ഭയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഒന്ന് ഭയക്കും അല്ലേ? കാരണം ഭയം ഒട്ടുമിക്ക ആളുകളിലും അസ്വസ്ഥതയുണ്ടാക്കുകയും അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്ക്കാന് അത് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭയത്തോടുള്ള എല്ലാവരുടെയും സമീപനം ഒരുപോലെയല്ല എന്ന് വെളിപ്പെടുന്നതാണ് പുറത്തുവരുന്ന പഠനങ്ങള്‍. സൈക്കോപതിക് ലക്ഷണങ്ങൾ കൂടുതലുള്ള ആളുകൾ ഭയത്തെ വ്യത്യസ്തമായ രീതിയിലാണ് അനുഭവിക്കുന്നത് എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ഭയപ്പെടുന്നതിന് പകരം പേടിപ്പെടുത്തുന്ന സാഹചര്യങ്ങൾ ആവേശകരവും രസകരവുമായി അവർക്ക് തോന്നിയേക്കാം. 'സൈക്കോളജിക്കൽ റിപ്പോർട്ട്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന ശക്തമായ തോന്നലാണ് ചിലർക്ക് ഇത്തരം ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ആസ്വദിക്കാന്‍ പ്രേരണയാകുന്നത്.
സഹതാപക്കുറവ്, പെട്ടെന്നുള്ള വികാരത്തള്ളിച്ച, കബളിപ്പിക്കൽ, അപകടസാധ്യതയുള്ള കാര്യങ്ങൾ ചെയ്യാനുള്ള പ്രവണത തുടങ്ങിയ വ്യക്തിത്വ സവിശേഷതകളുമായി സൈക്കോപതി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുളളവർ ഭയപ്പെടുന്ന സാഹചര്യങ്ങളോട് ഇത്തരം സ്വഭാവസവിശേഷതകൾ ഉള്ളവർ എന്തിനാണ് പോസിറ്റീവായി പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കാനാണ് ഗവേഷകർ ശ്രമിച്ചത്. കാനഡയിലെ ബ്രോക്ക് സർവകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ ആഞ്ചല ബുക്കിന്റെ നേതൃത്വത്തിൽ ബെത്ത് വിസ്സർ, ടോറി വട്ടാം, കിർക്ക്ലാൻഡ് ജോൺസ്റ്റൺ എന്നീ ഗവേഷകരാണ് ഈ പഠനം നടത്തിയത്.
ആവേശമുണര്‍ത്തുന്ന ഭയം!
1,650 പേരെ ഉൾപ്പെടുത്തി രണ്ട് പഠനങ്ങളാണ് ഗവേഷകർ നടത്തിയത്. ആദ്യ പഠനത്തിൽ, 825ഓളം ആളുകള്‍ തങ്ങളിലെ സൈക്കോപതിക് ലക്ഷണങ്ങളും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന വിശ്വാസവും അളക്കുന്ന ചോദ്യാവലികൾ പൂരിപ്പിച്ചു. തുടർന്ന് അവർ രണ്ട് ചെറിയ വിഡിയോകൾ കണ്ടു. ഒന്ന് ആവേശകരമായ റോളർ കോസ്റ്റർ യാത്രയും മറ്റൊന്ന് 'ഔട്ട്ലാസ്റ്റ്' എന്ന ഹൊറർ വിഡിയോ ഗെയിമിലെ പേടിപ്പെടുത്തുന്ന ഒരു രംഗവുമായിരുന്നു. വിഡിയോകൾക്ക് ശേഷം ഭയം, പരിഭ്രാന്തി, ആവേശം, ആസ്വാദനം എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ വികാരങ്ങൾ അവര്‍ വിലയിരുത്തി. സൈക്കോപതിക് ലക്ഷണങ്ങൾ കൂടുതലുള്ള ആളുകൾക്ക് ഭയപ്പെടുത്തുന്ന രംഗങ്ങൾ കാണുമ്പോൾ പൊതുവെ മാനസിക പ്രയാസങ്ങൾ കുറവാണെന്നും ആവേശം കൂടുതലാണെന്നും കണ്ടെത്തലുകൾ വ്യക്തമാക്കി. തങ്ങൾക്ക് അപകടമൊന്നും സംഭവിക്കില്ല എന്ന് കരുതുന്നവരില്‍ നിഷേധാത്മക വികാരങ്ങൾ കുറവായിരുന്നതായും ഗവേഷകർ കണ്ടെത്തി.
വിരസതയും കാരണമോ?
വിരസത ഇത്തരം വ്യത്യസ്തമായ പ്രതികരണത്തിന് കാരണമാകുന്നുണ്ടോ എന്നതായിരുന്നു അന്വേഷണത്തിന്റെ അടുത്ത പടി. സൈക്കോപതിക് ലക്ഷണങ്ങൾ കൂടുതലുള്ള ആളുകൾക്ക് എളുപ്പത്തിൽ വിരസത അനുഭവപ്പെടുന്നുണ്ടെങ്കിലും ഭയപ്പെടുത്തുന്ന അനുഭവങ്ങൾ അവർ ആസ്വദിക്കുന്നതിന് വിരസത ഒരു കാരണമായിരുന്നില്ല. പകരം തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന തോന്നലാണ് ഭയം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്ന് വ്യക്തമായി. അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് വിശ്വസിക്കുന്ന ആളുകൾ പേടിപ്പെടുത്തുന്ന സാഹചര്യങ്ങളെ ഭീഷണിയായി കാണുന്നതിന് പകരം ആവേശകരമായി വ്യാഖ്യാനിച്ചേക്കാം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ചുരുക്കിപ്പറഞ്ഞാല്‍ സൈക്കോപതിക് ലക്ഷണങ്ങളുള്ള ആളുകൾക്ക് ഭയം തീരെ ഇല്ലാത്തതല്ല മറിച്ച് അവർ ഭയത്തെ അനുഭവിക്കുന്നതും വ്യാഖ്യാനിക്കുന്നതും വ്യത്യസ്തമായ രീതിയിലാണെന്നാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.