സുഡാനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന് ഇന്ത്യ‍; കരുത്ത് പകർന്ന് സൗദി

jeddah-indian-rescue-mission-venue-gtw
SHARE

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് വേദിയാവുകയാണ് സൗദി അറേബ്യൻ തീരനഗരമായ ജിദ്ദ. ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ. 3500 ഇന്ത്യക്കാരും 1500 ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കണക്ക്. ദൗത്യത്തിന് കരുത്ത് പകർന്ന് എല്ലാ പിന്തുണയും നൽകി സൗദി അറേബ്യയുടെ ഒപ്പമുണ്ട്.  സുഡാനിലെ സ്ഥിതി അനുകൂലമല്ലെങ്കിലും ഇന്ത്യക്കാരിൽ ഒരാളൊഴിയാതെ എല്ലാവരെയും നാട്ടിലെത്തിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് വിദേശകാര്യമന്ത്രാലയം.

കലാപകലുഷിതമായ സുഡാനിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടവർ. വെടിവെപ്പിനും ഏറ്റുമുട്ടലിനും നടുവിലൂടെയായിരുന്നു പലരുടെയും പലായനം. ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും ശക്തമായ ഇടപെടലുകളിൽ ആദ്യ രണ്ട് ദിവസം കൊണ്ട് ആയിരത്തിലധികം പേരെയാണ് ജിദ്ദയിലെത്തിച്ചത്. നാവികസേനയുടെ മൂന്നു കപ്പലുകളും വ്യോമസേനയുടെ സി 130 വിമാനങ്ങളും രക്ഷാദൗത്യത്തിൽ സജീവമാണ്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരിട്ടാണ് ജിദ്ദയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. സുഡാനിൽ നിന്നെത്തിയവരെ മന്ത്രി നേരിട്ട് തുറമുഖത്തും വിമാനത്താവളത്തിലും സ്വീകരിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോസ്ഥരും തുറമുഖത്ത് എത്തിയിരുന്നു. കയ്യടികളോടെയാണ് രക്ഷപെട്ടെത്തിയവർ രക്ഷാദത്യത്തിന് നന്ദി രേഖപ്പെടുത്തിയത്.

ജിദ്ദയിലെ ഇൻറർനാഷൻൽ ഇന്ത്യൻ സ്കൂളിൽ ഇന്ത്യക്കാർക്കായി താൽക്കാലിക താമസ സൗകര്യവും ഒരുക്കിയിരുന്നു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന അവസാനത്തെയാളെയും തിരികെയെത്തിക്കുന്നത് വരെ ഓപ്പറേഷൻ കാവേരി തുടരുമെന്ന് മന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ജിദ്ദയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യക്കാരെ  ഡൽഹിയിലും മുംബൈയിലും എത്തിച്ചത്. സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്‍റെ കുടുംബാംഗങ്ങളെയും ജിദ്ദവഴിയാണ് തിരികെ കൊണ്ടുവന്നത്. വിദേശകാര്യമന്ത്രാലയം ഇടപെട്ട് ഇവരെ ജിദ്ദയിൽ നിന്ന് നേരിട്ട് കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഇന്ത്യയും സൗദിയും തമ്മിലുള്ള ഊഷ്മള ബന്ധവും ജിദ്ദ വഴിയുള്ള ഇന്ത്യയുടെ രക്ഷാദൗത്യം വേഗംകൂട്ടാൻ സഹായകമായി. അതേസമയം സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശപൗരൻമാരെ നാട്ടിലെത്തിക്കുന്നതിൽ സൗദി അറേബ്യ പ്രകടിപ്പിച്ച അർപ്പണ മനോഭാവത്തിന് കയ്യടിക്കുകയാണ് ലോകം. സൗദി പൗരൻമാർക്കൊപ്പം ആയിരക്കണക്കിന് വിദേശികളെയാണ് കപ്പൽ മാർഗം സൗദി ജിദ്ദയിലെത്തിച്ചത്. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ചയാണ് സൗദി,സുഡാനിൽ നിന്ന് സ്വന്തം പൗരൻമാരെയും സൗഹൃദരാജ്യങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിച്ചുതുടങ്ങിയത്. ബുധനാഴ്ചയോടെ 119 സൗദി പൗരൻമാ‍ർ ഉൾപ്പെടെ 2351 പേരെ ജിദ്ദയിലെത്തിച്ചു. ഇവരിൽ ഇന്ത്യയുൾപ്പെടെ 67 രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടും. ജിദ്ദയിലെത്തിയ വിദേശികളെ സ്വന്തം നാടുകളിലേയ്ക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്ന ശ്രമത്തിലാണ് സൗദി വിദേശകാര്യമന്ത്രാലയം.  ഈ മാസം പതിനഞ്ചിനാണ് സുഡാൻ സാധുത സേനയും റാപ്പിഡ് സ്പ്പോ‍ര്‌ട്ട് ഫോഴ്സും ഏറ്റുമുട്ടൽ തുടങ്ങിയത്. സംഘർഷം രൂക്ഷമായ തലസ്ഥാനമായ ഖാർത്തുമില്ലാണ് ഇന്ത്യക്കാരിലേറെയും അകപ്പെട്ടിരിക്കുന്നത്.

The Saudi Arabian coastal city of Jeddah is the venue for the rescue mission

MORE IN GULF THIS WEEK
SHOW MORE