ഖത്തർ ലോകകപ്പ്; കളിയരങ്ങ് ഉണരും മുന്നേ ആരാധകർ ഉണർന്നു; മുന്നിൽ മലയാളികൾ

gulf
SHARE

ഖത്തർ ലോകകപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കേ ആരാധകർ ആവേശത്തിലാണ്. ഇഷ്ട ടീമുകളുടെ ഫാൻസ് കൂട്ടായ്മകളുണ്ടാക്കി സൗഹൃദമൽസരങ്ങൾ സംഘടിപ്പിച്ച് ലോകക്കപ്പിന് മുന്നേ ഏറ്റുമുട്ടുകയാണ് ആരാധകർ.  ഇന്ത്യക്കാരും മലയാളികളുമാണ് ഒട്ടുമിക്ക പരിപാടികൾക്കും നേതൃത്വം നൽകുന്നത്. ദോഹയിൽ കാൽപന്തുകളിയുടെ കളിയരങ്ങ് ഉണരും മുന്നേ ആരാധകർ ഉണർന്നു. ലോക കപ്പിനെ വരവേൽക്കാൻ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിലാണ് ഓരോ ഫുട്ബോൾ പ്രേമിയും. ഫാൻസ് അസോസിയഷനുകൾ സജീവമാക്കി, കളിയാവേശത്തിലേക്ക്. ബ്രസീൽ, അർജന്‍റീന, പോർച്ചുഗൽ ടീമുകളുടെ ഖത്തർ ഫാൻസ് അസോസിയേഷനുകൾ ആണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. ലോഗോ പ്രകാശനവും ഒത്തുചേരലുകളുമായി തിരക്കിലാണ് ഇവർ. ഓരോ ഫാൻസ് ഗ്രൂപ്പുകളിലും ഇന്ത്യയുൾപ്പെടെ വിവിധ രാജ്യക്കാരുണ്ട്. വിവിധ ടീമുകളുടെ ആരാധകരെ ചേർത്ത് കൂട്ടായ്മകളുണ്ടാക്കുന്നതിൽ മുൻപന്തിയിൽ മലയാളികൾ തന്നെയാണ്.

ബ്രസീൽ ഫാൻസ് ഖത്തറിന്‍റെ ലോഗോ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത് ബ്രസിൽ താരം മാഴ്സലോ വിയേരയാണ്. പതിനയ്യായിരത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണ് ബ്രസീൽ ഫാൻസ് ഖത്തർ. മലയാളികളും ബ്രസീൽ പൌരൻമാരും ഉൾപ്പെടെ 10 അഡ്മിനുകളാണ് ടീമിനുള്ളത്.  ഫേയ്സ് ബുക്ക് , വാട്സാപ്പ് ഗ്രൂപ്പുകളിലും സജീവമാണ് ഇവർ.

അടുത്തമാസമാണ് ലോകക്കപ്പിന്‍റെ 100 ദിന കൌണ്‍ഡൌണ്‍ തുടങ്ങുന്നത്. അന്ന് മുതൽ ഫുട്ബോൾ ആവേശം രാജ്യം മുഴുവൻ് എത്തിക്കാനുള്ള വിപുലമായ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് ഫാൻസ് കൂട്ടായ്മകൾ. ദോഹ കോർണിഷിലെ ലോകകപ്പ്  കൌണ്‍ഡൌണ്‍ ക്ലോക്കിന് മുന്നിൽ നടന്ന ബ്രസീൽ ഫാൻസ് ഖത്തറിന്‍റെ ആദ്യ മീറ്റിങ്ങിൽ അഞ്ഞൂറിലേറെപേരാണ് പങ്കെടുത്തത്.  

അതേസമയം അർജന്റീന ഫാൻസ്‌ ഖത്തർ  കഴിഞ്ഞ മാസമാണ് തുടങ്ങിയത്. ഇതിഹാസ താരം ലയണൽ മെസിയുടെ ജന്മദിനത്തിലായിരുന്നു ലോഗോ പ്രകാശനം.  ഇന്ത്യൻ ടീം മുൻ ക്യാംപ്റ്റൻ ഐ.എം വിജയൻ അംഗത്വവിതരണം നടത്തി.. ഇതിനകം രണ്ടായിരത്തിലേറേപേർ കൂട്ടായ്മയിൽ അംഗങ്ങളായി.

