മികവിന്റെ ലോകത്തേക്ക് വരവേറ്റ് യുഎഇ; പുതിയ വീസാനയം ഗുണകരമാകുന്ന വഴി

gulf
SHARE

കഴിവും യോഗ്യതയുമുള്ളവരെ മികവുകളുടെ ലോകത്തേക്കു വരവേൽക്കുകയാണ് യുഎഇ. പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രഖ്യാപിച്ചതോടെ അവസരങ്ങളുടെ ആസ്ഥാനമാകാനൊരുങ്ങുകയാണ് രാജ്യം. കഴിഞ്ഞവാരം പ്രഖ്യാപിച്ച പുതിയ വീസാ നയം പ്രവാസികളടക്കമുള്ളവർക്കു എങ്ങനെയാണ് ഗുണകരമാകുന്നത്. വിലയിരുത്തലുകളാണ് ആദ്യം കാണുന്നത്.

രാജ്യാന്തര എക്സ്പോ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ യുഎഇ ലോകത്തിൻറെ മുൻനിരയിലേക്കെത്തുകയെന്ന ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുകയാണ്. അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കി തുടങ്ങിയ രാജ്യം മികവിൻറെ കേന്ദ്രമായി മാറാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിൻറെ ഭാഗമായാണ് കഴിവും യോഗ്യതയുമുള്ളവരെ രാജ്യത്തേക്കു ക്ഷണിക്കാൻ പുതിയ വീസകളും നിലവിലെ വീസകളിൽ ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ 5 വർഷം വരെ യുഎഇയിൽ തങ്ങാവുന്ന ഗ്രീൻ വീസയാണ് പരിഷ്ക്കരിച്ച യുഎഇ വീസാ നിയമത്തിലെ സുപ്രധാന മാറ്റം. 1, 2, 5 വർഷ കാലാവധിയുള്ള  ഗ്രീൻ റസിഡൻസി വീസകൾ തുല്യ കാലയളവിലേക്കു പുതുക്കാം. ഗ്രീൻ വീസാ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്താലും രാജ്യം വിടുന്നതിന് 6 മാസത്തെ സാവകാശം ലഭിക്കും. വിദഗ്ധ തൊഴിലാളികൾ, സ്വയം സംരഭകർ, നിക്ഷേപകർ എന്നിവർക്ക് അഞ്ചുവർഷത്തെ ഗ്രീൻ വീസ ലഭിക്കും.

സ്പോൺസർമാരില്ലാതെ സന്ദർശകവീസ അനുവദിക്കാനുള്ള തീരുമാനം തൊഴിൽ അന്വേഷകർക്കും വിനോദസഞ്ചാരമേഖലയ്ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. തൊഴിൽ അന്വേഷകരായ ബിരുദദാരികൾക്കും പ്രഫഷണലുകൾക്കും സന്ദർശകവീസയ്ക്കു പ്രത്യേക പരിഗണന നൽകും. യുഎഇയിലെ സ്ഥാപനങ്ങളിൽ 76 ശതമാനവും ഈ വർഷത്തോടെ കൂടുതൽ ജോലിക്കാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് ജോലി ചെയ്യുന്നതിനു നിയമപരമായ തടസമുണ്ട്. ഇതു മുതലെടുത്തു ചില തൊഴിൽ തട്ടിപ്പുകളും നടക്കുന്നുണ്ട്. പുതിയ വീസ സംവിധാനം നിലവിൽ വരുന്നതോടെ തൊഴിൽ അന്വേഷകർക്കു നിയമപരമായി യുഎഇയിലെത്താനാകും. ഒപ്പം തൊഴിൽ തട്ടിപ്പുകൾ കുറയുകയും ചെയ്യും.

യുഎഇയിലിരുന്ന് മറ്റൊരു രാജ്യത്തെ ജോലി ചെയ്യുന്നവർക്കുള്ള ഒരുവർഷകാലാവധിയുള്ള റിമോട്ട് വർക്ക് വീസ, അഞ്ചുവർഷകാലാവധിയുള്ള റിട്ടയർമെൻറ് റസിഡൻസ് വീസ, രണ്ടുവർഷകാലാവധിയുള്ള റിയൽ എസ്റ്റേറ്റ് ഓണേഴ്സ് റസിഡൻസ് വീസ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് 25 വയസുവരെയുള്ള ആൺകുട്ടികളെ സ്പോൺസർചെയ്യാം. നേരത്തേ 18 ആയിരുന്നു പ്രായപരിധി. പെൺകുട്ടികളാണെങ്കിൽ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാനാകും. പഠനം, പരിശീലനം, ഇൻറേൺഷിപ് എന്നിവയ്ക്കൊയി ലളിത വ്യവസ്ഥകളോടെ യുഎഇയിലേക്കു വരുന്നതിനും ഇനി അനുമതിയുണ്ടാകും. സർവകലാശാലകൾ, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കു ഇവരെ സ്പോൺസർ ചെയ്യാവുന്നതാണ്. 

ഗോൾഡൻ വീസയിലും ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 10 വർഷ വീസക്കാർ ആറു മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുതാമസിക്കരുതെന്ന നിബന്ധന ഒഴിവാക്കി. കുടുംബാംഗങ്ങളെ പ്രായം പരിഗണിക്കാതെ ഇനി സ്പോൺസർ ചെയ്യാനുമാകും. ഗോൾഡൻ വീസയുടമ മരിച്ചാലും കുടുംബാംഗങ്ങൾക്ക് വേണമെങ്കിൽ യുഎഇയിൽ തുടരാം. സാംസ്കാരികം, കല, കായികം, ഡിജിറ്റൽ സാങ്കേതിക വിദ്യ, ഗവേഷണം എന്നീ മേഖലകളിലെ പ്രതിഭകൾക്കു വിദ്യാഭ്യാസ യോഗ്യതയോ ശമ്പളമോ പരിഗണിക്കാതെ കഴിവിൻറെ അടിസ്ഥാനത്തിൽ ഗോൾഡൻ വീസ നൽകാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചതോടെ യുഎഇയുടെ വികസന പദ്ധതികളുടെ ഏറ്റവും അടുത്ത പങ്കാളികളാകാൻ ഇന്ത്യക്കു കഴിയുമെന്നാണ് കരുതുന്നത്. വീസ നയത്തിലെ പുതിയ സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും, തൊഴിൽ അന്വേഷകർക്കും വലിയ പ്രതീക്ഷയാണു നൽകുന്നത്. 

വ്യാപാര,വ്യവസായ, വിനോദസഞ്ചാരമേഖലകൾക്ക് പുതിയ ഉണർവു പകരുന്നതാണ് യുഎഇയുടെ ഈ വീസാ നയം. രാജ്യം കഴിഞ്ഞവർഷം 2.3 ശതമാനം സാമ്പത്തിക വളർച്ച നേടിയതായും ഈ വർഷം അതു 4.2 ശതമാനമായി ഉയരുമെന്നുമാണ് ഐ.എം.എഫ് റിപ്പോർട്ട്. യുഎഇയിൽ പുതുതായി അറുപതോളം രാജ്യങ്ങൾ നയതന്ത്ര കാര്യാലയങ്ങൾ സ്ഥാപിക്കാനൊരുങങുന്നത് വിവിധരാജ്യങ്ങളുമായി എല്ലാ മേഖലകളിലേയും സഹകരണത്തിനു ശക്തികൂട്ടും. കൃത്യമായ കാഴ്ചപ്പാടോടെ നയങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുള്ള ഭരണാധികാരികളുടെ ശ്രമം കൂടിയാകുമ്പോൾ വരും നാളുകളിലും യുഎഇ, മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് പ്രതീക്ഷയേകുന്ന നാടായി തുടരും.

MORE IN GULF THIS WEEK
SHOW MORE