14 നൂറ്റാണ്ട് മുൻപുള്ള ചരിത്രം പുനരാവിഷ്‌കരിച്ചു; 'പ്രവാചകന്റെ കാൽപാടുകൾ'

Gulf-This-Week
SHARE

ചരിത്രാന്വേഷികൾക്ക് കൗതുക കാഴ്ചയായി റിയാദിൽ അരങ്ങേറുന്ന ഹിജ്റ പ്രമേയമാക്കിയുള്ള പ്രദർശനം.   'പ്രവാചകന്റെ കാൽപാടുകൾ' എന്ന പേരിൽ ഒരുക്കിയ പ്രദർശനം 14 നൂറ്റാണ്ട് മുൻപുള്ള ചരിത്രമാണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്കു കുടിയേറിയ ചരിത്രമാണ് ഹിജ്‌റ എന്ന് അറിയപ്പെടുന്നത്. അറബിക് പുതു വർഷം ആരംഭിക്കുന്നതിന്റെ ചരിത്രം കൂടിയാണിത്. വി‍ഡിയോ കാണാം.

1400 വർഷം മുൻപ് ശത്രുക്കളിൽ നിന്ന് രക്ഷ നേടാനാണ് പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തത്. കൃത്യമായി പറഞ്ഞാൽ 622-ാം ആണ്ട് ജൂലൈ 16. താഴ്‌വരകളും മലകളും കുന്നുകളും മരുഭൂമികളും താണ്ടി 350 കിലോ മീറ്റർ ദൈർഘ്യമുളള ദുർഘടമായ യാത്ര. ഇതിന്റെ നേർകാഴ്ചകളാണ് 'പ്രവാചകന്റെ കാൽപാടുകൾ' എന്ന  പ്രദർശനം.

യാത്രയുടെ ഓരോ ദിവസത്തെയും സഞ്ചാര പാത, താമസ കേന്ദ്രങ്ങൾ, എന്നിവ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ  പ്രദർശന നഗരിയിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. എട്ട് ദിവസം സമയമെടുത്താണ് സംഘം മദീനയിലെ ഖുബ പ്രദേശത്ത് എത്തിച്ചേർന്നത്. ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്‌സിറ്റിയിലെ അർബൻ ആൻഡ് റീജിയണൽ പ്ലാനിങ് വകുപ്പ് മോധാവി ഡോ. അബ്ദുല്ല അൽ ഖാദി 30 വർഷം നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹിജ്‌റ പ്രദർശനം രൂപകല്പന ചെയ്തിട്ടുളളത്. അൽ ഖാദി പലതവണ കാൽ നടയാത്രയും പര്യവേഷണവും നടത്തി ശേഖരിച്ച വിവരങ്ങളാണ് ഇതെല്ലാം

14 വിഭാഗങ്ങളായി തിരിച്ചാണ് ഹിജ്‌റ എക്‌സിബിഷൻ ഒരുക്കിയിട്ടുളളത്. പുരാവസ്തുക്കൾ, പുരാവസ്തു ഗവേഷണം, പ്രവാചകന്റെ മദീന കുടിയേറ്റം, മസ്ജിദുന്നബവി, പ്രവാചകന്റെ പാദരക്ഷ, ചരിത്രം രേഖപ്പെടുത്തിയ പ്രഥമ ഭരണ ഘടന, ഹിജ്‌റയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി എന്നിവ ഇതിൽ ഉൾപ്പെടും. പ്രവാചകൻ ഉപയോഗിച്ച പാദരക്ഷകൾ പുനസൃഷ്ടിച്ചതാണ് ഇത്. 1287ൽ മൊറോക്കൻ ഹദീസ് പണ്ഡിതനായ ഇബ്‌നു അസക്കർ വിവരിച്ച് നൽകിയതിനെ അടിസ്ഥാനമാക്കി 13-ാം നൂറ്റാണ്ടിൽ കൈകൊണ്ട് നിർമിച്ചതാണ് ഈ പാദരക്ഷകൾ. ബ്രൗൺ നിറത്തിൽ ഏകദേശം 12 ഇഞ്ച് നീളമുളള ചെരുപ്പിന്റെ മുൻ ഭാഗം കൂർത്തതും പിൻഭാഗം ആർച്ച് ഷെയ്പിലുമാണ് രൂപകല്പന. ഒന്നര ഇഞ്ചിലധികം വലിപ്പമുളള അപ്പർ ബെൽറ്റും പിന്നിയെടുത്ത രണ്ട് വളളികളും ചേർന്നതാണ് പാദരക്ഷ. അൽ അന്തലൂസിലെയും വടക്കേ ആഫ്രിക്കയിലെയും കരകൗശല വിദഗ്ദരാണ് പാദരക്ഷയുടെ മാതൃകക്ക് രൂപം നൽകിയത്.  

പ്രദർശന നഗരിയിലെ മറ്റൊരാകർഷണം മദീനയുടെ അധികാരം ഏറ്റെടുത്ത പ്രവാചകൻ രൂപം നൽകിയ ഭരണ ഘടനയാണ്. 200 വർഷം മുൻപാണ് ഇത് ക്രോഡീകരിച്ചതത്രെ. മക്കയിൽ നിന്ന് കുടിയേറിയവർ, യഥ്‌രിബ് ഗോത്രങ്ങൾ, അവരുടെ സഖ്യ കക്ഷികൾ എന്നിവരെല്ലാം ഒരു സമുദായമാണെന്ന് ഈ ഭരണ ഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. കൂട്ടുത്തരവാദിത്തം, ദിയാധനം, മോചന ദ്രവ്യം എന്നിവയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.  

ഹോൾഡ്

മദീനയിലെ പ്രവാചകന്റെ പള്ളിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന കൈകൊണ്ട് നെയ്‌തെടുത്ത വിവിധ തരം പരവതാനികൾ, മസ്ജിദിൽ വൈദ്യുതീകരണത്തിന് മുൻപ് ഉണ്ടായിരുന്ന ചെമ്പിൽ തീർത്ത വിളക്ക്, സുഗന്ധം പുകക്കുന്നതിനുളള പരമ്പരാഗത തളിക, മദീനയിലെ അതിപുരാതന നാണയം, പേർഷ്യൻ ഭാഷയിൽ എഴുതിയ ഹജ് ഗൈഡ്, ഏറ്റവും ചെറിയ ഖുർ ആൻ പതിപ്പ്, മദീനാ പളളിയിലെ പ്രസംഗ പീഠത്തിന്റെ മാതൃക, ഖുർആൻ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ബാഗ്, മദീനയിലെ അതിപൂരാതന അളവു പാത്രം, അംഗശുദ്ധി വരുത്തുന്നതിന് ഉപയോഗിച്ചിരുന്ന ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ദീർഘ വൃത്താകൃതിയിലുളള പാത്രം എന്നിവ പ്രദർശനത്തിൽ കാണാം. ഖസ്‌വ എന്ന പേരിലുളള പ്രവാചകന്റെ ഒട്ടകവും പ്രദർശനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

മക്കയിൽ നിന്ന് പ്രവാചകൻ മദീനയിലേക്ക് സഞ്ചരിച്ച പാതയിൽ പര്യവേഷണ സംഘം കണ്ടെത്തിയ നാഴിക കല്ലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ കൊത്തിവെച്ച അറബി ലിപികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.  അറേബ്യൻ ഉപദ്വീപിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് പുണ്യ നഗരങ്ങളായ മക്കയ്ക്കും മദീനക്കുമുളളത്. അതുകൊണ്ടുതന്നെ ഹിജ്‌റ പ്രദർശനം വിലമതിക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നതെന്ന് സന്ദർശകരും സാക്ഷ്യപ്പെടുത്തുന്നു.

റിയാദ് ദേശീയ മ്യൂസിയത്തിലെ പ്രദർശനത്തിന് ശേഷം ജിദ്ദ, മദീന എന്നിവിടങ്ങളിലും പ്രദർശനം സംഘടിപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ ലോകത്തെ വിവിധ നഗരങ്ങളിലും ഹിജ്‌റ പ്രദർശനം അവതരിപ്പിക്കും. 70 ഗവേഷകർ, വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കലാകാരൻമാർ എന്നിവരടങ്ങിയ സംഘം മൂന്ന് വർഷം സമയം എടുത്താണ് രാജ്യാന്തര നിലവാരമുളള പ്രദർശനം തയ്യാറാക്കിയത്. ഇസ്‌ലാമിന്റെ ആവിർഭാവം ആധുനിക വീക്ഷണത്തിൽ പുനരവലോകനം ചെയ്യാൻ പ്രദർശനത്തിന് കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. പ്രവാചകന്റെ മദീനയിലേക്കുള്ള യാത്ര കലാപരമായി പുനരാഖ്യാനം ചെയ്തതിലും ഹിജ്‌റ പ്രദർശനം വിജയമായിരുന്നെന്ന കാര്യത്തിൽ തർക്കമില്ല. ഇസ്‌ലാമിക വർഷാരംഭം വ്യക്തമാക്കുന്ന ആദ്യ പ്രദർശനം എന്ന പ്രത്യേകതയുമുണ്ട് ഇതിന്.

MORE IN GULF THIS WEEK
SHOW MORE