ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിലാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നയതതന്ത്ര ബന്ധം ഏറ്റവും മികച്ച നിലയിലെത്തിനിൽക്കുമ്പോഴാണ് കൂടുതൽ പ്രതീക്ഷയേകുന്ന കരാർ നിലവിൽ വരുന്നത്. സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ എപ്രകാരമാണ് ഗുണകരമാകുന്നത്. ആ വിലയിരുത്തലുകളാണ് ആദ്യം കാണുന്നത്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇന്ത്യയും അറേബ്യൻ നാടുകളുമായുള്ള വ്യാപാരബന്ധത്തിനു. യുഎഇ രൂപീകൃതമായി 50 വർഷം പിന്നിടുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര,നയതന്ത്ര ബന്ധം ഉന്നതിയിലെത്തിനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മേയ് ഒന്നിനു പ്രാബല്യത്തിലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന വെർച്വൽ ഉച്ചകോടിക്കിടെയാണ് കരാർ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 6,000 കോടി ഡോളറിൽ അതായത് 4.5 ലക്ഷം കോടി രൂപയിൽ നിന്ന് അഞ്ചു വർഷത്തിനകം 10,000 കോടി ഡോളർ അതായത് 7.5 ലക്ഷം കോടിരൂപയാക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്.
ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ചികിത്സാ ഉപകരണങ്ങള്‍ വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന 80 ശതമാനത്തിലേറെ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവയിൽ ഇളവു ലഭിക്കുമെന്നു പ്രതീക്ഷ. കാർഷിക മേഖലയിലടക്കം ഉണർവു സൃഷ്ടിക്കാനും കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനും ഇതു സഹായകമാകും.നികുതി ഇളവ് ലഭിക്കുന്നതോടെ ഇടപാടുകള്‍ വര്‍ധിച്ച് ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കർഷകരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിച്ച് ഏകീകൃത സംവിധാനം വഴി കയറ്റുമതിക്ക് അവസരമുണ്ടാകുമെന്നതും കരാറിൻറെ നേട്ടമാണ്. ഇതുവഴി കൂടുതൽ കർഷകർക്ക് കാർഷികോൽപ്പന്നങ്ങൾക്കു നല്ല വില ഉറപ്പാക്കുന്നതിനും സാധിക്കും. ഒപ്പം ഇന്ത്യയുടെ കയറ്റുമതി വ്യവസായമേഖലയിലും ഉണർവുണ്ടാകും.
വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് സമഗ്രസാമ്പത്തിക പങ്കാളിത്തകരാർ വഴിയൊരുക്കും. സാമ്പത്തികം, ഊർജം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപങ്ങളും വ്യാപാരവും പ്രോത്സാഹിപ്പിക്കുകയാണ് കരാറിൻറെ ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ലതർ, സ്വർണ,വജ്രാഭരണങ്ങൾ, ഇലക്ട്രോണിക്, കാർഷിക ഉൽപന്ന മേഖലകൾക്ക് കരാർ നേട്ടമാകും. പല ഇന്ത്യൻ ഉൽപന്നങ്ങൾക്കും യുഎഇയിൽ വില കുറയുമെന്നും ലഭ്യത കൂടുമെന്നുമാണ് വിവരം. അതേസമയം, എക്സ്പോയ്ക്കു പിന്നാലെ യുഎഇയിൽ കൂടുതൽ നിക്ഷേപം ഉയരുന്നതിനും കരാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. അറബ് ലോകത്ത് ഇന്ത്യയുടെ വ്യാപാരത്തിൻറെ 40 ശതമാനവും യുഎഇയുമായാണ്. ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ യുഎഇയ്ക്ക് എട്ടാം സ്ഥാനമാണ്. കരാർ പ്രാബല്യത്തിലാകുന്നതോടെ മേഖലയിലെ ഏറ്റവും വലിയ വ്യാപാരപങ്കാളികളായി ഇരുരാജ്യങ്ങളും മാറുമെന്നാണ് പ്രതീക്ഷ. മലയാളികളടക്കം പ്രവാസികൾക്കും ഈ കരാർ അങ്ങനെയാണ് പ്രതീക്ഷയാകുന്നത്.