നൂറുകണക്കിന് വാഹനങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച "ഫാൻസ്‌ ഓൺ ഡ്യൂൺസ്" എന്ന  പരിപാടിയോടെയാണ് നൂറുദിന കൗണ്ട് ഡൌൺ ആഘോഷ പരിപാടിയ്ക്ക് സംഘം തുടക്കം കുറിച്ചത്. രക്ത ദാന ക്യാംപ്, കുടുംബ കൂട്ടായ്മകൾ, കായിക മൽസരങ്ങൾ തുടങ്ങി   ഒട്ടേറെ പരിപാടികൾ ആണ് വരും ദിവസങ്ങളിൽ എഎഫ്ക്യു ഖത്തർ തീരുമാനിച്ചിരിക്കുന്നത്. 

പോർച്ചുഗൽ ആരാധകരും ആവേശത്തിലാണ്. ഒത്തുചേരലും കായിക മൽസങ്ങളുമൊക്കെയായി സജീവമാണ് സംഘവും. ഇവിടെയും മലയാളികൾ തന്നെയാണ് കൂട്ടായ്മയുടെ നേതൃനിരയിൽ. സമൂഹമാധ്യമങ്ങളിലും ഇഷ്ടടീമിന് പിന്തുണയുമായി സംഘം സജീവമാണ്. ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ബ്രസീൽ ഫാൻസ് കൂട്ടായ്മ സംഘടിപ്പിച്ച് സൌഹൃദമൽസരത്തിൽ  ആറ് ടീമുകളാണ് പങ്കെടുത്തത്.    ബ്രസീൽ ഫാൻസ്‌ ഫുട്ബാൾ  ലീഗ് ഉടൻ തന്നെ ആരംഭിക്കാനിരിക്കുകയാണ് സംഘം.  

സാംസ്കാകാരിക പരിപാടികളുമായി ലോകകപ്പ് സംഘാടകരും സജീവമാണ്. ആവേശവും ആഘോഷങ്ങളുമെല്ലാം ഖത്തറിന്‍റെയും ഫിഫയുടെയും നിയമങ്ങൾ പാലിച്ചാണ് മുന്നോട്ടുപോകുന്നത്.. മൽസരങ്ങളുടെ പേരിലുള്ള പന്തയങ്ങൾ ഖത്തറും ഫിഫയും വിലയ്ക്കിയിട്ടുണ്ട്. ടിക്കറ്റുകൾ അനധികൃതമായി വിൽക്കരുതെന്നും കർശനനിർദേശമുണ്ട് . ഇഷ്ടടീമിന് ആവേശവും ഊർജവുമാവുന്നതിനപ്പുറം ഇഷ്ടതാരങ്ങളെ അടുത്തുകാണാനുള്ള അവസരം ലഭിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഓരോ ഫുട്ബോൾ ആരാധകരും. ഇനിയുള്ള ദിവസങ്ങൾ രാജ്യത്ത്  സൌഹൃദമൽസരങ്ങളുടെ ആവേശകാഴ്ചകൾക്കൊണ്ട് നിറയും. വരാനിരിക്കുന്ന വലിയ മൽസരത്തിന്   അരങ്ങോരുക്കി  ഫുട്ബോളിനെ കൊണ്ടാടുകയാണ് ദോഹയിലെ ഫുട്ബോൾ ആരാധകർ.

പിഎംഎസ് ദിനങ്ങളിൽ  അമ്മയെ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒരു മകൾ  പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പിഎംഎസിനെക്കുറിച്ച് നിങ്ങൾ എത്ര പേർക്ക് അറിയാം. ലിവിങ് വിത്ത് പിഎംഎസ് എന്ന ഹാഷ് ടാഗിൽ യുഎഇയിലെ നിഷ രത്നമ്മ  ഫേസ്ബുക്കിലിട്ട പോസ്റ്റ് സെലിബ്രിറ്റികള്‍ അടക്കം ആയിരങ്ങളാണ് ഏറ്റെടുത്തത്.  സ്ത്രീകളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയത്തില്‍ പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായതിന്‍റെ ആശ്വാസത്തിലോ ആഹ്ലാദത്തിലോ ആണ് നിഷ.

