'വായിച്ചാൽ വളരും'; ഓർമപ്പെടുത്തലുമായി ഷാർജയിലെ വായനോത്സവം

Gulf-This-Week_12
SHARE

പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറയായി ഷാർജയിൽ കുട്ടികളുടെ വായനോത്സവം. അറബ് ലോകത്തിൻറെ സാംസ്കാരിക നഗരിയിലാണ് ഇന്ത്യയടക്കം രാജ്യങ്ങളിലെ പ്രസാധകർ അണിനിരക്കുന്ന വായനോത്സവം തുടങ്ങിയത്. വായിച്ചാൽ വളരുമെന്നു കുട്ടികളെ വീണ്ടും ഓർമപ്പെടുത്തുകയാണ് ഷാർജയിലെ ഈ വായനോത്സവം. 

സർഗാത്മകത സൃഷ്ടിക്കുക എന്ന പ്രമേയത്തിലാണ് ഷാർജ അൽ താവൂനിലെ എക്സ്പോ സെൻ്ററിൽ പതിമൂന്നാമത് കുട്ടികളുടെ വായനോത്സവം പുരോഗമിക്കുന്നത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഷാർജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന ഗൾഫിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവത്തിനു തിരിതെളിഞ്ഞതോടെ ആയിരക്കണക്കിനു വിദ്യാർഥികളാണ് ഓരോ ദിവസവും ഷാർജ എക്സ്പോ സെൻററിലേക്കെത്തുന്നത്. ഇന്ത്യയടക്കം 15 രാജ്യങ്ങളിൽ നിന്നായി 139 പ്രസാധകർ ഏറ്റവും പുതിയ ടൈറ്റിലുകളടക്കം ഒട്ടേറെ പുസ്തകങ്ങളുമായെത്തിയിട്ടുണ്ട്.  കുട്ടികളുടെ സാംസ്കാരിക,വിനോദ,കലാ പരിപാടിയായാണ് ഷാർജ ബുക് അതോറിറ്റി  വായനോത്സവം അവതരിപ്പിക്കുന്നത്. 1,140 ശിൽപശാലകളാണ് പുരോഗമിക്കുന്നത്. ഇതാദ്യമായി കിഡ്സ് ഇൻ ആക് ഷൻ പരിപാടിയുമുണ്ട്. മൂന്നു മുതൽ അഞ്ചു വരെ പ്രായമുള്ള കു‌ട്ടികൾക്ക് 264 ക്രിയാത്മക ശിൽപശാലകളാണ് ഒരുക്കിയിരിക്കുന്നത്. കോമിക്സ് കോർണർ,  സോഷ്യൽ മീഡിയാ സ്റ്റേഷൻസ്, കൂക്കറി കോർണർ, മത്സരങ്ങൾ എന്നിവയും വായനോത്സവത്തിൻറെ ഭാഗമായി അരങ്ങേറുന്നു.

റൊബോട്ട് സൂ ആണ് ഇത്തവണത്തെ വായനോത്സവത്തിൽ കുട്ടികളെ ആകർഷിക്കുന്ന പ്രധാനകേന്ദ്രം. സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിനോദത്തിലൂടെ വന്യജീവികളെക്കുറിച്ചു പഠിക്കുന്നതിനുള്ള അവസരമാണ് റൊബോട്ട് സൂ ഒരുക്കിയിരിക്കുന്നത്. വിവിധ മൃഗങ്ങളുടെ പ്രവർത്തനങ്ങൾ യന്ത്രവൽകൃതമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം. ഒപ്പം ഈ പ്രതലത്തിൽ തൊടുമ്പോൾ ഓരോ ജീവികളുടേയും ശബ്ദം കേൾക്കാനാകുമെന്നതും പ്രത്യേകതയാണ്. കുട്ടികൾക്കായി വന്യജീവികളുമായി ബന്ധപ്പെട്ട പ്രത്യേക ശിൽപശാലയും ഒരുക്കിയിട്ടുണ്ട്. സംഗീതവും വിനോദവും ഒരുമിക്കുന്ന മിസ്റ്റർ ഐ ഷോയാണ് റൊബോട്ട് സൂവിൽ അവതരിപ്പിക്കുന്നത്. അമ്മച്ചീസ് ഗ്ലാസ്സസ് എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായ മലയാളി ഇംഗ്ലീഷ് എഴുത്തുകാരി പ്രിയ കുര്യൻ,  പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പൂർവ ഗ്രോവർ, എഴുത്തുകാരിയും കവയിത്രിയുമായ വിഭ ബത്ര, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനിത വചരജനി എന്നിവരാണ് ഇന്ത്യയിൽ നിന്നും കുട്ടികളുമായി സംവദിക്കാനെത്തുന്ന സാഹിത്യപ്രതിഭകൾ. മനോരമ ഓൺലൈനിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലിൻറെ കുട്ടികൾക്കായുള്ള പുസ്തകമായ ഖുഷി അടക്കം മലയാള പുസ്തകങ്ങളും മേളയിൽ ഇടം നേടിയിട്ടുണ്ട്. 

പ്രവാസിമലയാളികളായ ആയിരക്കണക്കിന് വിദ്യാർഥികളാണ് വായനോത്സവത്തിലേക്കെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിപാടികളിൽ സജീവമാകാതിരുന്ന വിരസമായ കാലത്തിന് വിടനൽകിയാണ് പുസ്തകം വാങ്ങാനും സാംസ്കാരിക,വിനോദ,കലാ പരിപാടികളിൽ പങ്കെടുക്കാനുമായി വിദ്യാർഥികളെത്തുന്നത്. 

https://registration.scrf.ae/ എന്ന വെബ് സൈറ്റിലൂടെ നേരത്തേ റജിസ്റ്റർ ചെയ്തോ നേരിട്ടെത്തിയോ സൌജന്യമായി വായനോത്സവത്തിലേക്ക് പ്രവേശിക്കാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി ഒൻപത് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി ഒൻപതുവരെയുമാണ് വായനോത്സവം അരങ്ങേറുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE