ലോകത്താകമാനം പ്രതിവർഷം ഒരു ലക്ഷത്തിലേറെയാളുകളാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്. ഇതില്‍ തന്നെ 50,000 മരണങ്ങള്‍ ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോളിതാ പാമ്പുകടി ചികില്‍സാ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെയും ഡെൻമാർക്കിലെയും ഗവേഷകർ. വിവിധ ഇനം മൂർഖൻ പാമ്പുകളുടെയും രാജവെമ്പാലകളുടെയും വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദമായ പുതിയൊരു 'ആന്റിവെനം കോക്‌ടെയിൽ' ആണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സയൻസ് ട്രാൻസ്ലേഷണൽ മെഡിസിനിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിലവിലെ ചികിത്സാരീതിയും പരിമിതികളും

നിലവിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന ആന്റിവെനം കുതിരകളിൽ ചെറിയ അളവിൽ വിഷം കുത്തിവെച്ച് അവയുടെ രക്തത്തിൽ നിന്നുണ്ടാകുന്ന ആന്റിബോഡികൾ വേർതിരിച്ചെടുത്താണ് നിർമ്മിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ പരമ്പരാഗത രീതിക്ക് നിരവധി പോരായ്മകളുണ്ട്. ഒരേ ഇനം പാമ്പുകള്‍ക്കിടയില്‍ പോലും ജീവിക്കുന്ന പ്രദേശത്തിനനുസരിച്ച് വിഷത്തിന്റെ രാസഘടനയിൽ മാറ്റമുണ്ടാകാം. അതുകൊണ്ടു തന്നെ നിലവിലെ ആന്റിവെനങ്ങൾക്ക് എല്ലാ വിഷത്തെയും ഒരുപോലെ ചെറുക്കാൻ സാധിക്കാറില്ല. മാത്രമല്ല, കുതിരയുടെ രക്തത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ ഇത് മനുഷ്യരിൽ കടുത്ത അലർജി ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകാറുണ്ട്. മാത്രമല്ല ഈ പ്രക്രിയക്ക് കാര്യക്ഷമത കുറവും നിർമ്മാണച്ചെലവ് വളരെ കൂടുതലുമാണ്.

പുതിയ ‘കോക്‌ടെയിൽ’

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ കാർത്തിക് സുനാഗർ, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിലെ ആൻഡ്രിയാസ് ലൗസ്റ്റ്സെൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ആന്‍റിവെനം വികസിപ്പിച്ചെടുത്തത്. അഞ്ച് അൾട്രാ-സ്മോൾ ആന്റിബോഡി ഫ്രാഗ്മെന്റുകൾ (നാനോബോഡികൾ) അടങ്ങിയ ഈ കോക്‌ടെയിൽ മൂർഖൻ വിഷത്തിലെ മൂന്ന് പ്രധാന മാരക ടോക്സിനുകളെയാണ് ലക്ഷ്യമിടുന്നത്. നാഡീവ്യൂഹത്തെ തളർത്തുന്ന ആൽഫ-ന്യൂറോടോക്സിനുകൾ (Alpha-neurotoxins), കോശങ്ങളെയും കോശജാലങ്ങളെയും നശിപ്പിക്കുന്ന സൈറ്റോടോക്സിനുകൾ (Cytotoxins), വീക്കവും ആന്തരിക തകരാറുകളും ഉണ്ടാക്കുന്ന ഫോസ്ഫോലൈപേസ് A2 (Phospholipases A2) എന്നിവയാണവ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, പാമ്പുകടിയേറ്റ് 20 മുതൽ 30 മിനിറ്റുകൾക്ക് ശേഷവും വിഷബാധയേറ്റ എലികളെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ഈ ചികിത്സയ്ക്ക് സാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ലാബുകളില്‍ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത ആന്‍റിവെനം നിര്‍മാണത്തിലെപ്പോലെ മൃഗങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. മാത്രമല്ല വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നത് ഭാവിയിലെ നിർമ്മാണച്ചെലവും സമയവും ഗണ്യമായി കുറയ്ക്കും. വിവിധ പ്രദേശങ്ങളിലെ വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദവുമാണ്. വളരെ കുറഞ്ഞ അളവിൽ കൃത്യമായി പ്രവർത്തിക്കുന്നതിനാൽ *പാർശ്വഫലങ്ങളില്‍ നിന്നും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് നിർണ്ണായകം

ലോകത്താകമാനം പാമ്പുകടിയേറ്റ് പ്രതിവർഷം ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുമ്പോൾ, ഇതിൽ പകുതിയോളവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യൻ മൂർഖൻ (Naja naja), മൊണോക്ലെഡ് മൂർഖൻ (Naja kaouthia), കൂടാതെ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് തരം രാജവെമ്പാലകൾ (Ophiophagus hannah, Ophiophagus kaalinga) എന്നിവയുടെ വിഷത്തിനെതിരെ ഈ പുതിയ കോക്‌ടെയിൽ പൂർണ്ണ വിജയം കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങിനെയെങ്കില്‍ രാജ്യത്തെ പാമ്പുകടി ചികില്‍സയില്‍ വലിയ മാറ്റത്തിനായിരിക്കും പുതിയ കോക്ക്ടൈല്‍ വഴിയൊരുക്കുക. എലികളിലെ പരീക്ഷണം വിജയകരമാണെങ്കിലും മനുഷ്യരിലെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന് മുൻപ് വിപുലമായ സുരക്ഷാ പരിശോധനകളും ക്ലിനിക്കൽ ട്രയലുകളും പൂർത്തിയാക്കേണ്ടതുണ്ട്.

ENGLISH SUMMARY:

Researchers from the Indian Institute of Science and the Technical University of Denmark have developed a revolutionary "antivenom cocktail" that targets the deadly toxins of various cobra species and king cobras. Published in Science Translational Medicine, this new treatment uses five lab-engineered nanobody fragments to neutralize alpha-neurotoxins, cytotoxins, and phospholipases A2 without relying on traditional horse-derived antibodies. Successful laboratory trials on mice demonstrated that the formulation effectively reversed severe toxicity even when administered 20 to 30 minutes after envenomation. This landmark development holds monumental significance for India, which accounts for roughly 50,000 of the 100,000 global snakebite fatalities reported annually.