കാഴ്ചയുടെ ലോകം തുറന്ന് ദുബായ് എക്സ്പോ; വിനോദസഞ്ചാരമേഖലയ്ക്കും ഉണര്‍വ്

gulf
SHARE

ദുബായ് രാജ്യാന്തര എക്സ്പോയ്ക്ക് ഔദ്യോഗികമായി തിരശീലവീണു. ആറു മാസം നീണ്ട എക്സ്പോ എന്താണ് ബാക്കിവയ്ക്കുന്നത്. സാമ്പത്തികമേഖലയ്ക്ക് എക്സ്പോ എത്രത്തോളം ഗുണകരമായിരുന്നു. എക്സ്പോയ്ക്കായി നിർമിച്ച സൌകര്യങ്ങൾ ഇനി എന്തുചെയ്യും. ആ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരങ്ങളുണ്ട്. വികസനവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമിടുന്നതാണ് ആ ഉത്തരങ്ങൾ.

കോവിഡ് മഹാമാരിയുടെ കടുത്തവെല്ലുവിളികൾകളെ അതിജീവിച്ച് എക്സ്പോ വിജയിച്ചിരിക്കുന്നു. അതിൻറെ ലക്ഷ്യം നേടിയിരിക്കുന്നു. ആറു മാസം നീണ്ട എക്സ്പോയ്ക്ക് തിരശീല വീഴുമ്പോൾ ഉറപ്പിച്ചുപറയാനാകുന്ന കാര്യം. എക്സ്പോയിലെന്തെല്ലാമുണ്ടായിരുന്നുവെന്നത് രണ്ടരക്കോടിയോളംപേർ നേരിട്ടുകണ്ടു. അതിലും എത്രയോ ഇരട്ടിയാളുകൾ വാർത്തകളിലൂടെയും മറ്റും കണ്ടുകഴിഞ്ഞിരിക്കുന്നു. എക്സ്പോയുടെ വിജയം യുഎഇയുടെ മാത്രമല്ല മേഖലയുടേയും ലോകത്തിൻറേയും സാമ്പത്തികക്രമത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പാണ്. സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടിനാഷണൽ കമ്പനികൾ വരെ സജീവമായി രംഗത്തുണ്ടായിരുന്നു എക്സ്പോയിൽ. വലിയ വ്യാപാരവ്യവസായ സാധ്യതകൾ തുറന്നിട്ട വാതിൽകൂടിയായിരുന്നു എക്സ്പോ. കാഴ്ചകൾക്കപ്പുറം എക്സ്പോ ഒരുക്കിയ വലിയ അവസരവും അത്തരം സാധ്യതകളെ കോർത്തിണക്കുകയെന്നതായിരുന്നു

എക്സ്പോയിലെ ഏറ്റവും സജീവമായ പവിലിയനുകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങൾക്ക് അവരവരുടെ സാധ്യതകളവതരിപ്പിക്കാൻ അവസരമൊരുക്കിയതിനൊപ്പം വിവിധകമ്പനികൾക്കും എക്സ്പോ പ്രയോജനപ്പെടുത്തുന്നതിനു ഇന്ത്യൻ പവിലിയൻ വേദിയായി. 

യുഎഇയുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത ഒട്ടെറെ രാജ്യങ്ങളും ദുബായ് എക്സ്പോയിൽ സജീവമായി പങ്കെടുത്തിരുന്നു. യുഎഇയിൽ നയതന്ത്ര കാര്യാലയങ്ങളില്ലാത്ത പല രാജ്യങ്ങളും സമീപഭാവിയിൽ ഇവിടെ എംബസികൾ സ്ഥാപിക്കുമെന്നാണ് കരുതുന്നത്. എക്സ്പോ വഴി സംഭവിച്ച ഏറ്റവും സുപ്രധാനമായ മാറ്റങ്ങളിലൊന്നാണ് നയതന്ത്ര രംഗത്തെ ഈ മികച്ച മുന്നേറ്റം.

