നാട്ടിലേക്കുള്ള ടിക്കറ്റിന് നാലിരട്ടി; വേനലവധിക്ക് മടങ്ങാനാവാതെ പ്രവാസികൾ

gulfthisweek-03
SHARE

വിമാനടിക്കറ്റുകളുടെ വന്‍ നിരക്ക് വർധന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനാവാത്ത സാഹചര്യത്തിലാണ് പലരും.  സ്കൂളുകൾ അടയ്ക്കുന്നതിനോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ വർധനയുണ്ടാകുന്നത് പതിവാണെങ്കിലും ഇത്തവണ അത്  നാലിരട്ടിയോളം കൂടുതലാണ്. ഗൾഫ് ദിസ് വീക്ക് കാണാം.

പ്രവാസികളുടെ എക്കാലത്തേയും വലിയ ആവലാതികളിലൊന്നാണ് വിമാനടിക്കറ്റ് നിരക്കിലെ വർധന.  നാളേറെയായി പറഞ്ഞുമടുത്ത പരാതി. കോവിഡ് നിഷ്പ്രഭമാക്കിയ രണ്ടുവർഷത്തിനുശേഷം ഉറ്റവരെ കാണാൻ കണ്ണുംനട്ട് കാത്തിരുന്നവർക്കാണ് കുത്തനെ ഉയർന്ന വിമാനടിക്കറ്റ് നിരക്ക് തിരിച്ചടിയായത്.  അവധിക്കാലം അടുക്കുമ്പോള്‍ പതിവുള്ളതിലും ഏറെ കൂടുതലാണ് ഇത്തവണത്തെ വർധനയെന്നതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. സ്കൂളുകള്‍ അടയ്ക്കുന്നതിനൊപ്പം  ബലിപെരുന്നാൾ കൂടി വന്നത് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വലിയതോതില്‍ കൂടാന്‍ കാരണമായി. ടിക്കറ്റ് നിരക്കിലെ വർധനയ്ക്കും  ഇത് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സ്കൂളുകള്‍ അടയ്ക്കുന്നതിന് ഒരാഴ്ച മുന്‍പ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്  42000 - 63000 രൂപ ആയാണ് ഒറ്റയടിക്ക് ഉയർന്നത്. നാലംഗ കുടുംബത്തിന് യാത്രചെയ്തു മടങ്ങാന്‍ വേണ്ടത് ഏകദേശം മൂന്നരലക്ഷം രൂപയാണ്. പ്രവാസലോകത്ത് കഷ്ടപ്പെട്ട് സ്വന്തമാക്കുന്ന മാസങ്ങളുടെ ശമ്പളം വേണം ഒന്നു നാട്ടിൽപോയിവരണമെങ്കിൽ. മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് എടുത്തവർക്ക് മാത്രമാണ് കുറഞ്ഞ നിരക്കില്‍  യാത്ര സാധ്യമാകൂ.

യാത്രാപ്രശ്നത്തിന് പരിഹാരമായി പ്രവാസി സംഘടകള്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരം എയർ കേരള പദ്ധതി നടപ്പാക്കണമെന്നതാണ്. ഉമ്മന്‍ചാണ്ടി സർക്കാരിന്‍റെ കാലത്ത് മുന്നോട്ടുവച്ച പദ്ധതിക്ക് അന്ന് തടസമായത് വ്യോമയാനനയങ്ങളായിരുന്നു. എന്നാല്‍  വിദേശവിമാന സർവീസുകള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് ഇളവ് നല്‍കുന്ന സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് പ്രവാസികളുടെ ആവശ്യം. എയർകേരള തുടങ്ങുന്ന കാര്യം പുനരാലോചിക്കാമെന്നു 2019 ൽ മുഖ്യമന്ത്രി പിണറായി ദുബായിൽ വച്ചുനൽകിയ വാക്ക് പ്രാവർത്തികമാക്കുന്ന നടപടികളൊന്നുമുണ്ടായിട്ടില്ല.

നാട്ടിൽ നിന്നും കേന്ദ്രസംസ്ഥാന നേതാക്കളെത്തുമ്പോൾ എപ്പോഴും ഉയരുന്ന ആവലാതിയാണ് വിമാനടിക്കറ്റ് നിരക്കിലെ കൊള്ള. ഇക്കഴിഞ്ഞ ലോകകേരളസഭാ സമ്മേളനത്തിലടക്കം ഇതേവിഷയം ഉയർന്നിട്ടുണ്ട്. എങ്കിലും പ്രായോഗികമായ ഒരുസമീപനും കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നത് പ്രവാസികളോടുള്ള അവഗണനയാണ്. വോട്ടില്ലാത്ത പ്രവാസികളിൽ നിന്നും എന്തുനേടാമെന്നു ചിന്തിക്കുന്ന സർക്കാരുകൾ പതിറ്റാണ്ടുകളായുയരുന്ന പരാതിക്ക് ഇനിയെങ്കിലും പരിഹാരം കണ്ടെത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.

MORE IN GULF THIS WEEK
SHOW MORE