വശ്യമായ സൗന്ദര്യത്തിനൊപ്പം അപകടം പതിയിരിക്കുന്നിടം; ആമസോൺ കാടുകളെ കുറിച്ച് സാന്റോ തോമസ്

gulf this week
SHARE

ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികളും അവരുടെ അത്ഭുതകരമായ രക്ഷപ്പെടലും ലോകം ആഘോഷിക്കുകയാണ്.  നാല് കുട്ടികളുടെയും അതിജീവന കഥകളാണ് എങ്ങും. ഗോത്രവർഗക്കാരുടെ  അതിജീവനത്തിനുള്ള ജന്മവാസനയാണ് കുട്ടികൾക്ക് തുണയായത്. കാടിനെ അറിയാമെന്നത് ഗുണംചെയ്തു. ആമസോൺ കാട് സന്ദർശിച്ച് അവിടുത്തെ ജീവിതം കണ്ട യൂ ട്യൂബറും സഞ്ചാരിയുമായ സാന്റോ തോമസ് പറയും, വശ്യമായ സൗന്ദര്യത്തിനൊപ്പം എത്രത്തോളം അപകടംപിടിച്ചയിടമാണ് അതെന്ന്. നൂറ് രാജ്യങ്ങൾ സന്ദർശിക്കുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പെറുവിലേക്കുള്ള യാത്രക്കിടയിൽ ദുബായിലെത്തിയതാണ് സാന്റോ.

കേട്ടതും മനസിലാക്കിയതൊന്നുമായിരുന്നില്ല സാന്റോ തോമസിന് ആമസോൺ കാടുകൾ. അവിടെ ചെലവഴിച്ച ഓരോ ദിവസവും ഓരോ പാഠങ്ങളായിരുന്നു. ആമസോൺ കാടുകളിൽ കുട്ടികൾ അകപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ആശങ്ക അത്രയും ഒരു വയസുകാരനെക്കുറിച്ചായിരുന്നു. മറ്റ് കുട്ടികൾക്ക് പിടിച്ചുനിൽക്കാനാവുമെന്ന കാര്യത്തിൽ സാന്റോക്ക് സംശയമില്ലായിരുന്നു. അതാണ് സാന്റോ കണ്ടറിഞ്ഞ അവരുടെ ജീവിത രീതി. മഴക്കാടുകളായതിനാൽ തന്നെ വന്യമൃഗങ്ങളെയല്ല ചെറു പ്രാണികളെയും ഇഴജന്തുക്കളെയുമാണ്  ഏറെ പേടിക്കേണ്ടത്.

അരിക്കൊമ്പനെ നിയന്ത്രിക്കാൻ പെടാപാടുപെടുന്ന നമ്മളോട് സിംബാബെയിലെ ആനവേട്ടയുടെ കഥ പറയും സാന്റോ. നാട്ടുകാരുടെ ജീവൻ നിലനിർത്താൻ, ആനയെ കൊല്ലുകയല്ലാതെ അവിടെ മറ്റ് മാർഗമില്ല.  മെർച്ചന്റ് നേവിയിൽ ജോലി നോക്കുന്നതിനിടെ പലരാജ്യങ്ങളിൽ സന്ദർശിക്കാനായി. അതാണ് യാത്രകളിലേക്ക് അടുപ്പിച്ചത്. തൃശൂരിൽ ഇൻഡോർ സ്റ്റേഡിയം നടത്തുന്ന സാന്റോയ്ക്ക് കോവിഡ് കാലത്താണ് യൂ ട്യൂബ് ചാനൽ എന്ന ആശയം വന്നത്. പാചകത്തിന്റെ വീഡിയോകളാണ് ആദ്യം ചെയ്തത്. പിന്നീട് സൈക്കിൾ യാത്രചെയ്ത് വ്ലോഗുകൾ ചെയ്ത്. സിനിമാപ്രവർത്തകരുടെ വീടുകളിലേക്കായിരുന്നു യാത്ര. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു

പിന്നീട് കാരവൻ സ്വന്തമാക്കി സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യയുടനീളം യാത്ര ചെയ്തു. പിന്നെ വിദേശത്തേക്കായി യാത്ര. ഇതിനകം 47 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. നൂറു രാജ്യങ്ങൾ കാണണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് പുതിയ യാത്ര. സ്പോൺസർമാരെ തേടിയെത്തിയതാണ് ദുബായിൽ. യു ട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സാണ് പലയിടത്തും സാന്റോയ്ക്ക് കൂട്ടാകുന്നത്. യാത്രയിലെ ചെലവ് ചുരുക്കാൻ സഹായിക്കുന്നതും അവരാണ്.  

Santo Thomas talk about the Amazon rainforest

MORE IN GULF THIS WEEK
SHOW MORE