സ്വാതന്ത്ര്യദിനത്തിൽ വേറിട്ട ആഘോഷം; യുഎഇയിൽ ഒരുമിച്ച് ഇന്ത്യയും പാക്കിസ്ഥാനും

gulf-this-week
SHARE

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ യുഎഇയിലും വിപുലമായ പരിപാടികളാണ്. ആഘോഷം ഒരുമിച്ചാക്കി ഇന്ത്യയും പാക്കിസ്ഥാനും ദുബായിലെ വേറിട്ട കാഴ്ചയായി.  യുഎഇയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മയാണ് സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും ഐക്യത്തിന്‍റെയും സന്ദേശമുയർത്തി 75ാം വാർഷികം കെങ്കേമാക്കിയത്.

സ്വാതന്ത്ര്യത്തിന്‍റെ 75 ആണ്ടുകൾ. അത് യുഎഇ പോലൊരു രാജ്യത്ത് കൊണ്ടാടുമ്പോൾ എങ്ങനെയാവുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ കാണുന്നത്. സാഹോദര്യവും ഐക്യവും മുന്നോട്ടുവയ്ക്കുന്ന ഒരുപാട് നന്മകളുള്ള രാജ്യത്ത് നിന്നാകുമ്പോൾ ആഘോഷത്തിനും മാറ്റ് കൂടും.  സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബീലി  ഒപ്പം കൊണ്ടാടുന്നവരെയും കൂടെ ചേർക്കും. ഒറ്റരാത്രി കൊണ്ട് രണ്ടായി തീർന്നവർ 75 ആണ്ടുകൾക്കിപ്പുറം ഒരേ മനസോടെ അത് ആഘോഷിക്കുന്ന കാഴ്ച. ചേർത്ത് നിർത്തിയതാകട്ടെ ബൈക്കുകളോടുള്ള സ്നേഹവും. അൻപതിലേറെ ബൈക്കുകളിലായി അറുപതിലേറെപേർ ബൈക്ക് റൈഡിൽ പങ്കെടുത്തു. യുഎഇയിലെ സിങ്ങ്സ് എം.സിയെന്ന റൈഡേഴ്സ് സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. 

രാവിലെ ആറുമണിയോടെ അൽ വർസാനിൽ  എല്ലാവരും ഒത്തുകൂടി. ചിലർ സകുടുംബമായാണ് എത്തിയത്.  ഇത്തരത്തിലൊരു പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കൂട്ടത്തിൽ ആകെയുണ്ടായിരുന്നത് ഒരു വനിത റൈഡർ. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളും പതിനെട്ടുകാരിയായ നിഖിത നാതു തന്നെ. രണ്ടുമാസം മുൻപാണ് ലൈസൻസ് എടുത്തത്. അതിനിടെ ആദ്യമായാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പറഞ്ഞയൊരാളെയും കണ്ടു. ബൈക്കുകളിൽ ദേശീയപാതകൾ പാറിച്ച് ലക്ഷ്യത്തിലേക്ക്. പരിപാടി കവർ ചെയ്യാനെത്തിയ ഞങ്ങളെയും ഒപ്പം കൂട്ടി.  അൽ വർസാനിൽ നിന്ന് തുടങ്ങി അൽ ഖുദ്ര വഴിയായിരുന്നു റൈഡ്. അൽപദൂരം പിന്നിട്ടതേ ശക്തമായ പൊടിക്കാറ്റെത്തി. കാഴ്ചാപരിധി ഇരുനൂറുമിറ്ററിൽ താഴെയായി. പക്ഷെ പ്രതികൂല കാലാവസ്ഥയൊന്നും ആഘോഷത്തിന് തടസമായില്ല. 

ഗതാഗതം തടസ്സപ്പെടുത്താതെ, നിരയൊപ്പിച്ച് കൃത്യമായ നിർദേശങ്ങൾ കൈമാറി  ദുബായ് ലാസ്റ്റ് എക്സിറ്റ് വരെ. അവിടെ ഫോട്ടോഷൂട്ടിനായി അൽപനേരം. പിന്നെ  തിരിച്ച് അൽ വർസാനിലേക്ക്. അവിടെവച്ച് മധുരംനുകർന്ന് ആഘോഷം കെങ്കേമമാക്കി.ഇരുരാജ്യങ്ങളിലെയും സ്വാതന്ത്ര്യസമരസേനാനികൾക്കായി റൈഡ് സമർപ്പിക്കുകയാണ്  സംഘം.  ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡേഴ്സും  പാക്കിസ്ഥാൻ റൈഡേഴ്സ് ഗ്രൂപ്പും ബ്ലു ഒറിക്സുമാണ് റൈഡിൽ പങ്കെടുത്തത്.

MORE IN GULF THIS WEEK
SHOW MORE