പ്രവാസ ലോകത്ത് നിന്ന് കേരളം ഇനി പ്രതീക്ഷിക്കുന്നതെന്ത്? 'കേരള വീക്ക്' നേട്ടമാകുമോ

gulf-this-week
SHARE

ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ ഒരാഴ്ച നീണ്ട കേരളവാരാചരണം സമാപിച്ചു. കേരളത്തിൻറെ വിനോദസഞ്ചാരവ്യവസായമേഖലകളെ ലോകത്തിനു പരിചയപ്പെടുത്തുകയായിരുന്നു കേരളാവാരാചരണത്തിൻറെ ലക്ഷ്യം. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവർ സജീവമായി പങ്കെടുത്ത കേരള വീക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചോ?  യുഎഇയിൽ നിന്നും ഇനി കേരളത്തിൻറെ പ്രതീക്ഷ എന്താണ്? വാർത്തയും വിലയിരുത്തലുകളുമാണ് ആദ്യം കാണുന്നത്.

കടന്നുപോയ ഒരാഴ്ചക്കാലം യുഎഇയിൽ കേരളവുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും നിറഞ്ഞുനിൽക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറേയും മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവരുടേയും സന്ദർശനവും എക്സ്പോയിലെ കേരള വാരാചരണവും കേരളത്തിനു പ്രതീക്ഷയേകുന്ന കാഴ്ചകളായിരുന്നു. എക്സ്പോയിലെ ഇന്ത്യൻ പവിലിയനിലെ രണ്ടാം നിലയിലായിരുന്നു കേരള വാരാചരണത്തിൻറെ ഉദ്ഘാടനം. പ്രവാസി വ്യവസയികളുടെയും നയതന്ത്രപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവര്‍ ചേര്‍ന്നു കേരളവാരാചരണം ഉത്ഘാടനം ചെയ്തു.

യുഎഇ വിദേശവ്യാപാര മന്ത്രി താനി ബിൻ അഹ്മദ് അൽ സെയൂദിയും ചടങ്ങില്‍ പങ്കെടുത്തു. പുതിയ കാലത്തിൻറെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തിൻറെ സാമ്പത്തിക വളർച്ച ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തിൻറെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യങ്ങൾ 12ഡിജിറ്റൽ സ്ക്രീനുകളിലായാണ് പവിലിയനിൽ അവതരിപ്പിച്ചത്. നിക്ഷേപ മാർഗങ്ങൾ, ഐടി മേഖലയിലെ മുന്നേറ്റം, സ്റ്റാർട്ടപ്, വൈദഗ്ധ്യമുള്ള മേഖലകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ സന്ദർശകർക്കു മുന്നിൽ അവതരിപ്പിച്ചു. വ്യവസായം തുടങ്ങാൻ വേഗത്തിൽ സൗകര്യമൊരുക്കുന്ന ഏകജാലകമായ കെ സ്വിഫ്റ്റ്, ചെറുകിട, ഇടത്തരം പദ്ധതികളിലെ സാധ്യതകൾ എന്നിവയും അവതരിപ്പിച്ചു. വിവിധരാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കു മുന്നിൽ കേരളത്തിൻറെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

വിനോദ സഞ്ചാര മേഖലയെ പരിചയപ്പെടുത്തി സാഹസിക ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയവയും കേരളത്തിൻറെ പ്രകൃതി ദൃശ്യങ്ങളും അവതരിപ്പിച്ചു. കോവിഡ് മഹാമാരിയെ അതിജീവിച്ചു കേരളം പൂർവസ്ഥിതിയിലേക്കു മടങ്ങുന്നുവെന്നു ലോകത്തോടു വിളിച്ചുപറയുന്നതിനുള്ള വേദികൂടിയായിരുന്നു എക്സ്പോയിലെ കേരളാവാരാചരണം. കേരളത്തിൻറെ വിനോദസഞ്ചാരമേഖലകളിലെ നിക്ഷേപസാധ്യതകളും  പുതിയകാഴ്ചകളും അവതരിപ്പിച്ചാണ് കേരള വാരാചരണം ഒരുക്കിയത്.

