പറക്കുന്ന കാറുകളും ബൈക്കുകളും; സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം തുറന്ന് 'ജൈറ്റക്സ്'

Gulf-This-Week
SHARE

പുത്തൻ  സാങ്കേതിക വിദ്യകളുടെ വിസ്മയ സൌന്ദര്യവുമായി  ദുബായിയിൽ  ജൈറ്റക്സ് ഗ്ലോബൽ 2022. പറക്കുന്ന കാറും ബൈക്കും,, വായു ശുദ്ധീകരിക്കുന്ന ഹെഡ് സെറ്റും,, ഡെലിവറി ഡ്രോണുകളുമൊക്കെയായി ഭാവിയുടെ സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകമാണ് ജൈറ്റക്സ് തുറന്നുവയ്ക്കുന്നത്.  26 ഹാളുകളിലായി അയ്യായിരം സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഭാവിയുടെ ലോകവും കാഴ്ചകളും കണ്ടുവരാം.

സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ട് പരിചയിച്ച പറക്കും കാർ. അതാണ്  ജൈറ്റക്സിന്‍റെ പ്രധാന ആകർഷണം. ചൈനീസ് കമ്പനികളായ  എക്സപെങ്ങും  ഇഹാങ്ങുമാണ്  കാറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടിലും രണ്ടുപേർക്ക് ഇരുന്ന് യാത്ര ചെയ്യാം.  ആയിരം മീറ്റർ ഉയരത്തിൽ  130 കിലോമീറ്റർ വേഗത്തിൽ   പറക്കാനാകും എക്സ് പെങ്ങിന്‍റെ എയ്റോ എച്ച് ടിക്ക് . ജൈറ്റക്സ് ഗ്ലോബൽ 2022ൽ ആണ് ആദ്യമായി പരീക്ഷിച്ചത്. പൂര്‍ണമായും കാര്‍ബണ്‍ ഫൈബറിലാണ്  നിര്‍മിച്ചിരിക്കുന്നത്. ബാറ്ററിയിൽ പ്രവര്‍ത്തിക്കുന്നതിനാൽ കാര്‍ബണ്‍ ബഹിര്‍ഗമനമില്ല.

അതേസമയം എത്തിസെലാത്തുമായി ചേർന്ന്  ഇഹാങ് അവതരിപ്പിച്ച പാസഞ്ചർ ഡ്രോണിന്  മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പറക്കും. 45 കിലോമീറ്റർ വരെ യാത്ര ചെയ്യാം. പൂർണമായും നിർമിതബുദ്ധിയിലാണ് പ്രവർത്തനം. 

കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ശേഷിയുള്ള കാറുകൾ ഹ്രസ്വദൂര യാത്രകൾക്കും, മെഡിക്കൽ ട്രാന്‍സ്പോര്‍ട്ടേഷനും അനുയോജ്യം. ജപ്പാനിൽ നിന്നാണ് പറക്കും ബൈക്കിന്‍റെ വരവ്. പെട്രോളും ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ്   പ്രത്യേകത. പരമാവധി വേഗം  മണിക്കൂറിൽ നൂറു കിലോമീറ്റർ.  തുടര്‍ച്ചയായി മുക്കാൽ മണിക്കൂര്‍ പറക്കാനാകും.    ഏഴരക്കോടിയാണ് നിലവിലെ വില

എത്തിസലാത്തും കാഡിലാക് കാർ കമ്പനിയും ചേർന്ന് അവതരിപ്പിച്ച ഡ്രൈവറില്ലാ കാറാണ് ഇത്. 2030ൽ ദുബായിലെ റോഡിൽ കാർ ഓടിത്തുടങ്ങും.  പൂർണമായും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കാറിന്റെ മാതൃക പ്രദർശനത്തിലുണ്ട്. ദുബായ് ആർടിഎയുടെ ഡ്രൈറില്ലാ ടാക്സിയുടെ മോഡൽ അടുത്ത വർഷം നിരത്തിലോടും. ഡിസംബറോടെ ജുമൈറയിൽ ഡ്രൈവറില്ലാ ടാക്സികൾ പരിശീലന ഓട്ടം തുടങ്ങും. 

