ലോകത്തെ നടുക്കിയ ആണവച്ചോര്‍ച്ച, വര്‍ഷങ്ങള്‍ക്കിപ്പുറവും അണുവികിരണം തുടരുന്ന ഭൂമി. എന്നും പേടിയോടെ കേള്‍ക്കുന്ന പേര്, പണ്ട് യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്ന, ഇന്ന് യുക്രെയിനില്‍ സ്ഥിതി ചെയ്യുന്ന ചെര്‍ണോബില്‍... 1986 ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് ചെർണോബിൽ ആണവദുരന്തമുണ്ടായത്. ആണവ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വികിരണങ്ങളേറ്റ് തല്‍ക്ഷണം മരിച്ചത് 36 പേര്‍. അവിടെ തീര്‍ന്നില്ല . തുടര്‍ന്നങ്ങോട്ട് ആയിരക്കണക്കിനാളുകള്‍ ദുരന്തത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടു. അണുവികിരണത്തിന്‍റെ വ്യാപ്തി തിരിച്ചറിഞ്ഞ് നിലയത്തിന്‍റെ 32 കിലോമീറ്റർ ചുറ്റളവിൽ നിന്നായി 1.35 ലക്ഷം പേരെ ഒഴിപ്പിച്ചു. 'സോണ്‍ ഓഫ് ഏലിയനേഷന്‍' പ്രഖ്യാപിച്ചു. തകർന്ന റിയാക്ടറിൽനിന്ന് അണുവികിരണം പുറത്തു വരാതിരിക്കാന്‍ ഉരുക്കുകോട്ട പോലെ സുരക്ഷിത കവചം നിർമിച്ചു.
10 വര്‍ഷത്തിന് ശേഷം, 1997, യുക്രെയിന്‍ ശാസ്ത്രജ്ഞയായ നെല്ലി ഷഡ്നോവ ചെര്‍ണോബില്ലിലെത്തി. തകര്‍ന്ന നിലയത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. മേൽക്കൂരയിലും, ചുമരുകളിലുമെല്ലാം പലതരം ഫംഗസുകളിൽ നിന്ന് രൂപം കൊണ്ട കറുത്ത പൂപ്പലുകള്‍. സൂര്യപ്രകാശം തേടി വളരുന്ന സസ്യങ്ങളെപ്പോലെ അവ അയോണൈസിങ് വികിരണങ്ങളെ തേടി വളര്‍ന്നു. നെല്ലി അതിനെ റേഡിയോട്രോപിസം എന്ന് വിളിച്ചു. എന്നാല്‍ അയോണൈസിങ് വികരണങ്ങള്‍ സൂര്യപ്രകാശത്തേക്കാൾ വളരെ ശക്തമാണ്. ഡിഎൻഎയിലൂടെയും പ്രോട്ടീനുകളിലൂടെയും തുളച്ചുകയറുന്ന റേഡിയോ ആക്ടീവ് കണങ്ങളുടെ ഒരു കൂട്ടം. ഇത് ജീവികളില്‍ ജനിതകമാറ്റത്തിന് കാരണമാകും, കോശങ്ങളെ നശിപ്പിക്കും, അവസാനം ജീവിയെ ഇല്ലാതാക്കുകയും ചെയ്യും. എന്നാല്‍ ചെര്‍ണോബില്ലില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. റേഡിയേഷനെ അതിജീവിച്ച് ആ ഫംഗസുകള്‍ വളര്‍ന്നു.
എന്താണ് സംഭവിച്ചത്?
മനുഷ്യന്‍റെ ചര്‍മ്മത്തിനും മുടിക്കും കറുപ്പ് നിറം നല്‍കുന്ന മെലാനിന്‍ ആണ് കഥയിലെ ഹീറോ. ചെർണോബിലിലെ പൂപ്പലുകൾ കറുത്തതായിരിക്കുന്നതിന്‍റെ കാരണവും ഇതാണ്. അവയുടെ കോശഭിത്തികൾ മെലാനിൻ കൊണ്ട് നിറഞ്ഞിരുന്നു. നമ്മുടെ ചര്‍മ്മതിലെ മെലാനിന്‍ കോശങ്ങളെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുപോലെ ഈ ഫംഗസുകളില്‍ മെലാനിൻ അയോണൈസിംഗ് വികിരണത്തിനെതിരെ കവചം തീര്‍ത്തു. ഫംഗസുകളില്‍ മാത്രമല്ല, ചെർണോബിലിന് ചുറ്റുമുള്ള കുളങ്ങളിലുള്ള തവളകൾക്ക് ഇരുണ്ട നിറം വന്നതിന് കാരണവും ഇതായിരുന്നു. കോശങ്ങളിലെ മെലാനിൻ അവയെ ചെര്‍ണോബില്‍ എന്ന പ്രേതനഗരത്തില്‍ നിന്ന് സംരക്ഷിച്ചു. അവ അതിജീവിച്ചു, പ്രത്യുല്‍പാദനം നടത്തി...
2007-ൽ ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിലെ ആണവ ശാസ്ത്രജ്ഞ എകറ്റെറിന ഡാഡച്ചോവ പഠനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. അണുവികിരണത്തെ അതിജീവിക്കുകമാത്രമല്ല, ഫംഗസുകള്‍ വികിരണത്തിന്‍റെ സാന്നിധ്യത്തിൽ വർദ്ധിച്ചുവെന്നും കണ്ടെത്തി. അതായത് ഏറ്റവും ദോഷകരമായി കരുതിയിരുന്ന വികിരണത്തിൽ നിന്നുള്ള ഊർജ്ജം ഫംഗസുകൾക്ക് ഉപയോഗിച്ചു. വികരണം ഭക്ഷിച്ച് അവ ജീവിച്ചു! വികിരണത്തിൽ വളരുന്ന ജീവന്‍! അത് പ്രതീക്ഷകളുടെ വാതിലുകള്‍ തുറന്നു. 2018ല്‍ ചെർണോബിലിൽ വളരുന്നതായി കണ്ടെത്തിയ അതേ ഇനം ഫംഗസിന്‍റെ സാമ്പിളുകൾ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. ഈ ഫംഗസുകള്‍ക്ക് ബഹിരാകാശത്തിലെ കോസ്മിക് വികിരണം ഒരു പ്രശ്‌നമേ ആയിരുന്നില്ല. ബഹിരാകാശത്ത് അവ വളര്‍ന്നു.
ബഹിരാകാശ ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്ന പുതിയ കാലത്ത്, ബഹിരാകാശ നിലയങ്ങള്‍ സ്ഥാപിക്കാന്‍ രാജ്യങ്ങള്‍ മല്‍സരിക്കുമ്പോള്‍, ബഹിരാകാശത്ത് കൂടുതല്‍ കാലം ജീവിക്കേണ്ടിവന്നാല്‍ മനുഷ്യര്‍ക്ക് കോസ്മിക് വികരണങ്ങളില്‍ നിന്നും സംരക്ഷണ കവചമാകാന്‍ ഈ ഫംഗസുകള്‍ക്ക് കഴിഞ്ഞേക്കാം. ഒരു റേഡിയേഷൻ ഷീൽഡ്! അങ്ങിനെ ഉപേക്ഷിക്കപ്പെട്ട ചെർണോബിലില്ലിലെ കറുത്ത പൂപ്പലുകൾ നമുക്കായി സംരക്ഷണ കവചം ഒരുക്കിയേക്കും. ‘റേഡിയോസിന്തസിസ്’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. നിലവില്‍ മെലാനിനും മെറ്റബോളിസവും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്... അതുവരേക്കും റേഡിയോസിന്തസിസ് ഒരു സിദ്ധാന്തം മാത്രമായി തുടരും എന്ന് മാത്രം.....