ഓരോ രാജ്യങ്ങളുടേയും വിനോദസഞ്ചാരമേഖലയിലെ സാധ്യതകളും കാഴ്ചകളും അവതരിപ്പിക്കാനുള്ള വേദികൂടിയായിരുന്നു ദുബായ് എക്സ്പോ. എല്ലാ പവിലിയനുകളിലും അത്തരം കാഴ്ചകലുമുണ്ടായിരുന്നു. കോവിഡ് ഏറ്റവുമധികം ബാധിച്ച വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ഉണർവാണ് എക്സപോ സമ്മാനിച്ചത്.

\

എക്സ്പോയ്ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും ഈ വർഷം അവസാന പാദത്തോടെ പ്രവർത്തനമാരംഭിക്കും.ഇന്ത്യയുടെതുൾപ്പെടെ ചില പവിലിയനുകൾ, പ്രധാന കെട്ടിട സമുച്ചയങ്ങളായ അൽ വാസൽ പ്ലാസ, കുട്ടികളുടെ സയൻസ് സെൻറർ, ദുബായ് എക്സിബിഷൻ സെൻറർ എന്നിവ എക്സ്പോയ്ക്കു ശേഷവും നിലനിർത്തും. സർക്കാർ തലത്തിലുള്ള ചർച്ചകൾ സമ്മേളനങ്ങൾ, പ്രദർശന മേളകൾ എന്നിവയുടെ വേദികൂടിയായിരിക്കും ഈ എക്സ്പോ നഗരി. അതായത് എക്സ്പോ അവസാനിച്ചാലും എക്സ്പോയ്ക്കായി ഒരുക്കിയ ഈ സൌകര്യങ്ങൾ ഭാവിയിലേക്കും വികസനത്തിലേക്കുമുള്ള ചവിട്ടുപടികളായി വേദിയായി ഇവിടെയുണ്ടാകും. മലയാളികളടക്കം പ്രവാസികൾക്കും സ്വദേശികൾക്കും അതുവഴി ലോകത്തിനം പുതിയസാധ്യതകളും അവസരങ്ങളുമാകും ഈ വേദി ഇനിയുള്ളകാലവും പങ്കുവയ്ക്കുന്നത്.

*******************************************

അതിവിശാലമായ കാഴ്ചകൾ നിറഞ്ഞ ദുബായ് എക്സ്പോയിലെ എല്ലാ പവിലിയനുകളും സന്ദർശിക്കുകയെന്നത് ശ്രമകരമായ ദൌത്യമായിരുന്നു. എന്നാാൽ, ഈ പവിലിയനുകളെല്ലാം എട്ടുതവണ കണ്ടുതീർത്തൊരു മലയാളിയുണ്ട്. കണ്ണൂർ മട്ടന്നൂർ സ്വദേശി ഷംസീർ കേച്ചേരി. എന്തുകൊണ്ടു എങ്ങനെയാണ് ഷംഷീർ ഈ പവിലിയനുകൾ കണ്ടത്. ആ കാഴ്ചയാണ് ഇനി കാണുന്നത്.

യുഎഇയിലും ഒമാനിലുമായി സെയ്ൽസ് ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഷംസീർ കേച്ചേരിയാണിത്. ഒരുപക്ഷേ, ഏറ്റവുമധികം തവണ എക്സ്പോ സന്ദർശിച്ച വ്യക്തി. ആദ്യമായി അറബ് ലോകത്തേക്കു വിരുന്നെത്തിയ എക്സ്പോ ഏറ്റവുമധികം ആഘോഷമാക്കിയ മലയാളി. 192 രാജ്യങ്ങളുടേതടക്കം ഇരുന്നൂറിലധികം പവിലിയനുകളാണ് ദുബായ് എക്സ്പോയിലുള്ളത്. ആ പവിലിയനുകളെല്ലാം എട്ടുതവണ വീതമാണ് ഷംഷീർ കണ്ടത്. എക്സ്പോയെ ഇത്രമേൽ പ്രണയിച്ച മറ്റൊരു വ്യക്തിയുണ്ടാകില്ല

ഓരോ പവിലിയനും സന്ദർശിക്കുമ്പോൾ സന്ദർശകർക്ക് ഓർമയ്ക്കായി എക്സ്പോ പാസ്പോർട്ടിൽ സ്റ്റാംപ് പതിച്ചു നൽകാറുണ്ട്. എല്ലാവരും ഒന്നോ രണ്ടോ പാസ്പോർട്ടിലൊതുങ്ങിയപ്പോൾ ഷംഷീറിൻറെ കയ്യിലെത്തിയത് പതിനാറോളം പാസ്പോർട്ടുകൾ. 

പാസ്പോർട്ടിൽ മാത്രമല്ല ഷംഷീർ ഓരോ രാജ്യത്തിൻറെ ഓർമകൾ പതിപ്പിച്ചത്. അറബ് പുരുഷൻമാർ ധരിക്കുന്ന കന്തൂറ, കുട, ഫുട്ബോൾ, ഷൂസ് അങ്ങനെ ഇഷ്ടവസ്തുക്കളിലെല്ലാം വിവിധരാജ്യങ്ങളുടെ സ്റ്റാംപുകൾ കാണാം. എക്സ്പോ സന്ദർശിച്ചതിൻറെ ഓർമചിത്രങ്ങൾ. 

പവിലിയനുകളിൽ നിന്നായി ചില സമ്മാനങ്ങളും ഷംഷീറിനു ലഭിച്ചിട്ടുണ്ട്.  ഏറ്റവും ഇഷ്ടപ്പെട്ട പവിലിയനുകളേതെന്ന ചോദ്യത്തിനു മറുപടിയിങ്ങനെ. ആറു മാസം നീണ്ട എക്സ്പോയിൽ നാലരമാസമെടുത്താണ് ഷംഷീർ ഈ ദീർഘസന്ദർശനം പൂർത്തിയാക്കിയത്. ഒരുമാസം നീളുന്ന വാർഷികാവധിയിൽ ഷംഷീർ സാധാരണ നാട്ടിൽ പോകാറാണുള്ളത്. പക്ഷേ, ഇത്തവണ ആ അവധിദിനങ്ങളെല്ലാം ഷംഷീർ എക്സ്പോയിലുണ്ടായിരുന്നു. എന്തുകൊണ്ടു ഇത്രയും തവണ എക്സ്പോ സന്ദർശിച്ചുവെന്നതിനു കൃത്യമായൊരുത്തരമുണ്ട് ഈ മലയാളിക്ക്.

അങ്ങനെ  ഒരായിരം ഓർമകളാണ് ദുബായ് എക്സ്പോ വേദിയിൽ നിന്നുംഈ പ്രവാസി മലയാളി സ്വന്തമാക്കിയത്. 

*******************************************

പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിക്കൊരു പ്രവാസിപ്പതിപ്പ്. റാസൽഖൈമയിലെ അൽ മർജാനിൽ ആവേശമായി നെഹ്റു ട്രോഫി വള്ളംകളി സംഘടിപ്പിച്ചു. നാടിൻറെ ഓർമകളുമായി പ്രവാസികൾ ആഘോഷമാക്കിയ ആ വള്ളംകളിമൽസരത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

അൽമർജാനിലെ കടൽത്തീരം പുന്നമടക്കായലായി മാറിയ കാഴ്ച. കേരളത്തിലെ ഗ്രാമപ്രദേശത്തെ ഓർമിപ്പിക്കും വിധം അണിഞ്ഞൊരുങ്ങിയ അൽ മർജാൻ കടൽത്തീരത്തു നടന്ന യുഎഇയിലെ രണ്ടാം നെഹ്റു ട്രോഫി വള്ളംകളി പ്രവാസിമലയാളികൾക്ക് ആഘോഷമായി. ആയിരക്കണക്കിന് ആരാധകരുടെ ആർപ്പുവിളികൾക്കിടെയായിരുന്നു മരുഭൂമിയെ കോരിത്തരിപ്പിച്ച വാശിയേറിയ മത്സരം.

കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ചിട്ടവട്ടങ്ങളോടെ നടന്ന മത്സരത്തിൽ 22 പേർവീതമുള്ള ഫൈബർ ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. 

എട്ടു ചുണ്ടൻമാർ അണിനിരന്ന വാശിയേറിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സെൻറ് ജോർജിനെ മറികടന്നു ഗബ്രിയേൽ ചുണ്ടൻ ഒന്നാമതെത്തി.  യുഎഇയിലെ ഏഴുഎമിറേറ്റുകളിൽ നിന്നായി വനിതകളടക്കമുള്ളവർ തുഴയെറിയാനെത്തി. മലയാളികളുടെ വിവിധകൂട്ടായ്മകളെ പ്രതിനിധീകരിച്ചാണ് എട്ടുടീമുകളെത്തിയത്. ആഴ്ചകൾ നീണ്ട പരിശീലനത്തിനൊടുവിലാണ് അൽ മർജാനിൽ പോരാട്ടത്തിനിറങ്ങിയത്.

RAK ഇൻറർനാഷണൽ മറൈൻ സ്പോർട്സ് ക്ലബ്‌ പ്രവാസലോകത്ത് രണ്ടാം തവണയാണ് നെഹ്രു ട്രോഫി വള്ളംകളി സംഘടിപ്പിക്കുന്നത്.  ഓണക്കാലത്ത് കേരളത്തിലെ ഗ്രാമങ്ങളിലെ കാഴ്ചയായ വടംവലി മൽസരവും നെഹ്രു ട്രോഫിയോടനുബന്ധിച്ചു സംഘടിപ്പിച്ചു.

വള്ളംകളിക്കു പിന്നാലെ 33 കലാകാരൻമാർ പങ്കെടുത്ത ആട്ടം കലാസമിതി, ചെമ്മീൻ ബാൻഡ് എന്നിവരുടെ ചെണ്ട ഫ്യൂഷൻ സംഗീതപരിപാടി പ്രവാസികാഴ്ചക്കാർക്ക് ആവേശമായി. മൂന്നുമണിക്കൂർ നീണ്ട കലാവിരുന്നിൽ ഗായകൻ നിഖിൽ മാത്യുവും അണിചേർന്നതോടെ അൽമർജാൻ ഉത്സവപ്പറമ്പായിമാറി. 

റാസൽഖൈമ സർക്കാരിൻറെ പിന്തുണയോടെ റാസൽ ഖൈമ ഇൻറർനാഷണൽ മറൈൻ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ, ദ് ബ്രൂ മീഡിയ തുടങ്ങിയവർ ചേർന്നാണ് വള്ളംകളിമൽസരം സംഘടിപ്പിച്ചത്. നാടൻ ഭക്ഷണവും ചലിക്കുന്ന ആനയുടെ മാതൃകയും കൊടിമരവുമൊക്കെ പ്രവാസലോകത്ത് കേരളത്തിൻറെ ഗ്രാമീണതയുടെ കാഴ്ചകളായി.

വള്ളംകളിയും വടംവലിയുമൊക്കെ പ്രവാസലോകത്തവതരിപ്പിച്ച് അറബ് ജനതയ്ക്കു കേരളത്തിൻറെ വിനോദസഞ്ചാരസാധ്യതകളെ പരിചയപ്പെടുത്തുന്ന സാധ്യതകൂടിയായിരുന്നു യുഎഇയിലെ നെഹ്റു ട്രോഫി വള്ളംകളി.

പ്രവാസലോകം കോവിഡിനെ അതിജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം കൂടിയായിരുന്നു പരിപാടിയിലെ ജനപങ്കാളിത്തം. കേരളസർക്കാരിൻറെ കൂടി പിന്തുണയോടെയാണ് 2019ലും ഈ വർഷവും റാസൽഖൈമയിൽ വള്ളംകളി സംഘടിപ്പിച്ചത്. കൂടുതൽ ദൃശ്യവിരുന്നോടെ വരുംവർഷങ്ങളിലും നെഹ്റു ട്രോഫി വള്ളംകളി റാസൽഖൈമയിൽ ഒരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

*******************************************

അബുദാബിയിലെ പ്രവാസിമലയാളിയായ ഫാത്തിമയുടെ വീട്ടിൽ മുഴുവൻ ചിത്രങ്ങളാണ്. യുഎഇ ഭരണാധികാരികളുടെ അറബിക് കാലിഗ്രാഫി ചിത്രങ്ങൾ. ജനിച്ചുവളർന്ന നാടിനോടുള്ള ഫാത്തിമയുടെ ആദരം കൂടിയാണീ ചിത്രങ്ങൾ.

കാസർകോട് കാഞ്ഞങ്ങാട് അബ്ദുൽ റഹിമാൻ ചേക്കു ഹാജിയുടെയും, സുഹറയുടെയും മകളായ ഫാത്തിമ ജനിച്ചുവളർന്നത് യുഎഇയിലാണ്.  യുഎഇയുടോയുള്ള ആദരവും സ്നേഹവും വരകളിലൂടെയാണ് ഫാത്തിമ പ്രകടിപ്പിക്കുന്നത്.അബുദാബി മുറൂർ റോഡിലെ ഫാത്തിമയുടെ വീട്ടിലെ കാഴ്ചകളിങ്ങനെയാണ്. യുഎഇയിലെ ഏഴു എമിറേറ്റുകളിലേയും ഭരണാധിപൻമാരുടെ ആയിരത്തിലധികം ചിത്രങ്ങൾ. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് വീട്ടിൽ നിറഞ്ഞുനിൽക്കുന്നത്.

നാലു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് വീട്ടിലെ സ്വീകരണമുറിയിലെ നാലു ചുവരുകളിലായി ഈ ചിത്രങ്ങൾ പതിച്ചിരിക്കുന്നത്. യുഎഇയോടും അതിൻറെ ഭരണാധികാരികളോടുമുള്ള സ്നേഹം പ്രകടിപ്പിക്കാൻ കണ്ടെത്തിയവഴികൂടിയാണിത്. പാതിരാത്രികളിൽപോലും ആവേശത്തോടെയാണ് ഓരോ ചിത്രവും പൂർത്തിയാക്കിയത്. അബുദാബിയിൽ താമസിക്കുന്ന ഫാത്തിമ അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ ചിത്രങ്ങളാണ് കൂടുതലായി വരച്ചിട്ടുള്ളത്.

അബുദാബി ഷൈനിങ് സ്റ്റാർ സ്‌കൂളിലെ 12 ക്‌ളാസ് വിദ്യാർത്ഥിനിയായ ഫാത്തിമ എട്ടാം ക്ളാസ് മുതലാണ് കലയേയും വരയേയും ഗൌരവത്തോടെ സമീപിച്ചുതുടങ്ങിയത്. മാതാപിതാക്കളുടെ ചിത്രങ്ങൾ വരച്ചായിരുന്നു തുടക്കം. പിന്നീട് കാലിഗ്രാഫി പ്രദർശനം കണ്ടതോടെ ആ വഴിയിലേക്കു തിരിഞ്ഞു ഒപ്പന, കോൽക്കളി, അറബിക് ഡാൻസ് തുടങ്ങിയ മേഖലകളിലും ഫാത്തിമ സജീവമാണ്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. യുഎഇയോടുള്ള ഈ കടപ്പാടിൻറെ സർഗാവിഷ്കാരം ഭരണാധികാരികളുടെ അടുത്തെത്തിക്കണമെന്നാണ് ആഗ്രഹം ആ ആഗ്രഹത്തോടെ കൂടുതൽ ചിത്രങ്ങൾ വരച്ചും പുതിയ സർഗവിദ്യകൾ പരിശീലിച്ചും കലാരംഗത്ത് സജീവമായി മുന്നോട്ടുനീങ്ങുകയാണ് ഈ മിടുക്കി.

MORE IN GULF THIS WEEK
SHOW MORE