40 സെന്‍റീമിറ്റർ ചുറ്റളവിൽ വായുശുദ്ധീകരിക്കുന്ന ഹെഡ് സെറ്റാണ് തായ്വാൻ പവലിയനിലെ മുഖ്യ ആകർഷണം.  വീഡിയോ കോണ്‍ഫ്രറൻസിങിന് സഹായകമാകുന്ന ക്യാമറകൾ,, എളുപ്പത്തിൽ ഫോട്ടോ കോപ്പിയെടുക്കാവുന്ന ക്യാമറ , വസ്ത്രങ്ങൾ കപ്രസ് ചെയ്ത് സ്ഥലം ലാഭിക്കാവുന്ന ബാഗുകളും കംപ്രസറും തുടങ്ങി 17 ഉൽപന്നങ്ങളാണ് തായ്വവാൻ പവലിയനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ്ടാനുസരണം ചായയും കാപ്പിയും ഉണ്ടാക്കി തരും ഈ മെഷീൻ

ഓടി നടന്ന് സാനിറ്റൈസ് ചെയ്യുന്ന റോബർട്ട് ആണ് മറ്റൊരു ആകർഷണം ദുബായ് പൊലീസിനു വേണ്ടി മാത്രം പുറത്തിറക്കുന്ന ഗിയാത്ത് എസ്‌യുവികളാണിത്. പട്രോളിങ് ആവശ്യങ്ങൾക്കായി നിരത്തിലിറക്കിയിരിക്കുന്ന കാറുകളിൽ എല്ലാ നിർദേശങ്ങളും ഡിജിറ്റൽ സ്ക്രീനിലെത്തും. വഴിയിലെ തടസുകളും മറ്റുമറിയാൻ ഡ്രോണും വണ്ടിയിൽ സജ്ജം.  ദുബായ് പൊലീസിനു മാത്രമായി നിർമിക്കുന്നതാണ് ഇത്. നൂറിലേറെ പട്രോളിങ് വാഹനം ഉടൻ നിരത്തിലെത്തും. 

എണ്ണിയാലൊടുങ്ങാത്ത അത്രയും ഉപകരണങ്ങളുണ്ട് ജൈറ്റക്സിൽ. ഇത്തവണ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ പകുതിയിലധികവും ആദ്യമായാണ് ജൈടെക്സിലെത്തുന്നത്. വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പരസ്പരസഹകരണത്തിനുള്ള അവസരമാണ് ജൈടെക്സ്.  ഭാവിയുടെ സാങ്കേതിക വിദ്യകൾ പഠിക്കാനും സ്വയം അപ്ഡേറ്റ് ചെയ്യാനുമെത്തുന്നവരാണ് കൂടുതലും.   

നിർമിത ബുദ്ധി, 5 ജി, ക്ലൗഡ്, ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്,  ഫിൻ‌ടെക്, തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ജൈടെക്സ് . സൈബർ സുരക്ഷയ്ക്ക് മാത്രമായി പ്രദർശനത്തിന്‍റെ വലിയൊരുഭാഗം മാറ്റിവച്ചിട്ടുണ്ട്. മാറുന്ന കാലഘട്ടത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ വിഭാഗം

ഇന്ത്യയിൽ നിന്നും ഒട്ടേറെ സ്ഥാപനങ്ങൾ ജൈടെക്സിൻറെ ഭാഗമായിട്ടുണ്ട്. കേരള ഐടിയുടെയും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെയും നേതൃത്വത്തിൽ 70ൽ ഏറെ സ്ഥാപനങ്ങൾ പ്രദര്‍ശനത്തിലുണ്ട്. ടെക്നോ പാര്‍ക്ക് സൈബര്‍ പാര്‍ക്ക്, ഇൻഫോപാര്‍ക്ക് എന്നിവിടങ്ങളിൽ നിന്നായി 30 സ്ഥാപനങ്ങളാണുള്ളത്.  ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംഗമമായ നോര്‍ത്ത് സ്റ്റാറും ജൈടെക്സിൻറെ ഭാഗമാണ്. 15 രാജ്യങ്ങളിൽ നിന്നുള്ള 35 കമ്പനികളാണ്  പങ്കെടുക്കുന്നത്. .അയ്യായിരത്തിലധികം സ്ഥാപനങ്ങളും ഒരു ലക്ഷത്തോളം പ്രദര്‍ശകരുമാണ് ജൈടെക്സിലുള്ളത്.  കോവിഡ് വരുത്തിയ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പ്രർദശനത്തിൽ ജനപങ്കാളിത്തംകൊണ്ടും മുൻപന്തിയിലാണ്.  എന്‍റർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂനിവേഴ്സ് എന്ന് പറഞ്ഞാണ് ജൈടെക്സ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. അതിനൂതന സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് സന്ദര്‍ശകരെ കൈപിടിച്ച് നടത്തുകയാണ് ജൈടെക്സിലൂടെ ദുബായ്  

MORE IN GULF THIS WEEK
SHOW MORE