നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതി; ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കി യുഎഇ

gulf
SHARE

തൊഴിലാളികൾക്ക് ഏറെ ഗുണംചെയ്യുന്ന ഒന്നാണ് യുഎഇയിലെ നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതി. നേരത്തെ സൂചിപ്പിച്ചതുപോലെ പദ്ധതി ഈ മാസം ഒന്നിന് നിലവിൽ വന്നു. ജൂൺ 30ന് അകം എല്ലാവരും പദ്ധതിയിൽ അംഗമാകണം. അല്ലാത്തപക്ഷം നാനൂറു ദിർഹം പിഴ ഈടാക്കുമെന്നും  മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി..

നിർബന്ധിത തൊഴിൽ ഇൻഷുറൻസ് പദ്ധതിയിലൂടെ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് യുഎഇ. അകാരണമായി ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താനുള്ള സാവകാശം,,  സാമ്പത്തിക ഭദ്രതയോടെ നൽകുകയാണ് രാജ്യം. ജോലി നഷ്ടമായാൽ അടിസ്ഥാന ശമ്പളത്തിൻറെ അറുപത് ശതമാനം വരെ മൂന്നു മാസത്തേക്ക് നൽകുന്നതാണ് പദ്ധതി. അതിന് ആദ്യം ഇൻഷൂറൻസ് വരിക്കാരാകണം. പതിനാറായിരം ദിർഹം വരെ അടിസ്ഥാന ശമ്പളം ഉള്ളവർക്ക് പ്രതിമാസം അഞ്ച് ദിർഹമാണ് ഇൻഷൂറൻസ് പ്രീമിയം. ഇവർക്ക് പരമാവധി പതിനായിരം ദി‍ർഹം വരെ മാസം ലഭിക്കും. ഇനി പതിനാറായിരം ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളം ഉള്ളവർ  മാസം പത്ത് ദിർഹം  പ്രീമിയം അടയ്ക്കണം.  20000 ദിർഹം വരെ മാസം ലഭിക്കുന്നതാണ് പദ്ധതി. മൂന്ന് മാസത്തിനിടയിൽ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ ഇൻഷൂറൻസ് തുക ലഭിക്കില്ല. മാത്രമല്ല പ്രതിമാസ അടവ് ഒരു വർഷം പിന്നിട്ടവർക്ക് മാത്രമേ തുക ലഭിക്കൂ.

രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാരും ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇൻഷൂറൻസ് പദ്ധതയിൽ ചേരണം എന്നതാണ് നിയമം. പദ്ധതിയിൽ അംഗമാകാൻ ജൂൺ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിതസമയം കഴിഞ്ഞിട്ടും അംഗത്വമെടുക്കാത്തവരിൽ നിന്ന്   400 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവ വിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കി. ജനുവരി ഒന്നിനുശേഷമാണ് ജോലിയിൽ പ്രവേശിച്ചതെങ്കിൽ , അന്ന് മുതൽ നാല് മാസത്തിനകം ഇൻഷൂറൻസ് എടുത്താൽ മതി.

നിക്ഷേപക‍ർ, വീട്ടുജോലിക്കാ‍ർ, കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ, വിരമിക്കലിന് ശേഷം മറ്റൊരു ജോലിയിൽ പ്രവേശിച്ചവർ, 18 വയസിന് താഴെ പ്രായമുള്ളവർ എന്നിവരെ ഇൻഷൂറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫ്രീ  സോണിൽ ജോലി ചെയ്യുന്നവ‍ർക്കും ഇൻഷൂറൻസ് ലഭിക്കില്ല.  ജോലി നഷ്ടപ്പെട്ടാൽ മുപ്പത് ദിവസത്തിനുള്ളിൽ ഇൻഷൂറൻസ് തുകയ്ക്കായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും. അതേസമം ജോലി രാജിവെച്ചവർക്കും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെടുന്നവർക്കും ഇൻഷൂറൻസ് തുക ലഭിക്കില്ല.

ഇൻഷൂറസ് പദ്ധതിക്കായി തയ്യാറാക്കിയിരിക്കുന്ന പൂൾ വെബ്‌സൈറ്റോ സ്മാർട്ട് ആപ്ലിക്കേഷനോ വഴി ഇൻഷൂറൻസ് പദ്ധതിയിൽ ചേരാം.  ഐഎൽഒഇ വെബ് സൈറ്റ്, ആപ്പ്, കിയോസ്ക് മെഷീനുകൾ, ബിസിനസ് സെർവീസ് സെന്റേഴ്സ്, അൽ അൻസാരി എക്സ്ചേഞ്ച്, ബാങ്ക് എടിഎം, ടെലികമ്യൂണിക്കേഷൻ ബില്ലുകൾ എന്നിവ വഴിയെല്ലാം വരിക്കാരാകാം. ഒരുവർഷത്തേയ്ക്കുള്ള തുക ഒറ്റതവണയായി, രണ്ടുതവണയായോ മൂന്നുമാസത്തിലൊരുക്കിലോ അടയ്ക്കാനും സൗകര്യമുണ്ട്.  തൊഴിൽരഹിതർക്കുള്ള ഇൻഷൂറൻസ് പദ്ധതിക്കായി ഒൻപത് കമ്പനികളുമായിട്ടാണ് തൊഴിൽ മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE