ടിക്കറ്റിനൊപ്പം ഹയാ കാർഡും വേണം; ഗൾഫ് വിളിക്കുന്നു

Gulf-This-Week-n
SHARE

ഖത്തർ ഫിഫ ലോകക്കപ്പിന് ഇനി ആഴ്ചകൾ മാത്രം. ടിക്കറ്റിനൊപ്പം ഹയാ കാർഡും കൈവശമുള്ളവർക്ക് മാത്രമാണ് ഖത്തറിലേക്ക് പ്രവേശനമെന്ന് ഇതിനകം നമുക്കെല്ലാം അറിയാം. എന്നാൽ ഹയാ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ  വീസ നൽകിയിരിക്കുകയാണ് ജിസിസി രാജ്യങ്ങൾ. സൌദി വഴി കരമാർഗവും എത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഖത്തർ അതിന്‍റെ വിശദാംശങ്ങൾ നോക്കാം.

ഫിഫ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും ഹയാ കാർഡ് ഉടമകളെ കാത്തിരിക്കുന്നത് ഗൾഫ് മേഖലയിലെ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും കണ്ടു മടങ്ങാനുള്ള അനന്തസാധ്യതകളാണ്. സഞ്ചാരികളെ നാട്ടിലേക്ക് ആകർഷിക്കാൻ  കളി കാണാനെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വീസ നൽകിയിരിക്കുകയാണ് ജിസിസി രാജ്യങ്ങൾ.   ഹയാ കാർഡിനായി രജിസ്റ്റർ ചെയ്തവർക്ക് യുഎഇയിൽ നവംബർ ഒന്ന് മുതൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസകൾക്ക് അപേക്ഷിക്കാം. 100 ദിർഹം ഒറ്റത്തവണ ഫീസ് നൽകണം.  രാജ്യത്ത് പ്രവേശിക്കാനും  90 ദിവസം വരെ തങ്ങാനും കഴിയും.  പിന്നീട് വേണമെങ്കിൽ 90 ദിവസം കൂടി ഇത് ദീർഘിപ്പിക്കാം.  10 ലക്ഷം ഫുട്ബോൾ ആരാധകരെ ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിരക്കിലാണ് ദുബായ്. കൂടാതെ ഫ്ലൈ ദുബായി ദോഹയിലേക്ക് ഷട്ടിൽ സർവീസ് നടത്തും. 950 ദിർഹം മുതലാണ് നിരക്ക്. ഒറ്റ മാച്ചിനായി ഷട്ടിൽ ടിക്കറ്റ് എടുക്കുന്നവർ 24 മണിക്കൂറിനകം ദുബായിൽ തിരിച്ചെത്തണം.  ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരിച്ചുകിട്ടില്ല. ഖത്തർ എയർവേയ്സും ദുബായിൽ നിന്ന് ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. 24 മണിക്കൂറിന് അകമുള്ള റിട്ടേണ്‍ ടിക്കറ്റിന് 975 ദിർഹമാണ് നിരക്ക്.

അതേസമയം ഖത്തർ ലോകകപ്പ് കാണാനെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക്  സൌദി അറേബ്യ ഇ വീസ സേവനം തുടങ്ങി . മൾട്ടിപ്പിൾ എന്‍ട്രി വീസ സൌജന്യമായാണ് സൌദി  നൽകുന്നത്.   ലോകക്കപ്പ് തുടങ്ങുന്നതിന് പത്ത് ദിവസം മുൻപ് തന്നെ ഹയാ കാർഡ് ഉടമകൾക്ക് സൌദി സന്ദർശിക്കാം. ഡിസംബർ അവസാനം വരെ തുടരാനും കഴിയും. അറുപത് ദിവസം വരെ  സൌദിയിൽ തങ്ങാൻ അനുവദിക്കുന്നതാണ് വീസ. ഇക്കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും സൌദി സന്ദർശിച്ചുമടങ്ങാം. ഖത്തർ വഴിയാകണം സന്ദർശനമെന്നും നിർബന്ധമില്ല.  മുസ്ലിം മതവിശ്വാസികളായ ഹയാ കാർഡ് ഉടമകൾക്ക് ഉംറ നിർവഹിക്കാനും മദീനയിൽ സന്ദർശനം നടത്താനും    സൌദി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വീസ സൌജന്യമാണെങ്കിലും വീസ പ്ലാറ്റ് ഫോം വഴി മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമായി എടുത്തിരിക്കണം.   

റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് ദിവസം 60 വിമാനസർവീസുകളാണ് ഖത്തറിലേക്കും തിരിച്ചുമായി ഇക്കാലയളവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.    സൌദിയിൽ താമസിച്ച് ഖത്തറിലെ കളി കണ്ട് മടങ്ങാനാകും വിധം ആണ് ക്രമീകരണങ്ങൾ. അതേസമയം ആരാധകരെ സ്വീകരിക്കാന്‍ സൗദി അറേബ്യയുമായുള്ള ഖത്തറിന്‍റെ കര അതിര്‍ത്തിയായ അബു സമ്രയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.    നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയാണ് ലോകകപ്പ് ആരാധകര്‍ക്ക് റോഡ് മാര്‍ഗമുള്ള പ്രവേശനം. ഖത്തറിലേയ്ക്ക് വരുന്നവരുടെ കൈവശം ഹയാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ആരാധകരുടെ പ്രവേശന നടപടികള്‍ സുഗമമാക്കാന്‍ അബു സമ്ര അതിര്‍ത്തിയിലെ പാസ്‌പോര്‍ട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.  ലോകകപ്പ് ആരാധകര്‍, ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍ എന്നിവര്‍ക്കുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.മണിക്കൂറില്‍ 4,000 പേരെ സ്വീകരിക്കാന്‍ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ലോകകപ്പ് ടൂര്‍ണമെന്‍റ് സെക്യൂരിറ്റിയുടെയും ഔദ്യോഗിക വക്താവ് കേണല്‍  ഡോ.ജാബര്‍ ഹമൗദ് അല്‍ നുഐമി വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.  വാണിജ്യാവശ്യങ്ങള്‍ക്കുള്ള ട്രക്കുകള്‍ക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തി. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 22 വരെ രാത്രി 11.00 മുതല്‍ പുലര്‍ച്ചെ 6.00 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ.    അബു സമ്ര ചെക്ക് പോയിന്‍റി എത്തുന്നവര്‍ക്ക്  സെന്‍ട്രല്‍ ദോഹയിലെ അല്‍ മെസില്ല, അല്‍ ഖലായെല്ലിലെ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയ എന്നിവിടങ്ങളിലേയ്ക്ക് പോകാന്‍ സൗജന്യ ബസ് യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 5 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് അതിര്‍ത്തിയില്‍ പ്രവേശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.   ഖത്തർ പൌരൻമാർക്കും താമസക്കാരായ പ്രവാസികൾക്കും ഒഴികെ എല്ലാവർക്കും ഹയാ കാർഡ് നിർബന്ധം1.ഖത്തർ പൗരന്മാരും പ്രവാസി താമസക്കാരും പാസ്പോർട്ട് കൈവശമുണ്ടാകണം. സഞ്ചരിക്കുന്ന വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഖത്തറിന്‍റേത് ആയിരിക്കണം.2.  വാഹന എന്‍ട്രി പെര്‍മിറ്റ് എടുത്ത് സ്വന്തം വാഹനങ്ങളില്‍ വരുന്നവരിൽ ഡ്രൈവര്‍ക്ക് ഹയാ പോര്‍ട്ടല്‍ അംഗീകരിച്ച ഇടത്ത് കുറഞ്ഞത് 5 ദിവസത്തെ  താമസ സൗകര്യം ഉണ്ടായിരിക്കണം.   ഹയാപോർട്ടൽ വഴി പെർമിറ്റിനായി അപേക്ഷിച്ചാൽ ഇൻറൂഷൻസ് എടുക്കാനുള്ള ലിങ്ക് സഹിതം ഇമെയിൽ ലഭിക്കും. ഇതുവഴി ഇൻറൂഷൻസ് എടുത്തശേഷം വീണ്ടും ഹയാ പോര്‍ട്ടലില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ 5,000 റിയാല്‍ അടച്ച് വാഹനത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് എടുക്കണം. ഈ തുക തിരികെ ലഭിക്കില്ല. പെർമിറ്റ് ഒറ്റതവണയെ ഉപയോഗിക്കാൻ പാടുള്ളൂ. ആറുപേരിൽ കൂടരുത്. 3.  24 മണിക്കൂറിനിടെ ഒന്നോ അതിലധികമോ മൽസരം കാണാന്‍ വേണ്ടി മാത്രം എത്തുന്ന ആരാധകര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ ഇല്ലാതെ തന്നെ രാജ്യത്തെത്തി മടങ്ങാം. അതിര്‍ത്തിയിലെ കാര്‍ പാര്‍ക്കിങ്ങില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഖത്തറിലേയ്ക്ക് എത്തുന്നതിന് മുന്‍പേ ബുക്ക് ചെയ്യണം. പാര്‍ക്കിങ് റിസര്‍വേഷന്‍ സര്‍വീസ് നവംബര്‍ 1 മുതല്‍ ലഭ്യമാകും. ഹയാ കാര്‍ഡ് ഉപയോഗിച്ച് ബുക്കിങ് നടത്താം. രാജ്യത്തേയ്ക്ക് പ്രവേശിക്കുന്ന സമയം മുതല്‍ 24 മണിക്കൂര്‍ വരെ ഇവിടെ പാര്‍ക്കിങ് സൗജന്യമാണ്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ 1,000 റിയാല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. 48 മണിക്കൂറില്‍ കൂടുതല്‍ സമയം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തു മാറ്റും. അതിന് 1,000 റിയാല്‍ കൂടി ഈടാക്കും.  4. ബസിലെത്തുന്നവര്‍ അബു സമ്ര ചെക്ക് പോയിന്‍റിലെ അറൈവല്‍ ലോഞ്ചിലെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. 5. അടിയന്തിര  ആവശ്യങ്ങൾക്ക് രാജ്യത്തേക്ക് വരണ്ടേവർ  ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴി എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം. യോഗ്യരെങ്കിൽ ആറ് മണിക്കൂറിനകം പെർമിറ്റ് ഇ മെയിൽ വഴി ലഭിക്കും. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ഒമാനും മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ചു. 60 ദിവസത്തെ കാലാവധിയുള്ള സൗജന്യ വീസയാണ് ലഭിക്കുക . കുടുംബാംഗങ്ങളെയും ഇവര്‍ക്കൊപ്പം ഒമാനില്‍ താമസിപ്പിക്കാനാകും. 60 ദിവസം വരെ രാജ്യത്ത് തങ്ങാനാകും.  11 ഗവര്‍ണറേറ്റുകളിലായി 20,000 ഹോട്ടല്‍ മുറികളും 200 റിസോര്‍ട്ടുകളുമാണ് രാജ്യത്ത് ലോകകപ്പ് ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്നത്.  മസ്കറ്റിൽ നിന്ന് ദോഹയിലേക്ക് ഒമാന്‍ എയറിന്‍റെ പ്രതിദിന ഷട്ടിൽ സര്‍വീസുകളുമുണ്ടാകും. ഇ ഫുട്‌ബോള്‍ ആരാധകര്‍ക്കായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററിലെ ഒമാന്‍ ഗാര്‍ഡനില്‍ വേള്‍ഡ് കപ്പ് ഫെസ്റ്റിവലും നടത്തും. മൾട്ടിപ്പിൾ എന്‍ട്രി വീസ നൽകുന്ന കാര്യത്തിൽ കുവൈത്ത് ഇതുവരെ വ്യക്ത വരുത്തിയിട്ടില്ലെങ്കിലും ദോഹയിലേക്ക് 13 സർവീസുകൾ ദിനംപ്രതി നടത്തുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഖത്തറിൽ ഹയാ കാർഡ് നൽകുന്നതിനുള്ള സംവിധാനങ്ങൾ വിപൂലീകരിച്ചു. നവംബര്‍ 1 മുതല്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലെ  ഹയാ കാര്‍ഡ് സെന്‍ററിൽ കൌണ്ടറുകളുടെ  40 ല്‍ നിന്ന്   80 ആക്കും. ഹയാ കാര്‍ഡിന്‍റെ  പ്രവര്‍ത്തനം സുഗമമാണെന്നും ലോകകപ്പ് മത്സര ടിക്കറ്റെടുത്തവരില്‍ 75 ശതമാനം പേരും ഹയാ കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഡിഇസിസി ഹയാ കാര്‍ഡ് സര്‍വീസ് സെന്റര്‍ ഡയറക്ടര്‍ സാദ് അല്‍ സുവൈദി വ്യക്തമാക്കി.സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് പഴുതടച്ച സുരക്ഷയാണ് ഹയാ കാര്‍ഡില്‍ ഉറപ്പാക്കിയിരിക്കുന്നത്. കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക പ്രശ്നങ്ങളും നേരത്തെ തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഹയാ കാര്‍ഡിന്‍റെ പ്രിന്‍റ് കൈവശം വേണമെന്നില്ല. എന്നാല്‍ ഡിജിറ്റല്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്.  ഖത്തറിലെ  രണ്ട് ഹയാ കാര്‍ഡ് സെന്ററില്‍ എവിടെ നിന്നു വേണമെങ്കിലും ടിക്കറ്റ് ഉടമകള്‍ക്ക് ആവശ്യമെങ്കില്‍ കാര്‍ഡ് പ്രിന്‍റ് ചെയ്യാം.  പ്രിന്‍റഡ് കാര്‍ഡിനായി എത്തുന്നവരുടെ കൈവശം ടിക്കറ്റ് നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഐഡി കാര്‍ഡ് പകര്‍പ്പ്, താമസം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണമെന്ന്  സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഖുവാരി   വിശദമാക്കി. അതേസമയം  ടൂര്‍ണമെന്‍റിനിടെ അയല്‍രാജ്യങ്ങളില്‍ നിന്നും ദോഹയിലേയ്ക്കും തിരിച്ചും പ്രതിദിനം അഞ്ഞൂറോളം ഷട്ടില്‍വിമാന സര്‍വീസുകളാണ് നടത്തുന്നതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കാന്‍ 18 നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ്  വെട്ടിക്കുറച്ചത്.  ആരാധകരുമായി എത്തുന്ന യാത്രാ വിമാനങ്ങള്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥല ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.  ലോകകപ്പിലേയ്ക്ക് 15 ലക്ഷത്തിലധികം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE