വെളിച്ചത്തിന്‍റെ വർണവിസ്മയം വിതറി ഷാർജ ലൈറ്റ് ഫെസ്റ്റിവൽ; മനോഹര കാഴ്ചകൾ

gulf-this-week
SHARE

പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രവാസലോകത്തും ഒരിടം. ഒരു ദിർഹം മാത്രം നൽകി അംഗത്വം നേടി പുസ്തകങ്ങൾ വായിക്കാം. ഷാർജ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടങ്ങിയ ഒരു ദിർഹം വായനശാലകൾ രണ്ടു വർഷം പിന്നിടുകയാണ്. ആ വായനശാലകളിലെ വിശേഷങ്ങളാണ് കാണുന്നത്. 

പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ വായന മറക്കുന്നവരേറെയുണ്ട്. അല്ലെങ്കിൽ വായനക്കു ആവശ്യത്തിനു പുസ്തകങ്ങൾ ലഭിക്കാത്തവരുമുണ്ട്. അത്തരക്കാരെ വീണ്ടും പുസ്തകങ്ങളിലേക്കടുപ്പിക്കുന്നതനും പ്രവാസികളായ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനുമായാണ് ഷാർജ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷാർജയിലെ അബു ഷാഗരയിൽ ഒരു ദിർഹം വായനശാല ഒരുക്കിയിരിക്കുന്നത്. പ്രവാസലോകത്ത് വായനശാലകളിലേക്കുള്ള അംഗത്വം പോലും ചെലവേറിയ പശ്ചാത്തലത്തിൽ വെറും ഒരു ദിർഹം മാത്രം ഈടാക്കിയാണ് അബുഷാഗരയിൽ 2018 ൽ ആദ്യമായി ഒരു ദിർഹം വായനശാല തുറന്നത്. ഒരു വർഷം പിന്നിട്ടപ്പോൾ വായനക്കാരുടേയും പുസ്തകങ്ങളുടേയും എണ്ണം കൂടിയപ്പോൾ സമീപത്തുതന്നെ രണ്ടാമത്തെ വായനശാലയും തുറന്നു.

പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങുന്നതിനു പകരം കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ പുസ്തകങ്ങൾ ശേഖരിച്ചാണ് വായനശാലകൾ ഒരുക്കിയിരിക്കുന്നത്. ഷാർജ പുസ്തകോൽസവത്തിൽ പലരിൽ നിന്നായി ഒട്ടേറെ പുസ്തകങ്ങൾ ലഭിച്ചു. രണ്ടു വർഷം പിന്നിടുമ്പോൾ രണ്ടു വായനശാലകൾ തുറക്കുകയും അയ്യായിരത്തോളം പേർ അംഗങ്ങളാവുകയും ചെയ്തു. ഒരു ദിർഹം കൊടുത്താൽ ആർക്കും വായനശാലയിൽ അംഗത്വം നേടാം.

വിദ്യാർഥികളുടെ സജീവപങ്കാളിത്തമാണ് വായനശാലകളിൽ കാണുന്നത്. പഠനത്തിൻറെ ഭാഗമായും അല്ലാതെയും ലോകക്ളാസിക്കുകൾ മുതൽ വിവിധഭാഷകളിലെ പുസ്തകങ്ങൾ വരെ വായിക്കാനായി ഒട്ടേറെ വിദ്യാർഥികളാണ് ഒരു ദിർഹം വായനശാലയിൽ അംഗത്വം നേടിയിരിക്കുന്നത്.

വിവിധയിടങ്ങളിലെ പുസ്തകശാലകളുടെ സഹകരണത്തോടെയാണ്  ഷാർജ മലയാളി കൂട്ടായ്മ വായനശാല പദ്ധതി നടപ്പാക്കുന്നത്. പ്രവാസലോകത്ത് വായനയുടെ പുതുലോകം തുറന്ന ഒരു ദിർഹം വായനശാലകൾ കൂടുതൽ ഇടങ്ങളിലേക്കു വ്യപിപ്പിക്കാനാണ് പദ്ധതി. 

