യുഎഇയിൽ മഴ വിതച്ചത് കനത്ത നാശം; റെക്കോർഡ് പെയ്ത്ത്; അതിജീവനം

gulf-this-week-uae-04
SHARE

വേനൽ കടുക്കുന്നതിനിടെ നിനച്ചിരിക്കാതെ പെയ്ത കനത്ത മഴയുണ്ടാക്കിയ ആഘാതം യുഎഇയെ വിട്ടകന്നിട്ടില്ല. തോരാതെ പെയ്ത മഴ വടക്കൻ എമിറേറ്റുകളെ അക്ഷരാർഥത്തിൽ വെള്ളത്തിലാക്കി. ഏഴുപേരാണ് ദുരിതപ്പെയ്ത്തിൽ മരിച്ചത്. കഴിഞ്ഞ 27 വർഷത്തിനിടെ ലഭിച്ച റെക്കോർഡ് മഴയ്ക്കാണ് കഴിഞ്ഞ ആഴ്ച യുഎഇ സാക്ഷ്യംവഹിച്ചത്. ഫുജൈറയിൽ ഇപ്പോഴും വെള്ളം പൂർണമായി നീങ്ങിയിട്ടില്ല. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അത് ഇത്ര രൂക്ഷമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തിങ്കാളാഴ്ച തുടങ്ങിയ മഴ , ബുധൻ, വ്യാഴം ദിസങ്ങളായപ്പോഴേക്കും ശക്തിപ്രാപിച്ച്  ഇടതടവില്ലാതെ പെയ്യുകയായിരുന്നു.  വടക്കൻ എമിറേറ്റുകളെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ഖോർഫക്കാൻ, ഫുജൈറ,  റാസൽഖൈമ  എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. 

ദുബായിലും അബുദാബിയിലും അൽ ഐനിലുമെല്ലാം മഴ ശക്തമായിരുന്നെങ്കിലും ഫുജൈറ, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് ദുരിതം ഏറെയും അനുഭവിച്ചത്. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് കൂടിയതോടെ വാദികൾ കുത്തിയൊലിച്ചൊഴുകിയത് ഷാർജയിൽ മിന്നൽ പ്രളയത്തിന് വഴിവച്ചു. തോരാതെ പെയ്ത മഴയിൽ ഫുജൈറയുടെ പലമേഖലകളിലും വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ പലയിടത്തും റോഡുകൾ തകർന്നു. 

കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലേറെ മഴയാണ് ഈ ദിവസങ്ങളിൽ മാത്രം ഇവിടെ പെയ്തത് തോർന്നത്.  27 വർഷത്തിനിടെ യുഎഇയിൽ ലഭിച്ച റെക്കോർഡ് മഴ.  ഫുജൈറയിൽ  25ന് രാത്രി 10.30 മുതൽ 28 രാവിലെ 9.18 വരെ 234.9 മില്ലീമീറ്റർ മഴ പെയ്തെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിനച്ചിരിക്കാതെ പാഞ്ഞെത്തിയ വെള്ളത്തിൽ നിന്ന് വാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫുജൈറ സ്വദേശി ശ്രീകുമാറിന്‍റെ കാർ വാദിയിലെ കുത്തൊഴുക്കിൽപ്പെട്ടത്. മണിക്കൂറുകളോളം അരക്കൊപ്പം വെള്ളത്തിലൂടെ നടന്നാണ് വീടെത്തിയതിന്‍റെ കഥ പറയും ശ്രീകുമാർ

മഴ തോർന്നെങ്കിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. വെള്ളം കയറിയ വീടുകളും കടകളും വൃത്തിയാക്കി. നനഞ്ഞു കുതിർന്ന വീട്ടുപകരണങ്ങളും സാധനങ്ങളും ഉണാകാനായി കൂട്ടിയിട്ടിരിക്കുന്നത് കാണാം ഇപ്പോഴും. ഏറ്റവും അധികം ബാധിച്ച കൽബ മേഖലയിൽ നിന്ന് വെള്ളം പൂർണമായി നീങ്ങിയിട്ടില്ല. പ്രദേശത്തെ വീടുകളും കടകളും ഇപ്പോഴും വെള്ളത്തിലാണ്.  വെള്ളവും ചെളിയും പമ്പ് ചെയ്തു നീക്കുന്ന ജോലികൾ പുരോഗമിക്കുന്നു. 

അതേസമയം മറ്റിടങ്ങളിൽ ജനജീവിതം പൂർവസ്ഥിതിയിലായി. വെള്ളം കയറി ചെളി നിറഞ്ഞ റോഡുകൾ ഇപ്പോൾ കണ്ടാൽ അത്തരത്തിലൊന്ന് സംഭവിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും തന്നെയില്ല. വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായ കടകൾ പലതും വീണ്ടും പ്രവർത്തനംതുടങ്ങി. കോവിഡ് ആഘാതത്തിൽ നിന്നു വ്യാപാര മേഖല കരകയറിവരുന്നതിനിടെയാണ് തിരിച്ചടിയായി മഴയെത്തിയത്. 

വെള്ളം കയറി നശിച്ച വാഹനങ്ങളാണ് ഇതെല്ലാം.  റോഡിൽ നിർത്തിയിട്ടിരുന്നവയും ഒഴിക്കിൽപ്പെട്ടതുമെല്ലാം പൊലീസാണ്  യാർഡുകളിലെത്തിച്ചത്. ഇൻഷൂറൻസ് രേഖകൾ ലഭിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് വഴി സൌകര്യമൊരുക്കിയിട്ടുണ്ട്.  ജനങ്ങളോട് നാശനഷ്ടങ്ങളുടെ കണക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. പൊലീസിന്‍റെ വെബ് സൈറ്റ് വഴി വിവരങ്ങൾ രേഖപ്പെടുത്താം. അതേസമയം മഴക്കെടുതിയെ തുടർന്ന് നിർത്തിവച്ച ഗതാഗതം മിക്കയിടങ്ങളിലും പുനസ്ഥാപിച്ചു. എന്നാൽ ഖോർഫക്കാനിലേക്കുള്ള സർവീസ് തുടങ്ങുന്നത് വൈകും. 

ഉണർന്ന് പ്രവർത്തിക്കുന്ന ഭരണകൂടമാണ് ഇവിടുത്തെ ജനതയുടെ നേട്ടം. രക്ഷാപ്രവർത്തന് പൊലീസും സിവിൽ ഡിഫൻസും സൈന്യവുമെല്ലാം സജീവമായി ആദ്യ മണിക്കൂറുകൾ മുതൽ രംഗത്തുണ്ടായിരുന്നു.  നാടിനെ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങളിലും രാജാകുടുംബാംഗങ്ങൾ വരെ രംഗത്തുണ്ട്. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖിയുടെ മകനും സാംസ്കാരിക - മാധ്യമ സമിതിയുടെ അധ്യക്ഷനുമായ    ഷെയ്ഖ് റാഷിദ് ബിൻ ഹമദ് അൽ ഷാർഖി നേരിട്ടെത്തി വൃത്തിയാക്കൽ നടപടികളിൽ പങ്കാളിയായത്  ഭരണാധികാരികളുടെ സഹാനുഭൂതിയുടെ നേർക്കാഴ്ചയായി.

ഓഗസ്റ്റ് മാസത്തിൽ പൊതുവെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നതെങ്കിലും ഇടവിട്ട് ശക്തമായ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താപനില 44 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് സൂചന. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് യുഎഇ ഭരണകൂടം.

MORE IN GULF THIS WEEK
SHOW MORE