൂടെ കാണുന്നത്. അതുകൊണ്ട്തന്നെ ചെടികളേയും പുഷ്പങ്ങളെയും പ്രണയിച്ച നജ്മക്ക് ചെടികൾ തിരിച്ചു നൽകിയത് വരുമാനം മാത്രമല്ല, ജീവിതം കൂടിയാണ്.

നജ്മ മജീദ്

'നന്ദനം' ഗാർഡൻസ്

എടവനക്കാട് പ്രി.ഒ)

എറണാകുളം (ജില്ല)

ഫോൺ: 9446463533