എന്‍റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ പിഎംഎസ് ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഇപ്പോ ഞാനും ഓരോ മാസവും കടന്നു പോകുന്നത്. ഇങ്ങനെയാണ് ആ വൈറലായ പോസ്റ്റിന്‍റെ തുടക്കം. പക്ഷെ അത് ഇത്രവേഗം പൊതുസമൂഹം ഏറ്റെടുക്കുമെന്ന് ഫെയ്സ് ബുക്കിൽ ഇതിനെക്കുറിച്ച് കുറിക്കുമ്പോൾ നിഷ രത്നമ്മ കരുതിയിരുന്നില്ല. എങ്ങനെയാണ് ഇത്തരം വിഷയങ്ങളെ മാറിയ സമൂഹം കാണുന്നതെന്നതിന്‍റെ നേർക്കാഴ്ച കൂടിയായി അത്.

പിഎംഎസ് അഥവാ പ്രീ മെനുസ്ട്രൽ സിൻഡ്രോം. ആർത്തവത്തിലൂടെ കടന്നുപോകുന്ന ഒട്ടുമിക്ക സ്ത്രീകളും ഏറിയും കുറഞ്ഞും അനുഭവിക്കുന്ന അവസ്ഥയാണ് ഇത്. എന്നാൽ   മാസംതോറും ഇതിലൂടെ കടന്നുപോകുന്ന സ്ത്രീകൾ  പോലും പലപ്പോഴും, ശാരീര അസ്വാസ്ഥ്യങ്ങൾക്കപ്പുറം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ പിഎംഎസിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാറില്ല. എന്താണെന്ന് തനിക്ക് സംഭവിക്കുന്നതെന്ന് അറിയാതെ, കടുത്ത മാനസിക ഡിപ്രഷിനേക്ക് വീണുപോകുന്ന സ്ത്രീകൾ അനവധിയാണ്. അറിയുന്നവർക്കാകട്ടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചുറ്റുമുള്ള ആളുകളെ ഇതിന്‍റെ ബുദ്ധിമുട്ടുകൾ പറഞ്ഞു മനസിലാക്കാനും പ്രയാസമാണ്. ആർത്തവത്തെക്കുറിച്ച്,,  അത് സ്ത്രീകളിലുണ്ടാക്കുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് ഉറക്കെ സംസാരിക്കേണ്ടിയിരിക്കുന്നെന്ന്  നിഷ രത്നമ്മ തീരുമാനിച്ചത് ഒരു പിഎംഎസ് കാലഘട്ടത്തിലാണ്.

പിഎംഎസ് കാലത്തെ സ്വഭാവ വ്യഥിയാനങ്ങൾ  നല്ല കുടുംബബന്ധങ്ങളെ ,  സൌഹൃദങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്.  അകാരണമെന്ന് മറ്റുള്ളവർക്ക് തോന്നിയതാണ് അതിന്‍റെയൊക്കെ മൂലകാരണം. പിഎംഎസിനെക്കുറിച്ച് അതുകൊണ്ട് തന്നെ എല്ലാവരും അറിയണമെന്ന് തോന്നിയെന്ന് നിഷ. ദേഷ്യം, വിഷാദം, കരച്ചിൽ, ഉറക്കമില്ലായ്മ,  പിഎംഎസിന്‍റെ ലക്ഷണങ്ങളാണ്. ഒരു പടികൂടി കടന്ന് ചിലരിൽ ആത്മഹത്യപ്രവണത വരെ കാണുന്നുണ്ട്. അമ്മമാരുടെ സ്വഭാവവ്യഥിയാനങ്ങൾ ഏറെയും ബാധിക്കുന്നത് കുട്ടികളെയാണ്.

ലിവിങ് വിത്ത് പിഎംഎസ് എന്ന ഹാഷ് ടാഗോടെ നിഷ ആരംഭിച്ച ക്യാംപെയിൻ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.  കോളജുകളിലും സ്കൂളുകളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് അടുത്തപടി. നിഷ കുറിച്ചതുപോലെ ചുറ്റമുള്ള ലോകം കുറച്ചുകൂടി  പ്രകാശമുള്ളതാക്കാൻ  എല്ലാവർക്കും ക്യാംപെയിന്‍റെ ഭാഗമാകാം. പരസ്പരം മനസിലാക്കാൻ കഴിഞ്ഞാൽ ജീവിതവും ലോകവും കൂടുതൽ സുന്ദരമാകും, എല്ലാവർക്കും. 

