E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:13 AM IST

Facebook
Twitter
Google Plus
Youtube

ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദിവാസികളുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടെന്ന് ചില സുഹൃത്തുക്കള്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈയാഴ്ചത്തെ വിഷയം തീരുമാനിച്ചത്. അങ്ങനെയാണ് പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലേക്കെത്തിയത്. കേരളത്തില്‍ ഒരു സ്വകാര്യ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ഒരണക്കെട്ടുണ്ടെന്ന് സത്യം പറഞ്ഞാല്‍ എനിക്കറിയില്ലായിരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് അത്തരമൊരു സാധ്യതയില്ലെന്നായിരുന്നു മുന്‍വിധി. പല മുന്‍വിധികളും പോലെ അതൊരു മിധ്യാധാരണയാണെന്ന് വളരെ വേഗം ബോധ്യപ്പെട്ടു. ചിറ്റാറിലേക്കുളള യാത്രക്കിടെ കൂടുതല്‍ കാര്യങ്ങളന്വേഷിച്ചു. കക്കാട്ടാറിന് കുറുകെയാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ഒരു ജലവൈദ്യുതപദ്ധതി. ഈ ഡി സി എല്‍ എന്ന കൊല്‍ക്കത്ത ബെയ്സ്ഡ് കമ്പനിയുടെ സബ്സിഡിയറിയായ അയ്യപ്പ ഹൈഡ്രോ പവര്‍ പ്രൊജക്ട്സ് ലിമിറ്റഡാണ് അണക്കെട്ട് കൈകാര്യം ചെയ്യുന്നത്. ഏജന്‍സിക്കൊരു സൂപ്പര്‍താരബന്ധമുണ്ട്. ഒരു രാത്രി വൈകി ചിറ്റാറിലെ പാമ്പിനി കോളനിയിലെത്തിയതും ഇങ്ങനെയൊന്ന് പറഞ്ഞതും എടുത്തതും ഈ അറിവിന്റെ പശ്ചാത്തലത്തിലാണ്.

ബിഗ് ബി, അമിതാഭ് ബച്ചനാണ് ഞാന്‍ പറഞ്ഞ നടന്‍,....താരം. കൂടുതലന്വേഷണത്തില്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ സംരംഭത്തിന്റെ ഭാഗമല്ലെന്നറിഞ്ഞു. 2011ല്‍ ഈ ഡി സി എല്ലില്‍ നിന്ന് ഒഴിവായി. എങ്കിലുമിപ്പോഴും ഈ നാട്ടിലറിയപ്പെടുന്നത് അണക്കെട്ടും വൈദ്യുതപദ്ധതിയും അമിതാഭ് ബച്ചന്റേതാണെന്നാണ്. സാങ്കേതികമായും നിയമപരമായും ഒഴിവായിട്ടുണ്ടെങ്കിലും തന്റെ കൂടി പങ്കാളിത്തമുണ്ടായിരുന്ന കമ്പനി നിര്‍മിച്ചുപയോഗിക്കുന്ന അണക്കെട്ട് ഒരു സാമൂഹ്യപ്രശ്നമാകുമ്പോള്‍ അമിതാഭ് ബച്ചനും പരോക്ഷമായെങ്കിലും പങ്കാളിയാവുന്നുണ്ടെന്ന് പറയാതിരിക്കുകയും വയ്യ. ഒരാമുഖം കൂടി പറഞ്ഞ് നേരിട്ട് കാര്യത്തിലേക്ക് കടക്കാം. 

മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമെല്ലാം നാടിന്റെ സകല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉപകരിക്കുമെന്ന് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്ന ഒരു പദ്ധതിയുണ്ട്. അതിരപ്പിളളി ജലവൈദ്യുതപദ്ധതി. അതിരപ്പിളളിയയുടെയത്രയൊന്നും വരാത്ത, അത്രയൊന്നും ജനങ്ങളെയും, പരിസ്ഥിതിയെയും ബാധിക്കുമെന്ന് കരുതപ്പെടാത്ത പദ്ധതിയായിരുന്നു ഇത്. പക്ഷെ, പറഞ്ഞതിലും ഒരുപാടാഴമുണ്ട് പദ്ധതിയുടെ ആഘാതത്തിന്. 

ഒരു പ്രദേശത്തെ പരിസ്ഥിതിയെയും മനുഷ്യരെയും അണക്കെട്ടിന്റെ സംഭരണിയുടെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുകയാണ് ഈ പദ്ധതിയെന്ന് സ്ഥലത്ത് ചിലവഴിച്ച രണ്ടുദിവസം കൊണ്ട് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പ്രത്യേകിച്ചും ഈ അണക്കെട്ട് തടഞ്ഞുനിര്‍ത്തിയിരിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതത്തിന്റെ ഒഴുക്കിനെക്കുറിച്ച്. നിസഹായാരായിപ്പോയ, നിസഹായരാക്കിക്കളഞ്ഞ ഒരു ജനതയെക്കുറിച്ച്. 

സത്യം പറഞ്ഞാല്‍ ചിറ്റാറിലെ പാമ്പിനി കോളനിയില്‍ ഞങ്ങളെത്തുമ്പോഴത്തെ കാഴ്ച അതിമനോഹരമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരുങ്ങിനില്‍ക്കുന്ന ഒരു താഴ്്വാരം. വിനോദസഞ്ചാരകേന്ദ്രം പോലെ. ഞങ്ങളെ സ്വീകരിച്ച പ്രകൃതിയുടെ സൗന്ദര്യം ഒരു ജനതയുടെ ദുരിതജീവിതത്തിലേക്ക് ഞങ്ങളെ വലിച്ചടുപ്പിക്കുകയായിരുന്നു. ഒരുപാട് മനുഷ്യര്‍‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാനുണ്ട്. എങ്കിലും, ഞങ്ങള്‍ ഇവിടുത്തെ ആദിവാസികളുടെ പ്രശ്നങ്ങളില്‍ കേന്ദ്രീകരിക്കുകയാണ്. പതിനേഴ് ആദിവാസി കുടുംബങ്ങളുണ്ട്. ഉള്ളാട വിഭാഗത്തില്‍പെട്ട പട്ടികവര്‍ഗക്കാര്‍. അവര്‍ക്കിടയില്‍ നിന്ന് ഞങ്ങളെ വേദനിപ്പിച്ചൊരു മനുഷ്യനുണ്ട്. ഈ മനുഷ്യന്റെ ഭാവിയെക്കുറിച്ച് ഞങ്ങള്‍ക്ക് തീര്‍ച്ചയായും വലിയ ആശങ്കകളുണ്ട്. കേരളത്തിന്റെ മുഴുവന്‍ ആശങ്കയാവണം.

നന്ദുവിന് കുറേ കൂട്ടുകാരുണ്ട് കോളനിയില്‍. കോളനിയില്‍ ഞങ്ങളുണ്ടായിരുന്ന അത്രയും നേരം ആ കുട്ടികളെല്ലാം പിന്നാലെ കൂടി. ഓരോന്ന് കാട്ടിത്തന്നു. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചേര്‍ന്ന് ചൂണ്ടിക്കാട്ടിയ ഒന്നുണ്ട്. അവരുടെ ഭൂപ്രദേശം ഇങ്ങനെയായിരുന്നില്ല. കണ്ണെത്താദൂരം കരയായിരുന്നു. അവരവിടെ കൃഷി ചെയ്തിരുന്നു, ആദായമെടുത്തിരുന്നു. ആദിവാസിജീവിതം സാധാരണയായി നേരിടുന്ന അന്യവത്കരണമുണ്ടെങ്കിലും തരക്കേടില്ലാത്ത ജീവിച്ചിരുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകളുടെ കൃഷിഭൂമികളിലേക്കാണ് അണക്കെട്ടുയര്‍ന്നപ്പോള്‍ വെളളം ഇരച്ചുകയറിയത്. കൃഷിഭൂമിയത്രയും മുങ്ങി. ഒറ്റയടിക്കല്ല, പതുക്കെപ്പതുക്കെ. ഇഞ്ചിഞ്ചായി കൊല്ലുകയെന്നൊക്കെ പറയില്ലേ. അങ്ങനെത്തന്നെ.

കൃഷിയല്ലാതെ മറ്റ് വരുമാനമാര്‍ഗങ്ങളില്ലാതായി. അതോടെ പല കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങി. കുടുംബത്തിലൊരാള്‍ക്കേ പണിക്ക് പോകാന്‍ കഴിയൂ. കണ്ണടക്കാതെ കാവല്‍ നില്‍ക്കണം ഈ കുട്ടികള്‍ക്ക്. പറമ്പിലെ വെളളം എന്ന്, എപ്പോള്‍, ഏതളവ് വരെ ഉയരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അതെ, മരണത്തിന്റെ കവാടത്തിലേക്കാണ് ഈ കുട്ടികളെ സര്‍ക്കാരും അണക്കെട്ട് നിയന്ത്രിക്കുന്ന സ്വകാര്യ ഏജന്‍സികളും എറിഞ്ഞുകൊടുത്തിരിക്കുന്നത്.

ഈ മനുഷ്യര്‍ക്ക് ശുദ്ധജലം ഒരു സ്വപ്നമാണെന്ന് ഇവിടുത്തെ സര്‍ക്കാരറിയണം. സര്‍ക്കാര്‍ സംവിധാനങ്ങളറിയണം. ഒന്നാമത് കിണറുകള്‍. കിണറുകള്‍ മിക്കവാറും ഉപയോഗരഹിതമായിരിക്കുന്നു. മലിനജലമാണ്. പിന്നെ, സെപ്റ്റിങ്ക് ടാങ്കുകളൊക്കെ ഇടക്കിടക്ക് നിറഞ്ഞുകവിയും. ചിലത് പൊട്ടിയൊഴുകും. ആ വെളളം ഇവര്‍ കുടിക്കണമെന്നാണ്. കിണറുകള്‍ പലതും മുങ്ങിപ്പോയി. പകരം കിണറുകളേയില്ല. ഓമന പറയുന്നത് കേള്‍ക്കുക. ഓമനയുടെ പറമ്പിലെ കിണറിന് മുകളിലാണ് ഈ ഷെഡ്ഡിപ്പോള്‍ നില്‍ക്കുന്നത്. ഈ കിണറില്‍ നിന്ന് തന്നെയാണ് അവരിപ്പോഴും വെളളം പമ്പ് ചെയ്തുപയോഗിക്കുന്നത്. 

നല്ലൊന്നാന്തരം ശുദ്ധജലമൊഴുകിയിരുന്ന കക്കാട്ടാറിലെ വെളളവും ഇപ്പോള്‍ മാലിന്യഭരിതമാണ്. ഇവിടെയുളള ജലവിതരണപദ്ധതിയും അവതാളത്തിലായി. പഴയ പമ്പ് ഹൗസൊക്കെ വെളളത്തില്‍ മുങ്ങിപ്പോയി. കെട്ടിക്കിടക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യമുള്‍പെടെയുളള വെളളമാണ് ഇപ്പോഴും പമ്പ് ചെയ്യുന്നത്. വെളളം ശുദ്ധീകരിക്കാന്‍ സംവിധാനങ്ങളേതുമില്ല.

ഷാജിക്ക് കൂടുതലറിയാം. ഒരു നാടിന്റെ സാധാരണജീവിതം തകിടം മറിയുന്നത് നോക്കിനോക്കി നിന്നയാളാണ്. ഇപ്പോഴും ഇവിടുത്തെ കുട്ടികളെ അക്കരെയിക്കരെ കടത്തിവിടുന്നത് ഷാജിയാണ്. ഈ നാട് പുറംലോകത്തേക്കെത്താന്‍ ഇപ്പോള്‍ വട്ടം ചുറ്റുകയാണ്. അണകെട്ടി സഞ്ചാരസ്വാതന്ത്ര്യം തടയുന്നവര്‍ക്ക് അത് പുനഃസ്ഥാപിക്കാനുളള ഉത്തരവാദിത്വം കൂടിയുണ്ട്. അവരത് ചെയ്യുന്നില്ലെങ്കില്‍ അവരെക്കൊണ്ടത് ചെയ്യിപ്പിക്കേണ്ടത് സര്‍ക്കാരാണ്.

ജീവനോപാധികളേതുമില്ലാതെ വലയുകയാണ് പാമ്പിനി കോളനി. ഇഴജന്തുക്കളെയും, കാട്ടുമൃഗങ്ങളെയും പേടിച്ചാണ് കുട്ടികളും മുതിര്‍ന്നവരും കഴിയുന്നത്.

ജീവിതം ദുസ്സഹമായിപ്പോയ ഒരു ജനത ആവശ്യപ്പെടുന്നത് മാന്യമായ ജീവിതത്തിനുളള അവസരമാണ്. അണപൊട്ടിച്ചൊഴുക്കണമെന്നോ, വെളളം കയറി മൂടിപ്പോയ സ്വന്തം മണ്ണ് പഴയ പടി ആക്കണമെന്നോ അല്ല. മറിച്ച്, ഏറ്റവും ന്യായമായ ഒരാവശ്യമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്.  

പട്ടയമില്ലാത്തവരാണ് ഈ ആദിവാസികള്‍. അതുകൊണ്ട് നഷ്ടപരിഹാരമോ, പുനരധിവാസമോ ഇല്ലെന്ന കമ്പനിയുടെ വാചകമടിയോ, ഉദ്യോഗസ്ഥരുടെ ന്യായീകരണമോ നിലനില്‍ക്കില്ല. നിങ്ങളുടെ മുറ്റത്തേക്ക് വെളളം കയറിയിട്ടില്ലല്ലോ, പിന്നെന്ത് നഷ്ടപരിഹാരമെന്ന് ചോദിക്കരുത്. വഴിമുടക്കി ചുറ്റുപാടാകെ വെളളം നിറച്ച ശേഷം ഒരാദിവാസിജനതയോട് ചോദിക്കേണ്ട ചോദ്യമല്ല അത്. 

ഈ കുട്ടികളെ നോക്കൂ. എന്റെയും നിങ്ങളുടെയും മക്കളെപ്പോലെ പരിഗണിക്കപ്പെടേണ്ടവരാണിവര്‍. അങ്ങനെയല്ല അതിനെക്കാള്‍ നന്നായി പരിഗണിക്കപ്പെടേണ്ടവര്‍. അങ്ങനെയാണ് ഈ രാജ്യത്തിന്റെ ഭരണഘടന പറയുന്നത്. സര്‍ക്കാര്‍ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ഈ ജനതക്ക് അനുവദിച്ചാല്‍ മതി. അതനുവദിക്കണം. എത്രയും വേഗം.

സ്തോഭജനകമായി അവതരിപ്പിക്കാവുന്ന ഒട്ടേറെ വിഷയങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിന് പകരം ഇത്ര ചെറിയ ഒരു പ്രശ്നമവതരിപ്പിക്കുന്നതെന്തിനെന്ന ചോദ്യം സ്വാഭാവികമായും ഈ പരിപാടിക്ക് ശേഷമുയരാം. ഈ പതിനേഴ് കുടുംബങ്ങളുടെ, ഈ കുഞ്ഞുങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ അധികമാരും പറയാനിടയില്ലെന്ന് ഉത്തമബോധ്യമുളളത് കൊണ്ടാണ് ഇത്, ഇങ്ങനെ പറയുന്നത്. ശുഭപ്രതീക്ഷയോടെയല്ല പറഞ്ഞവസാനിപ്പിക്കുന്നത്. നിരാശയോടെയാണ്. കേരളം രാജ്യത്തിന് മാതൃകയെന്ന അവകാശവാദങ്ങള്‍ക്കിടെ പാമ്പിനിയിലെ ഈ കോളനിയും ഇവിടുത്തെ കുഞ്ഞുങ്ങളും ജീവിക്കുന്നത് കണ്ടതിന്റെ കടുത്ത നിരാശയില്‍. അവരെ ആരും തിരിഞ്ഞുനോക്കിയേക്കില്ല എന്ന കടുത്ത ആശങ്കയില്‍. വീണ്ടും പുതിയ അണക്കെട്ടുകള്‍ വേണം, വേണമെന്നാവര്‍ത്തിക്കുന്ന കേരളത്തിലെ ഭരണപ്രതിപക്ഷങ്ങളെ ഭയപ്പെട്ടുകൊണ്ടാണ് മടങ്ങുന്നത്.