ബട്ടർ ബീൻസ് മുതൽ അരക്കൊടി ബീൻസ് വരെ; ലാഭം കൊയ്യും കൃഷി

400 ഹെക്ടറോളം സ്ഥലത്താണ് വട്ടവടയിൽ കർഷകർ ബീൻസ് കൃഷി ചെയ്യുന്നത്. 3 സീസണിലും കർഷകർ ബീൻസ് കൃഷി ചെയ്യാറുണ്ട് . എങ്കിലും പ്രധാനകൃഷി ഏപ്രിൽ-മെയ് മാസങ്ങളിൽ ആരംഭിക്കുന്ന കൃഷിയാണ്. വട്ടവടയിലെ കർഷകർക്ക് മറ്റു പച്ചക്കറി കൃഷികളെ അപേക്ഷിച്ച് സാമ്പത്തികമായി കുറച്ചുകൂടി ആദായം ലഭിക്കുന്ന കൃഷിയാണ് ബീൻസിന്റേത്.

പ്രധാനമായും നാലു തരത്തിലുള്ള ബീൻസ് ആണ് ഇവിടെ കൃഷി ചെയ്യുന്നത്. ബട്ടർ ബീൻസ്, സെലക്ഷൻ ബീൻസ്, മുരിങ്ങ ബീൻസ്, അരക്കൊടി ബീൻസ് എന്നിവയാണ് ബീൻസ് കൃഷിയിലെ ഇന വൈവിധ്യങ്ങൾ. അരക്കൊടി ബീൻസ് , സോയാബീൻസ് എന്ന പേരിലാണ് ഇവിടുത്തെ കർഷകർക്കിടയിൽ അറിയപ്പെടുന്നത്. 

ചുവന്ന നിറത്തിലുള്ള പയർമണികൾ ആണ് ഈ ബീൻസിന്റെ ഉള്ളിലുള്ളത്. സെലക്ഷൻ ബീൻസ് മാത്രമേ കേരള വിപണിയിലേക്ക് പൊതുവേ എത്താറുള്ളൂ. നമ്മൾ സാധാരണ വിപണിയിൽനിന്ന് മേടിക്കുന്ന ബീൻസ് ആണ് സെലക്ഷൻ ബീൻസ് . രുചികൊണ്ടും ഗുണമേന്മ കൊണ്ടും ഏറെ നല്ലയിനം ബീൻസുകളാണ് ബട്ടർ ബീൻസും മുരിങ്ങ ബീൻസും. പക്ഷേ നമ്മൾ മലയാളികളുടെ ഭക്ഷണശീലങ്ങളിൽ പൊതുവേ ഈ ബീൻസിന് സ്ഥാനമില്ല. ഇവയെല്ലാം തമിഴ്നാട് വിപണിയിലേക്കാണ് പോകുന്നത്.

മറ്റു പച്ചക്കറി കൃഷികൾ പോലെതന്നെ മണ്ണ് കിളച്ചിളക്കി ബെഡ് ഒരുക്കിയാണ് ബീൻസിന്റെയും കൃഷി. രണ്ടടി വീതിയിലും ഒടി പൊക്കത്തിലുമാണ് ആണ് പൊതുവേ ബെഡ്ഡുകൾ ഒരുക്കുന്നത്. ചാണകവും പച്ചിലകളുമാണ് അടിവളം . അരയടി അകലത്തിലാണ് ബീൻസിന്റെ വിത്തുകൾ നടുന്നത്. 

സെലക്ഷൻ ബീൻസിന്റെ വിത്ത് തമിഴ്നാട്ടിലെ വിപണിയിൽ നിന്നാണ് കർഷകർ മേടിക്കുന്നത്. മറ്റു ബീൻസുകൾക്കുള്ള വിത്തുകൾ ഇവർ സ്വന്തം കൃഷിയിടത്തിൽ നിന്നു തന്നെ ഉൽപാദിപ്പിച്ചെടുക്കും. 30 മുതൽ 40 ദിവസംകൊണ്ട് ബീൻസിന്റെ വള്ളികൾ വളർന്നുവരും. വള്ളികൾ കയറിപ്പോകാൻ ബെഡിൽ ബലമുള്ള കമ്പുകൾ കുത്തി കൊടുക്കും. 

4 ചുവടു ചെടികൾക്ക് നടുവിൽ ഒരു കമ്പ് എന്ന രീതിയിലാണ് നാട്ടുന്നത്. അൻപത് ദിവസമാകുമ്പോഴേക്കും ബീൻസ് ചെടികൾ പൂവിട്ട് തുടങ്ങും. വട്ടവടയിൽ പൊതുവേ ബീൻസിന് കാര്യമായ രോഗകീട ബാധകൾ ബാധിക്കാറില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ മികച്ച വിളവ് ബീൻസ് കൃഷിക്ക് ഇവിടെ ലഭിക്കും. 

120 ദിവസമാണ് ബീൻസിന്റെ വളർച്ച കാലഘട്ടം. 75 മുതൽ 80 ദിവസത്തിനകം ബീൻസ് വിളവെടുത്ത് തുടങ്ങാം. മൂന്നുപ്രാവശ്യം കൊണ്ട് വിളവെടുപ്പ് പൂർണ്ണമാകും. മൂന്നാമത്തെ പ്രാവശ്യം നടത്തുന്ന വിളവെടുപ്പ് പൊതുവേ വിത്തിനു വേണ്ടിയുള്ളതാണ്. നല്ല കരുത്തോടെ വളർന്നുവരുന്ന ബീൻസ് ചെടികളാണെങ്കിൽ ഒരു ചുവട്ടിൽനിന്ന് ശരാശരി ഒരു കിലോ വിളവു പ്രതീക്ഷിക്കാം. 

ബട്ടർ ബീൻസിന് 100 രൂപയ്ക്ക് മുകളിൽ വരെ വില കർഷകർക്ക് ലഭിക്കാറുണ്ട് . എങ്കിലും ശരാശരി ഒരു കിലോയ്ക്ക് 70 രൂപ വില ഉറപ്പാണ്. സെലക്ഷൻ ബീൻസിനും മുരിങ്ങ ബീൻസിനും അരക്കോടി ബീൻസിനുമൊക്കെ ശരാശരി ഒരു കിലോയ്ക്ക് 40 രൂപ എങ്കിലും വില ലഭിക്കും. അതുകൊണ്ടുതന്നെയാണ് ബീൻസ് കൃഷി വട്ടവടയിലെ കർഷകർക്ക് പൊതുവേ ലാഭകരമാണെന്ന് പറയുന്നത്.