ചന്ദ്രനിലേക്കുള്ള പ്രയാണത്തിലാണ് യുഎഇ; ചിറക് വിരിച്ച് അറബ് ലോകത്തിന്റെ സ്വപ്നം

gulf-this-week-16
SHARE

ചരിത്രംകുറിച്ച് ചന്ദ്രനിലേക്കുള്ള പ്രയാണത്തിലാണ് യുഎഇ. സ്വപ്നം കണ്ടതെല്ലാം ഒരോന്നായി  സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ, ചാന്ദ്ര ഉപരിതലത്തെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.  ഫ്ലോറിഡയിലെ കേപ് കാനവറൽ സ്പേസ് സെന്‍ററിൽ നിന്ന് റാഷിദ് റോവർ പറന്നുയർന്നപ്പോൾ ചിറക് വിരിച്ചത് അറബ് ലോകത്തിന്‍റെ സ്വപ്നങ്ങൾ കൂടിയായിരുന്നു.   

യുഎഇയ്ക്ക് അസാധ്യമായത് ഒന്നുമില്ല,, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമിന്‍റെ വാക്കുകളാണിത്. അത് അന്വർഥമാക്കി  മരുഭൂമിയിൽ നിന്ന് ചൊവ്വ വരെയെത്തിയ വളർച്ചയിലെ അടുത്ത അധ്യായത്തിലേക്കുള്ള പ്രയാണമാണ് യുഎഇയുടെ ചാന്ദ്രദൌത്യം.  അതിരില്ലാത്തെ സ്വപ്നങ്ങളെ ഓരോന്നായി സാക്ഷാത്കരിക്കുകയാണ് രാജ്യം. ഡിസംബര്‍ പതിനൊന്ന് ഞായർ. അന്നാണ് ദുബായിയുടെ മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അൽ മക്തൂമിൻറെ പേരിലുള്ള റാഷിദ് റോവർ ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങിയത്. രാവിലെ 11.38ന് 

ഫ്ളോറിഡയിലെ കേപ് കാനവറൽ സ്പേസ് സെൻററിൽ നിന്ന് സ്പേസ് എക്സിൻറെ ഫാൽക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.

മൂന്നാംദിവസം റോവർ ആദ്യസന്ദേശമയച്ചു. ഭൂമിയിൽ നിന്ന് നാല് ലക്ഷത്തി നാൽപതിനായിരം കിലോമീറ്റർ അകലെ നിന്ന്  ദുബായിയിലെ മുഹമ്മദ് റാഷിദ് സ്പേസ് സെന്‍ററിലേക്ക് റോവറിന്‍റെ സന്ദേശമെത്തിയ വിവരം  ദുബായ് ഭരണാധികാരി  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ്  അറിയിച്ചത്.   റോവറിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തനക്ഷമമാണെന്നും ചന്ദ്രന്‍റെ ഭ്രമണപദത്തിലേക്ക് കടന്നു തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.  ചന്ദ്രന്‍റെ ചിത്രങ്ങളും അയച്ചു തുടങ്ങിയിട്ടുണ്ട് റോവർ. ഇതൊക്കെയാണെങ്കിലും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ  അഞ്ചു മാസത്തോളം സമയം വേണം. ഏപ്രിലിൽ  ചന്ദ്രന്‍റ തെക്കുകിഴക്ക് ഭാഗത്തായുള്ള അറ്റലസ് ഗര്‍ത്തത്തിൽ ഇറങ്ങാനാണ് പദ്ധതി. ഭൂമിയെ അഭിമുഖീകരിക്കുന്ന ഈ ഭാഗത്തെക്കുറിച്ച് ഇതുവരെ ആരും പഠനം നടത്തിയിട്ടില്ല.    ജപ്പാനില്‍ നിര്‍മിച്ച ലൂണാര്‍ ലാന്‍ഡര്‍ ഹകുതോ ആര്‍ എം വണ്ണിലാകും റാഷിദ് റോവർ ചന്ദ്രനിലിറങ്ങുക. ചന്ദ്രന്‍റെ ഉപരിതലം,മണ്ണിന്‍റെ പ്രത്യേകതകൾ, ചന്ദ്രശിലകളുടെ ഘടനയും ഗുണവും, അന്തരീക്ഷം എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.   പതിനാല് ഭൗമദിനങ്ങൾക്ക് തത്തുല്യമായ ഒരു ചാന്ദ്രദിനം ആണ് റോവറിന്‍റെ പ്രവര്‍ത്തനപരിധി. 

പത്ത് കിലോഗ്രാം തൂക്കമുള്ള റാഷിദ് റോവർ പൂർണമായി നിർമിച്ചിരിക്കുന്നത് യുഎഇ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റലിലെ ശാസ്ത്രജ്ഞരാണ്.  ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ ചാന്ദ്ര പര്യവേഷണ വാഹനമെന്ന പ്രത്യേകതയും റാഷിദ് റോവറിനുണ്ട്. അമ്പത് സെന്‍റിമീറ്റര്‍ വീതം നീളവും വീതിയുമുള്ള റോവറിന്‍റെ ഉയരം എഴുപത് സെന്‍റീമീറ്ററാണ്.   അത്യാധുനിക ത്രീഡി ക്യാമറകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും സെൻസറുകളും റോവറിലുണ്ട്. സോളർ പാനലുകളുടെ സഹായത്തോടെയാണ് ഇവയുടെ പ്രവർത്തനം  . പത്ത് ജിഗാബൈറ്റ് ഡേറ്റ  ഭൂമിയിലേക്ക് അയക്കുമെന്നാണ് കണക്കുകൂട്ടല്‍. നൂതനസാങ്കേതികവിദ്യകളും ഉപകരണങ്ങളുമുള്ള റോവറിന് ചന്ദ്രനിലെ അതിതീവ്ര താപനിലകളെ പ്രതിരോധിക്കാനുമാകും.  മൈനസ് 173 ഡിഗ്രി സെല്യസാണ് കുറഞ്ഞ താപനില, സൂര്യകിരണമേൽക്കുമ്പോൾ അത് 125 ഡിഗ്രി സെല്യസ് വരെയാകും. 

ഞായറാഴ്ച ഫ്ലോറിഡയിൽ നിന്ന് റോവർ പറന്നുയരുന്നത് കാണാൻ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററില്‍,,  യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമും  ദുബായ് ഉപഭരണാധികാരി  ഷെയ്ഖ് മംക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും  എത്തിയിരുന്നു. 

ബഹിരാകാശ മേഖലയിൽ യുഎഇയുടെ വിജയത്തിന്‍റെ പുതിയ യുഗമെന്നാണ് ഷെയ്ഖ് മുഹമ്മദ് ചാന്ദ്രദൌത്യത്തെ വിശേഷിപ്പിച്ചത്.  ദൗത്യം യുഎഇയുടെ അഭിലാഷങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തുകയും രാജ്യത്തിന്‍റെ ചരിത്രത്തിൽ   പുതിയ ശാസ്ത്ര യുഗത്തിന് കളമൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക കാരണങ്ങളാല്‍ നാലു തവണ മാറ്റിവച്ച ശേഷമാണ് റാഷിദ് റോവർ വിക്ഷേപിച്ചത്.  നവംബര്‍ 22ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീട് ഇത് നവംബര്‍ 28ലേക്കും മുപ്പതിലേക്കും ഡിസംബര്‍ ഒന്നിലേക്കും മാറ്റി. ഇതിന് ശേഷമാണ് പതിനൊന്നാം തിയതി വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്. ഇതൊക്കെയാണെങ്കിലും ലക്ഷ്യമിട്ടതിലും ഏറെ മുന്നേയാണ് യുഎഇയുടെ ചാന്ദ്രദൗത്യം. 2020 സെപ്റ്റംബറില്‍ ചാന്ദ്രദൗത്യം പ്രഖ്യാപിക്കുമ്പോൾ 2024ൽ ചന്ദ്രനിലിറങ്ങാനായിരുന്നു തീരുമാനം.    നിശ്ചയിച്ചതിലും  രണ്ട് വര്‍ഷം മുന്നേ യുഎഇ ശാസ്ത്രജ്ഞന്‍മാര്‍ ദൗത്യം നിറവേറ്റാനായി.

ഏപ്രിലില്‍ റാഷിദ് റോവര്‍ ചന്ദ്രനിലിറങ്ങുമ്പോൾ ഈ ലക്ഷ്യം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി മാറും യുഎഇ. ആദ്യ അറബ് രാജ്യവും.  റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനില്‍ പര്യവേഷണ വാഹനങ്ങളെ വിജയകരമായി ഇറക്കിയിട്ടുള്ളത്.  ഒന്നിലധികം ദൗത്യങ്ങൾ ഉൾപ്പെടുന്ന   ദീർഘകാല ചന്ദ്ര പര്യവേക്ഷണ പരിപാടിയും യുഎഇ പ്രഖ്യാപിച്ചു  കഴിഞ്ഞു.  റാഷിദ് രണ്ടിന്‍റെ പണികൾ തുടങ്ങി കഴിഞ്ഞു.    2026-ൽ ചാന്ദ്ര ദക്ഷിണധ്രുവ ദൌത്യത്തിൽ ചൈനയുടെ സഹായത്തോടെ  റോവർ വിക്ഷേപിക്കാനാണ് തീരുമാനം. 2028 ഓടെ ശുക്രനിലേയ്ക്കും പര്യവേഷകവാഹനം അയക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. 

*****************************************************************

വാക്ക് പൂക്കുന്ന നേരം

മലയാള സാഹിത്യത്തിലെ എണ്ണംപറഞ്ഞ കവികളുടെ,, ഹൃദയംതൊടും കവിതകൾക്ക് വ്യത്യസ്തമായ രംഗഭാഷയൊരുക്കിയൊരു സായാഹ്നം. കഴിഞ്ഞദിവസം ഷാർജ,, അത്തരമൊരു കലാസന്ധ്യയ്ക്ക് വേദിയായി.  മലയാളിയുടെ മനസിൽ എന്നും മായാതെ നിൽക്കുന്ന 14 കവിതകളാണ് വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ചത്.  

വാക്ക് പൂക്കും നേരം. പേരിനു തന്നെയുണ്ട്  കൌതുകം. സർഗസൃഷ്ടിയുടെ വസന്തക്കാലത്ത്,, പൂവിട്ട  എത്രയെത്ര മനോഹര കവിതകളാണ് ആസ്വാദകരിലേയ്ക്ക് എത്തിയത്. ആ കവിതകളിൽ ചിലതിന് രംഗഭാഷ്യമൊരുക്കിയിരിക്കുകയാണ് ഇവിടെ.

കുമാരനാശാൻ, വള്ളത്തോൾ, ഒ എൻ വി കുറുപ്പ് തുടങ്ങി മലയാള  സാഹിത്യത്തിലെ മഹാരഥൻമാരുടെ   കവിതകൾ ആലപിച്ച്  വ്യത്യസ്തങ്ങളായ രംഗകലകളിലൂടെ  ആവിഷ്കാരം നൽകുകയായിരുന്നു വാക്കു പൂക്കം നേരത്തിൽ

സുഗതകുമാരിയുടെ രാത്രിമഴ,, രംഗാവിഷ്കാരം ആസ്വാദകർക്ക് വ്യത്യസ്ത അനുഭവമായി. കാവാലം ശ്രീകുമാറിന്‍റെ ആലാപനത്തിനൊപ്പം കലാക്ഷേത്രയിലെ നർത്തകിമാരായ രജനിയും അഞ്ജുവും കഥാപാത്രങ്ങളായി അരങ്ങിലെത്തി.  

അറിയുന്നതെന്തെന്നോ ഞാനും രാത്രി മഴ പോലെയെന്ന്  പറഞ്ഞുനിർത്തി,,    കവിയും രാത്രിമഴയും ഒന്നായലിഞ്ഞു ചേരുമ്പോൾ വേദിയിൽ മഴ തകർത്തുപെയ്യുന്നു

എൻ എൻ കക്കാടിന്‍റെ സഫലമീ യാത്രക്ക് കവിയുടെ ജീവിതസഖിയും കവിതയിലെ നായികാകഥാപാത്രവുമായ ശ്രീദേവി കക്കാടിന്‍റെ ആശംസ വീഡിയോ ഉൾപ്പെടെയാണ് ദൃശ്യാവിഷ്‌കാരം നൽകിയത്. 

ഒരേ സമയം നാടകവും സിനിമയും ചേർന്ന നൂതനാവിഷ്കാരമായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സന്ദർശനത്തിന് . 

കാവാലത്തിന്‍റെ  ഓടിയോടിക്കളി, കുമ്മാട്ടി എന്നീ കവിതകൾക്ക് നൽകിയ ദൃശ്യാവിഷ്‌കാരവും വേറിട്ടനിന്നു.

ഇടശ്ശേരിയുടെ പൂതപ്പാട്ടോടെയാണ് വാക്ക് പൂക്കും നേരത്തിന് സമാപനമായത്. മനുഷ്യരെവരെ തിന്നിരുന്ന പൂതം നങ്ങേലിയുടെ പുത്രസ്നേഹത്തിനു  മുന്നിൽ മനസ്സലിവുള്ളവളായി തോറ്റുമടങ്ങുന്നുണ്ട് പൂതപ്പാട്ടിൽ. 

പുതിയകാലത്ത് നമ്മുടെ ഉണ്ണികളെ നോട്ടമിട്ട് അനേകം പൂതങ്ങൾ കറങ്ങി നടക്കുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തലിലാണ് വാക്ക് പൂക്കും നേരം സമാപിക്കുന്നത്. അവയെ തുരത്താൻ ഓരോരുത്തരും ഓരോ വെളിച്ചമാവണമെന്നും ആഹ്വാനം ചെയ്യുന്നു  

കാവാലം ശ്രീകുമാറിനൊപ്പം കല്ലറ ഗോപൻ, ദേവിക സൂര്യപ്രകാശ് എന്നിവരാണ് കവിതകൾ പാടിയത്. കലാക്ഷേത്ര, നാട്യം, തപസ്യ, വർണ നൃത്തകലാക്ഷേത്ര എന്നീ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള ഡാൻസേഴ്‌സും മടിക്കൈ നാടൻ കലാസംഘത്തിലെ കലാകാരന്മാരുമാണ് വിവിധ കവിതകൾക്ക് ദൃശ്യാവിഷ്‌കാരം നൽകിയത്.  മാൽക്കയുടെ 23 ആം വാർഷികത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി.

**************************************************************

ഗ്ലോബൽ വില്ലേജിലെ സന്ദർശകരെ  ആകർഷിച്ച് ആഫ്രിക്കൻ പവലിയൻ

ദുബായ് ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പവലിയനുകളിൽ ഒന്നാണ് ആഫ്രിക്കൻ പവലിയൻ. കരകൌശവസ്തുക്കളുടെ വൈവിധ്യമാർന്ന വലിയ ശേഖരമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.

അപ്പൂസോയുടെ ഈ ഊർജവും അവിടെ വിരിഞ്ഞ ചിരിയുമായി പിന്നെ നേരെ കരകൌശലവസ്തുക്കളുടെ വൈവിധ്യങ്ങളിലേക്ക്......

മഡഗാസ്കർ സ്റ്റോളാണിത്. ആദ്യമായാണ് ഗ്ലോബൽ വില്ലേജിലെത്തുന്നത്. വേരുകൾ കൊണ്ടുണ്ടാക്കിയ ബാസ്ക്കറ്റ് മുതൽ കമ്മലുകൾ, ബാഗുകൾ , കുട്ടകൾ അങ്ങനെ പോകുന്നു ശേഖരം. എല്ലാം മഡഗാസ്കറിലെ കലാകാരൻമാരുടെ കരവിരുത്,

വാനിലയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇങ്ങനെ കുപ്പികളിലാക്കി വരുന്ന ഈ വാനില,  ഇഷ്ടപ്പെടുന്നവർക്ക് നൽകാൻ നല്ലൊരു സമ്മാനം കൂടിയാണ്.   

കോസ്മറ്റിക് വസ്തുക്കളുടെ ഉൽപാദകരാണ് ആഫ്രിക്കകാർ. ചർമകാന്തി വർധിപ്പിക്കുന്ന വൈവിധ്യങ്ങളായ കൂട്ടുകളുമായി പവലിയൻ നിറയെ സ്റ്റോളുകളുണ്ട്. സുഡാനിൽ നിന്നുള്ള കോസ്മറ്റിക് വസ്തുക്കൾക്കാണ് ആവശ്യക്കാരെ. 27 വർഷം മുൻപ് ഉൽപന്നങ്ങളുമായി ഭർത്താവിനൊപ്പം ദുബായിലെത്തിയതാണ് മാമ.  വർഷങ്ങളായി ആഫ്രിക്കൻ വില്ലേജിലെ നിറസാന്നിധ്യം.

 കോഫി, ദിൽക, ടർമറിക്, തുടങ്ങി വിവിധ സ്ക്രബുകളുടെയും ബോഡി മാസ്കുകളുടെയും സുഡാനീസ് ഹെന്നയുടെയും വലിയ ശേഖരം കാണാം. ഇതുകൂടാതെ അകേഷ്യ വിത്തുകൾ, ബെയ്ബാബ് പഴങ്ങൾ, തുടങ്ങിയ പോഷകാഹാരങ്ങളുടെ വ്യത്യസ്തമായ ചേരുവുകളും ഇവിടെ കിട്ടും. 

മരത്തിലും സോപ് സ്റ്റോണിലുമായി കൊത്തിയുണ്ടാക്കിയ അലങ്കാര വസ്തക്കളാണ് ഏറെയും.  മരംകൊണ്ടുള്ള കരകൌശലവസ്തുക്കൾ അധികവും കെനിയയിൽ നിന്നാണ്. ഉപഭോക്താക്കളിലേറെയും മലയാളികളെന്ന് പറയുന്നു ഇവർ

പറഞ്ഞുതീരുന്നതിനുമുൻപ് മലയാളി കുടുംബത്തെയും കണ്ടു പവലിയനിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറെ ആകർഷകമാണ് പവലിയനെന്ന് പറയുന്നു ഇവർ

ജെനുവിൻ ലതർ ഉൽപന്നങ്ങൾക്കും ഇവിടെ വന്നാൽ മതി, പഴ്സുകളും ബാഗുകളും ബെൽക്കുറ്റുകളുമെല്ലാം നല്ല ഗുണനിലവാരത്തിൽ ലഭിക്കും. റാപ്പ് റൌണ്ടിന് സമാനമായ കികോയി, ഷാളുകൾ, ബാഗുകൾ തുടങ്ങിയവയാണ് തൻസാനിയ സ്റ്റോളിൽലെ ആകർഷണങ്ങൾ. കോവിഡ് പ്രതിസന്ധിക്ക് ശേഷം വന്ന സീസണിൽ നല്ല പ്രതികരണമാണെന്ന് കച്ചവടക്കാർ പറയുന്നു

തനത് ആഫ്രിക്കൻ വസ്ത്രങ്ങളും സുഗന്ധനവ്യഞ്ജനങ്ങളും കരകൌശലവസ്തുക്കളും കോസ്മറ്റിക്സുമൊക്കെയായി 82 സ്റ്റോളുകളുണ്ട് ഇവിടെ. പവലിയനിലെത്തിയാൽ ആഫ്രിക്കക്കാരുടെ   ഹെയർ സ്റ്റൈൽ പരീക്ഷിച്ച് മടങ്ങാം.  

MORE IN GULF THIS WEEK
SHOW MORE