തോൽവി അറിയുന്ന ബിജെപി; ജയം രുചിക്കുന്ന കോൺഗ്രസ്; സംഭവഭരിതം; ആകാംക്ഷ

india-2018
SHARE

2018 പടിയിറങ്ങുന്നു. ഡല്‍ഹിയില്‍ ഇപ്പോള്‍ മരംകോച്ചുന്ന തണുപ്പാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചൂട് ഏറിവരുന്നു. ബിജെപിക്ക് ഗുണ ദോഷ സമിശ്രമായിരുന്നു. കോണ്‍ഗ്രസിന് തിരിച്ചുവരവിന്‍റെ കാലവും. സംഘര്‍ഷഭരിതമായിരുന്നു പല ദിനങ്ങളും. ഇന്ത്യയുടെ നീതിന്യായ രംഗം പല അപൂര്‍വതകള്‍ക്കും സാക്ഷിയായി. മീ ടു വിവാദത്തില്‍ പല വമ്പന്മാര്‍ക്കും അടിപതറി. പശുവിന്‍റെ പേരില്‍ പിന്നെയും ജീവന്‍ പൊലിഞ്ഞു. 2018ലെ ഇന്ത്യയെ കണ്ടെത്തുകയാണ് നമ്മള്‍. 

രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നില്‍. 2018 അവസാനിക്കുന്നതും 2019 തുടങ്ങുന്നതും അഞ്ചുസംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ  അലയൊലികളിലാണ്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും ജനവിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും മുന്നണി ബലതന്ത്രങ്ങളും മാറ്റിയെഴുതി.

2018ല്‍ ഇന്ത്യ ഏങ്ങോട്ടെല്ലാം ചാഞ്ഞു?

പല വമ്പന്മാരുടെയും വീഴ്ച്ചയ്ക്ക് 2018 സാക്ഷിയായി. മധ്യപ്രദേശില്‍ ശിവ്‍രാജ് സിങ് ചൗഹാനും ത്രിപുരയില്‍ മണിക് സര്‍ക്കാരിനും ഛത്തീസ്ഗഢില്‍ രമണ്‍ സിങ്ങിനും അടിതെറ്റി. ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്ത് ബിജെപി പുതിയ ചരിത്രമെഴുതി. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് നരേന്ദ്ര മോദിയുമായുള്ള സഖ്യം അവസാനിപ്പിച്ച ചന്ദ്രബാബു നായ്ഡു പ്രതിപക്ഷ നിരയുടെ ഐക്യത്തിന് മുന്നിട്ടിറങ്ങി. രാഹുല്‍ ഗാന്ധി തെളിഞ്ഞപ്പോള്‍ മോദി പ്രഭാവം മങ്ങി.  

കൊല്ലം തുടങ്ങിയത് ബിജെപിയുടെ മുന്നേറ്റത്തോടെ. കലണ്ടര്‍ അവസാനിക്കുന്നത് കോണ്‍ഗ്രസിലെ പുതിയ പ്രതീക്ഷകളോടെ. ഹിന്ദി ഹൃദയഭൂമിയെ കൈക്കുള്ളിലാക്കി ത്രിവര്‍ണം പാറിയപ്പോള്‍ വടക്കുകിഴക്ക് ബിജെപി പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു. മാര്‍ച്ച് സിപിഎമ്മിന് ക്രൂരമാസമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ത്രിപുരയിലെ ചുവപ്പ് മാഞ്ഞു. ഇരുപത് വര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന മണിക് സര്‍ക്കാറിന്‍റെ പിന്‍ഗാമിയായി ബിപ്ലവ് കുമാര്‍ ദേബ് വന്നു. 

വംഗനാടിന് പിന്നാലെ ത്രിപുരയും കൈവിട്ടപ്പോള്‍ കേരളത്തെ നോക്കി കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു; കനല്‍ ഒന്നുമതി. ബിജെപി ദേശീയ അമിത് ഷാ നയം വ്യക്തമാക്കി ഇനി കേരളം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതാണ് മാറ്റങ്ങളുടെ തുടക്കം. ഒന്നിച്ചു നിന്നാല്‍ മോദിയെ വീഴ്ത്താമെന്ന ഏറ്റവും വലിയ ഗുണപാഠം പ്രതിപക്ഷം ഉള്‍ക്കൊള്ളാന്‍ തുടങ്ങി. 

കളി പിന്നെ കന്നഡ മണ്ണിലായിരുന്നു. മേയ് 15ന് കര്‍ണാടകയുടെ ജനവിധി പുറത്തുവന്നപ്പോള്‍ അമിത് ഷായുടെ കണക്കുതെറ്റി.ബിജെപി കേവലഭൂരിപക്ഷം തൊട്ടില്ല. ബി.എസ് യഡ്യൂരപ്പ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. കുതിരക്കച്ചടവടത്തില്‍ മനസുറപ്പിച്ച് അധികാരക്കേസരയിലേയ്ക്ക് നടന്നുകയറി.

അതിമോഹം തകര്‍ന്നടിഞ്ഞപ്പോള്‍ രണ്ടാംനാള്‍ യഡ്ഡിയുടെ രാജിപ്രഖ്യാപനം. മുറിവേറ്റ് പിന്‍വാങ്ങിയ ലിംഗായത്ത് നേതാവിനെയും താമരപ്പാര്‍ട്ടിയെയും പിന്നെയും കാത്തിരുന്നത് തിരിച്ചടികള്‍. തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും തോല്‍വി. ജെഡിഎസ്–കോണ്‍ഗ്രസ് സഖ്യത്തിലൂടെ എച്ച് ഡി കുമാരസ്വാമി ഭരണം പിടിച്ചെടുത്തു. കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷ ഐക്യ നീക്കത്തിന്‍റെ ചവിട്ടുപടിയായി. 

മധ്യപ്രദേശില്‍ കമല്‍ നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടും ഛത്തീസ്ഗഢില്‍ ഭൂപേഷ് ബഗേലും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പരാജയം ഭക്ഷിച്ചു ജീവിക്കുന്ന നേതാവ് എന്ന വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി മായ്ച്ചുകളഞ്ഞത്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഒരുവര്‍ഷം തികയുന്ന വേളയിലായിരുന്നു ഇന്ത്യയുടെ ഹൃദയം തൊട്ട വിജയം. 

മോദിയെ താഴെയിറക്കാന്‍ വല്ല്യേട്ടന്‍ മനോഭാവം ഒരിക്കലും പുറത്തെടുക്കാതെ വിട്ടുവീഴ്ച്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായത് വര്‍ഷം മുഴുവനും കണ്ടു. അവനവന്‍റെ നിലനില്‍പ്പിനായി ഒത്തുകൂടിയവരുടെ കൈകള്‍ മുറുകെ പിടിച്ച് മുന്നോട്ടുപോയപ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എം.കെ സ്റ്റാലിന്‍ ചെന്നൈയില്‍ പ്രഖ്യാപിക്കുന്നിടത്തുവരെയെത്തി കാര്യങ്ങൾ. 

2017ല്‍ ബിഹാറിലെ മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ നരേന്ദ്ര മോദിക്കൊപ്പം കൂടിയെങ്കില്‍ 2018 ല്‍ പലരും താമരക്യാംപ് വിട്ടുപോയി. ആന്ധ്രയിലെ ടിഡിപിയും ബിഹാറിലെ ആര്‍എല്‍എസ്പിയും പ്രതിപക്ഷ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.

കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങുന്നത് തിരിച്ചറിഞ്ഞ ചന്ദ്രബാബുനായ്ഡു ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന മുദ്രാവാക്യം മറയാക്കി മോദിയെ തള്ളിപ്പറഞ്ഞു. 2018ലെ ഏറ്റവും രസകരമായ രാഷ്ട്രീയ മുഹൂര്‍ത്തം ഏതെന്ന് ചോദിച്ചാല്‍ ഈ ദൃശ്യങ്ങള്‍ക്കപ്പുറം ഒരുത്തരമില്ല. 

ജൂലൈ 20 നായിരുന്നു രാഹുലിന്‍റെ ഈ മേയ്ക്ക് ഓവര്‍. ടിഡിപി തുടങ്ങിവെച്ച അവിശ്വാസപ്രമേയ നീക്കത്തിന്‍റെ ചര്‍ച്ചയ്ക്കിടെ. മോദി സര്‍ക്കാര്‍ അവിശ്വാസം അതിജീവിച്ചു.

ജമ്മുകശ്മിരീല്‍ ബിജെപിയും പിഡിപിയും ചേര്‍ന്നു നടത്തിയ അധികാര പരീക്ഷണം അതിദയനീയമായി പരാജയപ്പെട്ടു. മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ കടപുഴകി വീണു. രാജ്യസുരക്ഷയ്ക്ക് വേണ്ടിയെന്ന് ബിജെപി ന്യായം പറഞ്ഞപ്പോള്‍ പ്രത്യേക സംസ്ഥാന പദവി ഉള്‍പ്പെടെ കശ്മീരിന്‍റെ സ്വത്വസംരക്ഷണത്തിന് നടത്തിയ സ്ഥാനത്യാഗമെന്ന് മെഹ്ബൂബയും വാദിച്ചു. പിഡിപിയും കോണ്‍ഗ്രസും നാഷ്ണല്‍ കോണ്‍ഫ്രന്‍സും ചേര്‍ന്ന വിശാലമുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന് കരുനീക്കം നടത്തിയപ്പോള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഫൈനല്‍ വിസില്‍ മുഴക്കി. 

