അമേരിക്കന്‍ നീതിപീഠം ചോദ്യമുനയില്‍

cavano-trump
SHARE

രണ്ടാഴ്ചയിലേറെ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ ബ്രെറ്റ് കവേനോ യു.എസ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേറ്റു. സ്വയം നാമനിര്‍ദേശം ചെയ്തതുകൊണ്ടുതന്നെ  കവേനോയുടെ വിജയം ട്രംപിന് അഭിമാന പ്രശ്നമായികുന്നു. ലൈഗികാരോപണം ഉന്നയിച്ചിട്ടും എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച കവേനോയ്ക്ക് സെനനറ്റില്‍ 50 പേരുടെ പിന്തുണയാണ് ലഭിച്ചത്. ഒടുവില്‍ ബ്രെറ്റ് കവേനോ ജസ്റ്റിസ് കവേനോയായി. വിവാദങ്ങള്‍‌ വന്നുമൂടിയിട്ടും തലനാരിഴ വ്യത്യസത്തില്‍ രക്ഷപ്പെട്ടു. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തലത്തില്‍ അമേരിക്കയെ രണ്ടായി വിഭജിച്ചുകൊണ്ടാണ് കവേനോ സത്യപ്രതിജ‍‍്‍ഞചെയ്തതത്.

രണ്ടാഴ്ചയിലേറെ നീണ്ട സെനറ്റ് വിസ്താരത്തിനൊടുവില്‍ കവേനോയ്ക്കെതിരെ ലൈഗികാരോപണം ഉയര്‍ന്നെങ്കിലും എഫ്.ബി.ഐ അന്വേഷണത്തില്‍ തെളിവുകളൊന്നു കണ്ടെത്താനായില്ല. ഇത് കവേനോയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അന്തിമ അംഗീകാരത്തിനായി നടന്ന സെനറ്റ് വോട്ടെടുപ്പില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങളാണ് സെനറ്റിലുള്ളത്. ഇതില്‍  അലാസ്കയില്‍ നിന്നുള്ള സെനറ്ററായ ലിസാ മുര്‍ക്കോവ്സ്ക്കി കവേനോയെ എതിര്‍ത്ത് വോട്ടുചെയ്തു. അതിനുള്ള കാരണവും അവര്‍ പിന്നീട് വ്യക്തമാക്കി.

അതേ സമയം തന്നെ മറുപക്ഷത്തുനിന്ന് കവേനോയെ അനുകൂലിച്ചും വോട്ട് വീണു. വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ജോസഫ് മഞ്ചിനായിരുന്നു അനൂകുലമായിവോട്ട് ചെയ്തത്. കൂറുമാറി വോട്ടു ചെയ്യുന്നത് യുഎസ് പാർലമെന്റിൽ അപൂർവമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.  വ്യക്തിപരമായ കാരണങ്ങളാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ഒരു സെനറ്റര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തുമില്ല കവേനോയ്ക്കെതിരെ ലൈംഗികാരോപണം ഡോ.ക്രിസ്റ്റീന്‍  ബ്ലെയ്സി ഫോര്‍ഡനെ പിന്തുണച്ച റിബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സ് കവേനോയെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലൈംഗികാരോപണങ്ങളില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞ് കോളിന്‍സും കവേനോയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. 

ചൂടേറിയ ഡമോക്രാറ്റ് – റിപ്പബ്ലിക്കൻ പോരാട്ടം കണ്ട വോട്ടെടുപ്പിനൊടുവില്‍ 50 പേര്‍ കവേനോയെ അനുകൂലിച്ചപ്പോള്‍ 48 പേരും എതിര്‍ത്തു. അമേരിക്കയില്‍ 1881 നു ശേഷം സുപ്രീം കോടതി ജഡ്ജി തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ വോട്ടുവ്യത്യാസമാണിത്.  സെനറ്റിന്റെ  ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിനമാണ് കടന്നുപോയതെന്ന് അന്തിമഫലം വന്നശേഷവും ഡെമോക്രാറ്റുകള്‍ ആരോപിച്ചു.  

പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷം ഡോണള്‍ഡ് ട്രംപ് നേരിട്ട അഗ്നിപരീക്ഷയായിരുന്നു കവേനോയെ സെനറ്റ് വോട്ടെടുപ്പില്‍ വിജയിപ്പിക്കുക എന്നത്. അതുകൊണ്ടുതന്നെ കഷ്ടിച്ചാണെങ്കില്‍പോലും കവേനോയുടെ വിജയം ട്രംപിന്റെ രാഷ്ട്രീയവിജയം കൂടിയാണ്. ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാൻസസിൽ റാലിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണിലിരുന്നാണ്  കവേനോയുടെ വിജയം ട്രംപ് ആസ്വദിച്ചത്.

ആഹ്ലാദത്തോടെ കാന്‍സസില്‍ പറന്നിറങ്ങിയ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു,  കവേനോയുടെ വിജയം ചരിത്രമാണ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇത് നമുക്ക് കൂടുതല്‍ ഊര്‍ജം പകരും. കവനോ വിരുധ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്ന ഡെമോക്രാറ്റുകള്‍ ആള്‍ക്കൂട്ടനിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ്  കുറ്റപ്പെടുത്തി.ജസ്റ്റിസ് ആന്റണി കെന്നഡി വിരമിക്കുന്ന ഒഴിവിലാണു വാഷിങ്ടണ്‍ ഡി.സിയില്‍ 12 വര്‍ഷം  ഫെഡറല്‍ അപ്പീല്‍ ജഡ്ജിയായ കവേനോ എത്തുന്നത്. 

അധികാരത്തിലേറെയെങ്കിലും കവേനോയ്ക്കെതിരെയുള്ള ജനകീയ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് അമേരിക്കയില്‍ വിവിധയിടങ്ങളില്‍ തെരുവിലിറങ്ങിയത്. പ്രതിഷേധം പ്രത്യേക സുരക്ഷാമേഖലകളായ ക്യാപിറ്റോള്‍ ഹില്ലിലും സുപ്രിംകോടതി സമുച്ചയത്തിനുമുന്നിലുംവരെ ആളിക്കത്തി. യു.എസില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും കവേനോ വിവാദം ചൂടാറാതെ നില്‍ക്കും എന്ന് ഉറപ്പാണ്. ഡോണള്‍ഡ് ട്രംപ് സുപ്രീംകോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതുമുതല്‍ തുടങ്ങിയതാണ് കവേനോയ്ക്കെതിരായ ജനകീയപ്രതിഷേധം.

യാഥാസ്ഥിതിക നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പിന്തിരിപ്പനായാണ് പ്രതിഷേധക്കാരായ സ്ത്രീകളും കുട്ടികളും കവേനോയെ വിശേഷിപ്പിച്ചത്. ലൈംഗികാരോപണത്തിന്‍മേല്‍ നടന്ന എഫ്.ബി.ഐ അന്വഷണം  പ്രഹസനമായിരുന്നു . ചുരുങ്ങിയ ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി. കവേനോയെയോ ഫോഡിനെയോ കാണാന്‍പോലും അന്വേഷണസംഘം സമയം കണ്ടെത്തിയില്ല. തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ട് കവേനോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. 

വോട്ടെടുപ്പ് വേളയിലും സെനറ്റ് ഗാലറിയില്‍ നിന്ന് കവേനോയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.  ബഹളമുണ്ടാക്കുന്നവരെ പുറത്താക്കാൻ കാവൽക്കാരെ വിളിക്കുമെന്ന് സെനറ്റ് അധ്യക്ഷന്‍കൂടിയായ വൈസ് പ്രസിഡന്റ്  മൈക്പെന്‍സിന് പലതവണ മുന്നറിയിപ്പ് കൊടുക്കേണ്ടിവന്നു.

സെനറ്റിനകത്ത് നടന്ന പ്രതിഷേധത്തിന്റെ എത്രയോ ഇരട്ടിവലുതായിരുന്നു പുറത്ത് നടന്നത്. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിന് പേരാണ് വാഷിങ്ടണിലും മറ്റ് അമേരിക്കന്‍ നഗരങ്ങളിലും പ്രകടനം നടത്തിയത്.  ഇതിനിടയിലാണ് പ്രസിഡന്റ് ട്രംപ് കവേനോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഡോ.ഫോര്‍ഡിനെ അധിക്ഷേപിച്ച് സംസാരിച്ചത്. സ്വന്തം പാര്‍ട്ടിക്കാരുപോലും ട്രംപിന്റെ വാക്കുകളില്‍ അസ്വസ്ഥരായി. ഇതുകൂടിയായതോടെ  ജനരോഷം ആളിക്കത്തി. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിമുന്നിലും പ്രതിഷേധക്കാര്‍ ഒരുമിച്ചു. 

അതീവ സുരക്ഷാമേഖലയായ കാപ്പിറ്റോള്‍ ഹില്ലിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലൂടെ സുപ്രീകോടതിയിലേക്ക് കവേനോ വിരുധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ നടന്നെത്തി. സുപ്രീംകോടതി കെട്ടിടത്തിന്റെ വാതിലിൽ ഇടിച്ച് അരിശം തീര്‍ത്ത മൂന്നൂറിലേറെ പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്ത് നീക്കിയത്.  സെനറ്റിലെ വിജയത്തിനുശേഷം സത്യപ്രതിജ്ഞയ്ക്കായി പോയ കവേ‌നോയുടെ വാഹനവ്യൂഹത്തെയും പ്രതിഷേധക്കാര്‍ വളഞ്ഞു. കുടിയേറ്റം, ഗർഭഛിദ്രം, വോട്ടവകാശം, തോക്കു നിയന്ത്രണം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി പലകാര്യങ്ങളിലും അവസാനവാക്കായ സുപ്രീംകോടതിയില്‍ കവേനോയെ പോലൊരൊള്‍ വരുന്നത് പുരോഗമനചിന്താഗതിക്കാരയാ അമേരിക്കാര്‍ ആരും തന്നെ അംഗീകരിക്കുന്നില്ല.

സഹികെട്ട് ജനം പറയുന്നു, വരുന്ന തിര​ഞ്ഞെടുപ്പില്‍ എല്ലാത്തിനും മറുപടി തരാം എന്ന്. ഇത്രതീവ്രമായ രാഷ്ട്രീയധ്രൂവികരണം അമേരിക്കയില്‍ കണ്ടുതുടങ്ങിയത് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷമാണ്. കവേനോ വിവാദം അതിന് മൂര്‍ച്ചകൂട്ടിയിരിക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിര്‍ത്താന്‍‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നന്നായി വിയര്‍ക്കേണ്ടിവരും. സാധിക്കുന്ന റാലികളിലെല്ലാം പങ്കെടുത്ത് നേരിട്ട് വോട്ടുതേടുകയാണ് ട്രംപ്. എതിര്‍പക്ഷത്തെ ഡെമോക്രാറ്റുകളും നഷ്ടപ്പെട്ടസീറ്റുകള്‍ തിരിച്ചുപിടിക്കാനുളള നെട്ടോട്ടത്തിലാണ്.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.