അബുദാബിയിലെ മേജർ ജനറലിന്‍റെ വീട് ആരെയും ആകർഷിക്കുന്ന മ്യൂസിയമാണ്. സ്വകാര്യ സമ്പാദ്യങ്ങളും സമ്മാനങ്ങളുമൊക്കെയായി പതിനയ്യായിരത്തിലധം വസ്തുകളുണ്ട് ശേഖരത്തിൽ. സ്വന്തം ജീവിതത്തിലെ ഏടുകൾ കോർത്തിണക്കി ജനിച്ച നാടിന്‍റെ ചരിത്രം കൂടി പറയുകയാണ് മേജർ ജനറൽ ഡോ. ഒബേദ് അൽ കേത്ബി.

1185. മേജർ ജനറൽ ഡോ. ഒബൈദ് അൽ കെത്ബിയുടെ സ്വന്തം മ്യൂസിയം. അഞ്ച് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതയാത്രയിലെ നേട്ടങ്ങളും ഓർമങ്ങളുമെല്ലാം വരും തലമുറയ്ക്കായി കാത്തുവച്ചിരിക്കുകയാണ് ഇവിടെ. 1976ൽ സൈന്യത്തിൽ ചേർന്നപ്പോൾ ലഭിച്ച സൈനിക നമ്പറാണ്. 1185. അത് തന്നെ മ്യൂസിയത്തിന് പേരായി

ഒരുപാട് മ്യൂസിയങ്ങളുടെ നഗരമാണ് അബുദാബി. പക്ഷെ ഇത്തരത്തിലൊന്ന് ആദ്യം.   എലിമെന്‍റി സ്കൂളിലെ ഐഡന്‍റി കാർഡിൽ നിന്ന് സ്വന്തം ജീവിതം പറഞ്ഞ് തുടങ്ങിയ ശേഖരം, ജനിച്ച നാടിന്‍റെ , വളർച്ചയുടെ നേട്ടങ്ങളുടെ അഭിവൃദ്ധിയുടെ കഥ കൂടി പറയും.

അബുദാബിയിലെ   വീടിനോട് ചേർന്നുള്ള കെട്ടിടത്തിലെ രണ്ടുനിലകളിലായി പതിനയ്യായിരത്തിലേറെ ശേഖരങ്ങൾ. 1976 മുതൽ 34 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു.  സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎഇയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചു. കൊസോവ, അൽബേനിയ, ഇറാഖ് , ലെബനന്‍,  എന്നിവടങ്ങളിലെല്ലാം രാജ്യത്തിന്‍റെ സമാധാനശ്രമങ്ങളുടെ ഭാഗമായി..ആദ്യമായി മധ്യപൂർവദേശത്തിന് പുറത്ത്  യുഎഇ സൈന്യത്തെ സമാധാനശ്രമങ്ങൾക്കായി നിയോഗിച്ചത് കൊസോവയിലായിരുന്നു. 22 വർഷങ്ങൾക്കിപ്പുറം അടുത്തമാസം കൊസോവയിലെ ഒരു സന്തോഷത്തിലേക്ക് യാത്ര തിരിക്കാനൊരുങ്ങുകയാണ് മേജർ ജനറൽ.

1975 കാലത്തെ  അബുദാബിയെ മേജർ  ജനറൽ ഉബൈദിന്‍റെ ശേഖരത്തിൽ കാണാം.. നാലരപതിറ്റാണ്ടിനിടെ നഗരം കൈവരിച്ച വളർച്ച ഇങ്ങനെ. മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് വനിത പൊലീസ് സേനയുടെ ചരിത്രം വിവരിക്കും മേജർ ജനറൽ. 1979ലാണ്  രാജ്യത്തെ ആദ്യ വനിത പൊലീസ് സേനയുടെ പാസിങ് ഔട്ട് പരേഡ്. രണ്ടാംലോക മഹായുദ്ധ കാലത്തെ ഫീൽഡ് ഫോണ്‍, 70 കളിൽ ഉപയോഗിച്ചിരുന്ന കാർ ഫോണ്‍. തോക്കുകൾ, സാമൂറായി വാൾ എന്നിവയെല്ലാം ശേഖരത്തിലുണ്ട്. ലോർഡ് ഓഫ് ദി റിങ്സ് എന്ന ഫാൻറസി സിനിമയുടെ ആരാധകർ ഇവിടെ ഏറെ ഇഷ്ടപ്പെടും. സിനിമയിൽ ഉപയോഗിച്ച പ്രധാനപ്പെട്ട  15 വാളുകളിൽ ഒടുവിലത്തേത് ഇവിടെയുണ്ട്.  ന്യൂസ് ലൻഡിലെ ക്യൂൻസ് ടൌണിൽ  പ്രർദശനത്തിന് വച്ചിരുന്ന വാൾ ഇഷ്ടപ്പെട്ടതോടെ സ്വന്തമാക്കുകയായിരുന്നു . 

