ഉപ്പ് : ജാതിയും ജീവിതവും

Thumb Image
SHARE

ഉപ്പിനെക്കുറിച്ചാണ് പറയുന്നത്. പ്ലാവില കോട്ടിയ കുന്പിളില്‍ തുന്പപ്പൂപോലെ ഇത്തിരി ഉപ്പുതരിയെടുത്ത് മുത്തശ്ശി ആവിപാറുന്ന പൊടിയരിക്കഞ്ഞിയില്‍ തൂവിയത് ഒ.എന്‍.വി കുറിച്ചിട്ടുണ്ട് ഉപ്പ് എന്ന കവിതയില്‍.അത് ഗൃഹാതുരതയുടെ കാവ്യചിത്രം.നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നുവെന്ന് യേശു ക്രിസ്തു ശിഷ്യരോടായി പറഞ്ഞു. വിശ്വാസവും ചരിത്രവുമൊക്കെ ഉപ്പിനോട് ചേര്‍ന്നുകിടക്കുന്നു. ചില്ലുപാത്രത്തിലിരുന്നു ചിരിക്കുന്ന ഉപ്പിനു പിന്നിലെ ജാതിയും അതിജീവനവുമാണ് അവിടെ പങ്കുവെയ്ക്കുന്നത്. 

കച്ചിലെ വിശാലമായ ഉപ്പുപാടങ്ങളാണിത്. ഒരു നുള്ള് ഉപ്പ് നമുക്ക് നിസ്സാരമാണ്. എന്നാല്‍ അതിന് ഒരുപാട് പേരുടെ വിയര്‍പ്പിന്‍റെയും അതിലേറെ ജീവന്‍റെയും വിലയുണ്ട് 

ഒരു പിടി ഉപ്പുകൊണ്ട് വെള്ളക്കാരെ വിറപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലാണ് രാജ്യത്തെ ഉപ്പ് ഉല്‍പ്പാദനത്തിന്‍റെ എഴുത്തിയാറ് ശതമാനവും. ഗുജറാത്തിലെ ഉപ്പുപാടങ്ങളില്‍ ഭൂരിഭാഗവും അതിര്‍ത്തി ജില്ലയായ കച്ചില്‍. "കച്ച് നഹി ദേഖാത്തോ കുച്ഛ് നഹി ദേഖാ' എന്നാണ് ചൊല്ല്. കച്ച് കണ്ടില്ലെങ്കില്‍ ജീവിതത്തില്‍ ഒന്നും കണ്ടിട്ടില്ല. വെട്ടിത്തിളയ്ക്കുന്ന സൂര്യനു താഴെ വെളുവെളുത്ത ഉപ്പുപാടങ്ങളില്‍ പക്ഷെ, ഞങ്ങള്‍ കണ്ടത് ദുരിതപൂര്‍ണമായ ചില ജീവിതചിത്രങ്ങളാണ്. ഉപ്പുപുരട്ടിയ ജാതിയും ജീവനുകളും.

മുഖത്ത് തട്ടിത്തുളച്ച് കടന്നുപോകുന്ന കടും ചവര്‍പ്പുള്ള കാറ്റിനൊപ്പം ചിതറിത്തെറിച്ച് വരുന്ന നാട്ടുപാട്ടിനെ പിന്‍തുടര്‍ന്നാണ് ഞങ്ങള്‍ ഉപ്പ് പാടത്തെത്തിയത്. വെളുത്ത ഉപ്പ് പാടത്തെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. പരുക്കന്‍. 

അഗരിയ എന്ന ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് നൂറ്റാണ്ടുകളായി കച്ചിലെ വെളുത്ത മരുഭൂമിയില്‍ ഉപ്പു ഉല്‍പ്പാദിപ്പിക്കുന്നത്. പരന്പരാഗതമായി ഉപ്പ് പാടത്ത് വിയര്‍പ്പൊഴുക്കാന്‍ ചാതുവര്‍ണ്യത്തില്‍ വിധിക്കപ്പെട്ടവരാണ് അഗരിയകള്‍ . അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്നവയാണ് ഈ ഉപ്പുപാടങ്ങള്‍ . മഴക്കാലത്ത് ഈ വിശാലമായ ഉപ്പുപാടങ്ങള്‍ വെള്ളത്തിനടിയിലാകും. ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെ എട്ടുമാസം രാപകല്‍ അഗരിയികള്‍ ഉപ്പുപാടങ്ങളില്‍ ചോരനീരാക്കി പണിയെടുക്കുന്നു. 

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കച്ച്, കടലില്‍ നിന്ന് ഭൂകന്പത്തിന് ശേഷം ഉയര്‍ന്നുവന്നുവെന്നാണ് നിഗമനം. ഒക്ടോബറില്‍,  മഴ മാറി മാനം ഉപ്പുകല്ലുപോലെ തെളിയാന്‍ തുടങ്ങുന്പോള്‍ അഗരിയകള്‍ പണി തുടങ്ങും. ചതുരവടിവില്‍ വരന്പ് തിരിച്ച പാടങ്ങളിലേക്ക് ഉപ്പ് വെള്ളം പന്പ് ഉപയോഗിച്ച് അടിച്ച് കയറ്റുന്നു. വെള്ളം സൂര്യന്‍റെ ചൂടില്‍ നീരാവിയാകുന്പോള്‍ കറുത്ത മണ്‍ തിട്ടകളില്‍ വെളുത്ത ഉപ്പുകല്ലുകളുടെ ചിരി തെളിഞ്ഞുവരും. നോക്കെത്താ ദൂരത്തോളം ഉപ്പിന്‍റെ വെണ്‍പാളികള്‍. പക്ഷെ, പറയുന്നതിലെ സുഖമൊന്നും പണിയെടുക്കുന്നവര്‍ക്കില്ല. ഉച്ചിയില്‍ സൂര്യന്‍ കത്തിയൊലിക്കുന്പോള്‍ വിശ്രമമില്ലാതെ അഗരിയകള്‍ ഉപ്പുകുറുക്കുന്നു.  കാരണം സൂര്യന്‍റെ ഈ ചൂട് തന്നെയാണ് ഉപ്പ് ഉല്‍പാദനത്തിന് അവശ്യം വേണ്ടതും. ഉപ്പ് ഉറഞ്ഞുതുടങ്ങിയാല്‍ മരപ്പാളിക്കൊണ്ടുള്ള ഗന്‍തരകൊണ്ട് പാടം ഉഴുതുകൊണ്ടിരിക്കും. ഉപ്പുകല്ലുകള്‍ മണ്ണ് പറ്റാതിരിക്കാനാണിത് .

ഒാരോ പതിനഞ്ച് ദിവസം കൂടുന്പോഴും 12 മുതല്‍ 15 ടണ്‍വരെ ഉപ്പ് ട്രക്കുകളില്‍ ഫാക്ടറികളിലേക്ക്. ഉപ്പുപാടങ്ങളുടെ ഒാരത്തെ വിശാലമായ വരന്പുകളിലൂടെ ട്രക്കുകള്‍ നിരന്തം  ചീറിപ്പായുന്നു. 

ഈ വെള്ളത്തിലൊന്ന് തൊട്ടാല്‍ മതി നീറാനും വലിഞ്ഞുമുറുകാനും ചുട്ടുനീറാനും തുടങ്ങും. ഈ വെള്ളത്തിലാണ് ഉപ്പുപാടത്തുള്ളവര്‍ പകലന്തിയോളം പണിയെടുക്കുന്നത്.

നീറുന്ന പട്ടിണിയുടെ ജീവിതകഥയാണ് കച്ചിലെ തരിശ് നിലങ്ങളില്‍ നിന്ന് ഒാരോ അഗരിയയ്ക്കും പറയാനുള്ളത്. നമ്മുടെ തീന്‍മേശകളില്‍ രുചിയുടെ കൃത്യയൊരുക്കുന്ന ഉപ്പ് തരികള്‍ വിളയിച്ചെടുക്കുന്നവര്‍ക്ക് ഒരുനേരത്തെ പട്ടിണി മാറ്റാന്‍ പോലും കഴിയാത്ത അവസ്ഥ. എല്ലാവരും ദാരിദ്രരേഖയ്ക്ക് താഴേയുള്ളവര്‍. മറ്റ് ദലിതരെപ്പോലെ അഗരിയകളും ജാതീയവിവേചനങ്ങള്‍ ഏറ്റുവാങ്ങി അരുകുവല്‍ക്കരിക്കപ്പെട്ടവര്‍. പത്തുവയസ് തികയുന്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഒാരോ തലമുറയും ഉപ്പുപാടത്ത് പണിക്കിറങ്ങും. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍. സ്കൂളിന്‍റെ പടി സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍. രാവിലെ ആറുമണി മുതല്‍ തുടങ്ങും അധ്വാനം. കിട്ടുന്നത് തുച്ഛമായ കൂലി. ഏറെ പ്രതികൂലമായ സാഹചര്യത്തില്‍ മരണംവരെ പണിയെടുക്കുന്നത് അഗരിയകളുടെ ആരോഗ്യത്തിന് വലിയ ഭീഷണികളുണ്ടാക്കുന്നു. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെയാണ് ഉപ്പുപാടങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടിയുള്ള പെടാപാട്. ഒരു ടണ്‍ ഉപ്പിന് അറുപത് രൂപയാണ് അഗരിയകള്‍ക്ക് കിട്ടുക. സ്വന്തം വീട്ടാവശ്യത്തിനുള്ള ഉപ്പ് കടയില്‍ നിന്ന് നമ്മളെപ്പോലെ വിലകൊടുത്തുവാങ്ങണം. കാരണം ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപ്പിന്‍റെ ഉടമകള്‍ വന്‍കിട കന്പനികളാണ്. സ്വന്തം വിയര്‍പ്പിന്‍റെ ഫലം തന്നെ പണം കൊണ്ടുത്തുവാങ്ങുന്നവര്‍ക്ക് ഒരു നുള്ള് ഉപ്പ് ഒരു നിസാര ഉല്‍പന്നമല്ല. ചൂഷണത്തിന്‍റെ വെളുത്ത പ്രതിരൂപം കൂടിയാണ്.

ഈ ഉപ്പുപാടത്ത് തെളിഞ്ഞ് തെളിഞ്ഞ് വരുന്ന ഉപ്പാണ് ഇവിടുത്തുകാരുടെ അന്നവും അഭയവും. അതേ ഉപ്പ് തന്നെയാണ് അവരുടെ ജീവനെടുക്കുന്നത്.

ഉപ്പുമായുള്ള നിരന്തരസന്പര്‍ക്കം ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നു. പാദങ്ങള്‍ വിണ്ടു കീറി ചുക്കിചുളിയുന്നു. ശരീരം കരിവാളിച്ച് തൊലി ചുരുങ്ങുന്നു. മാരകമായ രോഗാവസ്ഥകളിലേക്കാണ് ഇത് ഒാരോ തൊഴിലാളിയേയും എത്തിക്കുന്നത്. കൊത്തിവലിക്കുന്ന ഉപ്പ് കാറ്റ് സമ്മാനിക്കുന്നത് ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍. പൊരിവെയിലില്‍ പണിയെടുത്ത് പണിയെടുത്ത് യൗവനം വിടുന്പോഴേയ്ക്കും കാഴ്ച്ച കുറയുന്നു. സൂര്യതാപത്തിന്‍റെ സൂചിമുനകള്‍ കാഴ്ച്ചകള്‍ കുത്തിപ്പൊട്ടിച്ച് പൂര്‍ണമായ ഇരുട്ടിലാണ് അഗരിയകള്‍ ജീവിതം നരകിച്ച് തീരുന്നത്. തുച്ഛമായ വരുമാനത്തിലേറെയും ചികില്‍സയ്ക്ക് ചെലാകുന്നു.  ട്രക്കുകളുടെ റബര്‍ ട്യൂബ് സോക്സിനോട് ചേര്‍ത്തുതുന്നി ഇവര്‍ തന്നെയുണ്ടാക്കുന്ന പാദരക്ഷകള്‍ മാത്രമാണ് ഏക ആശ്രയം. ഒരുജോടി സോക്സു പോലും ഇവര്‍ക്ക് വലിയ ആഡംബരമാണ്. പഴയ തലമുറക്ക് അവയൊന്നും ശീലമില്ല. നഗ്നപാദരായാണ് അവര്‍ പണിക്കിറങ്ങുന്നത്. ഉപ്പുപാടം അഗരിയകള്‍ക്ക് മരണം വിളയുന്ന ചാവുനിലം കൂടിയാണ്. 

ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല. പാട വരന്പുകളിലെ ഒറ്റമുറികുടിലുകളിലാണ് ജീവിതം. മഴക്കാലത്ത് ഉപ്പുപാടത്തെ വെള്ളക്കെട്ടിനു നടുവില്‍ നിസ്സഹായതയോടെ കഴിയണം. മഴ കനത്താല്‍ ഉള്ളതെല്ലാം വിട്ടൊഴിഞ്ഞ് ഉയര്‍ന്ന ഇടങ്ങള്‍ തേടി അഭയാര്‍ഥികളെപ്പോലെ അലയണം. കുടിവെള്ളം പ്രതിസന്ധിയാണ്. ഉപ്പുവെള്ളം തളംകെട്ടിക്കിടക്കുന്ന പാടങ്ങള്‍ക്കിടയിലൂടെ കുടങ്ങളും പാത്രങ്ങളുമേന്തിയുള്ള നീണ്ട നടപ്പ്. അഗരിയകളുടെ ദുരിതങ്ങള്‍ മരണത്തിലും അവസാനിക്കുന്നില്ല. കാലുകള്‍ ചിതയില്‍ എരിയില്ല. വര്‍ഷങ്ങള്‍ ഉപ്പില്‍ ചവിട്ടിയുള്ള നില്‍പ്പ് തന്നെ കാരണം. ജീവിതകാലം മുഴുവന്‍ കാല്‍പ്പാദങ്ങള്‍ക്കടിയിലൂടെ ഇരച്ച് കയറിയ ഉപ്പിന്‍റെ അംശം ചിതയിലും വില്ലനാകുന്നു. പലപ്പോഴും കാലുകള്‍ അറുത്തമാറ്റിയാകും അഗരിയകളുടെ മൃതദേഹം ചിതയില്‍വയ്ക്കുക. ബാലവേല ഏറ്റവും കൂടുതലുള്ള ഇടങ്ങള്‍ കൂടിയാണ് ഉപ്പുപാടങ്ങള്‍. സ്ത്രീകളടക്കം തൊഴിലാളികള്‍ അസംഘടിതര്‍. അവകാശങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്താനുള്ള ശേഷി ആര്‍ക്കുമില്ല. തൊഴിലിന് ജാതിയുടെ മേല്‍വിലാസം കൂടിയുള്ളതിനാല്‍ ഇതില്‍ നിന്നൊരുമോചനം പുതിയ തലമുറയ്ക്ക് പോലും ഏറെക്കുറെ അസാധ്യമാണ്.  സ്വന്തമായി ഭൂമി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടവും ഉപ്പ് കന്പനി ഉടമകളും ചേര്‍ന്ന് തകര്‍ത്തു. കാരണം അഗരിയകളെ ഉപ്പുപാടങ്ങളില്‍ നിലനിര്‍ത്തേണ്ടത് ഇവരുടെ ആവശ്യമാണ്.  ഉപ്പ് ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരുകോടി എണ്‍പത് ലക്ഷം ടണ്‍ ഉപ്പ് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ശേഷം 20 രാജ്യങ്ങളിലേക്ക് ഇന്ത്യ ഉപ്പ് കയറ്റി അയയ്ക്കുന്നു. ജാതിവിവേചനങ്ങളും സാന്പത്തിക താല്‍പര്യങ്ങളും സമം ചേര്‍ന്നുന്ന സങ്കീര്‍ണ ജീവിതാവസ്ഥയിലാണ് അഗരിയകള്‍ നിലകൊള്ളുന്നത്. താഴ്ന്നവന്‍റെ, ദലിതന്‍റെ ജീവന്‍കൊണ്ട് വിളഞ്ഞ ഉപ്പ്. അത് തന്നെയാണ് നമ്മള്‍ കഴിക്കുന്ന ഉപ്പിന്‍റെ രാഷ്ട്രീയവും.

ഉപ്പുപാടങ്ങളില്‍ അധ്വാനവും ആരോഗ്യവും ഹോമിക്കുന്ന അഗരിയകള്‍ ആഗ്രഹിക്കുന്നത് മെച്ചപ്പൊട്ടൊരു ജീവിതമാണ്. അത് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടങ്ങളുടെ, ഇന്ത്യയെന്ന രാജ്യത്തിന്‍റെ, നമ്മള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്‍റെ  ഉത്തരവാദിത്വമാണ്. 

MORE IN INDIA BLACK AND WHITE
SHOW MORE