മനുഷ്യന്‍ ഇല്ലാതായാലോ... അതായത് മനുഷ്യന് യുദ്ധമോ മഹാവ്യാധിയോ പ്രകൃതിദുരന്തമോ വന്ന് വംശനാശം വന്നാലോ. ഭയം വേണ്ട ഒരു സാഹചര്യം മാത്രമാണ് പറയുന്നത്. നിലവില്‍ ഭൂമി അടക്കി ഭരിക്കുന്ന ജീവി മനുഷ്യനാണെന്ന് വ്യക്തമായി പറയാം. മനുഷ്യന്‍ വിചാരിച്ചാല്‍ ഈ ലോകത്തെ നശിപ്പിക്കാനും നിലനിര്‍ത്താനും സാധിക്കും. എന്നാല്‍ മനുഷ്യനില്ലെങ്കിലോ. ആരായിരിക്കും അല്ലെങ്കില്‍ എന്ത് ജീവിയായിരിക്കും മനുഷ്യനെ റിപ്ലേസ് ചെയ്യുക. ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
കരയിലേക്കും കുന്നുകളിലേക്കും മരങ്ങളിലേക്കുമൊന്നുമല്ല ആ ഉത്തരം തിരഞ്ഞ് നോക്കേണ്ടി വരിക കടലിലേക്കാണെന്നാണ് ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ശാസ്ത്രജ്ഞന്‍റെ നിഗമനം. മനുഷ്യന്‍ കഴിഞ്ഞാല്‍ ഭൂമി ഭരിക്കുക നീരാളികളായിരിക്കുമെന്നാണ് സര്‍വകലാശാലയിലെ പ്രൊഫസറും സുവോളജിസ്റ്റുമായ ടിം കൗള്‍സണ്‍ പറയുന്നത്. ഇപ്പോള്‍ തന്നെ നീരാളികള്‍ക്ക് അതിശക്തമായ പ്രശ്‌നപരിഹാര കഴിവുകള്‍ക്ക് (Problem Solving Skills) ഉടമകളാണ്. ഇത് കൂടാതെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതും നിറം മാറി സങ്കീര്‍ണമായ ആശയവിനമയം നടത്തുന്നതിലും നീരാളികള്‍ വൈദഗ്ധ്യം കാണിക്കുന്നു.
നീരാളികള്‍ക്ക് ഭാവിയില്‍ മെട്രോ സിറ്റികളും ഭരണവും ജനാധിപത്യവും എല്ലാം നിറഞ്ഞ ഒരു ലോകം കടലിനടിയില്‍ സൃഷ്ഠിച്ചേക്കാമെന്നും കൗള്‍സണ്‍ പറയുന്നു. അതീവ ബുദ്ധി മാത്രമല്ല അറിയാത്ത കാര്യങ്ങളെ അറിയാനുള്ള അതീവ താല്‍പര്യവും നീരാളികളെ മറ്റ് ബുദ്ധിയുള്ള ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
മറ്റ് ജീവികളില്‍ നിന്ന് മനുഷ്യന് ഏറ്റവും ഉപകാരപ്രദമായത് മനുഷ്യന്‍റെ വിരലുകളാണ്. വ്യത്യസ്തമായ ആയുധങ്ങള്‍ ഉപയോഗിക്കാനും സൂക്ഷമമായ കാര്യങ്ങള്‍ ചെയ്യാനും വിരലുകള്‍ ഏറെ ഉപകാരപ്രദമായി. എന്നാല്‍ വിരലുകള്‍ ഉള്ള ജീവി മനുഷ്യന്‍റെ അത്ര ബുദ്ധി ഉള്ളവയായിരുന്നില്ല. ഡോള്‍ഫിന്‍ പോലുള്ള ജീവികള്‍ക്കാകട്ടെ വലിയ തലച്ചോറായിട്ടും വിരലുകള്‍ പോലുള്ള സങ്കീര്‍ണമായ അവയവങ്ങളില്ലാത്തത് വലിയ തിരിച്ചടിയാണ്. എന്നാല്‍ നീരാളികള്‍ക്കാകട്ടെ എട്ട് കൈകളാണുള്ളത്. മനുഷ്യന്‍റെ വിരലുകളേക്കാള്‍ ഏറെ സങ്കീര്‍ണമാണ് നീരാളിക്കൈകള്‍. അതുകൊണ്ട് മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രവര്‍ത്തികളും നീരാളികള്‍ക്ക് ചെയ്യാന്‍ സാധിച്ചേക്കും.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം നീരാളികള്‍ പരിണമിച്ച് കടല്‍ എന്ന ആവാസവ്യവസ്ഥയും കടന്ന കരയിലുമെത്തിയേക്കാമെന്നും മനുഷ്യന്‍ ജീവിച്ചിരുന്നതിനേക്കാള്‍ മികച്ച അവസ്ഥയില്‍ ഭൂമിയിലെ ഏറ്റവും ശക്തരായ ജീവിവര്‍ഗമായേക്കാമെന്നും കൗള്‍സണ്‍ പറയുന്നു.
ആന, ഡോള്‍ഫിന്‍, ആള്‍ക്കുരങ്ങുകള്‍ എന്തിന് പശുവിനെപ്പോലും കൗള്‍സണ്‍ മനുഷ്യന് പകരം എന്ന പഠനത്തില്‍ നിരീക്ഷിച്ചു. എന്നാല്‍ ഗവേഷണങ്ങളില്‍ ഏറെ മുന്നില്‍ നിന്നത് നീരാളികളാണെന്നതാണ് കൗതുകമായത്.
എന്നാല്‍ അഞ്ച് വര്‍ഷം വരേ മാത്രമാണ് നീരാളികളുടെ ആയുര്‍ദൈര്‍ഘ്യം. ഇത് വേഗതയില്‍ പരിണമിക്കുന്നതിന് നീരാളികള്‍ക്ക് ഉപകാരമായേക്കാമെന്നും പിന്നീട് ആയുര്‍ദൈര്‍ഘ്യം കൂട്ടുന്ന സാങ്കേതിക വിദ്യകള്‍ നീരാളികള്‍ കണ്ടെത്തിയേക്കാമെന്നും കൗള്‍സണ്‍ അവകാശപ്പെടുന്നു.