ഇങ്ങ് തെക്കാകട്ടെ, കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ ഒരു രാഷ്ട്രീയ ബ്ലോക് ബസ്റ്ററിന് ക്ലാപ്പടിച്ചു. ഫെബ്രുവരി 21ന്. ബിജെപി വിരുദ്ധ ചേരിയാണ് കമലിന് താല്‍പര്യം. തരൈ ഉലകില്‍ നിന്ന് ഇറങ്ങിവന്ന ഉലകനായകന്‍റെ രാഷ്ട്രീയവേഷത്തോട് തോന്നുന്ന കൗതുകത്തിനപ്പുറം വലിയ മുന്നേറ്റങ്ങള്‍ക്കൊന്നും ദ്രാവിഡമണ്ണില്‍ കമല്‍ ഹാസന് സാധിച്ചിട്ടില്ല. 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനാകട്ടെ തുടക്കത്തിലുള്ള ആവേശമൊന്നും ഇപ്പോഴില്ല. ആത്മീയരാഷ്ട്രീയമെന്ന് ആവര്‍ത്തിക്കുമ്പോഴും രജനികാന്ത് പ്രതിപക്ഷനിരയിലെ പടയപ്പയാകുമോ? നരേന്ദ്ര മോദിയുടെ ദളപതിയാകുമോയെന്ന് ഗണിച്ച് പറയാന്‍ രാഷ്ട്രീയ ജ്യോതിഷികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആടുകളം ഇനിയും മൂക്കണം. 

തെലങ്കാനയുടെ തലതൊട്ടപ്പനായ കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ട് വന്‍ഭൂരിപക്ഷത്തോടെ തിരികെവന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഫെഡറല്‍ മുന്നണിയെന്ന മൂന്നാംചേരിയിലേയ്ക്ക് ആളെക്കൂട്ടുന്ന തിരക്കിലാണ് കെ ചന്ദ്രശേഖര റാവു ഇപ്പോള്‍. ബിജെപിയുടെ ബി ടീം എന്ന വിമര്‍ശനം കെസിആറിനും കുടുംബത്തിനും നേരെയുണ്ട്. 

ബിജെപിയെ വീഴ്ത്താന്‍ എല്ലാവര്‍ക്കും ഒപ്പം നിന്ന് ഒത്താല്‍ പ്രധാനമന്ത്രിയാവുകയെന്ന സ്വപ്നം മമത ബാനര്‍ജി പതിയെ പതിയെ പുറത്തെടുത്തു. കൊല്‍ക്കത്ത അലിമുദീന്‍ സ്ട്രീറ്റിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പഴയ പ്രതാപകാലം ഓര്‍ത്ത് സിപിഎം നെടുവീര്‍പ്പിടുമ്പോള്‍ തൃണമൂലുമായി കൊമ്പുകോര്‍ത്ത് ബിജെപി ബംഗാളില്‍ അംഗബലം കൂട്ടി. 

അമിത് ഷായുടെ രഥയാത്ര നീക്കം കോടതി കയറി. ബംഗാളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് മമത ദീദിയുടെ ഫാസിസ്റ്റ് വിരുദ്ധത വാദങ്ങളിലെ കാപട്യം തുറന്നുകാട്ടുന്നതായി. കോണ്‍ഗ്രസിനും ബിജെപിക്കും സിപിഎമ്മിനും മല്‍സരിക്കാന്‍ കഴിയാത്ത അവസ്ഥ. അധികാരത്തിന്‍റെ തണലില്‍ വ്യാപക  അക്രമത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആയുധം മിനുക്കിയിറങ്ങിയത്. 

യുപിയിലെ ഉപതിരഞ്ഞെടുപ്പുകള്‍ ചിരവൈരികളായ മയാവതിയെയും അഖിലേഷ് യാദവിനെയും ഒന്നിച്ചുനിര്‍ത്തി. സഖ്യം തുടരാന്‍ ഇരുവരും താല്‍പര്യപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ ഇഷ്ടക്കുറവുണ്ടെന്നാണ് വര്‍ഷാവസാനം പുറത്തുവരുന്ന സൂചനകള്‍. ഡിസംബര്‍ 10 ന് ചന്ദ്രബാബു നായ്ഡു വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ നിന്ന് ബിഎസ്പിയും എസ്പിയും വിട്ടുനിന്നു.

ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ മയാവതിക്കുണ്ടായ ശനിദശയ്ക്ക് ആശ്വാസമായിരുന്നു ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ബിഎസ്പി മുന്നേറ്റങ്ങള്‍. 

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ? വേണ്ടയോ എന്ന തര്‍ക്കത്തിന് വഴിതേടിയാണ് ഹൈദരാബാദില്‍ സിപിഎം 22 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രിലില്‍ ചെങ്കൊടിയേറിയത്. തിരഞ്ഞെടുപ്പ് സഖ്യമോ, ധാരണയോ വേണ്ടെന്ന് തല്‍ക്കാലം തീരുമാനിച്ചു പിരിഞ്ഞു.

സീതാറാം യച്ചൂരി വീണ്ടും ജനറല്‍സെക്രട്ടറിയായി റെഡ്സല്യൂട്ട് വാങ്ങി. എം.വി ഗോവിന്ദനും കെ രാധാകൃഷ്ണനും എ.ആര്‍ സിന്ധുവും സിപിഎം കേന്ദ്രകമ്മിറ്റിയിലെ പുതുമുഖങ്ങളായി. 2018 അവസാനത്തിലും കോണ്‍ഗ്രസ് സഹകരണത്തെച്ചൊല്ലിയുള്ള തര്‍ക്കം കുടം തുറന്ന് പുറത്തുവന്നു. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ സമര പരീക്ഷണങ്ങള്‍ ഈ വര്‍‌ഷവും വാര്‍ത്തകളില്‍ തലക്കെട്ടായി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നിസഹരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂണ്‍ മാസത്തില്‍ എട്ടുനാള്‍ അരവിന്ദ് കേജ്‍രിവാള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. മോദി വിരുദ്ധ മുഖ്യമന്ത്രി സംഘത്തില്‍ മമതയ്ക്കും ചന്ദ്രബാബു നായ്ഡുവിനും കുമാരസ്വാമിക്കുമൊപ്പം പിണറായി വിജയനും കേജ്‍രിവാളിനുവേണ്ടി അണിചേര്‍ന്നു. 

രാജ്യസഭാംഗമായിരുന്ന ചന്ദന്‍ മിത്രയും ലോക്സഭാ എം.പി സാവിത്രിഭായ് ഫുലെയും ബിജെപി വിട്ടു. താരിഖ് അന്‍വര്‍ എന്‍സിപിയില്‍ നിന്ന് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തി. (ഹോള്‍ഡ് ) രാഷ്ട്രപതി സ്ഥാനത്തുനിന്നും പടിയിറങ്ങിയ പ്രണബ് മുഖര്‍ജി ജൂണ്‍ 7ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയപ്പോള്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. പ്രധാനമന്ത്രിയാവുക എന്ന തന്‍റെ നടക്കാതെ പോയ മോഹം മനസില്‍ താലോലിച്ചാണ് മുഖര്‍ജി മോഹന്‍ ഭാഗവതിനൊപ്പം നിന്നത് എന്ന വിലയിരുത്തലുമുണ്ട്. 

കശ്മീരില്‍ വെടിയൊച്ചകള്‍ക്ക് താഴ്ന്നില്ല. പഞ്ചാബ് അമൃത്സറിലെ പ്രാര്‍ഥാനാ മുറിയില്‍ ചോരവീണു. അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പുതിയ ഇന്നിംങ്സ് തുടങ്ങിയപ്പോള്‍ അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലുമുണ്ടായി. സമാധാനത്തിനായി ഇന്ത്യ ഒരു ചുവടുവെച്ചാല്‍ പാക്കിസ്ഥാന്‍ രണ്ടു ചുവടുവെയ്ക്കുമെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു. 

കര്‍ത്താര്‍പുര്‍ സിഖ് തീര്‍ഥാടന ഇടനാഴിക്ക് ഇന്ത്യയും പാക്കിസ്ഥാനും തറക്കല്ലിട്ടത് ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കമായി. എന്നാല്‍ ഭീകരതയ്ക്ക് വെള്ളവും വളവും നല്‍കുന്ന പാക്കിസ്ഥാനെ സെപ്റ്റംബര്‍ 29ന് ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷ്മസ്വരാജ് തുറന്നുകാട്ടി. 

MORE IN SPECIAL PROGRAMS
SHOW MORE