ഷാർജയിൽ ജീവകാരുണ്യപ്രവർത്തനങ്ങളിലടക്കം സജീവമായ ഒരു കൂട്ടം മലയാളികളാണ് ഷാർജ മലയാളി കൂട്ടായ്യുടെ പേരിൽ വായനശാലകൾ തുറന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാനടക്കം രാജ്യക്കാരായവരും ഈ വായനശാലയിൽ അംഗത്വം നേടിയിട്ടുണ്ട്. വായനാശീലം നഷ്ടപ്പെടുന്നുവെന്നു കരുതുന്നവർക്കുള്ള മറുപടിയും പ്രവാസലോകത്തെ തിരക്കിനിടയിൽ പെട്ടു വായനമറക്കുന്നവർക്കൊരു കൂട്ടുമാണ് ഷാർജ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഈ വായനശാലകൾ.  

**********************************************

യു.എ.യിലെ സാംസ്കാരിക നഗരമായ ഷാർജയിൽ വെളിച്ചത്തിൻറെ വർണോത്സവം. പ്രധാനമന്ദിരങ്ങളിലെല്ലാം വർണവിസ്മയം വിതറിയ കാഴ്ചകാണാൻ ആയിരങ്ങളാണ് നിരത്തുകളിലേക്കെത്തുന്നത്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻറെ ആ കാഴ്ചകളാണ് ഇനി കാണുന്നത്.

കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ ഷാർജയിലെ വിനോദസഞ്ചാര, സാംസ്കാരിക ഇടങ്ങളിലെ രാത്രിക്കാഴ്ചകൾക്ക് പതിവിലേറെ ഭംഗിയാണിപ്പോൾ. അറേബ്യൻ തനിമകളുടെ തലയെടുപ്പുള്ള പ്രൗഢമന്ദിരങ്ങൾക്കു വിസ്മയ ശോഭയേകുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ആയിരങ്ങളെ ആകർഷിക്കുകയാണ്.

ഷാർജ യൂണിവേഴ്സിറ്റി സിറ്റി ഹാളാണ് പ്രകാശോൽസവത്തിൻറെ കേന്ദ്രസ്ഥാനം. വിദ്യാഭ്യാസത്തിനും പൈതൃകത്തിനും വേണ്ടിയുള്ള എമിറേറ്റിൻറെ സമർപ്പണമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, കല, നിർമാണം, ആശയവിനിമയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ ഷാർജയുടെ നേട്ടങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഷാർജ ബുഹൈറ കോർണിഷിലെ പ്രശസ്തമായ അൽ നൂർ മസ്ജിജിൽ ശയവിനിമയ മാധ്യമമെന്ന നിലയിൽ കലയേയും ഇസ്ലാമിക കലയുടെ ചരിത്രത്തേയുമൊക്കെ അവതരിപ്പിച്ചിരിക്കുന്നു. വാസ്തുവിദ്യ, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, തത്ത്വചിന്ത എന്നിവയെ സമന്വയിപ്പിച്ചുള്ള കാഴ്ചകളാണ് പ്രകാശപൂരിതമായി പ്രദർശിപ്പിക്കുന്നത്.

വിനോദസഞ്ചാരകേന്ദ്രമായ ഖോർഫഖാനിലെ അൽറഫിസാ ഡാം, കൽബ സർക്കാർ മന്ദിരം, കൽബയിലെ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ്, ഹോളി ഖുർആൻ അക്കാദമി, അൽ ഹംറിയ മുനിസിപ്പാലിറ്റി മേഖല, ദിബ്ബയിലെ റാഷിദ് ബിൻ അഹ്മദ് അൽ ഖാസ്മി പള്ളി, ഷാർജ മോസ്ക്, അൽ മജാസ് വാട്ടർ ഫ്രണ്ട് എന്നിവിടങ്ങളിലും പ്രകാശോൽസവത്തിൻറെ പ്രദർശനങ്ങൾ കാണാം.

