യൂസഫ് ഭായ് അഥവാ ‘ദുബായുടെ പെര്‍ഫ്യൂം മാന്‍’; സുഗന്ധം പരത്തും ആരോഗ്യജീവിതം

gulf
SHARE

ദ പെർഫ്യൂം മാൻ ഓഫ് ദുബായ് എന്നറിയപ്പെടുന്നത് ഒരു പ്രവാസിമലയാളിയാണ്. ദുബായിലെ രാജകുടുംബാംഗങ്ങളടക്കമുള്ളവർക്ക് അവർക്കിഷ്ടപ്പെട്ട സുഗന്ധം ഒരുക്കിനൽകുന്ന ചാവക്കാട് സ്വദേശി യൂസഫ് മുഹമ്മദ് അലി മടപ്പൻ. സുഗന്ധത്തിലൂടെ മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിലൂടെയും ആത്മവിശ്വാസമുയർത്താമെന്നു ലോകത്തോടു പറയുകയാണ് 55കാരനായ ഈ പ്രവാസിമലയാളി. സുഗന്ധവും ആരോഗ്യവും ഇഴചേർന്ന ആ ജീവിതക്കാഴ്ച കാണാം.

ആദ്യം സുഗന്ധപൂരിതമായ ആ ജീവിതകഥ കേൾക്കാം. തൃശൂർ ചാവക്കാട് സ്വദേശിയായ യൂസഫ് മുഹമ്മദ് അലി മടപ്പൻ എന്ന പ്രവാസിമലയാളി യൂസഫ് ഭായ് എന്ന ബ്രാൻഡായി മാറിയ കഥ. ഒരുകാലത്ത് നല്ല ഫ്രെയിമുകൾ തേടിനടന്ന ഫൊട്ടോഗ്രഫറായിരുന്ന യൂസഫ് മടപ്പൻ, ഇന്നു ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിനു സുഗന്ധം പകരുകയാണ്. മീൻപിടുത്തം തൊഴിലാക്കിയ കുടുംബമായിരുന്നു യൂസഫിൻറേത്. സുഗന്ധങ്ങളോടുള്ള പ്രണയമാണ് വ്യത്യസ്തങ്ങളായ ഗന്ധങ്ങളുടെ ലോകത്തെത്തിച്ചത്. ഖത്തറിൽ നിന്നും ദുബായിലെത്തി ജേഷ്ടസഹോദരായ അബ്ദുൽ ജലാൽ വഴിയാണ് പെർഫ്യൂം ബിസിനസിലേക്കു തിരിയുന്നത്. ദുബായ് ദെയ്റയിൽ തീബ് എമിറേറ്റ്സ് പെർഫ്യൂം എന്ന കടയിൽ നിന്നും ഇന്നു അഞ്ചാമത്തെ കടയിലേക്കെത്തിനിൽക്കുകയാണ് യൂസഫ് മടപ്പൻ. മുന്നിലെത്തുന്നവർ ആരായാലും അവരുടെ ഇഷ്ടമുള്ള സുഗന്ധം, അത് ഒരുക്കിനൽകുകയെന്നതാണ് കടമയെന്നാണ് വിശ്വാസം. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഗന്ധം, എന്നോ മറന്നുപോയ ഗൃഹാതുര സ്മരണകളുണർത്തുന്ന സുഗന്ധം അങ്ങനെ ഏതു ഗന്ധവും കുപ്പിക്കുള്ളിലേക്കാവഹിച്ചുനൽകാൻ യൂസഫ് ഭായ് ഈ കടയിലുണ്ടാകും. തേടിയെത്തുന്നതാകട്ടെ രാജകുടുംബാംഗങ്ങളും ഭൂകണ്ഡങ്ങൾക്കപ്പുറത്തുനിന്നുള്ളവരുമടക്കമുള്ളവർ. വിവിധവികാരങ്ങളൊന്നിച്ചുചേരുന്നതാണ് മനുഷ്യമനസെന്നപോലെ വിവിധചേരുവകളൊന്നിച്ചുചേർത്താണ് ഓരോ സുഗന്ധവുമൊരുക്കുന്നത്. അങ്ങനെ എത്രസുഗന്ധക്കൂട്ടുകളൊരുക്കി പെർഫ്യൂമായി നൽകിയിട്ടുണ്ടെന്നു ചോദിച്ചാൽ മറുപടിയിങ്ങനെ.

വിവിധരുചികളൊന്നിച്ചുചേരുന്ന ഓണസദ്യപോലെ വിവിധമണങ്ങളൊന്നിച്ചുചേർക്കുന്നതെങ്ങനെയെന്ന് യൂസഫ് ഭായ് കാണിച്ചു തരും. ചാവക്കാട് കളിച്ചുനടന്ന മടപ്പൻ കുടുംബാംഗമായ യൂസഫ്, ഇന്നു യൂസഫ് ഭായ് എന്ന ബ്രാൻഡായി മാറിയിരിക്കുന്നു. സാധാരണക്കാർക്കും ലോകമറിയുന്ന സ്വന്തം ബ്രാൻഡ് നിർമിക്കാമെന്നു തെളിയിക്കുകയാണ് യൂസഫ് ഭായ്.

മറ്റൊരു വശംകൂടിയുണ്ട് യൂസഫ് ഭായുടെ ജീവിതത്തിൽ.  അൻപത്തഞ്ചാം വയസിലും ഉറച്ച മനസോടെ അതിലേറെ ഉറച്ച ശരീരവുമായി അഭ്യാസങ്ങളുമായി ജീവിക്കുന്ന യൂസഫ് ഭായ്. ആരോഗ്യമാണ് ജീവിതത്തിൻറെ എല്ലാമെല്ലാമെന്ന സന്ദേശത്തോടെ.മനസിലിപ്പോഴും ഇരുപതുകാരനാണെന്ന് യൂസഫ് ഭായ് പറയുന്നു. ചാവക്കാട്ടെ ചിൽഡ്രൻസ് ക്ളബിലും പള്ളിപ്പരിസരത്തുമൊക്കെ തുടങ്ങിയ കായികതാൽപര്യമാണ് ഇന്നും കെടാതെ സൂക്ഷിക്കുന്നത്. 

മൊബൈലിൽ തലപൂഴ്ത്തി, ലിഫ്റ്റുകളിലും എസ്കലേറ്ററിലുമൊക്കെ മാത്രം സഞ്ചരിക്കുന്ന പുതുതലമുറയോട് ആരോഗ്യത്തിൻറെ പ്രാധാന്യം സ്വജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് യൂസഫ് ഭായ്. ആരോഗ്യം കൂടുതൽ ചർച്ചയാകുന്ന മഹാമാരിക്കാലത്ത് പുതിയതലമുറയോട് പറയാനുള്ളതിതാണ്.ആരോഗ്യത്തെക്കുറിച്ച് ഇത്രയധികം ആവേശത്തോടെ സംസാരിക്കുന്ന യൂസഫ് ഭായ് ഇപ്പോഴും കായികമൽസരങ്ങളിൽ സജീവമാണ്. കഴിഞ്ഞമാസം കടലൂരിൽ നടന്ന ഇന്ത്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്തു വിവിധ സമ്മാനങ്ങൾ വാങ്ങി. അവിടെ മൽസരങ്ങളിൽ പങ്കെടുത്ത ഏകപ്രവാസിയായിരുന്നു യൂസഫ് ഭായ്. സാധാരണക്കാരനായി തുടങ്ങി ലോകമറിയുന്ന ബ്രാൻഡായി മാറിയ ഒരു മലയാളി, എങ്ങനെ ഉയരങ്ങളിലേക്കു ചേക്കേറിയെന്നതിൻറെ സാക്ഷ്യമാണിത്. പെർഫ്യൂം മാൻ ഓഫ് ദുബായ് എന്നറിയപ്പെടാൻ തുടങ്ങിയിട്ടേറെ നാളായി. പക്ഷേ, അതിലേക്കുള്ള വഴി ആശാന്തപരിശ്രമത്തിൻൻറേതായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നേറിയാൽ സ്വജീവിതവും മറ്റുള്ളവരുടെ ജീവിതങ്ങളും സുഗന്ധപൂരിതമാക്കാമെന്നതിന്റെ സാക്ഷ്യം.

MORE IN GULF THIS WEEK
SHOW MORE