സൈന്യത്തിൽ 34 വർഷം സേവനമനുഷ്ഠിച്ച ശേഷം ആറു വർഷം , പൊലീസിൽ, പിന്നെയൊരാറ് വർഷം അബുദാബി സർക്കാറിൽ പ്രവർത്തിച്ചു. മൂന്നുവർഷം ഓസ്ട്രേലിയയിൽ അംബാസിറായി. അതുംകഴിഞ്ഞ്  വിദേശകാര്യമന്ത്രാലയത്തിൽ രണ്ടുവർഷം പ്രവർത്തിച്ചു. വൈവിധ്യമാർന്ന പ്രവർത്തനമേഖല, അത് നൽകിയ അനുഭവങ്ങൾ, മൂന്ന് മാസ്റ്റഴ്സ് ഡിഗ്രിയും പിഎച്ച്ഡിയും  ഉൾപ്പെടെ അക്കാദമിക് തലത്തിലെ നേട്ടങ്ങൾ, ഇതൊക്കെയെങ്ങനെയെന്ന് ചോദിച്ചാൽ യുഎഇയിൽ ജനിച്ചതിനാലെന്ന് പറയും മേജർ ഇനറൽ ഡോ. ഒബൈദ്.

കൗതുകമുണർത്തുന്ന ചെസ് ബോർഡുകളുടെ ശേഖരമുണ്ട് ഇവിടെ. റഷ്യൻ- സ്വീഡിഷ് സൈന്യങ്ങളെ അണിനിരത്തി,  പ്രത്യേകം പറഞ്ഞുണ്ടാക്കിയ ചെസ് ബോർഡ് സമ്മാനമായി കിട്ടിയതാണ്. യുഎഇ പൌരൻമാരെ സ്പോർട്സിലേക്ക് ആകർഷിക്കാൻ തുടങ്ങിയ അൽ ഫോർസൻ സംരംഭത്തിനായി ഒരു മുറി തന്നെ മാറ്റിവച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മെഡൽ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ മെഡലും ഇവിടെ ഭദ്രം. മ്യൂസിയത്തിലുള്ള ഓരോ വസ്തുവിനും ഒരു കഥ പറയാനുണ്ടെന്ന് പറയും മേജർ ജനറൽ ഡോ.ഉബൈദ്. ഓസ്ട്രേലിയയിൽ അംബാസിഡറായി പ്രവർത്തിച്ച 1135 ദിവസത്തെ പ്രതിബാധിച്ച് 1135 ചിത്രങ്ങൾ ഉപയോഗിച്ച ഒരുക്കിയ സ്വന്തം ചിത്രം ഏറെ പ്രിയപ്പെട്ടതാണ്.

നിലവിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. മ്യൂസിയം കാണാൻ ആഗ്രഹിക്കുന്നവർക്ക് 1185 മ്യൂസിയമെന്ന വെബ്സൈറ്റുമായി ബന്ധപ്പെടാം. വൈകാതെ എല്ലാവർക്കുമായി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വന്തം ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാകുന്നെങ്കിൽ അതിൽപരമൊരു സന്തോഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവറില്ലാ ടാക്സികൾ വൈകാതെ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലാണ് യുഎഇ. ഇതിനുള്ള നടപടികൾ വേഗത്തിലാക്കി ഡിജിറ്റൽ മാപ്പ് തയ്യാറാക്കി തുടങ്ങി. പരീക്ഷണഘട്ടം വേഗം പൂർത്തിയാക്കി അടുത്തവർഷം  സർവീസ് ആരംഭിക്കാനാണ് പദ്ധതി. അമേരിക്കയ്ക്കു പുറത്ത് ഡ്രൈവറില്ലാത്ത ക്രൂസ് ടാക്സികളോടുന്ന ആദ്യനഗരമാകാനൊരുങ്ങുകയാണ് ദുബായ്.  ജനറൽ മോട്ടോഴ്സിന്‍റെ ക്രൂസ് കമ്പനിയുമായി ചേർന്ന് സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള  ഡിജിറ്റൽ മാപ്പ് തയ്യാറാക്കി തുടങ്ങി. ഡ്രൈവറില്ലാ ടാക്സി സർവീസുകൾക്ക്  സഞ്ചരിക്കാനുള്ള പാതകൾ കൃത്യമാക്കുകയാണ് ഇവിടെ.  ജുമൈറയിലാണ് ഇത് ആദ്യം ചെയ്യുന്നത്. ഇതിനായി രണ്ട് ഷെവർലേ ബോൾട്ട് ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

സെൻസറുകളും ക്യാമറകളുമെല്ലാമുള്ള ഷെവർലേ ബോൾട്ട് വാഹനങ്ങൾ സൂക്ഷമമായി വിവരശേഖരണ നടത്തുകയാണ് ചെയ്യുന്നത്. റോഡിന്‍റെയും പരിസരങ്ങളുടെയും ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുത്താണ് മാപ്പ് തയ്യാറാക്കുന്നത്. നിർമിബുദ്ധിയിൽ പ്രവർത്തിക്കുന്ന, ക്യാമറകളും സെൻസറുകളുമുള്ള ഡ്രൈവറില്ലാ വാഹനങ്ങൾ പരമ്പരാഗത വാഹനങ്ങളേക്കാൾ സുരക്ഷിതമായിരിക്കും. ചുറ്റുമുള്ള വാഹനങ്ങൾ, ട്രാക്കുകൾ, വഴിയാത്രക്കാർ എന്നിവരെയെല്ലാം  നിരീക്ഷിക്കാൻ സംവിധാനമുണ്ട്. 

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗതാഗതകുരുക്കൾ ഒഴിവാക്കി യാത്ര കൂടുതൽ സുഗമമാക്കാൻ ക്രൂസ് വാഹനങ്ങൾക്ക് കഴിയും. ഇലക്ട്രിക് വാഹനങ്ങളായതിനാൽ കാർബൺ മലിനീകരണത്തിന്‍റെ പ്രശ്നമില്ല.  മുതിർന്ന പൌരൻമാർക്കും നിശ്ചയദാർഢ്യക്കാരായ വ്യക്തികൾക്കും യാത്ര ആയാസരഹിതമാകുമെന്നാണ്   ക്രൂസിന്‍റെ പ്രതീക്ഷ. 

2021ലാണ് സ്വയം നിയന്ത്രിത വാഹനങ്ങൾ നിരത്തിലിറക്കാൻ ക്രൂസുമായി ദുബായ് ആർടിഎ കരാറിലേർപ്പെടുന്നത്. ലോകത്ത് തന്നെ ഇതാദ്യമാണ് ഒരു സർക്കാർ വകുപ്പും സ്വയംനിയന്ത്രിതവാഹന കമ്പനിയും ചേർന്ന് ഇത്തരത്തിലൊരു കരാറിലെത്തുന്നത്. അടുത്ത വർഷം ചെറിയ തോതിൽ നടപ്പാക്കി തുടങ്ങി 2030 ആകുമ്പോഴേക്കും നാലായിരത്തോളം ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനാണ് ദുബായ് ആർടിഎ ലക്ഷ്യമിടുന്നത്. അതായത് ഗതാഗത സംവിധാനത്തിൽ  സ്വയം നിയന്ത്രിത വാഹനങ്ങളുടെ എണ്ണം 2030 ഓടെ 25 ശതമാനം ആക്കുകയാണ് ലക്ഷ്യം.  നിലവിൽ അമേരിക്കയിൽ മാത്രമാണ് ക്രൂസ് ടാക്സികൾ സർവീസ് നടത്തുന്നത്.  ദുബായ് നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്സികൾ ഓടി തുടങ്ങാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമെന്ന് ചുരുക്കം. 

MORE IN GULF THIS WEEK
SHOW MORE