വീഡിയോ മാപ്പിങ്ങിനെ വിർച്വൽ റിയാലിറ്റി സംവിധാനവുമായി സമന്വയിപ്പിച്ചാണ് വിസ്മയക്കാഴ്ചകളൊരുക്കുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലൈറ്റ് ഫെസ്റ്റിവലിലെ ഗ്രാഫിക് ഡിസൈനുകള്‍ക്ക് രൂപം നല്‍കിയത്. ഈ പരിശ്രമങ്ങളിലൂടെ ഷാർജയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനകാഴ്ചയായി ലൈറ്റ് ഫെസ്റ്റിവൽ മാറിയിരിക്കുന്നു. മലയാളികളടക്കം നൂറുകണക്കിനു പേരാണ് ആഘോഷരാവുകളിൽ വെളിച്ചത്തിൻറെ വിസ്മയം കാണാനെത്തുന്നത്.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻറ് അതോറിറ്റിയാണ് പതിനൊന്നാമത് ലൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നത്. പ്രദർശനം ഞായറാഴ്ച സമാപിക്കും.

**********************************************

ഭക്ഷ്യമേഖലകളുമായി ബന്ധപ്പെട്ട ലോകത്തിലെ എല്ലാ സ്ഥാപനങ്ങളും ഒന്നുചേർന്ന ഭക്ഷ്യമേളയ്ക്ക്, ഗൾഫ് ഫുഡിനു ദുബായ് വേദിയായി. ഇന്ത്യയടക്കം 185ഓളം രാജ്യങ്ങളുടെ പങ്കാളിത്തം. നാലായിരത്തിലധികം വിതരണകമ്പനികൾ. കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യമേളയുടെ കാഴ്ചകളാണ് ഇനി കാണുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പാനീയമേള. ഗൾഫ് ഫുഡിൻറെ ഇരുപത്താറാംപതിപ്പിനാണ് ദുബായ് വേദിയായത്. വിവിധസംസ്കാരങ്ങളിലെ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ, ഭക്ഷ്യ വ്യവസായം, സാങ്കേതിക വിദ്യകൾ, ഉൽപ്പാദന വിതരണ രീതികൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും അവസരം ഒരുക്കി വേൾഡ് ട്രേഡ് സെൻററിൽ ഗൾഫ് ഫുഡ് സംഘടിപ്പിച്ചത്. ഇന്ത്യയടക്കം 185 രാജ്യങ്ങളിൽനിന്നുള്ള 4000-ത്തിലധികം കമ്പനികൾ ഗൾഫ് ഫുഡിൻറെ ഭാഗമായി. പ്രദർശനവും വിൽപ്പനയും മാത്രമല്ല, നിക്ഷേപസാധ്യതകളും തുറന്നിടുകയാണ് ഗൾഫ് ഫുഡ്. പുതിയ വിപണികൾ കണ്ടെത്താനും വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും പ്രദർശനം സഹായകരമായി. 

വാണിജ്യരംഗത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ ഗൾഫ് ഫുഡ് വഴിയൊരുക്കിയതായി മിഡിൽ ഈസ്റ്റിലെ പ്രശസ്ത ഡയറി ഗ്രൂപ്പായ അബീവിയ ന്യൂട്രീഷൻസ് വ്യക്തമാക്കുന്നു. 

കൂടുതൽ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവയുമായി സഹകരിക്കാനും വ്യവസായ സാധ്യതകൾ മെച്ചപ്പെടുത്താനും ഗൾഫ് ഫുഡ് അവസരമൊരുക്കുന്നു. ഗൾഫ് ഫുഡിലെ പങ്കാളിത്തത്തിലൂടെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വിപണി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് RKG ഗ്രൂപ്പ്. കോവിഡിനെ അതിജീവിക്കുന്ന യുഎഇയിൽ സംഘടിപ്പിച്ച മേളയിലൂടെ പുതിയ ഉൽപ്പന്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനവസരം ലഭിച്ചതായും അതുവഴി വ്യവസായവ്യാപാരസാധ്യതകൾ വർധിപ്പിക്കാനായതായും അഗ്ത്യ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

അറേബ്യൻ മേഖലയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ കൂടുതൽപേർക്കു പരിചയപ്പെടുത്തുന്നതിനു ഗൾഫ് ഫുഡ് സഹായകരമായതായി ഈസ്റ്റേൺ അധികൃതർ പറയുന്നു.

ഉപഭോക്താക്കളെ അടുത്തു കണ്ട്, ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനാകുമെന്നതാണ് ഗൾഫ് ഫുഡിൻറെ വലിയ പ്രത്യേകതകളിലൊന്ന്.   വിവിധതരം പാനീയങ്ങൾ, പഴം പച്ചക്കറികൾ, ഡയറി ഉത്പന്നങ്ങൾ, മാംസം, ധാന്യങ്ങൾ, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങൾ എന്നിവയും ഗൾഫ് ഫുഡിൽ പ്രദർശിപ്പിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും വിവിധകരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

**********************************************

ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ ക്ളാസിക് വിൻറേജ് കാറുകളുടെ പ്രദർശനം. അബുദാബി ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിനോടനുന്ധിച്ചാണ് ക്ളാസിക് കാറുകളുടെ പ്രദർശനമൊരുക്കിയത്. ആ കാഴ്ചയാണിനി കാണുന്നത്.

ഒരുകാലത്ത് ലോകത്തിലെ വിവിധ നഗരങ്ങളിലെ നിരത്തുകൾ അടക്കി ഭരിച്ച രാജാക്കന്മാരെ അതേ പ്രൗഢിയോടെ വീണ്ടും കാണാൻ അവസരം. പഴമയും പ്രൌഢിയും സംഗമിക്കുന്ന മനോഹരകാഴ്ചകൾ. മുൻനിരബ്രാൻഡുകൾ നിർമിച്ച, അപൂർവമായ കാർ മോഡലുകളാണ് അബുദാബിയിൽ ഷെയ്ഖ് സായിദ് പൈതൃകോൽസവ നഗരിയിൽ പ്രദർശിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും ഒരു മാറ്റവും വരുത്താതെ പാരമ്പര്യ തനിമയോടെ 23 ക്ളാസിക് കാറുകൾ. മെഴ്സിഡസ്, ഫോർഡ്, ഷെവർലെ തുടങ്ങി വിവിധകമ്പനികളുടെ കാറുകൾ.

1920 കൾ മുതൽ മുൻനിര ബ്രാൻഡുകൾ പുറത്തിറക്കിയ പഴമയും രാജകീയതയും ഒത്തിണങ്ങിയ അത്യപൂർവ കാറുകൾ അടുത്തുകാണാനും മനസ്സിലാക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനുമുള്ള അവസരം പ്രദർശനത്തിൽ ഒരുക്കിയിരുന്നു. 

ലോകത്തെ മുൻനിര ക്ളാസിക് കാർ ശേഖരമുള്ളവരുടെ പട്ടികയിൽ ഒട്ടേറെ യുഎഇ സ്വദേശികളുമുണ്ട്. സ്വകാര്യവ്യക്തികളുടെ ശേഖരത്തിലുള്ള കാറുകളടക്കമാണ് പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്. അക്കാലത്തെ കാറുകളുടെ എൻജിനുകളുടെ പ്രവർത്തനം, നിർമാണരീതി, ഇന്ധനച്ചെലവ് തുടങ്ങിയവയെക്കുറിച്ച് നേരിട്ടറിയാനുള്ള അവസരമാണിത്.

ഷെയ്ഖ് സായിദ് പൈതൃകോൽസവത്തിൻറെ ഭാഗമായി കസ്റ്റം ഷോ എന്നപേരിൽ മൽസരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കാറുകളുടെ അലങ്കാരം, പവർ റേസ്, നിർമാണം എന്നിവയിൽ ആർക്കും കഴിവുതെളിയിക്കാം. ഒപ്പം വാഹനങ്ങളുടെ പ്രകടനവും കലാസാംസ്കാരിക പരിപാടികളുമെല്ലാം പൈതൃകോൽസവത്തിൻറെ ഭാഗമാണ്. ഏപ്രിൽ ഒന്നുവരെയാണ് പൈതൃകോൽസവം സംഘടിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE