gukf-this-week

യുഎഇ മാസ്ക് അഴിക്കുകയാണ്. കോവിഡ് മഹാമാരിയുടെ വലിയ ആശങ്കകളെ രാജ്യം അതിജീവിച്ചിരിക്കുന്നു. ഭൂരിഭാഗം നിയന്ത്രണങ്ങളും ഒഴിവാക്കിയതോടെ ജനജീവിതം സാധാരണനിലയിലേക്കു കടന്നിരിക്കുന്നു. പ്രവാസിമലയാളികൾക്കടക്കം വലിയ പ്രതീക്ഷയാണ് ഈ കാഴ്ചകൾ.

 

രണ്ടുവർഷം പിന്നിടുന്ന മഹാമാരിക്കാലത്തു നിന്നും യുഎഇ മോചിതരാകുന്നു. നിയന്ത്രണക്കുരുക്കുകളഴിച്ച് രാജ്യം പൂർവസ്ഥിതിയിലേക്കു മടങ്ങുകയാണ്. ജനജീവിതം സാധാരണനിലയിലേക്കെത്തുന്നു. യുഎഇയില്‍ കോവിഡ്  വ്യാപന നിരക്ക് കുറയുകയും വാക്സിനേഷൻ നിരക്ക് ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്. യുഎഇയിലെ തുറസ്സായ ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുന്നു. എന്നാൽ, ഷോപ്പിങ് മാൾ, സ്കൂൾ തുടങ്ങി അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതു തുടരണം. മാസ്ക് ഒഴിവാക്കാമെന്നറിയിച്ചെങ്കിലും രണ്ടുവർഷത്തോളം മുഖത്തിൻറെ ഭാഗമായ മാസ്കിനെ അങ്ങനെ പറിച്ചെറിഞ്ഞിട്ടില്ല പലരും. പുറത്തിറങ്ങുന്നവരിൽ ഭൂരിഭാഗവും ഇപ്പോഴും മാസ്ക് ധരിക്കുന്നുണ്ട്.

 

എക്സ്പോയിലടക്കം പൊതുഇടങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്നാണ് നിർദേശം. സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ സാമൂഹിക അകലം നിർബന്ധമല്ലെന്നും ദേശീയ ദുരന്തനിവാരണ സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഏല്ലാ കായിക പരിപാടികളും പൂർവസ്ഥിതിയിൽ പുനഃരാരംഭിച്ചിരിക്കുന്നു. കോവിഡ് കാലത്ത് ലോകത്ത് ഏറ്റവുമധികം കായികപരിപാടികൾ സംഘടിപ്പിച്ചതും യുഎഇയിലായിരുന്നു. അങ്ങനെ ആഘോഷപരിപാടികളും ആരവങ്ങളും നിറഞ്ഞകാലത്തേക്ക് മടങ്ങുകയാണ് യുഎഇ.

 

യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്കു കടക്കാൻ ഗ്രീൻ പാസ് ഒഴിവാക്കിയതും പ്രധാനപ്പെട്ട പ്രഖ്യാപനമാണ്. അതിർത്തിയിൽ ഇ.ഡി.ഇ സ്കാനർ പരിശോധനയും ഒഴിവാക്കി. എന്നാൽ അബുദാബിയിലെ ഷോപ്പിങ് മാളുകളടക്കം പൊതുഇടങ്ങളിൽ പ്രവേശിക്കുന്നതിനു അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്. ഓരോ രാജ്യങ്ങളിലേയും കോവിഡ് വ്യാപനതോത് അനുസരിച്ച് രാജ്യാന്തര യാത്രക്കാരെ വേർതിരിച്ച് ഇളവു നൽകിയിരുന്ന ഗ്രീൻ പട്ടികയും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും അബുദാബി വിമാനത്താവളത്തിൽ ഇനി തുല്യഇളവുകളും നിയന്ത്രണങ്ങളും മാത്രമായിരിക്കും. ഇന്ത്യയിൽ നിന്നും ദുബായിലേക്കു വരുന്ന യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എയുടേയോ ഐ.സി.എയുടേയോ അനുമതി ആവശ്യമില്ലെന്ന പ്രഖ്യാപനവും പ്രാബല്യത്തിലായിട്ടുണ്ട്.

 

കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് ക്വാറന്‍റീൻ നിർബന്ധമല്ല. പകരം അഞ്ചു ദിവസത്തിനിടെ രണ്ടു തവണ പി.സി.ആർ പരിശോധന നടത്തണം. കോവിഡ് ബാധിതരാണെങ്കിൽ പത്തു ദിവസം ക്വാറന്‍റീനിൽ കഴിയണം. ആരാധനാലയങ്ങൾക്കും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു മീറ്റർ സാമൂഹികഅകലം തുടരും. റമസാൻ അടുത്തുവരുന്നതോടെ വിശ്വാസികൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.

 

 

നിയന്ത്രണങ്ങളിൽ വലിയഇളവനുവദിച്ച യുഎഇയുടെ വഴി മറ്റു ഗൾഫ് രാജ്യങ്ങളും ഉടൻ പിൻതുടരുമെന്നാണ് കരുതുന്നത്. ആറു ഗൾഫ് രാജ്യങ്ങളിലും വാക്സിനേഷൻ പൂർത്തിയാകുന്നതും കോവിഡ് നിരക്ക് കുറയുന്നതും പ്രതീക്ഷനൽകുന്നു. രണ്ടുവർഷത്തോളം നീണ്ട നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സാമ്പത്തിക,വ്യവസായ,വിനോദസഞ്ചാരമേഖലകളിലെല്ലാം വലിയകുതിപ്പാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ആ കുതിപ്പ് മലയാളികളടക്കം പ്രവാസികൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.

*******************

 

മരുഭൂമിയിൽ തണൽ വരുന്ന വഴി. വിവിധകാരണങ്ങൾ പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന കാഴ്ചകളേറിയ കാലത്ത് ഭൂമിശാസ്ത്രപരമായ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് പച്ചപ്പൊരുക്കുന്ന നഗരമാവുകയാണ് ദുബായ്. വെല്ലുവിളി നിറഞ്ഞ വരണ്ട കാലാവസ്ഥയിലും ഈ പച്ചപ്പൊരുക്കുന്നതെങ്ങനെയെന്ന് അറിയണം. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള വർസാനിലെ നഴ്സറിയിലാണ് ആ ശ്രമകരമായ ദൌത്യം ഒരുക്കുന്നത്. ഭൂമി അനുഗ്രഹിച്ച സൌകര്യങ്ങളുണ്ടായിട്ടും പ്രകൃതിയെ നശിപ്പിക്കുന്ന സംവിധാനങ്ങൾ തുടരുന്ന നാടുകൾക്ക് ഈ കാഴ്ചകൾ ഒരു മാതൃക കൂടിയാണ്.

 

അൻപതു ഡിഗ്രിയോളം ചൂടുള്ള കാലാവസ്ഥയാണ് അഞ്ചുമാസമെങ്കിലും. അരുവികളും നദികളും വയലുകളും തണ്ണീർത്തടങ്ങളുമൊന്നുമില്ല. വനം പേരിനുമാത്രം. ഇങ്ങനെ ഭൂമിശാസ്ത്രപരമായ എല്ലാ വെല്ലുവിളികളേയും മറികടന്ന് ദുബായ് പച്ചപ്പണിയുകയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹരിതാഭയല്ല, പകരം പ്രകൃതിക്കായൊരുക്കി നൽകുന്ന പച്ചക്കാഴ്ചകൾ. ദുബായ് നഗരത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരാളുടേയും കാഴ്ചകൾ മനോഹരമാക്കുന്നത് റോഡരുകിലെ പൂക്കളും വൃക്ഷങ്ങളുമൊക്കെയാണ്. അത് ആ പാതയോരങ്ങളിൽ എങ്ങനെയെത്തുന്നുവെന്ന ചോദ്യത്തിനുത്തരമാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള വർസാൻ നഴ്സറിയിലെ 38 ഹെക്ടറിലെ കാഴ്ചകൾ.

 

ഓരോ മേഖലയിലും വ്യത്യസ്തങ്ങളായ പദ്ധതികളൊരുക്കിയാണ് നഗരത്തെ പച്ചപ്പണിയിക്കുന്നത്. എല്ലാത്തിനും തുടക്കും വർസാൻ നഴ്സറിയിൽ നിന്നാണ്. ഇറക്കുമതി ചെയ്തതടക്കം വിത്തുകൾക്ക് കൃത്യമായ ചൂടും തണുപ്പും നൽകി പരിപാലിച്ചാണ് ഈ നഴ്സറിയിൽ സംരക്ഷിക്കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് വിത്തുകൾ മുളപൊട്ടി തൈകളായി മാറുന്നത്.

 

ഓരോ ചെടികൾക്കും മരങ്ങൾക്കും വ്യത്യസ്തങ്ങളായ പരിചരണമാണൊരുക്കുന്നത്. കൃത്യമായ ജലസേചനമാണ് ഏറ്റവും പ്രധാനം. അതിനായി ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് നഴ്സറിയിലും നഗരത്തിലുമായി ഒരുക്കിയിരിക്കുന്നത്. നഴ്സറിയിലേതിനു സമാനമായി മികച്ച ജലസേചനത്തിലൂടെയാണ് നഗരത്തിലെ ഹരിതാഭകാഴ്ചകൾ മങ്ങാതെനിലനിർത്തുന്നത്. ദുബായിൽ വളർന്നുവരുന്ന ഓരോ ചെടികളുടേയും വൃക്ഷങ്ങളുടേയും താഴെ കാണുന്ന പൈപ്പ് ലൈനുകളിലൂടെയാണ് ജലസേചനം. ഓരോ ചെടികൾക്കും ഓരോ കാലഘട്ടത്തിലും വേണ്ട വെള്ളം കൃത്യമായി ശാസ്ത്രീയമായി  എത്തിക്കുന്നതിനുള്ള സംവിധാനമാണ് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്.

 

ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെയാണ് ജലസേചനം. മലിനജലം പോലും പുനരുപയോഗപ്പെടുത്തിയാണ് നഴ്സറിയിലും നഗരത്തിലും വൃക്ഷങ്ങൾക്കും ചെടികൾക്കും ജലസേചനം നടത്തുന്നത്. പ്രൊഡക്ഷൻ ഏരിയ, ഗ്രീൻ ഹൌസ്, സ്റ്റെം കട്ടിങ്ങിനായി ടണൽ ഹൌസ്, ബൂം ഏരിയ തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ് വർസാനിലെ നഴ്സറി പ്രവർത്തിക്കുന്നത്. പ്രതിവർഷം ആറുകോടി പൂക്കൾ വളർത്തിയെടുക്കുന്നതിനുള്ള സംവിധാനമുണ്ട് ഇവിടെ.  ഗുൽമോഹർ, വേപ്പ്, ചരക്കൊന്ന,  ഫൈക്കസ് വിഭാഗത്തിലെ വിവിധയിനം മരങ്ങൾ തുടങ്ങിയവയാണ്  നടപ്പാതകൾക്കിരുവശവും, പാർക്കിങ് മേഖലകളിലും പാർക്കുകളിലുമൊക്കെ വച്ചുപിടിപ്പിക്കുന്നതിനായി വളർത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഇൻഡോർ ചെടികളും ഈ നഴ്സറിയിൽ വളരുന്നുണ്ട്.

 

നിത്യഹരിതവൃക്ഷമായ വന്നിമരം, കരിവേലം, ഇലന്ത തുടങ്ങി ഭൂമിശാസ്ത്രപരമായി മേഖലയ്ക്ക് അനുയോജ്യമായ വൃക്ഷങ്ങളുടെ തൈകളും ഇവിടെ കാണാം. യുഎഇയുടെ ദേശീയവൃക്ഷവും സഹിഷ്ണുതാ മുദ്രയുമായ ഗാഫ് മരത്തിൻറെ തൈകളും ഈന്തപ്പനകളുമൊക്കെ വളർത്തിയെടുക്കുന്നുണ്ട്.

 

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നേതൃത്വത്തിലും നിർദേശാനുസൃതവുമായാണ് നഗരത്തെ മോടി പിടിപ്പിക്കുന്നതിനും പച്ചപ്പൊരുക്കുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. 200 മില്യൺ ദിർഹമാണ് ഓരോ വർഷവും ഇതിനായി നീക്കിവയ്ക്കുന്നത്.

മണലെടുപ്പും, കായൽ നികത്തലും, തണ്ണീർത്തടം നശിപ്പിക്കലും, വനം നശീകരണവും, വയൽ നികത്തലുമൊക്കെയായി പ്രകൃതി നൽകിയ വിഭവങ്ങൾ നശിപ്പിക്കുന്ന സമൂഹങ്ങൾക്ക് മാതൃകയാണ് ഈ കാഴ്ചകൾ. അതിനാൽ തന്നെ സ്കൂളുകളിൽ നിന്നടക്കം വിദ്യാർഥികൾക്കും ഗവേഷകർക്കുമൊക്കെയായി പ്രകൃതിയെ പരിപോഷിപ്പിക്കുന്ന ഈ കാഴ്ചകൾ കാണാൻ അവസരമൊരുക്കിയിട്ടുണ്ട് ദുബായ് മുനിസിപ്പാലിറ്റി.

*******************

3. Pakistan Expo-Pkg

ദുബായ് രാജ്യാന്തര എക്സ്പോയ്ക്ക് ഈ മാസം 31 നു തിരശീല വീഴുകയാണ്. 192 ലേറെ രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയെ വ്യത്യസ്തമാക്കുന്നത്. ഓരോ രാജ്യങ്ങളുടേയും പവിലിയനിലെ കാഴ്ചകൾ നമ്മൾ കഴിഞ്ഞഎപ്പിസോഡുകളിലായി കണ്ടുവരികയായിരുന്നു. ഇന്ത്യയുടേതിനു സമാനമായ ചരിത്രംപേറുന്ന പാക്കിസ്ഥാൻറെ പവിലിയനിൽ അയൽരാജ്യത്തിൻറെ സാംസ്കാരിക,ചരിത്ര കാഴ്ചകൾ കാണാം. രഹസ്യനിധിയെന്നു പേരിട്ടിരിക്കുന്ന പാക്കിസ്ഥാൻ പവിലിയനിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

 

ഒരു കാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാൻറെ ചരിത്രസാംസ്കാരിക കാഴ്ചകൾ ഇന്ത്യയുടേതിനു സമാനമാണ്. ആ കാഴ്ചകളാണ് ദുബായ് എക്സ്പോയിലെ പാക്കിസ്ഥാൻ പവിലിയനിൽ അവതരിപ്പിച്ചിരിക്കുന്നത്. 35,000 ചതുരശ്ര അടിയിലൊരുക്കിയ പവിലിയനിൽ സംഗീതം, സാംസ്കാരികം, കായികം എന്നിവയ്ക്കായി പ്രത്യേക മേഖലകൾ കാണാം. സിന്ധുനദീതടസംസ്കാര കാലത്തെ മൺപാത്രങ്ങൾ കണ്ടാണ് പവിലിയൻ സന്ദർശനത്തിൻറെ തുടക്കം. ബിസി ഏഴായിരത്തിൽ തുടങ്ങി 1947ൽ രാജ്യം രൂപീകൃതമാകുംവരെയുള്ള കാലഘട്ടങ്ങൾ ഇവിടെ അവതരിപ്പിച്ചിപിക്കുന്നു. സിന്ധുനദീതടസംസ്കാരം, വേദ കാലഘട്ടം, പേർഷ്യൻ ഭരണം, അലക്സാണ്ടർ രാജാവിൻറെ വരവ് തുടങ്ങി ബ്രിട്ടീഷ് ഭരണം വരെയുള്ള കാലങ്ങൾ ഏഴുതിച്ചേർത്തിരിക്കുന്നു.

 

സിന്ധുനദീതടസംസ്കാരകാലത്തെ അതിപുരാതന മൺപാത്രങ്ങളടക്കമുള്ളവ ഇവിടെയുണ്ട്. മേഖലയുടെ പൈതൃക സാംസ്കാരികത്തനിമ വിളിച്ചോതുന്ന കാഴ്ചകൾ. തുടർന്നു ഒരു ഇടനാഴിയിലേക്കാണ് യാത്ര. വശങ്ങളിൽ ഷീഷാ മഹൽ. യുനെസ്കോയുടെ പൈതൃകപട്ടികയിലിടം നേടിയ ക്രിസ്റ്റൽ പാലസ് എന്നർഥം വരുന്ന ലാഹോർ കോട്ടയിലെ ഷീഷാ മഹലിൻറെ കാഴ്ചകൾ സന്ദർശകർക്കു കാണാനവസരം.

 

അവിടെ നിന്നുമെത്തുന്നത് കപ്പലിൻറെ മാതൃകയിലേക്കാണ്. ഹൌസ് ബോട്ടുകളെ ഓർമിപ്പിക്കുംവിധം തടിയിൽ കൊത്തിയെടുത്ത മനോഹരനിർമിതി. തുടർന്നു ഓരോ വശങ്ങളിലും സ്ക്രീനിൽ പാക്കിസ്ഥാൻറെ വിനോദസഞ്ചാരമേഖലകളെ അവതരിപ്പിച്ചിരിക്കുന്നു. കുന്നും മലയും താഴ്വരകളും മരുഭൂമിയും ജലാശയവുമൊക്കെ നിറഞ്ഞ കാഴ്ചകൾ. ഒപ്പം നാഷണൽ പാർക്കടക്കമുള്ളവയും രഹസ്യനിധിയെന്ന പ്രമേയത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

 

ഹിന്ദുകുഷ് മലനിരകളിലെ പുരാതനസമൂഹത്തിൻറെ സാംസ്കാരിക തനിമ അവതരിപ്പിക്കുന്ന കാഴ്ചകളാണടുത്തത്. അവരുടെ വസ്ത്രങ്ങളും ജീവിതരീതികളുമെല്ലാം ഇവിടെ മനസിലാക്കാം. തുടർന്നു ചുവർചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നിടത്തേക്ക്. സിഖ് ഗുരുദ്വാരയും എട്ടാം നൂറ്റാണ്ടിലെ ബുദ്ധമതത്തിൻറെ ഭാഗമായിരുന്ന കാഴ്ചകളും കാണാം. ഒപ്പം ഹൈന്ദവ ക്ഷേത്രവും ഹോളി ആഘോഷത്തിൻറെ വിവരണങ്ങളും

 

അടുത്തഇടനാഴി കടന്നു പ്രവേശിക്കുന്നത് ശാസ്ത്രലോകത്തേക്കാണ്. വിദ്യാഭ്യാസത്തിലൂടെയുള്ള വളർച്ചയുടെ പ്രധാന്യം അവതരിപ്പിക്കുന്ന കാഴ്ചകൾ. വനനശീകരണത്തിനെതിരെയുള്ള സന്ദേശമാണ് തൊട്ടടുത്തായി പങ്കുവയ്ക്കുന്നത്. ഒപ്പം കണ്ണാടി നിർമാണമടക്കം കൈത്തൊഴിൽ മേഖലകളെക്കുറിച്ചുള്ള വിവരണങ്ങളും. അവസാനയിടത്തേക്കെത്തുമ്പോൾ വസ്ത്രം, ശിൽപ്പങ്ങൾ തുടങ്ങി പാക് നിർമിത വസ്തുക്കൾ വാങ്ങാനും അവസരമൊരുക്കിയിട്ടുണ്ട്.

 

തനതു പാക്കിസ്ഥാൻ ഭക്ഷണം ഒരുക്കിയിരിക്കുന്ന ഇടത്തും തിരക്കേറെയാണ്. അങ്ങനെ അയൽരാജ്യത്തിൻറെ സാസംസ്കാരിക, വിനോദസഞ്ചാര,ഭക്ഷണ കാഴ്ചകളൊക്കെ ഒരുകൂരയ്ക്കുകീഴിൽ കാണാനൊരവസരമാണ് ദുബായ് എക്സ്പോയിലെ ഈ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്.

*******************

4. Future Museum-Pkg

മനോഹരമായ നിർമിതികളാണ് ദുബായ് നഗരത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. ആ നിരയിലേക്കു ഒടുവിലെത്തിയ നിർമിതിയാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്നു വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ ഒരൽഭുതലോകമാണ്. ആ അൽഭുതലോകത്തേക്കാണിനി യാത്ര.

 

യുഎഇയിലെ ഏറ്റവും പുതിയ വിസ്മയക്കാഴ്ചയാണു മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ. ഏഴു നിലകളിലായി ആമസോൺ മഴക്കാടുകൾ മുതൽ ബഹിരാകാശ നിലയംവരെ സ്വാഭാവിക രീതിയിലാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ദുബായുടെ ഹൃദയഭാഗത്തു, ഷെയ്ഖ് സായിദ് റോഡിൽ എമിറേറ്റ്സ് ടവറിനു സമീപമാണ് ഈ മനോഹരനിർമിതിയുള്ളത്.

 

ലോകത്തെ ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിലൊന്നായ ഫ്യൂച്ചർ മ്യൂസിയം സാഹിത്യം, കലകൾ, പരിസ്ഥിതി, ബഹിരാകാശം, സാങ്കേതിക വിദ്യകൾ എന്നിവയുടെ പഠനകേന്ദ്രമായി സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. ബഹിരാകാശത്തുനിൽക്കുന്ന പ്രതീതിയുണർത്തുന്ന ഇടമാണ് ആദ്യകാഴ്ചകളിലൊന്ന്. ബഹിരാകാശപേടകത്തെക്കുറിച്ചുള്ള വിവരങ്ങളും കാഴ്ചകളും അടുത്തുകണ്ടറിയാം. ഒപ്പം സൌരയൂധവും അതിനെച്ചുറ്റുന്ന ഗ്രഹങ്ങളും. അങ്ങനെ ബഹിരാകാശവും പ്രപഞ്ചവുമൊക്കം ഈ മ്യൂസിയത്തിനുള്ളിൽ കൺമുന്നിലെത്തും. അതിലുപരി സന്ദർശർക്ക് ആകാഴ്ചകൾക്കൊപ്പം സഞ്ചരിക്കാം. ഓരോ ഗ്രഹത്തിലേയും കാഴ്ചകളും വിവിരണങ്ങളുമെല്ലാം നേരിട്ടു മനസിലാക്കാനും അവസരമുണ്ട്.

 

മൺമറഞ്ഞുപോയതടക്കം ജീവികളേയും വൃക്ഷങ്ങളേയുംകുറിച്ചറിയാനും കാണാനും ഡിജിറ്റലായി അവസരമൊരുക്കിയിട്ടുണ്ട്. ആമസോൺ മഴക്കാടുകളിലെ നൂറിലേറെ അപൂർവ ജീവികളാണ് കൺമുന്നിലെത്തുന്നത്.

 

വിവിധ മേഖലകളെ അവതരിപ്പിക്കുന്ന ഏഴ് നിലകളാണ് മ്യൂസിയത്തിലുള്ളത്. മൂന്ന് നിലകൾ ബഹിരാകാശ വിഭവ വികസനം, പരിസ്ഥിതി , ബയോ എഞ്ചിനീയറിങ് , ആരോഗ്യം എന്നിവയ്ക്കായി മാറ്റിവച്ചിരിക്കുന്നു. വെള്ളം, ഭക്ഷണം, ഗതാഗതം, ഊർജം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ വെല്ലുവിളികളെ അതിജീവിക്കുന്ന ഭാവിയുടെ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നു, മുകളിലത്തെ നില കുട്ടികൾക്കായുള്ളതാണ്.

 

അറബിക് കലിഗ്രഫി, വിശ്വ സാഹിത്യം, സംഗീതം, കരകൗശല വിദ്യകൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട അറിവുകളും സന്ദർശകർക്കായി അവതരിപ്പിക്കുന്നു. സങ്കൽപ്പിക്കാനും രൂപകൽപന ചെയ്യാനും നടപ്പാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച സൃഷ്ടിക്കേണ്ടതാണ്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറം കവിതയിലെ ഈ വരികളാണ് കലിഗ്രഫിയിലൂടെ കെട്ടിടത്തിൻറെ പുറംഭാഗത്തു രഖപ്പെടുത്തിയിരിക്കുന്നത്.

 

30,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള, ഏഴു നിലകളിലായി തൂണുകളില്ലാത്ത ഘടനയിൽ നിർമിച്ചിരിക്കുന്ന മ്യൂസിയം 77 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. www.motf.ae എന്ന വെബ്സൈറ്റിലൂടെ 145 ദിർഹം നിരക്കിൽ ടിക്കറ്റ് നേടാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾകൾ, 60 വയസ്സിന് മുകളിലുള്ള സ്വദേശി പൗരന്മാർ, നിശ്ചയദാർഢ്യക്കാർക്കും കൂടെവരുന്ന ഒരാൾക്കും ടിക്കറ്റ് സൗജന്യമായിരിക്കും.എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനാനുമതി.