ദുരിതകാലത്തും കൈവിടാതെ യുഎഇ; കണ്ണീരൊപ്പിയ നന്‍മ

gulf
SHARE

ലോകത്ത് ദുരിതാശ്വാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. കോവിഡ് കാലത്ത് സഹായഹസ്തവുമായി യുഎഇ മുൻപന്തിയിലുണ്ടായിരുന്നു. യുഎഇയുടെ ഔദ്യോഗിക ജീവകാരുണ്യ സന്നദ്ധ സംഘടനകളാണ് അതിനു ചുക്കാൻ പിടിച്ചത്. ആ സന്നദ്ധ സംഘടനകളുടെ അധ്യക്ഷൻമാർ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചു മനോരമ ന്യൂസിനോടു സംസാരിക്കുന്നു.

ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 2003 ലാണ് ഇൻറർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റി ദുബായിൽ സ്ഥാപിച്ചത്. ഐക്യരാഷ്ട്രസഭയുടേതടക്കം ലോകത്തെ സർക്കാർ, സ്വകാര്യ ജീവകാരുണ്യസംഘടനകൾക്ക് പ്രവർത്തിക്കാൻ ഒരിടം. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ജീവകാരുണ്യ, ദുരിതാശ്വാസസഹായമൊഴുകുന്ന സ്രോതസുകൂടിയാണ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റി. 

നിനച്ചിരിക്കാതെ വന്നെത്തിയ കോവിഡ് കാലം വെല്ലുവിളികളുടേതായിരുന്നു. 120 ലേറേ രാജ്യങ്ങളിലേക്കാണ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലൂടെ സഹായമെത്തിച്ചത്. ഐ.എച്ച്.സിയിലൂടെ കോവിഡ് കാലത്ത് ഇന്ത്യയടക്കം രാജ്യങ്ങളിലേക്കെത്തിയ സഹായങ്ങൾ ഇപ്രകാരമായിരുന്നു.യാത്രസൗകര്യങ്ങളെല്ലാം അടഞ്ഞുകിടന്നപ്പോഴും വിവിധരാജ്യങ്ങളിലേക്കു സഹായമെത്തിക്കുന്നതിനു ദുബായ് സർക്കാരിൻറെ സഹായമുണ്ടായിരുന്നു. യാത്രാവിമാനങ്ങൾ, സൈനികവിമാനങ്ങൾ എന്നിവയ്ക്കൊപ്പം ഷെയ്ഖ് മുഹമ്മദ് തൻറെ സ്വകാര്യവിമാനം പോലും കോവിഡ് കാലത്ത് മറ്റുരാജ്യങ്ങളിലേക്കു സഹായമെത്തിക്കുന്നതിനു വിട്ടുനൽകിയിരുന്നു.എബോളക്കെതിരെയായിരുന്നു കോവിഡിനു മുൻപുള്ള വലിയ പോരാട്ടം. കോവിഡ് കാലത്തെ പ്രവർത്തനം വലിയ വെല്ലുവിളിയായിരുന്നു പക്ഷേ, അതിനെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അതിജീവിക്കാനായെന്നതാണ് ഹ്യുമാനിറ്റേറിയൻ സിറ്റിയുടെ വിജയം. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷ്യേറ്റീവ് എന്ന ജീവകാരുണ്യസംഘടനയായിരുന്നു അതിനു ചുക്കാൻ പിടിച്ചത്. 

അതേസമയം, കേരളത്തിലടക്കം ലോകത്തിൻറെ വിവിധയിടങ്ങളിൽ സേവനം തുടരുന്ന എമിറേറ്റ്സ് റെഡ് ക്രെസൻറും യുഎഇയുടെ കോവിഡ് കാലത്തടക്കം സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. ഭക്ഷണം, മരുന്നുകൾ, പാർപ്പിടം തുടങ്ങി അടിസ്ഥാനസൌകര്യമൊരുക്കിനൽകുന്നതിൽ റെഡ് ക്രെസൻറ് മുൻപന്തിയിലുണ്ട്. മസ്ജിദുകൾ, കിണറുകൾ, വിദ്യാലയങ്ങൾ എന്നിവ നിർമിച്ചു നൽകുന്നതിനൊപ്പം യുഎഇയിൽ താമസിക്കുന്ന പ്രവാസികളടക്കമുള്ളവരുടെ ഏതൊരാവശ്യത്തിനും റെഡ് ക്രെസൻറ് സമീപസ്ഥരായിരുന്നു.കോവിഡ് കാലത്ത് നാട്ടിലേക്കു മടങ്ങാനാഗ്രഹിച്ച പ്രവാസികൾക്ക് ടിക്കറ്റ് അനുവദിക്കാനും, ജയിലിൽ കഴിയുന്നവർക്കടക്കം സഹായമെത്തിക്കാനും റെഡ് ക്രെസൻറിൻറെ സേവനമുണ്ടായിരുന്നു.കേരളത്തിലും ഇന്ത്യയുടെ വിവിധയിടങ്ങളിലും സജീവമായി പദ്ധതികളുമായി റെഡ് ക്രെസൻറ് രംഗത്തുണ്ട്. 4.6 മില്യൺ ഡോളർ ഇതുവരെ കേരളത്തിൽ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്.

ദുബായിലെ തൊഴിലാളി ക്യാപുകളിലടക്കം റെഡ് ക്രെസൻറിന്റെ സഹായഹസ്തം നീളുന്നുണ്ട്. ഏതൊരാവശ്യത്തിനും സമീപിക്കാവുന്ന സംവിധാനമെന്ന നിലയിൽ എല്ലാ എമിറേറ്റുകളിലും റെഡ് ക്രെസൻറ് ഓഫീസുകൾ തുറന്നിട്ടുണ്ട്. ഭക്ഷണം തുടങ്ങി ഏതൊരാവശ്യത്തിനും എപ്പോഴും ഈ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും റെഡ് ക്രെസൻറ് അധികൃതർ ഉറപ്പുനൽകുന്നു. ഇത്തരത്തിൽ ജീവകാരുണ്യസംഘടനകളുടെ പ്രവർത്തനങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ദുബായ് വേൾഡ് ട്രേഡ് സെൻററിൽ പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു. ഹ്യുമാനിറ്റേറിയൻ പ്രദർശനത്തിൽ യുഎഇയിലേതടക്കം വിവിധ രാജ്യങ്ങളിലെ ജീവകാരുണ്യ സംഘടനകൾ പങ്കെടുത്തു. 84 രാജ്യങ്ങളിൽ നിന്നായി 600ൽ അധികം സംഘടനകളും സ്ഥാപനങ്ങളുമാണ് അണിനിരന്നത്. ഐക്യരാഷ്ട്രസഭയുടേതടക്കം സംഘടനകൾ സജീവമായി രംഗത്തുണ്ടായിരുന്നു. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്നതിനും മുന്നോട്ടുള്ള ലോകക്രമത്തിലും ഏറ്റവും സജീവമായി രംഗത്തുണ്ടാകേണ്ടവരാണീ സംഘടനകളെന്ന് ഓർമപ്പെടുത്തുകയാണ് ഈ പ്രദർശനത്തിലെ കാഴ്ചകളും വിവരണങ്ങളും. 

MORE IN GULF THIS WEEK
SHOW MORE