സൗദിയുടെ കുതിപ്പിന്‍റെ കഥ; അബുദാബിയിലെ ഹുദൈരിയാത് ദ്വീപ്

gulf
SHARE

സൗദി അറേബ്യയിൽ മാറ്റത്തിന്‍റെ കാറ്റ് വീശുകയാണ്. വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും പരിഷ്കാരങ്ങളുമാണ് നിലവിൽവരുന്നത്. തൊഴിൽമേഖലയിലെ പരിഷ്കാരങ്ങളും വിനോദസഞ്ചാരസാംസ്കാരികകായിക മേഖലകളിലെ പദ്ധതികളുമൊക്കെ സൗദിയുടെ പുതിയമുഖമായി മാറും. ഈ പദ്ധതികളും പരിഷ്കാരങ്ങളുമെല്ലാം പ്രവാസിമലയാളികളടക്കമുള്ളവർക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. 

സൌദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്ന് രാജ്യത്തിൻറെ വികസന നയത്തെ സ്വാധീനിക്കുന്ന പരിഷ്കാരങ്ങളാണ് ഏർപ്പെടുത്തുന്നത്. സ്ത്രീകൾക്ക് ലൈസൻസ് അനുവദിച്ചത് മുതൽ സിനിമയും സംഗീതവും കലാകായികസംസ്കാരവുമൊക്കെ സജീവമാക്കാനുള്ള തീരുമാനങ്ങൾ വികസനകാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ്. കോവിഡ് കാരണമുള്ള സാമ്പത്തികഅസ്ഥിരത ലോകത്ത് പിടിമുറുക്കുമ്പോൾ വികസനമുന്നേറ്റം ഉറപ്പുവരുത്താൻ തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചതായിരുന്നു പോയവാരത്തിലെ പ്രധാനവാർത്ത. 

തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച സുപ്രധാന പരിഷ്കാരങ്ങൾ അനുസരിച്ച് ഒരു പ്രവാസി തൊഴിലാളി തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റ  പ്രയോജനം നേടാൻ അർഹരാകുന്നതിന് വിവിധ വ്യവസ്ഥകൾ പാലിച്ചിരിക്കണം. 1. തൊഴിലാളി രാജ്യത്ത് പ്രവേശിച്ച് മൂന്ന് മാസമായിട്ടും  നിലവിലെ തൊഴിലുടമയുമായി എഴുതപ്പെട്ട തൊഴിൽ കരാർ ഉണ്ടാകാത്ത സാഹചര്യം. 2. തുടർച്ചയായ മൂന്ന് മാസത്തെ വേതനം നൽകുന്നതിൽ തൊഴിലുടമ പരാജയപ്പെടുന്ന സാഹചര്യം. 3. യാത്ര, തടവ്, മരണം തുടങ്ങിയ കാരണങ്ങളാൽ തൊഴിലുടമയെ ലഭ്യമാമാത്ത സാഹചര്യം. 4. തൊഴിലാളിയുടെ വർക്ക് പെർമിറ്റിൻറേയോ താമസ രേഖയുടേയോ കാലാവധി അവസാനിക്കുക. 5. ബെനാമി ബിസിനസിൽ തൊഴിലുടമയുടെ പങ്കാളിത്തത്തെക്കുറിച്ച് തൊഴിലാളി പരാതി നൽകുന്ന സാഹചര്യം.. 6. മനുഷ്യക്കടത്തിൽ  തൊഴിലുടമയ്ക്ക് പങ്കുണ്ടെന്നതിന് തൊഴിലാളി തെളിവു നൽകുന്ന സാഹചക്യം. 7. തൊഴിലാളിയും നിലവിലെ തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കം പരിഹരിക്കുന്നതിനുള്ള രണ്ട് ശ്രമങ്ങളിൽ തൊഴിലുടമയോ പ്രതിനിധിയോ പങ്കെടുക്കാത്ത അവസ്ഥ. 8. നിലവിലെ തൊഴിലുടമയുടെ അംഗീകാരത്തോടെയുള്ള തൊഴിൽ കൈമാറ്റം. ഈ എട്ട് വ്യവസ്ഥകളടക്കം മന്ത്രാലയം നിർദേശിക്കുന്ന വ്യവസ്ഥകൾ പാലിക്കണമെന്നാണ് മാനവവിഭവ സാമൂഹികവികസനമന്ത്രാലയത്തിൻറെ നിർദേശം. 

രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥരിതയ്ക്കു വേണ്ടി എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ വിജയിക്കുന്നുവെന്നാണ് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കിയത്. എണ്ണയിതര സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം മൂന്നുമടങ്ങ് വരെയായി ഉയർന്നുവെന്ന പ്രഖ്യാപനം നല്ലസൂചനയാണ്. വിനോദസഞ്ചാരമേഖലയിൽ വൻ വികസനപദ്ധതികളാണ് സൌദിയിൽ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പദ്ധതിയാണ്  ഖിദ്ദിയ്യ എന്ന വിനോദസാംസ്കാരികകായിക നഗരി. ലോകത്തിലെ ഏറ്റവും വലിയ വിനോദസാംസ്കാരിക നഗരിയായാണ് റിയാദിലെ എഡ്‍ജ് ഓഫ് ദി വേൾഡിന് സമീപം ഈ വമ്പൻ പദ്ധതിയൊരുങ്ങുന്നത്. സൌദികിരീടാവകാശിയുടെ പൊതുനിക്ഷേപഫണ്ടിലൊരുക്കുന്ന 334 ചതുരശ്രകിലോമീറ്റർ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി 2023 ൽ തുറക്കും. തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് തുടങ്ങി 43 മേഖലകളിലാണ് പദ്ധതികൾ. വൻനിക്ഷേപസാധ്യത തുറക്കുന്ന പദ്ധതിയിൽ ജോലി സാധ്യതകളും ഏറെയുണ്ടാകും. 17,000 സ്ഥിരം ജോലികളും ലക്ഷത്തിലധികം അനുബന്ധജോലികളുമാണ് ഖിദ്ദിയ മുന്നോട്ടുവയ്ക്കുന്നത്. 

മാറ്റങ്ങളുടെ വേലിയേറ്റമാണ് സൌദിയിൽ അലയടിക്കുന്നത് എന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ്  ഫോർമുല വൺ ഗ്രാൻഡ് പ്രീ മൽസരങ്ങൾക്ക് ഇതാദ്യമായി സൌദി വേദിയാകാനൊരുങ്ങുന്നുവെന്ന വാർത്ത. അടുത്തവർഷം നവംബറിൽ ജിദ്ദയിലായിരിക്കും മൽസരം സംഘടിപ്പിക്കുന്നതെന്ന് സൌദി കായികമന്ത്രാലയം അറിയിച്ചു. യുഎഇക്കും  ബഹ്റൈനും  പിന്നാലെ ഫോർമുല വൺ മൽസരങ്ങൾക്ക് വേദിയാകുന്ന മൂന്നാമത്തെ ഗൾഫ് രാജ്യമാണ് സൌദിഅറേബ്യ. 2030 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നതിനും അപേക്ഷ നൽകിയതായി മന്ത്രാലയം വ്യക്തമാക്കി. സൌദിയുടെ കായികഭൂപടത്തിൽ വലിയ മാറ്റത്തിന് കാരണമായേക്കാവുന്ന ടൂർണമെൻറിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. 

കലാ-സാംസ്കാരിക മേഖലയിലെ 80ലേറെ ജോലികൾക്ക് ചരിത്രത്തിലാദ്യമായി രാജ്യത്ത് ഔദ്യോഗിക തൊഴിൽപദവി നൽകാനുള്ള തീരുമാനവും ഇതിനോട് ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. സൗദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക്  ജോലി ലഭ്യമാക്കുമെന്ന ടൂറിസം മന്ത്രി അഹ്മദ് അൽ ഖതതീബിൻറെ പ്രഖ്യാപനം പ്രവാസിമലയാളികൾക്കടക്കം പ്രതീക്ഷയേകുന്നതാണ്. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച  സ്വപ്നപദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാർഥ്യമാകുന്നതോടെ സൌദി ലോകസഞ്ചാരികളുടെ ആകർഷകകേന്ദ്രമായി മാറും. നിലവിലെ സാമ്പത്തികഅസ്ഥിരത മറികടന്ന് വലിയ മുന്നേറ്റത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ  നിക്ഷേപ, തൊഴിൽ സാധ്യതകൾ വർധിപ്പിക്കും എന്നതിനാൽ തന്നെ പ്രവാസിമലയാളികളടക്കമുള്ളവർക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. 

വിനോദസഞ്ചാര ഭൂപടത്തിലെ പുതിയ ആകർഷണം; ഹുദൈരിയാത് ദ്വീപ്

യുഎഇയുടെ വിനോദസഞ്ചാരഭൂപടത്തിലെ പുതിയ ആകർഷണമാണ് ഹുദൈരിയാത് ദ്വീപ്. വിനോദത്തോടൊപ്പം സാഹസികതയും ശാന്തതയുമെവ്വാം ഒരുമിച്ച് ആസ്വദിക്കാൻ അവസരമൊരുക്കുന്ന വിനോദസഞ്ചാരകേന്ദ്രത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്. 

അബുദാബി നഗരഹൃദയത്തിൻറെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ജുബൈൽ മാംഗ്രൂവ് പാർക്കിന് സമീപമാണ് ഹുദൈരിയാത് ദ്വീപ്. ശാന്തമായി പ്രകൃതിയോടൊപ്പം ചേർന്നിരിക്കാൻ ഒരിടം തേടുന്നവർക്ക് ഇവിടേക്ക് വരാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഘോഷിക്കാവുന്ന കായികവിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റേസ് പാർക്ക്, ഹൈ റോപ് പാർക്ക്, വാട്ടർ പാർക്ക്, ടെന്നിസ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ, നടപ്പാത, സൈക്കിൾപാത, ജലകായിക വിനോദങ്ങൾ, കുട്ടികൾക്കുള്ള കളിക്കളങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.  

3000 ഹെക്ടർ വിസ്തൃതിയുള്ള ഹുദൈരിയാത് ദ്വീപിനേയും നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രദേശമാണ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. കഴിഞ്ഞയാഴ്ച പൊതുജനങ്ങൾക്കായി തുറന്ന പാർക്കിലേക്ക് മലയാളികളുൾപ്പെടെ ഒട്ടേറെപ്പേരാണ് ഒഴുകിയെത്തുന്നത്. 

കോവിഡ് കാലത്തെ മാനസികപിരിമുറുക്കുങ്ങളകറ്റാൻ പറ്റിയ ഇടമാണ് ഹുദൈരിയാത് ദ്വീപ്.  ദ്വീപിന് മധ്യത്തിലുള്ള ഉദ്യാന കേന്ദ്രത്തിൽ വിവിധരാജ്യങ്ങളുടെ പത്തോളം  ഭക്ഷണകേന്ദ്രങ്ങളുണ്ട്. സാഹസിക വിനോദം ഇഷ്ടപ്പെടുന്നവർക്കായി ബാറ്റിൽ റോപ്സ്, ക്ലൈംപിങ് നെറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽനീണ്ടുകിടക്കുന്ന കടൽത്തീരമാണ് മറ്റൊരു പ്രധാനആകർഷണം. 

ദ്വീപിൻറെ സൌന്ദര്യംആസ്വദിച്ച് രാത്രി താമസിക്കാനുമാകും. രണ്ടുപേർക്കുെള്ള സാധാരണ കൂടാരങ്ങളും ആറു പേർക്കുള്ള ആഡംബര ടെൻറുകളിലുമായി രാത്രിയാസ്വദിക്കാം.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ്  ഹുദൈരിയാത് വിനോദസഞ്ചാരകേന്ദ്രത്തിൻറെ സൌകര്യങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിനോദസഞ്ചാരികളെ ദ്വീപിലേക്ക്‌ പ്രവേശിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...