ലോകം ഉറ്റു നോക്കുന്നു 'നിയോ'മിലേക്ക് ; പുത്തന്‍ പ്രതീക്ഷയോടെ സൗദി

Gulf-This-Week
SHARE

വടക്കൻ ചെങ്കടൽ തീരത്ത് സൗദി പടുത്തുയർത്തുന്ന പുതിയ നഗരമാണ് നിയോം. ഭാവിയുടെ നഗരമെന്നു വിളിക്കപ്പെടുന്ന നിയോം എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. വിനോദസഞ്ചാരമേഖലയിൽ സൗദിയുടെ ഇതുവരെ കാണാത്ത കാഴ്ചപ്പാടായിരിക്കും നിയോം പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്. മാറുന്ന സൗദിയുടെ മനോഹാരിത കാണാൻ ലോകത്തെ ക്ഷണിക്കുകയാണ് നിയോം പദ്ധതിയിലൂടെ. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 ൻറെ ഭാഗമായി 2017 ലാണ് നിയോം പദ്ധതി പ്രഖ്യാപിച്ചത്. വടക്കുപടിഞ്ഞാറൻ സൗദിയിൽ  നിർമിക്കുന്ന നിയോം നഗരം സൗദിയുടെ പരമാധികാരത്തിലായിരിക്കുമോ? സൗദി നിയമങ്ങളാകുമോ അവിടെ ബാധകമാകുന്നത്? അങ്ങനെ ഒട്ടേറെചോദ്യങ്ങളാണ് നിയോം പദ്ധതിയെക്കുറിച്ചു ലോകം പങ്കുവയ്ക്കുന്നത്. അതിനെല്ലാം കഴിഞ്ഞവാരം സൗദി മറുപടി നൽകി. നിയോം പദ്ധതി പ്രദേശം പൂര്‍ണമായും സൗദിയുടെ പരമാധികാരത്തിന് കീഴില്‍ തന്നെയായിരിക്കുമെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കുന്നു. സൗദിയുടെ നിയമങ്ങൾ തന്നെയായിരിക്കും നിയോമിലും പ്രാബല്യത്തിലാകുന്നത്. പക്ഷേ, സൗദിയുടെ പ്രത്യേക സാമ്പത്തിക മേഖലയായിട്ടായിരിക്കും നിയോം നിലകൊള്ളുന്നത്. അതിനാൽ തന്നെ സാമ്പത്തിക ഇളവുകളും അതിനനുസൃതമായ നിയമങ്ങളുമായിരിക്കും നിയോമിലുണ്ടാവുകയെന്നും സൗദി വ്യക്തമാക്കുന്നു. അതിനർഥം, ഇതുവരെ കണ്ട സൗദിയുടെ മുഖമായിരിക്കില്ല നിയോമിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അതിനപ്പുറം  ലോകവിനോദസഞ്ചാരഭൂപടത്തിലെ ഏറ്റവും ആകർഷകമായ കാഴ്ചയായിട്ടായിരിക്കും നിയോം പദ്ധതിയെ സൗദി അവതരിപ്പിക്കുന്നത്.

പുതിയത്, ഭാവി എന്നീ അർഥങ്ങൾ വരുന്ന ഗ്രീക്ക്, അറബിക് പദങ്ങളിൽ നിന്നാണ് നിയോം എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ലോകത്തിലെ 40 ശതമാനം മേഖലകളിൽ താമസിക്കുന്നവർക്കും നാലു മണിക്കൂറിനുള്ളിൽ നിയോം നഗരത്തിലെത്താനാകും. 26,500 കിലോമീറ്റർ വിസ്തൃതി. മറ്റു ഗൾഫ് മേഖലകളിലേക്കാൾ ചൂട് കുറഞ്ഞ പ്രദേശം. 100 ശതമാനവും പുനരുപയോഗ ഊർജത്തിൽ പ്രവർത്തനം.  അങ്ങനെ വ്യത്യസ്തമായാണ് നിയോം നഗരനിർമാണം. ഭാവിയുടെ നഗരമെന്ന വിളിപ്പേര് അന്വർഥമാക്കുംവിധം പ്രകൃതിയെ ചൂഷണം ചെയ്യാതെ, കാർബൺ മലിനീകരണമില്ലാതെ ഒരു കാൽദൂരത്തിനടുത്തു പ്രകൃതിയുണ്ടെന്ന പ്രമേയത്തോടെയാണ് നിയോം അവതരിപ്പിക്കുന്നത്.

സൗദിയുടെ എല്ലാ സാധ്യതകളും തുറന്നിടുന്നുവെന്നു ലോകത്തോടു വിളിച്ചുപറയുകയാണ് നിയോം പദ്ധതിയിലൂടെ. അതിനാൽ തന്നെ സൗദിയെക്കുറിച്ചുള്ള എല്ലാ മുൻധാരണകളേയും പൊളിച്ചെഴുതുന്ന പദ്ധതിയായിട്ടാണ് നിയോം അവതരിപ്പിക്കപ്പെടുന്നത്. അതിലേറ്റവും വിസ്മയിപ്പിക്കുന്ന കാഴ്ചയായിരിക്കും ദി ലൈൻ പദ്ധതി. റോഡും കാറും തെരുവുകളുമില്ലാത്ത നഗരം. പരമ്പരാഗത നഗരസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഭാവി നഗരം. നിയോം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ലൈൻ പദ്ധതിയിലൂടെ 170 കിലോമീറ്റർ കാർബൺ രഹിത നഗരമാണ് നിർമിക്കുന്നത്. ഒരു ലക്ഷം പേർക്ക് ഇവിടെ താമസിക്കാനാകും. 95 ശതമാനവും പ്രകൃതിയെ അതേപടി സംരക്ഷിച്ചു കൊണ്ടുള്ള രൂപകല്പനയാണ് ദി ലൈൻ പദ്ധതിയെന്നാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കുന്നത്. നിർമിതബുദ്ധിയിൽ അധിഷ്ടിതമായ ആശയവിനിമയ സംവിധാനങ്ങളുമൊരുക്കും. അൾട്രാ ഹൈ സ്പീഡ് ട്രാൻസിറ്റ്, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവ വഴിയായിരിക്കും യാത്രാസൌകര്യം. ഇതുവഴി മാലിന്യമുക്തമായ അന്തരീക്ഷം ഉറപ്പുവരുത്തും. രാജ്യാന്തര വ്യവസായ പ്രമുഖരുടെ നേതൃത്വത്തിൽ പുതിയ ഒരു വിപണിയും ഇവിടെയൊരുക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായ സമുച്ചയം ഓക്സഗൺ. നിയോം നഗരപദ്ധതിയിലെ മറ്റൊരു വലിയചുവടുവയ്പ്പാണ് ഓക്സഗൺ. തുറമുഖവും പരിസ്ഥിതി സൗഹൃദവിതരണ ശൃംഖലയും അടങ്ങുന്ന ഫ്ളോട്ടിങ് വ്യവസായ കോംപ്ളക്സ്. 100 ശതമാനവും പുനരുപയോഗ ഊർജത്തിലായിരിക്കും പ്രവർത്തനം. പരമ്പരാഗത നഗരസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഭാവി നഗരമായ ദി ലൈൻ പദ്ധതിയുടെ അതേ നിർമാണരീതിയായിരിക്കും ഓക്സഗൺ പിൻതുടരുന്നത്. നിയോം പദ്ധതിയുടെ ഭാഗമായി ഒടുവിൽ പ്രഖ്യാപിച്ച ഉപപദ്ധതിയാണ് ട്രോജെന. വർഷം മുഴുവനും ഔട്ഡോർ സ്കീയിങ്ങും സാഹസിക കായികവിനോദങ്ങളുമൊക്കെയായി ജീവിതം ആഘോഷമാക്കാനുള്ള അവസരമൊരുക്കുന്ന പദ്ധതി. മനുഷ്യനിർമിത ശുദ്ധജലതടാകം ദ വോൾട് എന്ന പേരിൽ സാങ്കേതികത്തനിമയും, വിനോദവും ഒരുമിക്കുന്ന ഗ്രാമവും ട്രോജൻ പദ്ധതിയുടെ ഭാഗമാകും. 2026 ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതി അറേബ്യൻ മേഖലയിലെ ഏറ്റവും വലിയ ഔട്ഡോർ സ്കീയിങ് മേഖലകൂടിയായിരിക്കും. 

മതസ്യങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളുമൊക്കെ നിറയുന്ന 6,500 ഹെക്ടർ വിസ്തൃതിയിള്ള കാർഷിക മേഖല, അതും നിയോം പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്. അതേസമയം, നിയോം പദ്ധതിയുടെ ഭാഗമായി ആദ്യം പൂർത്തിയാക്കപ്പെട്ട നിയോം രാജ്യാന്തര വിമാനത്താവളം അടുത്തമാസം പ്രവർത്തനമാരംഭിക്കും. ജൂൺ അവസാനത്തോടെ ദുബായിലേക്ക് സൗദിയ വിമാനകമ്പനിയുടെ ആദ്യ സർവീസ് തുടങ്ങും. തുടർന്നു ലണ്ടൻ ഉൾപ്പെടെയുള്ള മേഖലകളിലേക്കും സർവീസ് തുടങ്ങുമെന്നാണ് സൗദിയ ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഒമർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാൽ വിസ്മയിപ്പിക്കുന്ന നഗരപദ്ധതിയായിരിക്കും നിയോം പദ്ധതി.

സൗദിയുടെ കേന്ദ്ര നിക്ഷേപമായി പൊതു നിക്ഷേപക ഫണ്ടിൻറെ കീഴിലാണ് ഈ ഭീമൻ പദ്ധതി പുരോഗമിക്കുന്നത്. സൗദി വിഷൻ 2030 ൻറെ ഭാഗമായി എണ്ണയിതരവരുമാനത്തിൻറെ പ്രധാനമുന്നേറ്റമായി പ്രതീക്ഷിക്കുന്ന നിയോം പദ്ധതി. 3,80,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 2030 ഓടെ സമ്പദ് വ്യവസ്ഥയിലേക്ക് 180 ബില്യൻ റിയാൽ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. അത്തരത്തിൽ വിനോദസഞ്ചാര, വ്യവസായഭൂപടത്തിൽ ലോകത്തിൻറെ ശ്രദ്ധാകേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ നേതൃത്വത്തിൽ നിയോം പദ്ധതി അവതരിപ്പിക്കുന്നത്. അതിനൊപ്പം നിയമ, സാമൂഹിക വ്യവസ്ഥകളിലും വലിയ മാറ്റങ്ങൾക്കാണ് സൗദി സാക്ഷിയാകുന്നത്. സ്ത്രീകൾക്ക് ലൈസൻസ് അനുവദിച്ചത് മുതൽ സിനിമയും സംഗീതവും കലാകായികസംസ്കാരവുമൊക്കെ സജീവമാക്കാനുള്ള തീരുമാനങ്ങളിലൂടെ മുൻധാരണകളകറ്റി സൗദിയിലേക്ക് വിനോദസഞ്ചാരികളേയും നിക്ഷേപകരേയുമെല്ലാം ആകർഷിക്കാനുള്ള പദ്ധതികൾക്കാണ് കിരീടാവകാശി നേതൃത്വം നൽകുന്നത്. അതിൻറെ പ്രതിഫലനംകൂടിയാണ് വിസ്മയങ്ങളുടെ കേന്ദ്രമായി മാറാനൊരുങ്ങുന്ന നിയോം പദ്ധതി.

MORE IN GULF THIS WEEK
SHOW MORE