യുഎഇയിലെ ഓരോ മലയാളികളും കേരളടൂറിസത്തിൻറെ വിനോദസഞ്ചാരികളാണെന്ന ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്നു ടൂറിസം മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരപദ്ധതികളിൽ സ്വകാര്യപൊതു പങ്കാളിത്തത്തോടെ  പ്രവാസികളെ സഹകരിപ്പിക്കുന്നതിനുള്ള നീക്കം സംസ്ഥാനസർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്നു മന്ത്രി അറിയിച്ചു.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയും പോയവാരത്തിലെ പ്രധാനകാഴ്ചയായിരുന്നു. എക്സ്പോയിലെ യുഎഇ പവിലിയനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കുരുമുളക്, കറുവപ്പട്ട, തക്കോലം, ഏലയ്ക്ക, ഗ്രാമ്പു, ഉണക്കമുന്തിരി എന്നിവയ്ക്കു പുറമേ കഥകളി രൂപവും ആറൻമുള കണ്ണാടിയുടേയും കെട്ടുവള്ളത്തിൻറേയും മാതൃകകളും മുഖ്യമന്ത്രി ഷെയ്ഖ് മുഹമ്മദിനു സമ്മാനിച്ചു. കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മുഖ്യമന്ത്രിയെ യുഎഇ പവിലിയനിൽ സ്വീകരിച്ചു. കേരളാവാരാചരണത്തെക്കുറിച്ചുള്ള ഷെയ്ഖ് മുഹമ്മദിൻറെ ട്വീറ്റ് യുഎഇ എന്ന രാജ്യത്തിനു മലയാളികളോടുള്ള സ്നേഹത്തിൻറേയും കടപ്പാടിൻറേയും പ്രതീകമായിരുന്നു. കേരളം സന്ദർശിക്കുന്നതിനു ദുബായ് ഭരണാധികാരിയെ മുഖ്യമന്ത്രി  ക്ഷണിച്ചു. 

യുഎഇ സന്ദർശനത്തിനിടെ കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, കെ ബിപ് എന്നിവയുമായി സഹകരിച്ച്, ഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ദുബായിയിൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായമന്ത്രി പി.രാജീവ്, നോർക്ക വൈസ് ചെയർമാൻകൂടിയായ പ്രവാസിവ്യവസായി എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുന്നതിനൊപ്പം നിക്ഷേപകരെ വിശ്വാസത്തിലെടുക്കാവുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുകയായിരുന്നു നിക്ഷേപസംഗമത്തിൻറെ ലക്ഷ്യം.

എക്സ്പോയിലെ കേരളാവാരാചരണത്തോടനുബന്ധിച്ചു ജൂബിലി പാർക്കിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. കേരളത്തിൻറെ വിവിധ കലാപരിപാടികളാണ് ചടങ്ങിൽ അവതരിപ്പിച്ചത്. കേരളാവാരാചരണത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി.

എക്സ്പോ ഡയറക്ടർ ജനറലും യുഎഇ രാജ്യാന്തരസഹകരണസഹമന്ത്രി റീം അൽ ഹാഷിമി കേരളവും ദുബായുമായുള്ള ബന്ധത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും പറഞ്ഞ വാക്കുകൾ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

സോട്ട് 8 (പത്തുലക്ഷത്തിലധികം വരുന്ന കേരളീയരുടെ രണ്ടാം വീടാണ് യുഎഇ. ദക്ഷിണേന്ത്യയുടെ രത്നമായ കേരളീയർക്കൊപ്പം ചേരുന്നതിൽ അനുഗ്രഹീതരാണ്. രാജ്യവികസനത്തിനൊപ്പം എക്സ്പോയുടെ വിജയത്തിലും മലയാളികളുടെ പങ്ക് നിർണായകമാണ്.)

