കടല്‍ക്കാഴ്ചകള്‍ കണ്ട് മറുകര താണ്ടാം; ഷാര്‍ജക്കാര്‍ക്കിനി സുഖയാത്ര

Gulf-This--Week
SHARE

ദുബായ് ഷാർജ നിവാസികൾക്ക് വ്യത്യസ്തമായൊരു യാത്രാനുഭവം സമ്മാനിച്ച് ഫെറി സർവീസ് വീണ്ടുമെത്തി. തുടങ്ങി മാസങ്ങൾക്കകം. കോവിഡിനെ തുടർന്ന് നിർത്തേണ്ടിവന്ന സർവീസാണ് പുനരാരംഭിച്ചിരിക്കുന്നത്. ഫെറിയിലേറി മറുകര താണ്ടാൻ വൻ തിരക്കാണ് ആദ്യ ദിവസങ്ങളിൽ തന്നെ അനുഭവപ്പെടുന്നത്.

ദുബായ് അൽ ഖുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ഷാർജ അക്വേറിയം വരെയാണ് ഫെറിയുടെ സർവീസ്. എസി ബോട്ടിൽ , ലഘുഭക്ഷണമൊക്കെ കഴിച്ച്,, കടൽ കാഴ്ചകൾ ആവോളം ആസ്വദിച്ച് ഇങ്ങനെ യാത്ര ചെയ്യാം. ദുബായ് ഷാർജ യാത്രയിൽ ഇതുവരെ കണ്ടതൊന്നുമല്ല ഈ യാത്ര സമ്മാനിക്കുന്നത്. ചരക്ക് കയറ്റാൻ കാത്തുകിടക്കുന്ന കപ്പലും പത്തേമാരികളുമൊക്കെ ഈ യാത്രയിലെ പുതുകാഴ്ചകളാണ്.  വെറും 35 മിനിറ്റിനകം മറുകരയെത്താമെന്നതാണ് വലിയ ആകർഷണം

ഷാർജയിൽ അക്വേറിയം സ്റ്റേഷൻ വരെയാണ് ഫെറി സർവീസെന്നതിനാൽ,, ഫെറിയിലേറിയാൽ യാത്രക്കാർക്ക് രണ്ടുണ്ട് കാര്യം. കടൽ യാത്രയും അനുഭവിക്കാം ഒപ്പം ഷാർജ അക്വേറിയവും കണ്ട് മടങ്ങാം. അതുപോലെ തന്നെ അക്വേറിയം കാണാനെത്തുന്നവർ,, ഫെറിയിലെ യാത്രാനുഭവത്തിനായി എത്തുന്നതും കുറവല്ല. ദുബായിലെ കടുത്ത ചൂടിന് ആശ്വാസമായി ശക്തമായ മഴ പെയ്തതിന് പിന്നാലെയാണ് ഫെറി സർവീസ് അനുഭവം പകർത്താൻ ഞങ്ങളെത്തിയത്. കടൽ യാത്രക്കിടെ മഴ ആസ്വാദിക്കാനായതിന്റെ സന്തോഷവും യാത്രക്കാർ പങ്കുവച്ചു. യാത്രക്കാർക്കായി ലഘുഭക്ഷണങ്ങളും പാനിയങ്ങളുമൊരുക്കി ലീസയുണ്ടാകും എന്നും. ദുബായ് ഷാർജ യാത്രയിൽ റോഡിലെ ഗതാഗതക്കുരുക്കാണ് എപ്പോഴും യാത്രക്കാരെ വലയ്ക്കുന്നത്. ഇതൊന്നുമില്ലാത്ത ഹൃദ്യമായ കാഴ്ചകൾ സമ്മാനിച്ചുള്ള സുഖയാത്രയാണ് ഈ ഫെറി സർവീസ്.

സിൽവർ, ഗോൾഡ് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. 14 സീറ്റുകളാണ് ഗോൾഡ് ക്ലാസിലുള്ളത്. 84 സീറ്റുകളുണ്ട് സിൽവർ ക്ലാസിൽ. നിശ്ചായദാർഢ്യക്കാർക്കായി രണ്ട് ഇടങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ജീവനക്കാ‍ർക്ക് പുറമെ നൂറു യാത്രക്കാരെ ഉൾക്കൊള്ളാനും ഫെറിക്ക്. സിൽവർ സീറ്റിന് 15 ഉം ഗോൾഡിന് 25 ഉമാണ് യാത്രാനിരക്ക്. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് സർവീസ്. യാത്രക്കാരായി എത്തുന്നവരിലേറെയും മലയാളികളാണ്. ഷാ‍ർജ അക്വേറിയം സ്റ്റേഷനിൽ നിന്ന് അൽ ഖുബൈബയിലെത്തിയാൽ മറീനയിലേക്ക് സ്വാപ്പിങ് സർവീസ് ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ട്. രണ്ട് മണിക്കൂർ യാത്രയിൽ ബുർജ് ഖലീഫയും ബുർജ് അൽ അറബുമെല്ലാം കണ്ട് മടങ്ങാം.

ഏറെക്കാലത്തെ കാത്തിരിപ്പാണ് പലർക്കും ഈ ഫെറി അനുഭവം. യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ വലിയ സൗകര്യമാണ്  ഫെറി സർവീസ് നൽകുന്നതെങ്കിലും ആർടിഎയോട് ഒരു അഭ്യർഥനയുണ്ട് ഇവർക്ക്.തിങ്കൾ മുതൽ വ്യാഴം വരെ ദിവസവും എട്ട് ട്രിപ്പുകൾ വീതവും വാരാന്ത്യങ്ങളിൽ ആറ് ട്രിപ്പുകൾ വീതവുമാണ് നിലവിൽ ഫെറിയുടെ സർവീസ്.  കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ നിർത്തിയ സർവീസാണ് മൂന്ന് വർഷത്തിലേറെ നീണ്ട ഇടവേളക്ക് യാത്രക്കാർക്ക് ആവേശമായി കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചത്. നിശ്ചയദാർഢ്യക്കാർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും യാത്ര സൗജന്യമാണ്.

MORE IN GULF THIS WEEK
SHOW MORE