കോവിഡാനന്തര ലോകം; ആശയങ്ങൾ പങ്കുവച്ച് അറബ് ഹെൽത്ത് 2022

Gulf
SHARE

ലോകത്തെ ഏറ്റവും വലിയ ആരോഗ്യമേളകളിലൊന്നായ അറബ് ഹെൽത്തിൻറെ പുതിയ എഡിഷന് ദുബായ് വേൾഡ് ട്രേഡ് സെൻറർ വേദിയായി. കോവിഡാനന്തര ലോകം ചർച്ചാവിഷയമായ മേളയിൽ ഇന്ത്യയടക്കം 60ൽ അധികം രാജ്യങ്ങളാണ് പങ്കെടുത്തത്. 

കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന ലോകത്തിന് പ്രതീക്ഷ പകരുന്ന ആശയങ്ങളും ചിന്തകളും പങ്കുവച്ചാണ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ അറബ് ഹെൽത്ത് പ്രദർശനമൊരുക്കിയത്. അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് പ്രദർശനവും ഹെൽത്ത് കെയർ, ലബോറട്ടറി കമ്പനികളുടെയും സാങ്കേതികവിദ്യയുടെയും ഉൽപ്പന്നങ്ങളുടെയും ഏറ്റവും വലിയ സമ്മേളനത്തിനുമാണ് ദുബായ് വേദിയായത്. മരുന്നുകൾ, ചികിൽസാരീതികൾ, പുതിയ കണ്ടുപിടിത്തങ്ങൾ, ആശയങ്ങൾ, വ്യവസായ, ഗവേഷണ പങ്കാളിത്തം തുടങ്ങിയവ ചർച്ച ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള വേദിയായിരുന്നു അറബ് ഹെൽത്ത്. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടന്ന പ്രദർശനത്തിൽ 60ൽ അധികം  രാജ്യങ്ങളിൽ നിന്നായി 3,500 ലേറേ പ്രദർശകർ അണിനിരന്നു. 

രോഗികൾ, സഞ്ചാരികൾ, സന്ദർശകർ തുടങ്ങിയവർക്കു സേവനങ്ങളൊരുക്കി നൽകാൻ മനുഷ്യൻറെ മുഖഭാവങ്ങളുമായി അവതരിപ്പിച്ച ഹ്യുമനോയ്ഡ് റോബോട്ട് റഷ്യൻ പവിലിയനിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. മനുഷ്യശരീരത്തോട് ഏറ്റവും സാമ്യമുള്ള തരത്തിലാണ് റഷ്യൻ കമ്പനിയായ പ്രോമോബോട്ട് ഹ്യുമനോയ്ഡ് റൊബോട്ടിനെ അവതരിപ്പിച്ചത്. രോഗികൾക്ക് സേവനങ്ങളെക്കുറിച്ചു കൂടുതൽ അറിയാനും രോഗാവസ്ഥയെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ നേരിട്ട് ചോദിച്ചറിയാനും ഹ്യൂമനോയ്ഡ് റൊബോട്ടിൻറെ സേവനം സഹായകരമാകും.

കുട്ടികൾ മുതൽ ഏതു പ്രായക്കാരുടേയും പോഷകാഹാരക്കുറവും വൈറ്റമിൻ കുറവും പരിഹരിക്കാനുതകുന്ന മാർഗങ്ങളാണ് ബ്രിട്ടിഷ് ബയോളോജിക്കൽസും ഫാത്തിമ ഹെൽത് കെയർ ഗ്രൂപ്പും ചേർന്നു അവതരിപ്പിച്ചത്.കോവിഡ് കാലത്ത് ആരോഗ്യസംരക്ഷണത്തിൻറെ വിവിധ മാതൃകകളും അറബ് ഹെൽത്തിൽ അവതരിപ്പിച്ചു. കാർഡിയോളജി, ന്യൂറോളജി, സർജറി, യൂറോളജി, ഓൺകോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളടക്കം ആരോഗ്യ ചികിത്സാ രംഗത്തെ നൂതന വിദ്യകളുടെ പ്രദർശനം ശ്രദ്ധേയമായി. ഏറ്റവും പുതിയ അൾട്രാസൗണ്ട് സാങ്കേതികവിദ്യ, നിർമിതബുദ്ധി തുടങ്ങിയ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ പരിചയപ്പെടാനും അവസരമൊരുക്കിയിരുന്നു.  പ്രദർശനവുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലെക്കുറിച്ചുള്ള അഞ്ഞൂറോളം പ്രത്യേക സെമിനാറുകളും ചർച്ചകളും ഒരുക്കി. യുഎഇ ആരോഗ്യമന്ത്രാലയം, അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റികൾ തുടങ്ങിയ സർക്കാർ വകുപ്പുകളും പ്രമുഖ ആശുപത്രികളും മെഡിക്കൽ ഉൽപ്പന്ന വിതരണ കമ്പനികളും പ്രദർശനത്തിൻറെ ഭാഗമായി. 

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിലാണ് ദുബായിൽ അറബ് ഹെൽത്ത് സംഘടിപ്പിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രദർശനം ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ആരോഗ്യമേഖലയുടെ മുന്നേറ്റത്തിനും, ചികിൽസാരീതികളിലും മെഡിക്കൽ ഉപകരണരംഗത്തുമൊക്കെയുണ്ടാകുന്ന നവീന മാറ്റങ്ങൾ പരിചയപ്പെടുന്നതിനു കൂടിയുള്ള അവസരമായിരുന്നു അറബ് ഹെൽത്ത് 2022.

MORE IN GULF This Week
SHOW MORE