യുഎഇയിൽ ഇനി എല്ലാം സിംപിൾ; പുതിയ വീസ നിയമം; അറിയേണ്ട കാര്യങ്ങൾ

gulf-this-week
SHARE

യുഎഇയുടെ പുതിയ വീസ നിയമം അടുത്തമാസം മൂന്നിന് പ്രാബല്യത്തിലാകും. വിവിധ മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതികളെയും നിക്ഷേപകരെയും സഞ്ചാരികളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിഷ്കാരം. ടൂറിസ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ രാജ്യത്തിന്‍റെ മൽസരക്ഷമത മെച്ചപ്പെടുത്താൻ മാറ്റം വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. 

യുഎഇയിലെ ജനസംഖ്യയിൽ  85 ശതമാനത്തിലേറപേർ വിദേശികളാണ്. ഇതിൽ ബഹുഭൂരിപക്ഷവും ജോലി ആവശ്യങ്ങൾക്കായാണ് ഇവിടെയെത്തിയത്. വർക്ക് വീസയുടെ ബലത്തിൽ താമസിക്കുന്നവരാണ് ഏറെയും. എന്നാൽ പുതിയ പരിഷ്കാരത്തോടെ,, യുഎഇയിൽ അല്ല ജോലിയെങ്കിൽ പോലും  വിദേശികൾക്ക് രാജ്യത്ത് ഏറെക്കാലം കഴിയാനാകും.    

ഗ്രീൻ വീസ, വർച്യുൽ വീസ, ഒന്നിലേറെ തവണ വന്നുപോകാവുന്ന  ദീർഘകാല ടൂറിസ് വീസ, തൊഴിൽ അന്വേഷകർക്കുള്ള വീസ എന്നിവയാണ് പുതുതായി തുടങ്ങിയത്.  കൂടുതൽ മേഖലകളിലേക്ക് ഗോൾഡൻ വീസയും വ്യാപിപ്പിച്ചു. ഒപ്പം നേരത്തെയുള്ള മറ്റ് വീസകളിലും ഭേദഗതി  വരുത്തി. പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ - മൾട്ടി എൻട്രീ വീസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത്  60 ദിവസം വരെയാക്കി. നേരത്തെ ഇത് 30 ആയിരുന്നു

ഗ്രീൻ വീസയാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വന്തം സ്പോൺസർഷിപ്പിൽ രാജ്യത്ത് ജോലിയും ബിസിനസും ചെയ്യാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ. വിദഗ്ധ തൊഴിലാളികൾ, സ്വയം സംരംഭകർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് ഗ്രീൻ വീസ ലഭിക്കും. വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻവീസാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകും.  യുഎഇയിലെ നിക്ഷേപകർ/ബിസിനസ് പങ്കാളികൾ എന്നിവർക്കും 5 വർഷത്തെ ഗ്രീൻ വീസയിലേക്കു മാറാം. ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികശാസ്ത്രം തുടങ്ങി 9 മേഖലകളിലെ അതിവിദഗ്ധർക്കും ഗ്രീൻ വീസ ലഭിക്കും. പ്രതിമാസം 15,000 ദിർഹമോ അതിൽ കൂടുതലോ സമ്പാദിക്കുന്ന ബാച്ചിലേഴ്സ് ഡിഗ്രിയുള്ളവരും യുഎഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉള്ളവരും ആയിരിക്കണം. ഗ്രീൻ വീസാ ഉടമകളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കു വീസ ലഭിക്കും.  25 വയസുവരെയുള്ള കുട്ടികളെ പരിധിയില്ലാതെ സ്പോണ്‍സർ ചെയ്യാനും കഴിയും. സ്കൂൾ കോളജ് കാലാവധി കഴിഞ്ഞാലും ഇവർക്ക് യുഎഇയിൽ തുടരാൻ ഇത് സഹായകമാകും. വിവാഹതിരല്ലാത്തെ പെണ്‍കുട്ടികളെ പരിധിയില്ലാതെ സ്പോണ്‍സർ ചെയ്യാം. നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്ക് റസിഡന്‍റ്സ് വീസ ലഭിക്കും. ഇതിന് പ്രായപരിധിയില്ല.

ഗ്രീൻ വീസ ഉടമകൾക്ക് വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാം. എന്നാൽ വീസാ കാലാവധി കഴിഞ്ഞും യുഎഇയിൽ തങ്ങുന്നവർക്ക് ആദ്യ ദിവസം 125 ദിർഹവും  തുടർന്നുള്ള ഓരോ ദിവസത്തിനും 25 ദിർഹം   വീതവും പിഴ ചുമത്തും. അനധികൃത താമസം 6 മാസത്തിൽ കൂടിയാൽ പ്രതിദിനം 50 ദിർഹം പിഴ നൽകണം.  ഒരു വർഷത്തിൽ കൂടിയാൽ 100 ദിർഹം ആയിരിക്കും പിഴ. ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു താമസിക്കുന്നവരുടെ ഗ്രീൻ വീസ റദ്ദാകും. അതേസമയം തൊഴിൽമേഖലിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് രാജ്യത്തേക്ക് കൂടുതൽപേരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് വെർച്വൽ വീസ നൽകുന്നത്. യുഎഇയിൽ താമസിച്ച് വിദേശകമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് ഇത്.  ഒരു വർഷം കാലാവധിയുള്ള വീസ  സ്വന്തം സ്പോണ്‍സർഷിപ്പിൽ ലഭിക്കും. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ വ്യവസ്ഥയുണ്ട്.  ജോലി ചെയ്യുന്ന കമ്പനിക്ക് യുഎഇയിൽ ഓഫിസോ റജിസ്ട്രേഷനോ ആവശ്യമില്ല.  യുഎഇയുടെ പുറത്തുള്ള കമ്പനിയിൽ ജോലി ചെയ്യുന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉള്ളവർക്ക് വീസയ്ക്കായി അപേക്ഷിക്കാം.   ജീവനക്കാരനു വർക്ക് ഫ്രം ഹോം എന്ന നിലയിൽ യുഎഇയിലെ റസിഡന്‍റായി ഒരു വർഷം കഴിയാം.  മാസം കുറഞ്ഞത്  5000 ഡോളർ ശമ്പളം വേണം. സാലറി സ്ലിപും കഴിഞ്ഞ മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്‍റും സഹിതമാണ് അപേക്ഷിക്കേണ്ടത്.  പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസം കാലാവധിയുണ്ടായിരിക്കണം. യുഎഇയിൽ മെഡിക്കൽ ഇൻഷൂറൻസും നിർബന്ധം. കമ്പനി ഉടമയാണെങ്കിൽ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന  രേഖകൾക്കൊപ്പം മാസം കുറഞ്ഞത് 5000 ഡോളർ ദിർഹം വരുമാനമുണ്ടെന്നും തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.    

തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകരമാകുന്നതാണ് ജോബ് എക്സ്പ്ലോളർ വീസ.  യുവ പ്രതികളെയും  പ്രഫഷണലുകളെയും ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  സ്പോൺസറുടെ ആവശ്യമില്ല. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൈപുണ്യ തലത്തിൽ മൂന്നായി തരതിരിച്ചവർക്ക് അപേക്ഷിക്കാം.  

ടെംപ്രററി വർക് പെർമിറ്റ് ലഭിക്കാനും പുതിയ ഭേദഗതി അനുവദിക്കുന്നുണ്ട്. താൽക്കാലിക ജോലി ആവശ്യങ്ങൾക്കായ് തൊഴിൽ ഉടമയുടെ സ്പോണ്‍സർഷിപ്പിൽ ടെംപ്രററി വേർക് പെർമിറ്റ് കരസ്ഥമാക്കി യുഎഇയിൽ വരാം.  നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പുതിയ ബിസിനസ് എൻട്രി വീസയും അനുവദിച്ചിട്ടുണ്ട്. ഇതിനും സ്പോർണർ ആവശ്യമില്ല. 

ഗോൾഡൻ വീസയിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഏതാനും വർഷങ്ങളായി വിദേശികളെ യുഎഇയിൽ ഏറ്റവും അധികം ആകർഷിക്കുന്ന ഘടകമാണ് ഗോൾഡൻ വീസ. വിവിധ മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും നിക്ഷേപകരെയും കലാകാരൻമാർക്കും  മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കുമാണ് 10 വർഷത്തേക്കുള്ള  ഗോൾഡൻ വീസ നൽകി വരുന്നത്. ഗോൾഡൻ വീസ ഉടമകൾക്ക് കുടുംബാംഗങ്ങളെയും ജീവനക്കാരെയും സ്പോണ്‍സർ ചെയ്യാനാകും. വിദേശങ്ങളിൽ നിന്നു ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാം. ഗോൾഡൻ വീസയുള്ളവർ മരിച്ചാൽ ആശ്രിതർക്ക് വീസാ കാലാവധി കഴിയും വരെ രാജ്യത്ത് തങ്ങാമെന്നതും പ്രത്യേകതയാണ്.  യുഎഇയ്ക്ക് പുറത്ത് എത്രകാലം വേണമെങ്കിലും കഴിയാം. വീസ കാലാവധി തീർന്നാലും 6 മാസം വരെ രാജ്യത്ത്ത ങ്ങാനാകും.    ലഭിച്ച വീസയുടെ കാലാവധിയുമായി ബന്ധിപ്പിച്ചതായിരിക്കും തിരിച്ചറിയൽ കാർഡിന്‍റെ കാലാവധി. വീസാ    കാലാവധിക്കനുസൃതമായി തിരിച്ചറിയൽ കാർഡും പുതുക്കണം. തിരിച്ചറിയൽ കാർഡിന്‍റെ കാലാവധി തീർന്നാൽ 30 ദിവസത്തിനുള്ളിൽ  പുതുക്കിയിരിക്കണം.

നിക്ഷേപകരെ ആകർഷിക്കാൻ വൻ ഓഫറുകളാണ് ഗോൾഡൻ വീസ ഉടമകൾക്ക് അബുദാബി സർക്കാർ നൽകുന്നത്. ഇതിനായി  ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ ഒട്ടേറെ പ്രമുഖ ബ്രാൻഡുകളുമായി അബുദാബി റസിഡന്‍റ്സ് ഓഫിസ് കരാറിലേർപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വിവിധ മേഖലകളിൽ വലിയതോതിലുള്ള ഇളവുകളാണ് വാഗ്ദാനം ചെയ്യുന്നത്.  വസ്തുവകകളിൽ 2 ദശലക്ഷം ദിർഹത്തിന്‍റെ  നിക്ഷേപമോ ഒരു ദശലക്ഷം ദിർഹത്തിൽ കുറയാത്ത സമ്പാദ്യമോ ഉള്ള 55ന് മുകളിൽ പ്രായമുള്ളവർക്ക് റിട്ടയർമെന്‍റ് വീസ ലഭിക്കും.  പ്രതിമാസം 20,000 ദിർഹത്തിൽ കുറയാത്ത സജീവ വരുമാനമുള്ളവർക്കും അപേക്ഷിക്കാം.  പരിധിയില്ലാതെ ഇവർക്ക് യുഎഇയിൽ വന്നുപോകാം. അഞ്ചുവർഷം കൂടുമ്പോൾ പുതുക്കണം.

അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനും സ്പോൺസറുടെ ആവശ്യമില്ല. പ്രവാസി കുടുംബങ്ങൾക്കും ബിസിനസ്സ് യാത്രക്കാർക്കും അഞ്ച് വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വരാനും പോകാനും കഴിയും. ഓരോ സന്ദർശനത്തിലും  90 ദിവസം വരെ തങ്ങാം, ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും സംവിധാനമുണ്ട്. വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള ആറുമാസത്തിനിടെ   14,700 ദിർഹത്തിന്‍റ് ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ തുല്യമായ തുകയുടെ വിദേശകറൻസി അക്കൌണ്ടിൽ ഉള്ളതിന്‍റെ രേഖകൾ നൽകണം. പുതിയ ഭേദഗതി അനുസരിച്ച് യുഎഇയിലെ താമസക്കാരെ സന്ദർശിക്കാൻ ബന്ധുക്കൾക്ക് സ്പോണ്‍സറെ ആവശ്യമില്ല. അതേസമയം പഠനകാര്യങ്ങൾക്കായ് വരുന്നവരെ അംഗീകൃത സർവകലാശാലകളോ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളോ സ്പോണ്‍സർ ചെയ്യണം. പഠനത്തിന്‍റെ വിശദാംശങ്ങളും കാലാവധിയും വ്യക്തമാക്കുന്ന സ്പോണ്‍സറുടെ കത്തും ചേർത്താണ് അപേക്ഷിക്കേണ്ടത്. യുഎഇയുടെ വികസനകുതിപ്പിന് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടാണ് വീസ നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നതെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. 

MORE IN GULF THIS WEEK
SHOW MORE