നാടിൽ നേരിട്ട അവഗണനയും ദുബായുടെ കരുതലും‍; സ്വപ്നങ്ങള്‍ കൈയെത്തി പിടിക്കാനൊരുങ്ങി ആൽഫിയ

gulf this week
SHARE

പിറന്ന നാട് അവഗണിച്ചപ്പോഴും, ദുബായുടെ ചിറകിലേറി പാരാ ഒളിംപിക്സ് മെഡൽ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് മൂവാറ്റുപ്പുഴക്കാരി ആൽഫിയ ജെയിംസ്. അടുത്ത മാസം യുഗാണ്ടയിൽ പാരാ ബാൻഡ്മിൻഡൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ആൽഫിയക്ക് പറയാനുള്ളത് നാടിൽ നേരിട്ട അവഗണനയുടെയും ദുബായുടെ കരുതലിന്റെയും കഥയാണ്. സ്വപ്നങ്ങൾ ഇല്ലാതാകുന്നെന്ന് തോന്നിയതിടത്താണ് ദുബായും കൈപിടിച്ചത്.

പതിനാറാം വയസിൽ ടെറസിൽ നിന്ന് വീണ്, അരയ്ക്ക് താഴെ തളർന്നുപോയതാണ്. അവിടെ നിന്ന് ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റാണ് ആൽഫിയ ജെയിംസ് ഇന്ന് പാരാ ബാഡ്മിന്റണിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.  മൂന്നുവർഷം കൊണ്ടാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം. പാരാ ബാഡ്മിന്റൺ പരിശീലിച്ചശേഷം പങ്കെടുത്ത രണ്ട് ദേശീയ ടൂർണമെന്റിലും കേരളത്തിനായി സ്വർണം നേടി. കഴിഞ്ഞ വർഷം ഒഡീഷയിൽ നടന്ന ടൂർണമെന്റിൽ രണ്ടും ഇത്തവണ ലക്നൗവിൽ നടന്ന ടൂർണമെന്റിൽ എല്ലാ വിഭാഗങ്ങളിലുമായി മൂന്ന് സ്വർണവും നേടിയ താരമാണിത്. പക്ഷെ നാടിന് വേണ്ട.

സ്വപ്നങ്ങളെ അങ്ങനെ വിട്ടുകളയാൻ ആൽഫിയ തയ്യാറല്ലായിരുന്നു. സ്വന്തം നിലയിൽ പരിശീലനം തുടർന്നു. കൊച്ചിയിൽ നിന്ന് ലക്നൗവിലേക്ക് പരിശീലനത്തിനായി വണ്ടി കയറി. കഴിവും കഠിനമായി പരിശ്രമിക്കാനുള്ള മനസുണ്ടായിട്ടും സ്പോൺസർമാരെ മാത്രം കിട്ടിയില്ല. സർക്കാറും കനിഞ്ഞില്ല. അപ്പോഴാണ് ദുബായിൽ നിന്ന് എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.‍ഡി. ഹരികുമാർ പിന്തുണയുമായി എത്തിയത്.

ഇന്ന് ദുബായിൽ സ്ഥിരവരുമാനമുണ്ട് ആൽഫിയക്ക്. ഒപ്പം പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യവും. ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിലാണ് ആൽഫിയ പ്രാക്ടീസ് ചെയ്യുന്നത്. പാരാ ബാഡ്മിന്റണിൽ ഇവിടെ കോച്ച് ഇല്ലാത്തതിനാൽ, ലക്നൗ അക്കാദമിയിൽ നിന്ന് കോച്ചിനെ വരെ കൊണ്ടുവന്ന് നിയമനം നൽകി ദുബായ്. ആൽഫിയയിലെ കായിക താരത്തിൽ ഏറെ വിശ്വാസമുണ്ട് കോച്ച് ആദിത്യ സിങ്ങിന്

ദുബായിലെ അടിസ്ഥാന സൗകര്യങ്ങളും തന്നെ പോലെയുള്ളവർക്ക് ഏറെ സഹായകരമാണെന്ന് പറയുന്നു ആൽഫിയ

പ്ലസ് ടുവിന് പഠിക്കുമ്പോഴുണ്ടായ അപകടത്തിന്റെ ആഘാതം,, ഉൾക്കൊള്ളാനായിരുന്നു പ്രയാസം. നട്ടെല്ല് തകർന്നെങ്കിലും പിന്നീടുള്ള ജീവിതത്തിൽ നട്ടെല്ലായി കൂടെ നിന്നത് അമ്മയാണ്. അച്ഛന്റെ മരണശേഷം ജീവിതം കരുപിടിപ്പിച്ച അമ്മയുടെ കരുത്തിലാണ് ഉയർത്തെഴുന്നേറ്റത്.

ബാസ്ക്കറ്റ് ബോൾ താരമായിരിക്കെയാണ് അപകടം. അതിനുശേഷം കളിക്കാൻ ശ്രമിച്ചതും ബാസ്ക്കറ്റ് ബോൾ ആയിരുന്നു. ടീം ഗെയിമിന്റെ പരിമിതികൾ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയായപ്പോൾ പവർ ലിഫിറ്റിങ്ങിലേക്ക് തിരിഞ്ഞു. കൊച്ചി ഇൻഫോ പാർക്കിലെ ഡിആർക് വൺ ജിമ്മാണ് കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്.

ഇന്ന് രാജ്യത്തെ പ്രതിനിധീകരിച്ച് കംപാലയിൽ നടക്കുന്ന യുഗാണ്ട പാരാ ബാഡ്മിന്റൺ ഇന്റർനാഷണലിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ആൽഫിയ. ഒളിംപിക്സിനുള്ള ക്വാളിഫൈർ കൂടി ആയതിനാൽ ഏറെ പ്രധാനപ്പെട്ടതാണ് മൽസരം.നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒന്നും തടസമല്ലെന്ന് തെളിയിക്കുകയാണ് ആൽഫിയ. ഒരു പിടി സ്വപ്നങ്ങളും അവിടേക്ക് എത്താനുള്ള മനസുമുണ്ടെങ്കിൽ,, വിധിയെ പോലും തോൽപിക്കാമെന്ന് കാണിച്ച് തരികയാണ് ഈ മിടുക്കി.

MORE IN GULF THIS WEEK
SHOW MORE