യുഎഇയിൽ അമുസ്‌ലിം വ്യക്തിനിയമം പ്രാബല്യത്തിൽ; മാറ്റങ്ങള്‍ അറിയാം

gulf-this-week
SHARE

മുസ്‌ലിംകൾ അല്ലാത്തവർക്കായുള്ള പുതിയ വ്യക്തിനിയമം ഈ മാസമാണ് യുഎഇയിൽ നിലവിൽ വന്നത്. മുസ്‌ലിം അല്ലാത്തവരുടെ വിവാഹം മുതൽ പിന്തുടർച്ചവകാശം വരെയുള്ള കേസുകൾ  ഈ വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിഗണിക്കുന്നത്. പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുകയാണ് യുഎഇയിലെ ജനം. എന്താണ് അമുസ്‌ലിം വ്യക്തിനിയമം. വിശദമായി നോക്കാം

ഉഗാണ്ട സ്വദേശികളാണ് ഇമ്മാകുലേറ്റ് ത്വബേസും ഗിൽബേട്ട് അറ്റംബയും. അമുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ അബുദാബിയിൽ വച്ചായിരുന്നു വിവാഹം. യുഎഇയിലെ ഈ മാസം ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലായിരുന്നതെങ്കിലും അബുദാബിയിൽ  2021 നവംബർ  മുതൽ നിയമം നിലവിലുണ്ട്. അങ്ങനെയാണ് ഇമ്മാകുലേറ്റും ഗിൽബേട്ടും ഉൾപ്പെടെയുള്ള അനേകം അമുസ്ലിംകൾ യുഎഇയിൽ വിവാഹിതരായത്.

ഇതിനകം അബുദാബിയിൽ ആറായിരത്തിലേറെ വിവാഹങ്ങൾ ഇത്തരത്തിൽ നടന്നെന്നാണ് അബുദാബി സിവിൽ ഫാമിലി കോ‍ർട്ട് വ്യക്തമാക്കുന്നത്. 127 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇങ്ങനെ ദാമ്പത്യജീവിതത്തിലേക്ക് കടന്നത്. ഏറെയും ഫിലിപ്പീനികളായിരുന്നു. 2300 ദമ്പതികൾ.  830 ഇന്ത്യൻ വിവാഹങ്ങളും ഇവിടെ നടന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്താണ് അമുസ്ലിം വ്യക്തി നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.  മുസ്ലിം അല്ലാത്തവരുടെ വിവാഹം മുതൽ പിന്തുടർച്ചവകാശം വരെയുള്ള കേസുകൾ ഇനി മുതൽ ഈ വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പരിഗണിക്കുക. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹമോചനവും നേടാം. രാജ്യത്ത് നിലവിലുള്ള ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകില്ല. പ്രായപൂർത്തിയായ ആർക്കും വിവാഹം റജിസ്റ്റർ ചെയ്യാം. പെൺകുട്ടികൾ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്ന വ്യവസ്ഥയും നീക്കി.

വിവാഹം കഴിക്കുന്നവരിൽ ഒരാൾ യുഎഇയിലെ താമസക്കാരൻ ആയിരിക്കണം. പങ്കാളിക്ക് സന്ദർശകവീസയിലെത്തി വിവാഹം റജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ നിയമം.  വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങളും പുതിയനിയമം പ്രാബല്യത്തിലായതോടെ ലളിതമായി.  

വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കേണ്ട. ദമ്പതികളിൽ ഒരാൾ വിവാഹ മോചനം ആവശ്യപ്പെട്ടാൽ കോടതി അനുവദിക്കും. സാക്ഷികളുടെ ആവശ്യമില്ല.

എന്നാൽ വിവാഹമോചനകേസുകൾ പരസ്പരധാരണയോടെ  അല്ലെങ്കിൽ ചില സങ്കീർണതകൾ സ്വദേശത്ത് തിരിച്ചെത്തിയാൽ നേരിടേണ്ടി വന്നേക്കാമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടു. പങ്കാളിയുടെ സമ്മതമില്ലാതെ നേടുന്ന വിവാഹമോചനത്തെ ചോദ്യം ചെയ്ത് എതിർ കക്ഷിക്ക്  സ്വദേശത്തെ കോടതിയിൽ ഹർജി നൽകാം

കുട്ടികളുടെ സംരക്ഷണക്കാര്യത്തിലും സ്വാഗതാർമായ മാറ്റമാണ് നിയമം നിഷ്കർഷിക്കുന്നത്. ജോയന്റ് കസ്റ്റഡിയാണ് കോടതി അനുവദിക്കുന്നത്. ഒരാൾക്ക് ഒപ്പം മാത്രം വിടുന്ന വ്യവസ്ഥ മാറ്റി.

അനന്തരാവകാശ കേസുകളിൽ വിൽപത്രം ഇല്ലാത്ത സാഹചര്യത്തിൽ ആസ്തികൾ ഭാര്യക്കും മക്കൾക്കും തുല്യമായി വിഭജിക്കാം. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഒരേ അവകാശമായിരിക്കുമെന്നും പുതിയ വ്യക്തിനിയമത്തിൽ പറയുന്നു.

എല്ലാ അർഥത്തിലും സ്വാഗതാർഹമായ നിയമഭേദഗതിയാണ് അമുസ്ലിം വ്യക്തി നിയമത്തിലൂടെ രാജ്യം നടപ്പാക്കുന്നത്.  രണ്ടുവർഷത്തിനിടെ ഏറെ പുരോഗമനപരമായ നിയമനിർമാണങ്ങളാണ് യുഎഇ നടപ്പാക്കിവരുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കായിരുന്നത് അടുത്തകാലത്താണ് നിയമപരമാക്കിയത്. ഇത്തരത്തിലുള്ള മാറ്റങ്ങളുടെ തുടർച്ചയാണ് വ്യക്തിഗത കുടുംബ നിമയത്തിലൂടെ യുഎഇ നടപ്പാക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE