അത്ഭുതവും കൗതുകവും നിറഞ്ഞ അത്യാധുനിക ഫാം; 'മർമം' കാഴ്ചകൾ

alain-farm
SHARE

മലയാളികളടക്കമുള്ളവരുടെ നിത്യജീവിതത്തിൻറെ ഭാഗമാണ്പാലും പാലുൽപ്പന്നങ്ങളും. പ്രവാസലോകത്തെ പാലുൽപ്പാദന കേന്ദ്രങ്ങൾ, ഫാമുകൾ ഏറ്റവും അത്യാധുനികമാണ്. സാങ്കേതികവിദ്യകളായും പ്രവർത്തനങ്ങളാലും അൽഭുതപ്പെടുത്തുന്ന, കൌതുകം പകരുന്ന ഒരു ഫാമിലേക്കാണ് ഇനി യാത്ര.

പാൽ, തൈര്, ലബാൻ, ലസ്സി, ജ്യൂസ്.. ഈ ഉൽപ്പന്നങ്ങളിലേതെങ്കിലുമൊന്നു എല്ലാ പ്രവാസികളുടേയും നിത്യജീവിതത്തിൻറെ ഭാഗമാണ്. ഇവ ഉൽപ്പാദിപ്പിക്കുന്ന ഫാമുകൾ നാട്ടിലെ ഫാമുകളിൽ നിന്നും വ്യത്യസ്തമാണ്. നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തോടെയാണ് ഫാമുകളിലെ എല്ലാ പ്രവർത്തനങ്ങളും. കാര്യക്ഷമതയും ഉൽപ്പന്നങ്ങളുടെ ഗുണമേൻമയും പരിസര ശുചിത്വവും ഉറപ്പുവരുത്തിയാണ് ഫാമുകളുടെ പ്രവർത്തനം. ദുബായിൽ നിന്ന് 120 കി.മീ അകലെ അൽഐനിലെ നാഹേൽ റോഡരികിലെ മർമം ഫാമിലെ കാഴ്ചകളാണിത്.

20 ലക്ഷത്തോളം ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഫാമിൽ ഹോൾസ്റ്റെയിൽ ഇനത്തിൽപ്പെട്ട 4200 പശുക്കളാണ് വളരുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത പുല്ലിനൊപ്പം ചോളം ഉൾപ്പടെ 16 ഇനം ധാന്യങ്ങളുമാണ് ഭക്ഷണം. ഊഷ്മാവ് ക്രമീകരിക്കാനും ചാണകം മാറ്റി വൃത്തിയാക്കാനുമെല്ലാം ആധുനിക സംവിധാനങ്ങൾ. വൃത്തിയാക്കാനുപയോഗിക്കുന്ന വെള്ളം പുനരുപയോഗിച്ചു തോട്ടം നനയ്ക്കാൻ പ്രയോജനപ്പെടുത്തുന്നുണ്ട്.

മർമം ഫാക്ടറിയിൽ ദിവസേന അഞ്ചുലക്ഷം ലീറ്റർ പാലും മൂല്യവർധിത ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. റോട്ടറി മിൽക്കിങ് പാർലർ എന്ന സംവിധാനത്തിലൂടെയാണ് പശുക്കളിൽ നിന്നും പാൽ ശേഖരിക്കുന്നത്. റോട്ടറി മിൽക്കിങ് പാർലറിൽ നിന്ന് പാൽ വലിയ കുഴലുകൾ വഴി ചില്ലിങ് പ്ലേറ്റുകളിലൂടെ കടത്തിവിട്ട് ശീതീകരിച്ച് പ്ലാന്റുകളിൽ എത്തിക്കും. ഒരോ പ്രാവശ്യവും സംസ്കരണ യൂണിറ്റിലേക്ക് പാൽ കടത്തി വിട്ട ശേഷം പൈപ്പുകളും ടാങ്കുകളുമെല്ലാം ശാസ്ത്രീയമായി അണുവിമുക്തമാക്കും. പാലിൽ നിന്ന് കൊഴുപ്പ് പൂർണമായും വേർതിരിച്ച ശേഷം പിന്നീട് ഒരോ ഇനത്തിനും ആവശ്യാനുസരണം ചേർക്കുകയാണ് ചെയ്യുന്നത്.

.ഡെന്മാർക്കിൽ നിന്നെത്തിച്ച 250 പശുക്കളുമായി 1984ൽ ആണു മർമം ആരംഭിച്ചത്. വൻനിക്ഷേപം നടത്തി പത്തുവർഷത്തിനുള്ളിൽ വിപണിയിൽ 25 ശതമാനം വളർച്ച ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നകത്.

വിദ്യാർഥികൾക്ക് പശുപരിപാലനം അടുത്തറിയാനും പ്രകൃതിയെ തൊട്ടറിയാനുമുള്ള ഒരിടമായും മർമം ഫാം മാറാനൊരുങ്ങുകയാണ്. കുട്ടികൾക്കു കാർഷികമേഖലയോടു അടുപ്പം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണ് ആവിഷ്കരിക്കാനൊരുങ്ങുന്നത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമൂഹത്തിനു ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഉറപ്പുവരുത്തുകയെന്ന യുഎഇ സർക്കാരിൻറെ ലക്ഷ്യത്തോടു ചേർന്നു നിന്നാണ് മർമം ഫാമിൻറെ പ്രവർത്തനം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...