കേരളാവാരാചരണത്തോടനുബന്ധിച്ചു ആദ്യമലയാള ഗ്രന്ധമായ സംക്ഷേപവേദാർഥത്തിൻറെ യഥാർഥ പ്രതി ഇന്ത്യൻ പവിലിയനിൽ പ്രദർശിപ്പിച്ചത് ആകർഷകമായി. 1772 ൽ റോമിൽ കല്ലച്ചിൽ അച്ചടിച്ച ഗ്രന്ഥം രവി ഡിസിയാണ് എക്സ്പോവേദിയിത്തിച്ചത്. മലയാള പ്രസിദ്ധീകരണത്തിൻറെ 250 ആം വാർഷികത്തിലാണ് സംക്ഷേപവേദാർഥം പ്രദർശിപ്പിച്ചത്. 

രണ്ടുവർഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യുഎഇ സന്ദർശനം. കോവിഡിനു ശേഷമുള്ള കേരളത്തിൻറെ ഉയർത്തെഴുന്നേൽപ്പിനു പ്രവാസികളുടെ പിന്തുണവേണമെന്നു വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ സന്ദർശനം. അതേസമയം, കോവിഡ് ദുരിതം അനുഭവിച്ച സാധാരണതൊഴിലാളികളടക്കമുള്ള പ്രവാസികളോട് സംവദിക്കുകയോ അവരുടെ ആവശ്യങ്ങൾ കേൾക്കുകയോ ചെയ്യാതെ വ്യവസായ സമൂഹത്തെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു സന്ദർശനമെന്ന ആരോപണവും പ്രവാസലോകത്തുയർന്നുകേട്ടു. 

-----------------------

കടൽ മുതൽ ബഹിരാകാശം വരെ. ജലജീവികൾ മുതൽ പരിസ്ഥിതിയിലെ വിസ്മയക്കാഴ്ചകൾ വരെ. അങ്ങനെ പ്രപഞ്ചത്തിൻറെ വൈവിധ്യങ്ങളെല്ലാം പകർത്തിയ ഫോട്ടോഗ്രഫി പ്രദർശനമാണ് ഷാർജ എക്സ്പോ സെൻററിൽ പുരോഗമിക്കുന്നത്. ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും ഫോട്ടോഗ്രഫിയുടെ സാധ്യതകളും പരിചയപ്പെടുത്തുന്ന എക്സ്പോഷർ 2022ലെ കാഴ്ചകളാണ് ഇനി കാണുന്നത്.

ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോയുടെ നേതൃത്വത്തിൽ ഷാർജ എക്സ്പോ സെൻററിൽ ഒരുക്കിയിരിക്കുന്ന എക്സ്പോഷർ 2022 ൽ ഇന്ത്യയിൽ നിന്നടക്കം 70  ഫൊട്ടോഗ്രഫർമാരുടെ 1,600ഓളം ചിത്രങ്ങൾ കാണാം. മേഖലയിലെ ഏറ്റവും വലിയ ഫൊട്ടോഗ്രഫി പ്രദർശനം. 

കടൽ, വന്യജീവിതം, പ്രകൃതി, പരിസ്ഥിതി, ബഹിരാകാശം, കായികം, യാത്ര, തെരുവ്, കോവിഡ്, നാഗരികത തുടങ്ങി വിവിധ പ്രമേയങ്ങളിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

അഫ്ഗാൻ പെൺകുട്ടിയുടെ തീഷ്ണമായ കണ്ണുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അമേരിക്കൻ മാധ്യമപ്രവർത്തകൻ സ്റ്റീവ് മക്ക്റി,  സെപ്റ്റംബർ 2011 ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിനു ശേഷമുള്ള മാനുഷികതയുടെ ദൃശ്യങ്ങൾ ലോകത്തിനു മുന്നിഷ അവതരിപ്പിച്ച ഫ്രാങ്ക് ഫോർണിയർ, നക്ഷത്രങ്ങളും ആകാശവുമൊക്കെ സാഹസികതയിലൂടെ ഫ്രെയിമിലൊരുക്കിയ ദുബായിലെ സാമമി അൽ ഓലബി അങ്ങനെ ലോകപ്രശസ്തരായ എഴുപതു ഫൊട്ടോഗ്രഫർമാരുടെ വിസ്മയിപ്പിക്കുന്ന, കൌതുകമുണർത്തുന്ന, ചിന്തിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദർശനവേദിയിലുള്ളത്.

മേഖലയിലെ ഏറ്റവും വലിയ ഫൊട്ടോഗ്രഫി പ്രദർശനത്തിൻറെ ആറാം പതിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിയും ദുബായിലെ പ്രവാസിമലയാളിയുമായ സജിൻ ശശിധരനും ഇടം നേടി. ഫ്യൂച്ചർ മ്യൂസിയം ഉൾപ്പെടെ യുഎഇയിലെ പ്രശസ്ത കെട്ടിടങ്ങളുടെ ബ്ളാക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് സജിൻ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതോളം ചിത്രങ്ങളിൽ ഒന്നൊഴികെ എല്ലാം യുഎഇയിൽ നിന്നു പകർത്തിയതാണ്. ഒരെണ്ണം ഇരിങ്ങാലക്കുടയിലെ ദേവാലയം പശ്ചാത്തലമാക്കിയുള്ള സായ്ഹാന്നക്കാഴ്ചയും.

പ്രദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാഴ്ചയൊരുക്കിയിരിക്കുന്നത് ഷാർജ പൊലീസ് വകുപ്പാണ്. ഫൊറൻസിക് ഫൊട്ടോഗ്രഫിയുടെ സങ്കീർണത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഇവിടെ കാണാം. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളുടെ വസ്ത്രത്തിൽ കണ്ടെത്തിയ മുടിക്കഷ്ണം അന്വേഷണത്തിൻറെ ഭാഗമായി ഫൊറൻസിക് വിഭാഗം ഫൊട്ടോഗ്രഫി സംവിധാനത്തിലൂടെ പരിശോധിക്കുമ്പോൾ അതൊരു വളർത്തുനായുടെ രോരമമായിരുന്നുവെന്നു തെളിയുന്ന ചിത്രങ്ങൾ. അങ്ങനെ പൊലീസ് സംവിധാനത്തിൽ ഫൊട്ടോഗ്രഫിക്കുള്ള പ്രാധാന്യംകൂടിയാണ് പ്രദർശനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുകയെന്ന പ്രമേയത്തിൽ അവതരിപ്പിച്ചിരിക്കുന്ന കടൽക്കാഴ്ചകൾ ആകർഷകമാണ്. കടലിൻറെ ശബ്ദവിന്യാസങ്ങളോടെയാണ് ഇവിടെ മത്സ്യങ്ങളടക്കം കടൽജീവികളുടെ ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണത്തിൻറേയും വനസംരക്ഷണത്തിൻറേയും ബോധവൽക്കരണമായി പ്രത്യേക ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ശിൽപശാലകൾ, സെമിനാറുകൾ, മൽസരങ്ങൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. ഫോട്ടോ പ്രദർശനത്തിനൊപ്പം ക്യാമറയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്. xposure.ae എന്ന വെബ്സൈറ്റിലൂടെ സൌജന്യമായി റജിസ്റ്റർ ചെയ്തു ചൊവ്വാഴ്ച രാത്രി 10മണിവരെ പ്രദർശനം കാണാനെത്താം. 

*******************************************************

ദുബായ് എക്സ്പോയിലെ ജർമൻ പവിലിയൻ. ജർമനിയിലെ ഒരു സർവകലാശാലയിലേക്കെന്നപോലെയാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രം പഠിക്കാനും മനസിലാക്കാനുമുള്ളതാണെന്നോർമപ്പെടുത്തുന്ന ജർമൻ പവിലിയനിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

ഒരു സർവകലാശാലയാണ് ജർമൻ പവിലിയൻ. ഭൂമിയുടെ നല്ല നാളേയ്ക്ക് മനുഷ്യൻറെ നിലനിൽപ്പിനുള്ല പാഠങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്, അവതരിപ്പിക്കുന്നത്. ശാസ്ത്രം കണ്ടുമറക്കാനുള്ളതല്ല പഠിക്കാനുള്ളതാണെന്നതിനാൽ തന്നെ ജർമൻ ക്യാംപസ് എന്നാണ് പവിലിയൻറെ പേരും. മൂന്നു വിഭാഗങ്ങളിലായി തിരിച്ചാണ് പവിലിയൻ എക്സ്പോ വേദിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പവിലിയനിൽ നിന്നു ലഭിക്കുന്ന സന്ദർശകരുടെ പേരുള്ള തിരിച്ചറിയൽ കാർഡും ധരിച്ചു യാത്ര തുടങ്ങുമ്പോൾ ആദ്യം കാണുന്നത് അനേകായിരം ബോളുകൾ നിറഞ്ഞൊരു കളിക്കളമാണ്. ഓരോ ബോളുകളും ഇക്കാണുന്ന ചെറിയ ഹോളിലേക്ക് വയ്ക്കുമ്പോൾ നല്ലനാളേയ്ക്കായ് അനുഷ്ടിക്കേണ്ട സന്ദേശങ്ങൾ തെളിഞ്ഞുവരും. ജർമനിയിൽ പകുതിയിലധികംപേരും പഴയവസ്ത്രങ്ങൾ പുനരുപയോഗിക്കുന്നുവെന്നും അതിലൂടെ പതിനായിരം ലീറ്ററിലധികം ജലം സംരക്ഷിക്കാനാകുന്നുവെന്നുമുള്ള വിവരങ്ങളാണ് കൈമാറുന്നത്.

എനർജി ലാബെന്ന ആദ്യ വിഭാഗത്തിൽ പുനരുപയോഗ ഊർജനിർമാണത്തിൻറെ വിവരങ്ങളാണ് അവതരിപ്പിക്കുന്നത്. തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വഴി നാം എതു രാജ്യത്തുനിന്നെത്തുന്നവരാണെന്നു തിരിച്ചറിഞ്ഞു ആ രാജ്യം എത്ര ശതമാനമാണ് പരമ്പരാഗത ഊർജ ശ്രോതസ്സുകളും പാരമ്പര്യേതര ഊർജശ്രോതസുകളും ഉപയോഗപ്പെടുത്തുന്നതെന്ന് സ്ക്രീനിലൂടെ വ്യക്തമാക്കും. ഇന്ത്യ 84.7% പരമ്പരാഗത ഊർജവും 15.3% മാത്രം പുനരുപയോഗിക്കാവുന്ന പാരമ്പര്യേതര ഊർജവും ഉപയോഗിക്കുന്നു എന്ന് കാണാം.  തിരമാലകളില്ലാത്ത തീരത്തു ചെറു ഓളങ്ങളിൽ നിന്നു പോലും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന നെമോസ്. കൂറ്റൻ കാറ്റാടി യന്ത്രങ്ങൾക്കു പകരം ചെറുകാറ്റിൽ നിന്നു പോലും വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന എനർകൈറ്റ്. അങ്ങനെ ഊർജോത്പാദനത്തിൻറെ ഏഴോളം മാതൃകകൾ കണ്ടിറങ്ങിയശേഷം അടുത്ത ഘട്ടത്തിൽ ഊർജ സംഭരണത്തിൻറെ രീതികളാണ് പഠിക്കുന്നത്.

ചുണ്ണാമ്പുകല്ല് ചൂടാക്കി ജലവും താപോർജവും ഉപയോഗിക്കുന്ന ബേർതി, ഊർജോത്പാദനം കൂടിയ സ്ഥലങ്ങളിൽ നിന്നും ഉൽപ്പാദനമില്ലാത്ത സ്ഥലങ്ങളിലേക്ക് ഊർജമെത്തിച്ച് സന്തുലിതാവസ്ഥ കൈവരിക്കുന്ന സംവിധാനം, കടലിൻറെ 600 മുതൽ 800 മീറ്റർ ആഴമുള്ള ഭാഗത്ത് മുപ്പത് മീറ്റർ വ്യാസവും 20,000 ടൺ ഭാരവുമുള്ള വൻസംഭരണികൾ നിർമിച്ച് വൈദ്യുതി നിർമിക്കുന്ന സംവിധാനം. ഇവയൊക്കെ കണ്ടു പഠിക്കാം, മനസിലാക്കാം. സ്റ്റെൻസിയ എന്ന ഈ സംവിധാനത്തിലൂടെ മർദ്ദം ചെലുത്തി വായൂരഹിതമാക്കുന്ന ഭാഗത്തേക്ക് ജലം ഇരച്ചു കയറുമ്പോൾ ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതിയുണ്ടാക്കാം. ഒറ്റത്തവണ 20 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. 2500 വീടുകളിലെ സകല ആവശ്യവും നിറവേറ്റാം. 

സമാന്തരമായും ചലിക്കാൻ കഴിയുന്ന ലിഫ്റ്റുകൾ അവതരിപ്പിച്ച് നഗരത്തിലെ കെട്ടിട നിർമാണങ്ങളിൽ വൻ മാറ്റത്തിന് വഴിതുറക്കുകയാണ് ജർമനി. പ്ലാസ്റ്റികിനും തടിക്കും സ്ഫടികത്തിനുമെല്ലാമുള്ള ബദൽ നിർമാണ സാമഗ്രികളും പരിചയപ്പെടുത്തുന്നുണ്ട്. പ്ളാസ്റ്റിക് തിന്നുതീർക്കുന്ന ബാക്ടീരിയകളെ വികസിപ്പിച്ചു മുന്നേറുകയാണ് യാഹ് വെനിഹാ ആഗൻ സർവകലാശാലയെന്ന് അഭിമാനത്തോടെ പവിലിയൻ അവതരിപ്പിക്കുന്നു. 

ജീവികളെക്കുറിച്ചുള്ള വിജ്ഞാന ഭൂപടം ഐഡിവാണ് മറ്റൊരു കൌതുക കാഴ്ച. ഏതു ജീവിവർഗത്തെക്കുറിച്ചും മനസ്സിലാക്കാൻ അതിൻറെ ചിത്രത്തിൽ തൊട്ടാൽ മതി. അതുമായി ബന്ധപ്പെട്ട ജീവികളുടെ മുഴുവൻ ചിത്രങ്ങളും തെളിയും. കീടനാശിനിക്കു പകരം കളയെ തിരിച്ചറിഞ്ഞ് ലേസറിലൂടെ നശിപ്പിക്കാൻ കഴിയുന്ന ലേസർ വീഡും കണ്ടുപിടിച്ചിട്ടുണ്ട്. കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ കഴിയുന്ന പവിഴപ്പുറ്റുകളെക്കുറിച്ചും പല ജീവിവർഗങ്ങളും തമ്മിൽ പൊരുത്തപ്പെട്ടു കഴിയുമ്പോൾ മാത്രം സാധ്യമാകുന്ന സന്തുലിത ആവാസ വ്യവസ്ഥയെക്കുറിച്ചുമെല്ലാം സന്ദർശരെ കൃത്യമായി വ്യക്തമാക്കിക്കൊടുക്കുന്ന കാഴ്ചകാണാം. 

കാലാവസ്ഥാ വ്യതിയാനം, ഓസോൺ പാളി നശീകരണം, സമുദ്ര അമ്ലവത്ക്കരണം തുടങ്ങി ഏഴോളം മർമപ്രധാനമായ കാര്യങ്ങളിലെ സന്തുലനം തെറ്റിയാൽ ഭൂമിയിലെ ജീവനും ജീവിതങ്ങളുമെല്ലാം തകരുമെന്ന് ഓർമപ്പെടുത്തുകയാണിവിടം. അവസാനഭാഗത്തെത്തുമ്പോൾ ഊഞ്ഞാലാടാം. എല്ലാവരും ഒരേ താളത്തിലും വേഗത്തിലുമാടുമ്പോൾ ബൾബുകൾ തെളിഞ്ഞു ഭൂമി പ്രകാശമാനമായി മുന്നിൽ തെളിയും. വേർതിരിവുകളില്ലാതെ എല്ലാവരും ഒന്നായി മുന്നേറിയാൽ മാത്രമേ നാം ജീവിക്കുന്ന ഈ ഭൂമി ഇതേപോലെ മുന്നോട്ടുനീങ്ങൂവെന്ന സന്ദേശം സ്വീകരിച്ചാണ് സന്ദർശകർ ജർമൻ പവിലിയനിൽ നിന്നുമിറങ്ങുന്നത്. 

MORE IN GULF THIS WEEK
SHOW MORE