താമരപ്പൂ കൃഷിപ്പെരുമയുമായി തിരുനാവായ; ഇത് മതേതരത്വത്തിന്റെയും കഥ

nattupacha-image
SHARE

തിരുനാവായ ... നിള അതിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെയും പരന്നൊഴുകുന്ന ദേശം . നൂറ്റാണ്ടുകൾക്കുമുമ്പ് മാമാങ്കം അരങ്ങേറിയിരുന്ന നാട്...  ഇന്ന് തിരുനാവായയുടെ ദേശ പെരുമയിൽ കൂട്ടിച്ചേർക്കാൻ മറ്റൊരു കാരണംകൂടിയുണ്ട് . കേരളത്തിൽ ഏറ്റവും കൂടുതൽ താമരപൂവിന്റെ കൃഷിയുള്ള സ്ഥലം കൂടിയാണ് തിരുനാവായ .

മതേതരത്വത്തിന്റെ മനോഹരമായ ഒരു കഥ കൂടിയുണ്ട് തിരുനാവായയിലെ താമരപ്പൂ കൃഷിക്ക് . ഹൈന്ദവക്ഷേത്രങ്ങളിലെ പൂജകൾക്കും ഹോമങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത പുഷ്പമാണ് താമരപ്പൂ.  തിരുനാവായയിലെ നവാമുകുന്ദക്ഷേത്രം, ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം, കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക അമ്പലങ്ങളിലേക്കും ആവശ്യമായ താമരപ്പൂ തിരുനാവായയിൽ നിന്നാണ് കൊണ്ടുപോകുന്നത് . ഇങ്ങനെ ഹൈന്ദവക്ഷേത്രങ്ങളിലെ പൂജകൾക്ക് ആവശ്യമായ താമരപ്പൂവ് തിരുനാവായ പഞ്ചായത്തിൽ കൃഷി ചെയ്യുന്നതാവട്ടെ കൂടുതലും മുസ്ലിം സമുദായത്തിൽപെട്ടവരാണ്.

Thumb Image

നെൽകൃഷിയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുണ്ട് തിരുനാവായ പഞ്ചായത്തിൽ താമരപൂവിന്റെ കൃഷിക്കും. ദീർഘകാലത്തെ പാരമ്പര്യമൊന്നും തിരുനാവായിൽ താമരപൂവിന്റെ കൃഷിക്ക് ഇല്ല.  22 വർഷങ്ങൾക്കു മുമ്പ് തിരുന്നാവായ കൊടക്കല്ല് സ്വദേശിയായ കള്ളിവളപ്പിൽ മൊയ്തീൻ ഹാജിയാണ് പ്രദേശത്ത് ആദ്യമായി താമര പൂ കൃഷി തുടങ്ങുന്നത്. പ്രവാസ ജീവിതത്തിനു ശേഷം കൃഷി എന്ന ആഗ്രഹവുമായി നാട്ടിലെത്തിയപ്പോൾ വിത്യസ്തമായൊരു കൃഷി എന്ന ചിന്തയാണ് മൊയ്തീൻ ഹാജിയെ താമരപ്പൂ കൃഷി തുടങ്ങാൻ പ്രേരിപ്പിച്ചത്.

പതിനഞ്ച് വർഷങ്ങൾക്കുമുമ്പ് വരെ തിരുനാവായയിൽ പ്രവർത്തിച്ചിരുന്ന ഓട്ടുകമ്പനിക്ക് ഓടുനിർമാണത്തിന് ആവശ്യമായ കളിമൺ എടുത്തിരുന്ന പ്രദേശങ്ങളിലാണ് ഇന്ന് കൂടുതലും താമരപ്പൂ കൃഷിചെയ്യുന്നത്. പാടമായിരുന്ന സ്ഥലത്ത് മണ്ണെടുത്തു കഴിഞ്ഞപ്പോൾ കൂടുതൽ താഴ്ച വന്നതോടെ സ്ഥിരമായി അവിടെ വെള്ളം കെട്ടിനിൽക്കുന്നത് കൊണ്ട് മറ്റു കൃഷികളൊന്നും സാധ്യമല്ലാതെ വന്നു. ആദ്യകാലങ്ങളിൽ ഇത്തരം സ്ഥലങ്ങൾ പാട്ടത്തിനെടുത്തുകൊണ്ടാണ് താമര കൃഷി ആരംഭിച്ചത്. തിരുനാവായയിലെ താമരപ്പൂവിന് ആവശ്യം വർദ്ധിച്ചതോടെ ക്രമേണ കൂടുതൽ ആളുകൾ താമരപൂവിന്റെ കൃഷിയിലേക്ക് ഇറങ്ങി തുടങ്ങി. നിലവിൽ തിരുനാവായ പഞ്ചായത്തിലെ 500 ഏക്കറോളം സ്ഥലത്ത് താമരപൂവിന്റെ കൃഷിയുണ്ട്. 18 കർഷക കുടുംബങ്ങളാണ് നിലവിൽ ഇവിടെ താമര പൂ കൃഷി ചെയ്യുന്നത്. 100 കുടുംബങ്ങൾ കൃഷിയിടത്തിലെ വിവിധ ജോലികളെ ആശ്രയിച്ചു കഴിയുന്നു.

വെള്ളത്തിലൂടെ വള്ളികൾ പടർന്ന് വ്യാപിക്കുന്ന ചെടിയാണ് താമര. വെള്ളത്തിൽ മാത്രമെ വളരൂ. വെള്ളത്തിന് മുകളിലേക്ക് കാണുന്ന പോലെ താഴേക്കുമുണ്ട് തണ്ടിന് നീട്ടം. തണ്ടിന്റെ അഗ്രഭാഗത്തെ വേരുകൾ പാടത്തെ ചെളിയിലേക്ക് ആഴ്ന്നു വളരും. അതുപോലെ തന്നെ വശങ്ങളിലേക്ക് തടസങ്ങളില്ലെങ്കിൽ വെള്ളമുള്ളിടത്തോളം നീളും താമരയുടെ വളളികൾ . ഒരു വളളിയിൽ ഒരേ സമയം 15-20 മൊട്ടുകൾ വരെ ഉണ്ടാകും. വിടരാനായി വരുന്ന താമര മൊട്ടുകൾക്ക് അടിയിലേക്കായി മൂന്നും നാലും മൊട്ടുകൾ വളർന്നു വരുന്നുണ്ടാകും. ഒരു താമര മൊട്ട് പറിച്ചെടുത്താൽ വീണ്ടും അതേ സ്ഥലത്ത് ഒരാഴ്ച്ച കഴിയുമ്പോൾ അടുത്ത മൊട്ട് പറിക്കാനാകും.

താമരയുടെ, മൊട്ടുകൾക്ക് ആണ് വിപണിയിൽ ആവശ്യം . വിരിഞ്ഞ താമര പൂവുകൾ വിൽക്കാൻ കഴിയില്ല. പറിച്ചെടുക്കുന്ന മൊട്ടുകൾ പൂവായി വിടരുകയും ഇല്ല. നാലിഞ്ചോളം തണ്ടിന് നീളം ഇട്ടാണ് താമരപ്പൂ മൊട്ട് പറിക്കുന്നത്. വെള്ളം കുറവുള്ള സ്ഥലങ്ങളിൽ ,നടന്നുതന്നെ പോയി പൂമൊട്ടുകൾ പറിച്ചെടുക്കും. കൂടുതൽ ആഴം ഉള്ള സ്ഥലങ്ങളിൽ ഒരാൾക്ക് മാത്രം കയറാവുന്ന പ്രത്യേകതരം തോണി ഉപയോഗിച്ചാണ് വിളവെടുപ്പ് സാധ്യമാക്കുന്നത്.

പറിച്ചെടുത്ത പൂമൊട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി ഉള്ളി ചാക്കുകളിൽ താമരയില കൊണ്ട് പൊതിഞ്ഞാണ് ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കോയമ്പത്തൂർ, മംഗലാപുരം , എറണാകുളം എന്നിവിടങ്ങളിലേക്ക് സ്ഥിരമായി പൂക്കൾ ഇവിടെനിന്ന് അയക്കുന്നുണ്ട്. മറ്റു നാടുകളിലെ താമര പൂവിനെ അപേക്ഷിച്ച്  ഇതളുകൾക്ക് കൂടുതൽ വലിപ്പവും നിറവുമുണ്ട് തിരുനാവായയിലെ താമരപ്പൂവിന്. പൂജകളുടെ ആവശ്യത്തിനു പുറമേ ആയുർവേദ മരുന്ന് നിർമാണത്തിനും താമര പൂ ഉപയോഗിക്കുന്നുണ്ട് ഒരു ഏക്കറിൽ നിന്ന് മാസം 6000 പൂ വരെ ശരാശരി ലഭിക്കും. 4 രൂപ മുതൽ 10 രൂപ വരെയാണ് വിപണിയിൽ സീസണനുസരിച്ച് കർഷകർക്ക് ലഭിക്കുന്ന വില.

പാടത്ത് വെള്ളം കുറയുന്ന സമയത്ത് മണ്ണെടുത്ത കുഴികളിൽ നിന്നോ സമീപത്തെ കനാലുകളിൽ നിന്നോ പാടത്തേക്ക് വെള്ളം മോട്ടോർ ഉപയോഗിച്ച് അടിച്ചു കയറ്റും. വേനൽകാലമടുത്തു വരുമ്പോൾ പൂമൊട്ടുകളുടെ ലഭ്യത കുറയും. ഈ സമയത്ത് മൊട്ടുകൾ ലഭിക്കാനായി ചെടിയെ പുഷ്ടിപ്പെടുത്തുവാൻ വളപ്രയോഗവും കർഷകർ ചെയ്യാറുണ്ട്. വേനൽ കടുക്കുന്ന മെയ് മാസത്തിൽ വെള്ളമില്ലാതായി ചെടികൾ മുഴുവൻ കരിഞ്ഞ് ഉണങ്ങും. ഈ സമയത്ത് പാടം ഉഴുതു മറിച്ചിടും. ഇതോടെ താമരയുടെ വള്ളികളും അവശേഷിക്കുന്ന പൂവും കായകളും ഇലകളുമെല്ലാം മണ്ണിലേക്ക് അടിവളമായി ചേരും. പിന്നീട് മഴ പെയ്ത് പാടത്ത് വെള്ളം നിറയുമ്പോൾ മണ്ണടിഞ്ഞ അവശിഷ്ടങ്ങളിലെ കായകൾക്കുള്ളിലെ വിത്തിൽ നിന്ന് വീണ്ടും കിളിർത്തു വരും പുതിയ താമര ചെടികൾ. വള്ളികൾ പടർന്നു തുടങ്ങുമ്പോൾ അതോടൊപ്പം കയറി വരുന്ന കളകൾ പറിച്ചു മാറ്റിയാലേ താമര വള്ളികൾ സുഗമമായി പടരുകയുള്ളു. കൂടാതെ ഇടക്കിടെ വാടി കരിഞ്ഞു പോകുന്ന വള്ളികളും പോളകളും ഇലകളും എടുത്തു മാറ്റി പാടം വൃത്തിയാക്കുകയും വേണം.  കാരണം വൃത്തിയുള്ള സാഹചര്യങ്ങളിലാണ് താമര നന്നായി വളരുക . കൂടാതെ വെള്ളത്തിനു മുകളിലേക്ക് കൂടുതലായി പൊന്തി വളരുന്ന തണ്ടുകൾ മുറിച്ചു മാറ്റേണ്ടതുമുണ്ട്.  ഇങ്ങനെ മുറിച്ചു മാറ്റിയാലെ കരുത്തോടെ താമര മൊട്ട് കയറി വരുകയുള്ളു. കിളിർത്തു വരുന്ന താമര വള്ളികളിൽ നിന്ന് ഒരു മാസം കഴിയുമ്പോൾ താമര പൂമൊട്ട് വിളവെടുത്ത് തുടങ്ങാം.

സംസ്ഥാനത്തു തന്നെ വളരെ അപൂർവ്വമായ ഒരു കൃഷിയാണ് താമരയുടേത്. ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെയാണ് തിരുനാവായയിലെ കർഷകർ പ്രളയ തകർച്ചക്കു ശേഷവും ഇന്നും താമരപ്പൂ കൃഷിയിൽ വ്യാപൃതരായിരിക്കുന്നത്.  കാരണം കൃഷി ഇവർക്ക് നിത്യജീവിതത്തിന്റെ ഭാഗമാണ്.  മറ്റൊരു കൃഷിയും സാധ്യമാകാതെ തരിശുകിടക്കുന്ന സ്ഥലങ്ങളെ ഉപയോഗയോഗ്യമാക്കുന്ന, ഈ ഒറ്റപ്പെട്ട കർഷകർക്ക് ഇപ്പോൾ ആവശ്യം, കൃഷി മുന്നോട്ട് കൊണ്ടു പോകാൻ സർക്കാരിന്റെ പ്രോൽസാഹനവും, കൃഷി വകുപ്പിന്റെ പിന്തുണയുമാണ്.

താമരപ്പൂ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപെടേണ്ട വിലാസം

മൊയ്തീൻ ഹാജി

കള്ളിവളപ്പിൽ (വീട് )

കൊടക്കൽ (പി.ഒ)

തിരുനാവായ

മലപ്പുറം (ജില്ല)

ഫോൺ: 96 45 48 71 49

MORE IN NATTUPACHA
SHOW MORE
Loading...
Loading...