.

പ്രപഞ്ചത്തില്‍ ഒരേയൊരു സൂര്യന്‍ എന്നാണ് ശാസ്തലോകവും നാമെല്ലാവരും മനസ്സിലാക്കിപ്പോന്നത്. എന്നാല്‍ സൂര്യനല്ലാതെ മറ്റൊരു സൂര്യന്‍ കൂടി ഉണ്ടെങ്കിലോ? സൂര്യന്‍റെ ഒരു ഇരട്ട സൂര്യന്‍! അതും ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന്കൂടി കാരണക്കാരനായ അദൃശ്യനായ ഒരു സൂര്യന്‍?

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുന്‍പാണ് ഭൂമിയില്‍ ദിനോസറുകളുടെ വംശനാശം സംഭവിച്ചത്. ബഹിരാകാശത്തുനിന്നുള്ള ഒരു വലിയ ശില ഭൂമിയിൽ പതിച്ചതാണ് ദിനോസറുകള്‍ വേരറ്റുപോകാന്‍ ഇടയാക്കിയതെന്നാണ് ശാസ്ത്രലോകം ദീര്‍ഘകാലമായി കരുതിപ്പോരുന്നത്. എന്നാല്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ഭൗതികശാസ്ത്രജ്ഞനായ റിച്ചാർഡ് മുള്ളര്‍ പുതിയൊരു സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. അത് ‘മറ്റൊരു’ കാണാത്ത സൂര്യനെക്കുറിച്ചുള്ളതാണ്!

സൂര്യന്‍റെ ഇരട്ടയായി കണക്കാക്കാവുന്ന, ഇതുവരെ കണ്ടെത്താത്ത ഒരു നക്ഷത്രം ബഹിരാകാശത്തുള്ള ശിലയെ ഭൂമിയിലേക്ക് അയയ്ക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടാകാമെന്നാണ് മുള്ളറിന്‍റെ വാദം. 'നെമെസിസ്' എന്ന് വിളിക്കപ്പെടുന്ന ഈ സാങ്കൽപ്പിക നക്ഷത്രം ഓരോ 26 ദശലക്ഷം വർഷം കൂടുമ്പോഴും സൗരയൂഥത്തിന്‍റെ അതിർത്തിക്കരികിലൂടെ കടന്നുപോകുന്നുണ്ടെന്നും ആ സമയത്ത് ധാരാളം ധൂമകേതുക്കളെ ഭൂമിയിലേക്ക് അയയ്ക്കാൻ ഇതിന് കഴിയുമെന്നും എൻ.വൈ.പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദിനോസറുകളുടെ വംശനാശം ഉൾപ്പെടെ ഭൂമിയുടെ ചരിത്രത്തിലെ പല നിർണായക സംഭവങ്ങൾക്കും ഇത്തരം ധൂമകേതു വർഷങ്ങൾ കാരണമായിട്ടുണ്ടാകാമെന്ന് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നു. സൗരയൂഥത്തിന്‍റെ പുറം അതിർത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു 'റെഡ് ഡ്വാർഫ്' നക്ഷത്രമാണ് നെമെസിസ് എന്ന് മുള്ളർ വിശ്വസിക്കുന്നു. അടുത്ത ധൂമകേതു വർഷം ഏകദേശം 12 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ സംഭവിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുള്ളറുടെ അഭിപ്രായത്തിൽ നെമെസിസും സൂര്യനും ഒരു പൊതു ഗുരുത്വാകർഷണ കേന്ദ്രത്തെ ചുറ്റിയാണ് സഞ്ചരിക്കുന്നത്. ഈ നക്ഷത്രത്തെ ഇതുവരെ കണ്ടെത്താനാകാത്തതിന്‍റെ കാരണവും ഇതായിരിക്കാമത്രേ!

വളരെ അകലെയായതിനാലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര മങ്ങിയതിനാലും മറ്റ് നിരവധി നക്ഷത്രങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നതിനാലും നെമെസിസ് കാണാൻ പ്രയാസമാണെന്ന് മുള്ളര്‍ വിശദീകരിക്കുന്നു. ഓരോ 26 ദശലക്ഷം വർഷത്തിലും നക്ഷത്രം സൗരയൂഥത്തിന്റെ അരികിലുള്ള ട്രില്യൺ കണക്കിന് മഞ്ഞുമൂടിയ വസ്തുക്കളുടെ ഒരു വലിയ ശേഖരമായ ഊർട്ട് മേഘത്തിന് സമീപം കടന്നുപോകുന്നുവെന്നാണ് മുള്ളറിന്‍റെ സിദ്ധാന്തം. ഈ ചലനം ധാരാളം വാൽനക്ഷത്രങ്ങളെ ആന്തരിക സൗരയൂഥത്തിലേക്ക് അയച്ചേക്കാം. ഇത് ഒരു ദശലക്ഷം വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു ധൂമകേതു പ്രവാഹം സൃഷ്ടിക്കുന്നു. 

ഏകദേശം 2.6 കോടി വർഷത്തെ ഇടവേളകളിൽ സമുദ്രജീവികൾക്ക് കൂട്ടത്തോടെ വംശനാശം സംഭവിച്ചിരുന്നതായി കണ്ടെത്തിയിരുന്ന  1982ലെ ഒരു പഠനമാണ് ഈ പുതിയ ശാസ്ത്ര സിദ്ധാന്തത്തിന് ആധാരം. ഇന്നത്തെ മെക്സിക്കോയുടെ ഭാഗത്ത് ഒരു വലിയ ആകാശശില പതിച്ചതാണ് ഇതിന് കാരണമായതെന്നായിരുന്നു അന്നത്തെ ആ പഠനത്തില്‍ കണ്ടെത്തിയിരുന്നത്. ഈ ആഘാതത്തെ തുടർന്നുണ്ടായ ആഗോള ദുരന്തത്തിൽ ദിനോസറുകൾ ഉൾപ്പെടെ നിരവധി ജീവിവർഗങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതായെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ആകാശവസ്തു വാൽനക്ഷത്രമായിരുന്നോ അതോ ഛിന്നഗ്രഹമായിരുന്നോ എന്ന് ഇപ്പോഴും കൃത്യമായി കണ്ടെത്താനായിട്ടില്ലെന്ന് ഈ ആഘാത സിദ്ധാന്തം മുന്നോട്ടുവച്ച ബെർക്ക്ലി സർവകലാശാലയിലെ ജിയോളജിസ്റ്റ് വാൾട്ടർ അൽവാരസ് പറഞ്ഞു. 

അതേസമയം പുതിയ നെമെസിസ് സിദ്ധാന്തം എല്ലാവരും അംഗീകരിക്കുന്നില്ല. 2014-ൽ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നാസയുടെ WISE ഇൻഫ്രാറെഡ് ടെലിസ്കോപ്പിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചെങ്കിലും നക്ഷത്രത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. സൗരയൂഥത്തിന്‍റെ പുറംഭാഗത്ത് ഒരു വലിയ വാതക-ഭീമൻ ഗ്രഹമോ ഒരു ചെറിയ സഹനക്ഷത്രമോ ഇല്ലായിരിക്കാം എന്നായിരുന്നു ആ സമയത്ത് പെൻസ്റ്റേറ്റ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ കെവിൻ ലുഹ്മാൻ പറഞ്ഞത്. അതേസമയം തന്‍റെ പുതിയ സിദ്ധാന്തത്തിനെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നാണ് മുള്ളര്‍ വാദിക്കുന്നത്. കാരണം നെമെസിസ് കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കാം എന്നാണ് അദ്ദേഹത്തിന്‍റെ വാദം.

The Mystery of the Twin Sun and Dinosaur Extinction:

Nemesis star theory suggests that a hidden twin sun of our solar system may have triggered the asteroid showers responsible for dinosaur extinction. This fascinating scientific hypothesis proposes an invisible red dwarf star orbiting our sun every 26 million years