നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും പൂർണമായും യുക്തിപരമാണെന്ന് കരുതാനാകില്ല. പലപ്പോഴും അറിയാതെ തന്നെ ചില മാനസിക പ്രവണതകൾ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാറുണ്ട്. മറ്റുള്ളവരെ വിലയിരുത്തുന്നതിലും ഇടപെടുന്നതിലും ജോലിസംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിൽ പോലും ഇത്തരം പ്രവണതകൾക്ക് പങ്കുണ്ടാകാം.

മനഃശാസ്ത്രത്തിൽ ഇവയെ കോഗ്നിറ്റീവ് ബയസുകൾ എന്നാണ് വിളിക്കുന്നത്. യാഥാർഥ്യത്തെ നാം എങ്ങനെ കാണുന്നു, വിവരങ്ങളെ എങ്ങനെ വിലയിരുത്തുന്നു, തീരുമാനങ്ങളിലേയ്ക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നിവയെ ഇത്തരം ബയസുകൾ സ്വാധീനിച്ചേക്കാം.

നമ്മളറിയാതെ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആറ് മാനസിക കെണികൾ ഏതൊക്കെയെന്ന് നോക്കാം.

1. സ്ഥിരീകരണ പക്ഷപാതം (Confirmation Bias)

സ്വന്തം വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ശരിവെയ്ക്കുന്ന വിവരങ്ങൾ മാത്രം തേടുകയും അതിന് വിരുദ്ധമായ വിവരങ്ങളെ അവഗണിക്കുകയോ കുറച്ച് പ്രാധാന്യം നൽകുകയോ ചെയ്യുന്ന പ്രവണതയാണ് സ്ഥിരീകരണ പക്ഷപാതം. ഉദാഹരണത്തിന്, ഒരു പ്രത്യേക ഭക്ഷണരീതിയാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചതെന്ന് ഒരാൾ നേരത്തെ തന്നെ വിശ്വസിക്കുന്നുവെന്ന് കരുതുക. അതിനെ പിന്തുണയ്ക്കുന്ന ഒരു വാർത്തയോ വീഡിയോയോ കണ്ടാൽ ഉടൻ വിശ്വസിക്കുകയും, അതിന് വിരുദ്ധമായ വിവരങ്ങൾ കാണുമ്പോൾ അവ അവഗണിക്കുകയും ചെയ്യാം.

സോഷ്യൽ മീഡിയയും ഈ പ്രവണത ശക്തമാക്കാറുണ്ട്. ഒരാളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഉള്ളടക്കം കൂടുതലായി മുന്നിലെത്തുന്നതിനാൽ സ്വന്തം വിശ്വാസം തന്നെയാണ് ശരിയെന്ന തോന്നൽ കൂടുതൽ ശക്തമാകാം.

എങ്ങനെ തിരിച്ചറിയാം? സ്വന്തം അഭിപ്രായത്തിന് വിരുദ്ധമായ വിവരങ്ങളും മനഃപൂർവം പരിശോധിക്കുക. “എന്റെ അഭിപ്രായം തെറ്റായിരിക്കാനുള്ള സാധ്യതയുണ്ടോ?” എന്ന് സ്വയം ചോദിക്കുന്നത് സഹായിക്കും.

2. ഹാലോ ഇഫക്റ്റ് (Halo Effect)

ഒരാളുടെ നല്ല ഗുണം മാത്രം കണ്ട് അയാളെ മൊത്തത്തിൽ നല്ല വ്യക്തിയായി വിലയിരുത്തുന്ന പ്രവണതയാണ് ഹാലോ ഇഫക്റ്റ്. ഉദാഹരണത്തിന്, ഒരാൾ വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അയാൾ ബുദ്ധിമാനും കഴിവുള്ളവനും ആയിരിക്കുമെന്ന് നാം കരുതാം. ഒരാൾ സുന്ദരനാണ് എന്ന കാരണത്താൽ അയാളുടെ സ്വഭാവവും മികച്ചതായിരിക്കുമെന്ന് കരുതുന്നതും ഇതിന്റെ ഉദാഹരണമാണ്.

ജോലി അഭിമുഖങ്ങളിലും സൗഹൃദങ്ങളിലും പ്രണയബന്ധങ്ങളിലും മാത്രമല്ല, സെലിബ്രിറ്റികളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളിലും ഹാലോ ഇഫക്റ്റ് സ്വാധീനം ചെലുത്താം.

എങ്ങനെ ഒഴിവാക്കാം? ഒരാളുടെ ഒരു പ്രത്യേക ഗുണത്തെ അടിസ്ഥാനമാക്കി മുഴുവൻ വ്യക്തിത്വത്തെക്കുറിച്ച് തീരുമാനമെടുക്കാതിരിക്കുക. വ്യത്യസ്ത സാഹചര്യങ്ങളിലെ പെരുമാറ്റവും കൂടി വിലയിരുത്തുക.

3. വികാരാധിഷ്ഠിത ചിന്ത (Emotional Reasoning)

സ്വന്തം വികാരങ്ങളെ തന്നെ യാഥാർഥ്യത്തിന്റെ തെളിവായി കണക്കാക്കുന്നതാണ് വികാരാധിഷ്ഠിത ചിന്ത. “എനിക്ക് പേടിയുണ്ട്, അതിനാൽ എന്തെങ്കിലും മോശം സംഭവിക്കും”, “എനിക്ക് ഞാൻ പരാജയപ്പെട്ടതായി തോന്നുന്നു, അതിനാൽ ഞാൻ പരാജയപ്പെട്ട ആളാണ്” തുടങ്ങിയ ചിന്തകൾ ഇതിന് ഉദാഹരണങ്ങളാണ്.

വികാരങ്ങൾ യഥാർഥമാണെങ്കിലും അവ എല്ലായ്പ്പോഴും വസ്തുതകളെ പ്രതിഫലിപ്പിക്കണമെന്നില്ല. ഒരു പരീക്ഷയ്ക്ക് മുമ്പുള്ള പേടി പരീക്ഷയിൽ പരാജയപ്പെടുമെന്നതിന് തെളിവല്ല. അതുപോലെ, ഒരാൾ നമ്മളോട് ദേഷ്യപ്പെട്ടതായി തോന്നുന്നത് അയാൾ നമ്മളെ വെറുക്കുന്നു എന്നതിന് തെളിവുമല്ല.

എങ്ങനെ നിയന്ത്രിക്കാം? “എനിക്ക് എന്താണ് തോന്നുന്നത്?” എന്ന ചോദ്യത്തോടൊപ്പം “ഇതിന് യഥാർഥ തെളിവ് എന്താണ്?” എന്നും ചോദിക്കുക.

4. സങ്ക് കോസ്റ്റ് ഫാലസി (Sunk Cost Fallacy)

ഇതിനകം ചെലവഴിച്ച സമയവും പണവും പരിശ്രമവും നഷ്ടപ്പെടുമെന്ന ചിന്ത കാരണം പ്രയോജനമില്ലാത്ത ഒരു കാര്യത്തിൽ തുടരുന്നതാണ് സങ്ക് കോസ്റ്റ് ഫാലസി. ഒരു സിനിമ ഇഷ്ടപ്പെടുന്നില്ലെങ്കിലും ടിക്കറ്റ് വാങ്ങിയതിനാൽ അവസാനം വരെ കാണുക, പ്രയോജനമില്ലെന്ന് മനസ്സിലായിട്ടും ഇതിനകം പണം ചെലവഴിച്ചതിനാൽ ഒരു പദ്ധതിയിൽ തുടരുക തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

“ഇത്രയും സമയം ഇതിനായി ചെലവഴിച്ചല്ലോ,ഇത്രയും പണം പോയല്ലോ” എന്ന ചിന്തയാണ് പലപ്പോഴും നമ്മളെ ഒരു മോശം തീരുമാനത്തിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട സമയവും പണവും തിരിച്ചുപിടിക്കാനാകില്ല. അതിനാൽ ഇനി ലഭിക്കാനിരിക്കുന്ന നേട്ടവും നഷ്ടവുമാണ് പ്രധാനമായി പരിഗണിക്കേണ്ടത്.

“ഇതുവരെ ഞാൻ ഒന്നും ചെലവഴിച്ചിട്ടില്ലായിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ കാര്യത്തിൽ തുടരാൻ തീരുമാനിക്കുമോ?” എന്ന് സ്വയം ചോദിക്കാം.

5. നെഗറ്റിവിറ്റി ബയസ് (Negativity Bias)

നല്ല അനുഭവങ്ങളേക്കാൾ മോശം അനുഭവങ്ങൾക്കും വിമർശനങ്ങൾക്കും നെഗറ്റീവ് വിവരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവണതയാണ് നെഗറ്റിവിറ്റി ബയസ്. ഒരു ദിവസം നിരവധി പേർ നമ്മളെ പ്രശംസിച്ചാലും ഒരാളുടെ വിമർശനം മാത്രം മണിക്കൂറുകളോളം മനസ്സിൽ തങ്ങിനിൽക്കുന്നത് ഇതിന് ഉദാഹരണമാണ്.

സോഷ്യൽ മീഡിയയിലും ഇതിന്റെ സ്വാധീനം കാണാം. ഒരു പോസ്റ്റിന് നിരവധി നല്ല കമന്റുകൾ ലഭിച്ചിട്ടും ഒരു മോശം കമന്റ് മാത്രം വീണ്ടും വീണ്ടും വായിക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നത് സാധാരണമാണ്.

എങ്ങനെ കൈകാര്യം ചെയ്യാം? നെഗറ്റീവ് കാര്യങ്ങൾ സ്വാഭാവികമായി ശ്രദ്ധയിൽപ്പെടുമെന്ന് മനസ്സിലാക്കുക. അതേസമയം, സംഭവിച്ച നല്ല കാര്യങ്ങൾ കൂടി ബോധപൂർവം ഓർക്കാൻ ശ്രമിക്കുക. ഒരു മോശം അനുഭവം കൊണ്ട് മുഴുവൻ ദിവസത്തെയും ജീവിതത്തെയും വിലയിരുത്താതിരിക്കുക.

6. സ്പോട്ട്‌ലൈറ്റ് ഇഫക്റ്റ് (Spotlight Effect)

നമ്മുടെ രൂപവും വസ്ത്രവും സംസാരവും ചെറിയ തെറ്റുകളും മറ്റുള്ളവർ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലാണ് സ്പോട്ട്‌ലൈറ്റ് ഇഫക്റ്റ്. ഉദാഹരണത്തിന്, ഒരു മീറ്റിംഗിൽ സംസാരിക്കുന്നതിനിടെ ചെറിയൊരു തെറ്റ് സംഭവിച്ചാൽ എല്ലാവരും അത് ശ്രദ്ധിച്ചുവെന്നും പിന്നീട് അതേക്കുറിച്ച് സംസാരിക്കുമെന്നും നമുക്ക് തോന്നാം. എന്നാൽ യാഥാർഥ്യത്തിൽ മറ്റുള്ളവർ സ്വന്തം കാര്യങ്ങളിലും ആശങ്കകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും.

വസ്ത്രത്തിലെ ചെറിയ കറ, മുടിയുടെ രൂപം, സംസാരത്തിനിടയിലെ ചെറിയ പിഴവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നതിലും ഈ പ്രവണത കാണാം.

എങ്ങനെ മറികടക്കാം? “മറ്റുള്ളവർ എന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്നതിന് യഥാർഥ തെളിവ് എന്താണ്?” എന്ന് സ്വയം ചോദിക്കുക. പലപ്പോഴും നമ്മൾ കരുതുന്നതിലും വളരെ കുറച്ച് മാത്രമേ മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ടാകൂ.

മാനസിക കെണികളെ തിരിച്ചറിയാം

കോഗ്നിറ്റീവ് ബയസുകൾ ഉണ്ടാകുന്നത് ഒരാൾ യുക്തിരഹിതനാണെന്നതിനാലല്ല. മനുഷ്യന്റെ ചിന്താപ്രക്രിയയുടെ സ്വാഭാവിക ഭാഗമായാണ് ഇത്തരം മാനസിക പ്രവണതകളെ കാണുന്നത്. എന്നാൽ അവ നമ്മുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയുന്നത് കൂടുതൽ ബോധപൂർവമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും. ഒരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് “ഞാൻ ഇപ്പോൾ വസ്തുതകളെ അടിസ്ഥാനമാക്കിയാണോ ചിന്തിക്കുന്നത്, അതോ എന്റെ വികാരങ്ങളും മുൻവിധികളും എന്നെ സ്വാധീനിക്കുന്നുണ്ടോ?” എന്ന് സ്വയം ചോദിക്കുന്നത് ഉപകാരപ്പെടും.

സ്വന്തം ചിന്തകളെ നിരീക്ഷിക്കാൻ തുടങ്ങുമ്പോഴാണ്, നമ്മളറിയാതെ നമ്മളെ സ്വാധീനിക്കുന്ന ഇത്തരം മാനസിക കെണികളെ തിരിച്ചറിയാനും അവയുടെ സ്വാധീനം കുറയ്ക്കാനും കഴിയുക.

നമ്മളറിയാതെ നമ്മളെ നിയന്ത്രിക്കുന്നോ? തലച്ചോർ ഒരുക്കുന്ന 6 മാനസിക കെണികൾ; ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് ഇങ്ങനെ ​| Six Mental Traps Explained:

Cognitive biases are unconscious mental tendencies that influence our thoughts, feelings, and decisions. Recognizing these six psychological pitfalls, such as confirmation bias and the halo effect, is crucial for making more rational choices.